റവിയുടെ മായാതീരത്തായിരുന്നു വര്‍ഷങ്ങളോളം എ പി കോമള. ചുറ്റും ചിതറിവീണ ഓര്‍മ്മത്തുണ്ടുകള്‍ പെറുക്കിയെടുത്തു കൂട്ടിവെക്കാനാവാതെ വലയുമ്പോഴും സ്വരസ്ഥാനങ്ങള്‍ മാത്രം മറന്നില്ല അവര്‍. പാടുന്ന പാട്ടുകളില്‍ ശ്രുതിയും ലയവും താളവും സാഹിത്യവും കിറുകൃത്യം. സംഗീതം അത്രകണ്ട് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത് കൊണ്ടാവാം.

To advertise here,

ഒടുവില്‍ ഒരു നാള്‍  അധികമാരുമറിയാതെ കോമള  മരണത്തിന് കീഴടങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് അതൊരു വാര്‍ത്തപോലുമായില്ല എന്നതാണ് ഏറ്റവും വേദനാജനകം. കഴിഞ്ഞ ഏപ്രില്‍ 26 നായിരുന്നു എണ്‍പത്തൊമ്പതാം വയസ്സില്‍ കോമളയുടെ വിയോഗം. ചെന്നൈയിലെ ചുരുക്കം ചില പത്രങ്ങളുടെ അപ്രധാനമൂലകളിലെങ്ങോ ഒതുങ്ങിപ്പോയ ആ മരണം മലയാള മാധ്യമങ്ങള്‍ അറിഞ്ഞുവോ എന്നുപോലും സംശയം. വിധിനിയോഗം പോലെ ഒരു അന്വേഷണത്തിനൊടുവില്‍ ആ ദുഃഖ വാര്‍ത്ത കണ്ടെത്തിയതും പങ്കുവെച്ചതും സുഹൃത്തും എഴുത്തുകാരിയും സിനിമാഗവേഷകയുമായ വിജയരാജമല്ലികയാണ്. 

'കോമളാമ്മയുടെ പിറന്നാള്‍ ഇന്നായിരുന്നു - ആഗസ്റ്റ് 28. പതിവുപോലെ അവര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടാന്‍ ഒരുങ്ങുമ്പോഴാണ് ഇന്റര്‍നെറ്റില്‍ നിന്ന് യാദൃഛികമായി മരണവാര്‍ത്ത കണ്ണില്‍പ്പെട്ടത്. ശരിക്കും ഞെട്ടി. വിശ്വസിക്കാനായില്ല എന്നതാണ് സത്യം. നമ്മുടെ മാധ്യമങ്ങളിലൊന്നും ആ വാര്‍ത്ത കണ്ട ഓര്‍മ്മയില്ല.  ചെന്നൈയില്‍ കോമളാമ്മയുടെ ചില ശിഷ്യരുമായി ബന്ധപ്പെട്ടപ്പോഴാണ് മാസങ്ങള്‍ക്കു മുന്‍പേ അവര്‍ മരണത്തിന് കീഴടങ്ങിയിരുന്നു എന്ന സത്യം മനസ്സിലായത്.' -മല്ലിക പറഞ്ഞു. ആന്ധ്രയില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പം 1940 കളില്‍ ചെന്നൈയില്‍ കുടിയേറിയ കോമള വര്‍ഷങ്ങളായി  മടിപ്പാക്കത്തായിരുന്നു താമസം.

സിനിമയിലും നാടകത്തിലുമായി മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായികയുടെ വേര്‍പാട് മലയാളികളില്‍ നല്ലൊരു വിഭാഗം അറിയാതെ പോയി എന്നത് എത്ര ദുഃഖകരം, എത്ര ഹൃദയഭേദകം - ആ പാട്ടുകള്‍ പലതും ഇന്നും നാം മനസ്സില്‍ കൊണ്ടുനടക്കുന്നു എന്നോര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. 'ശര്‍ക്കരപ്പന്തലില്‍ തേന്മഴ ചൊരിയും ചക്രവര്‍ത്തികുമാരാ' എന്ന ഒരൊറ്റ നാടകഗാനം പോരെ കോമളയെ മലയാളിമനസ്സില്‍ അനശ്വരയാക്കാന്‍? കിഴക്കുദിക്കിലെ ചെന്തെങ്ങില്‍ കരിക്കു പൊന്തിയ നേരത്ത് (ആദ്യകിരണങ്ങള്‍),  വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍ (കുട്ടിക്കുപ്പായം) എന്നീ ഗാനങ്ങള്‍ ഒരിക്കലെങ്കിലും മൂളാത്തവരുണ്ടോ  പോയ തലമുറകളില്‍?  കവര്‍ വേര്‍ഷനായി ഇന്നും പുനര്‍ജ്ജനിച്ചുകൊണ്ടിരിക്കുന്ന ആ പാട്ടുകള്‍ പുതുതലമുറക്കും പ്രിയങ്കരം.

കോമളയുമായുള്ള ആദ്യ കൂടിക്കാഴ്ച്ച മറന്നിട്ടില്ല. വര്‍ഷം 1998.  ദൂരദര്‍ശനു വേണ്ടി 'ആയിരം ഗാനങ്ങള്‍ തന്‍ ആനന്ദ ലഹരി'' എന്ന ചലച്ചിത്ര ഗാനചരിത്ര പരമ്പര ചിത്രീകരിക്കാന്‍ സിനിമാനഗരിയില്‍ എത്തിയതായിരുന്നു ഞങ്ങള്‍.  ഗായകന്‍ എം എസ് നസീം, കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രാജ്മോഹന്‍ എന്നിവരുമുണ്ട്  കൂടെ. പി ലീലയും സുശീലയും ജാനകിയും എല്‍ ആര്‍ ഈശ്വരിയും ജമുനാറാണിയും ജിക്കിയും ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയിലെ വാനമ്പാടികളെല്ലാം  ക്യാമറക്ക് മുന്നില്‍ വന്നിരുന്ന് ഉത്സാഹപൂര്‍വ്വം സ്വന്തം സംഗീതാനുഭവങ്ങള്‍ പങ്കുവെച്ചു കഴിഞ്ഞു. കോമള കൂടി ചേര്‍ന്നാലേ തിളക്കമാര്‍ന്ന ആ പട്ടിക പൂര്‍ണ്ണമാകൂ. പക്ഷേ  ആര്‍ക്കുമറിയില്ല അവരുടെ വാസസ്ഥലം. കാല്‍ നൂറ്റാണ്ടു മുന്‍പ് സിനിമയോട് വിടവാങ്ങിയ ശേഷം പൊതു ചടങ്ങുകളില്‍ അവരുടെ സാന്നിധ്യം അപൂര്‍വമായി മാറിയിരുന്നു. കോമളയുടെ ഫോണ്‍ നമ്പര്‍ അറിയുന്നവര്‍ പോലും ഉണ്ടായിരുന്നില്ല സിനിമാലോകത്ത്. അതിനകം സിനിമയുടെ തിരക്കിലും ബഹളത്തിലും ഗ്ലാമറിലും നിന്ന്  ഏറെ അകന്നു പോയിരുന്നല്ലോ അവര്‍. ദിവസങ്ങളുടെ അന്വേഷണത്തിനൊടുവില്‍ തമിഴിലെ തലമുതിര്‍ന്ന  സിനിമാ ലേഖകന്റെ സഹായത്തോടെ   നഗരപ്രാന്തത്തിലുള്ള  കോമളയുടെ വീട് കണ്ടെത്തി ഒരുച്ച നേരത്ത് അവിടെ കയറിച്ചെന്നപ്പോള്‍   കൗതുകത്തോടെ ഗൃഹനാഥ  ചോദിച്ചു: 'അത്ഭുതം. മലയാളികള്‍ ഇപ്പോഴും എന്നെ ഓര്‍ക്കുന്നുവെന്നോ? ഓര്‍ക്കാന്‍ മാത്രമൊന്നും പാടിയിട്ടില്ലല്ലോ ഞാന്‍.''

മൗണ്ട് റോഡിലെ  എച്ച് എം വി സ്റ്റുഡിയോയില്‍ 'ശര്‍ക്കരപ്പന്തല്‍'' പാടി റെക്കോര്‍ഡ് ചെയ്യാന്‍ ദേവരാജന്‍ മാസ്റ്ററുടെ വിളി വന്നപ്പോള്‍  അത്ഭുതമായിരുന്നു കോമളക്ക്. അതുവരെ സിനിമയില്‍ പാടാന്‍ അവസരം തന്നിട്ടില്ല  മാസ്റ്റര്‍.  പാടിച്ചതെല്ലാം നാടക ഗാനങ്ങളാണ്.  എന്തുകൊണ്ടായിരിക്കണം നാടകങ്ങളില്‍ പാടാന്‍ മാത്രമായി തന്നെ മാസ്റ്റര്‍ സ്ഥിരമായി വിളിച്ചുകൊണ്ടിരുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നേരില്‍ ചോദിക്കാന്‍ ധൈര്യം വന്നിട്ടില്ല. ഉച്ചാരണത്തിന്റെയും അര്‍ത്ഥ ഭംഗി ചോരാത്ത ആലാപനത്തിന്റെയും കാര്യത്തില്‍ കണിശക്കാരനായ മാസ്റ്റര്‍ വെറുതെ ഒരാളെ പാടാന്‍ വിളിക്കില്ലല്ലോ. തന്റെ ശബ്ദം ഇഷ്ടപ്പെട്ടിരിക്കണം അദ്ദേഹത്തിന്.  സ്റ്റുഡിയോയില്‍ വിളിച്ചിരുത്തി പാട്ട് പാടി പഠിപ്പിച്ചു തന്നു ആദ്യം. പിന്നെ അര്‍ഥം പറഞ്ഞു മനസ്സിലാക്കി. പലവട്ടം റിഹേഴ്സല്‍ നടത്തി. തേന്മഴ ചൊരിയും എന്നതിന് പകരം ചൊറിയും എന്ന് പാടിയപ്പോള്‍ സ്‌നേഹപൂര്‍വ്വം ശാസിച്ചു. ഒടുവില്‍ ടേക്ക് ഒരു വിധം കുഴപ്പമില്ലാതെ പാടിത്തീര്‍ത്തപ്പോള്‍ മാസ്റ്ററുടെ മുഖത്തു വിരിഞ്ഞ മൃദുമന്ദഹാസം കോമളയുടെ ഓര്‍മ്മയിലുണ്ട്. ആരെയും അകമഴിഞ്ഞ് പ്രശംസിക്കുക പതിവില്ലാത്ത ദേവരാജന്‍ മാസ്റ്റര്‍ തനിക്ക് നല്‍കിയ ഏറ്റവും വലിയ പുരസ്‌കാരം ആയിരുന്നു ആ  പുഞ്ചിരി എന്ന് പറയും കോമള.

 
പില്‍ക്കാലത്ത് ദേവരാജന്റെ ഈണത്തില്‍ വേറെയും പാട്ടുകള്‍ നാടകങ്ങള്‍ക്ക് വേണ്ടി പാടി  കോമള: പുതിയ ആകാശം പുതിയ ഭൂമിയിലെ 'ചാഞ്ചാടുണ്ണി ചെരിഞ്ഞാട്'',   മൂലധനത്തിലെ 'ഓണപ്പൂവിളിയില്‍ ഊഞ്ഞാല്‍പ്പാട്ടുകളില്‍'', 'വാര്‍മഴവില്ലിന്റെ മാല കോര്‍ത്തു'', കാക്കപ്പൊന്നിലെ 'മുത്തേ വാ മണിമുത്തം താ'', ഡോക്ടറിലെ 'സല്‍ക്കലാകന്യകേ'', സമര്‍പ്പണത്തിലെ 'കാറ്റേ നല്ല കാറ്റേ''...എല്ലാം ഒ എന്‍ വിയുടെ നാട്ടുമൊഴിച്ചന്തമുള്ള  ശീലുകള്‍.
നാടകത്തില്‍ കെ പി എ സി സുലോചന പാടി പ്രശസ്തമാക്കിയവയാണ് ഈ പാട്ടുകളില്‍ പലതും - ശര്‍ക്കരപ്പന്തലില്‍, ചാഞ്ചാടുണ്ണി ചെരിഞ്ഞാട്, ഓണപ്പൂവിളിയില്‍.. കേരളത്തില്‍ ഉടനീളമുള്ള നാടകവേദികളില്‍ തന്റെ  ശബ്ദത്തില്‍ മുഴങ്ങിക്കേട്ട  ആ ജനപ്രിയ ഗാനങ്ങള്‍ അന്യഭാഷക്കാരിയായ മറ്റൊരു ഗായികയെ കൊണ്ട് ദേവരാജന്‍ മാസ്റ്റര്‍ റെക്കോര്‍ഡ് ചെയ്യിച്ചതില്‍ സ്വാഭാവികമായും ഖിന്നയായിരുന്നു സുലോചന. അതിലുള്ള  പരിഭവവും നീരസവും  സുലോചന അഭിമുഖങ്ങളില്‍ മറച്ചുവെച്ചതുമില്ല.

'കോമള നല്ല ഗായിക തന്നെയാണ്.,' -ദേവരാജന്‍ മാസ്റ്ററുടെ വാക്കുകള്‍. 'ഉറച്ച ശബ്ദം. ശ്രുതി ശുദ്ധിയുള്ള ആലാപനം. കര്‍ണ്ണാടക സംഗീതം ദീര്‍ഘകാലം അഭ്യസിച്ചത് കൊണ്ടുള്ള ഗുണമാണ്. ശബ്ദത്തിലും പുതുമയുണ്ട്. അവര്‍ പാടിയ പാട്ടുകള്‍ ഇവിടത്തെ സംഗീതാസ്വാദകര്‍ വൈമനസ്യമൊന്നും കൂടാതെ സ്വീകരിച്ചില്ലേ? എങ്കിലും സുശീലയെ പോലെ എല്ലാ ജനുസ്സില്‍ പെട്ട പാട്ടുകളും അവര്‍ക്ക് വഴങ്ങില്ല  എന്ന് തന്നെയാണ് എന്റെ അഭിപ്രായം.'' സിനിമയില്‍ എന്തുകൊണ്ട് താന്‍ കോമളയുടെ ശബ്ദം അധികം ഉപയോഗിച്ചില്ല എന്നതിനുള്ള വിശദീകരണം കൂടിയായിരുന്നു മാസ്റ്ററുടെ ആ മറുപടി. 

 പാടിയ പാട്ടുകള്‍ എണ്ണത്തില്‍ കുറവെങ്കിലും  മലയാള സിനിമയില്‍ രണ്ടു ദശകത്തോളം കോമളയുടെ സാന്നിധ്യമുണ്ടായിരുന്നു. ബ്രദര്‍ ലക്ഷ്മണന്‍, ബാബുരാജ്, രാഘവന്‍ എന്നിവരാണ് കോമളയുടെ വേറിട്ട ശബ്ദത്തിന്റെ സാധ്യതകള്‍  ഔചിത്യപൂര്‍വം പ്രയോജനപ്പെടുത്തിയ സംഗീതസംവിധായകര്‍. ഭക്തകുചേലയില്‍ തിരുനയിനാര്‍ കുറിച്ചി - ബ്രദര്‍ ലക്ഷ്മണന്‍ ടീമിന് വേണ്ടി പാടിയ `കണ്ണാ താമരക്കണ്ണാ' മറക്കാനാവുമോ? മലയാളത്തില്‍ കേട്ട ഏറ്റവും വാത്സല്യനിര്‍ഭരമായ  താരാട്ടുകളില്‍ ഒന്നാണത്. ക്രിസ്മസ് രാത്രിയിലെ 'അപ്പോഴേ ഞാന്‍ പറഞ്ഞില്ലേ പ്രേമം കയ്പ്പാണ് നെല്ലിക്ക പോലെ, സ്‌നാപകയോഹന്നാനിലെ ഓശാന ദാവീദിന്‍ പുത്രന് ഓശാന (രണ്ടും കമുകറ പുരുഷോത്തമന് ഒപ്പം) എന്നിവയും  ഈ സഖ്യത്തിന് വേണ്ടി കോമള പാടിയ മികച്ച ഗാനങ്ങള്‍.  നാട്ടിന്‍പുറത്തുകാരിയായ  ഒരു മാപ്പിളപ്പെണ്ണിന്റെ നിര്‍മ്മല മനസ്സായിരിക്കണം കോമളയുടെ ശബ്ദത്തില്‍ ബാബുരാജ് കണ്ടെത്തിയത് . വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍ (കുട്ടിക്കുപ്പായം), കുറുന്തോട്ടിക്കായ പഴുത്തു (കുപ്പിവള), കൂട്ടിലിളം കിളി കുഞ്ഞാറ്റക്കിളി (പി ലീലയ്ക്കൊപ്പം - ലൈലാ മജ്‌നു) എന്നീ  പാട്ടുകള്‍ ഉദാഹരണം.  

placeholder
രവി മേനോൻ എ.പി.കോമളയ്ക്കൊപ്പം. ഫയൽ ചിത്രം

കെ രാഘവന്റെ ഈണത്തിലും   വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ പാടി കോമള. ആദ്യകിരണങ്ങളിലെ 'കിഴക്കു ദിക്കിലെ ചെന്തെങ്ങില്‍'' എന്ന പാട്ടില്‍ ഒരു നാടന്‍ പെണ്‍കുട്ടിയുടെ നിഷ്‌കളങ്കഭാവമാണ് തുടിച്ചു നിന്നതെങ്കില്‍ മെഹബൂബിനൊപ്പം പാടിയ നീലി സാലിയിലെ നാല് ഗാനങ്ങളിലും കേട്ടത് കുസൃതി നിറഞ്ഞ നര്‍മ്മഭാവം.  ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ, മനുഷ്യന്റെ നെഞ്ചില്‍ പടച്ചോന്‍ കുഴിച്ചിട്ട, മാനത്തെ കുന്നിന്‍ ചെരിവില്, നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറ കെട്ടാന്‍ - ഹാസ്യഗാനങ്ങളുടെ പാദുഷയായ മെഹ്ബൂബിന്റെ അയത്‌ന ലളിതമായ ആലാപന ശൈലിയോട് മത്സരിച്ചു പാടി കയ്യടി നേടുന്ന  കോമളയെയാണ് ഈ പാട്ടുകളിലെല്ലാം നാം കണ്ടുമുട്ടുക. ഹൃദയസ്പര്‍ശിയായ ഒരു വിരഹഗാനം എങ്ങനെ മനോഹരമായ ഒരു ഹാസ്യഗാനം കൂടി ആകുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു നീയല്ലാതാരുണ്ടെന്നുടെ എന്ന സൃഷ്ടി. പാട്ടിന്റെ ചരണത്തില്‍, കാമുകന് മറുപടിയായി  `ഞാന്‍ പഠിച്ചൊരു സിനിമാപ്പാട്ടുകള്‍ പോലുമിന്ന് മറന്നല്ലോ ഞാന്‍ നൂല് പോലെ മെലിഞ്ഞല്ലോ, ചന്തയിലിന്നലെ വന്നില്ലല്ലോ രണ്ടു വാക്കു പറഞ്ഞില്ലല്ലോ' എന്ന് കോമള പരിഭവിക്കുമ്പോള്‍ ആരുടെ ചുണ്ടിലാണ് ഒരു നേര്‍ത്ത ചിരി വിടരാത്തത്?  'ഓട്ടക്കണ്ണിട്ട് നോക്കും'' എന്ന പാട്ടില്‍ പൂവാലനായി നില്‍ക്കുന്ന കോഴിയെ കുറിച്ഛ് കോമള പാടുമ്പോള്‍ കുസൃതിക്കാരിയായ  ഒരു ഗ്രാമീണപ്പെണ്‍കൊടിയുടെ  രൂപം മനസ്സില്‍ തെളിയുന്നു.  'മറുഭാഷക്കാരിയാണെങ്കിലും ഒരു പ്രത്യേക മലയാളിത്തമുണ്ട് കോമളയുടെ ശബ്ദത്തില്‍.   ഒരു സാധാരണ വീട്ടമ്മയുടെ ശബ്ദമാണത്.'' രാഘവന്‍ മാസ്റ്ററുടെ വാക്കുകള്‍ ഓര്‍മ്മവരുന്നു.

'വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും'' എന്ന ഹാസ്യഗാനം (വേലുത്തമ്പി ദളവ) കോമളയ്‌ക്കൊപ്പം പാടിയത് ഉദയഭാനു.  ദക്ഷിണാമൂര്‍ത്തിയുടെ പതിവ് ശൈലിയില്‍ നിന്ന് വേറിട്ടു നിന്ന പാട്ടാണത്. ഇന്നും ആ ഗാനരംഗം കാണുമ്പോള്‍ അഭിനേതാക്കളായ അടൂര്‍ ഭാസിയും സുകുമാരിയുമല്ല അത് പാടിയതെന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നും. പരസ്പരം അത്രയും ഇഴുകിച്ചേര്‍ന്നു നില്‍ക്കുകയാണ്  പാട്ടും അഭ്രാവിഷ്‌കാരവും. നന്ദി പറയേണ്ടത് സംഗീത സംവിധായകനോടാണെന്ന് പറയും കോമള. 'സ്വാമി പാടിത്തരുമ്പോള്‍ ആ ശബ്ദത്തില്‍ വന്നു നിറയുന്ന ഭാവം ആസ്വദിച്ചു നമ്മളങ്ങനെ നിന്നുപോകും. പാട്ടിന്റെ ആത്മാവില്‍ അത്രയും അലിഞ്ഞാണ് അദ്ദേഹം പാടുക.  പ്രണയമെങ്കില്‍ പ്രണയം. ഹാസ്യമെങ്കില്‍ ഹാസ്യം. എല്ലാം ആ തൊണ്ടയില്‍ അനായാസം വരും.'' പക്ഷേ കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയത് സ്വാമി തന്നെ ഈണമിട്ട  'സിന്ധുഭൈരവീ രാഗരസം'' (പാടുന്ന പുഴ) എന്ന ഗാനമായിരുന്നു. 'ഞാന്‍ ഏറ്റവും ആദരിക്കുന്ന ഗായികയായ ലീലാമ്മയോടൊപ്പമാണ് പാടുന്നത്. അതും മനോഹരമായ ഒരു രാഗമാലിക. ഞങ്ങളുടെ ആലാപന ശൈലികള്‍ തമ്മില്‍ അസാധാരണമായ പൊരുത്തമുണ്ടെന്ന്  പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അതുകൊണ്ടാവണം ഞങ്ങള്‍ ഒരുമിച്ചു പാടിയ പാട്ടുകള്‍ മിക്കതും ആളുകള്‍ ഇഷ്ടപ്പെട്ടതും.'' ഭക്തകുചേലയിലെ കനിവ് നിറയും, വിധി തന്ന വിളക്കിലെ കാരുണ്യ സാഗരനേ, ആറ്റം ബോംബിലെ നാണിക്കുന്നില്ലേ, ശ്യാമളചേച്ചിയിലെ കൈതൊഴാം കണ്ണാ, പിഞ്ചുഹൃദയത്തിലെ മല്ലാക്ഷീ മണിമൗലേ.. എല്ലാം ലീലയും കോമളയും ചേര്‍ന്നാലപിച്ച ഗാനങ്ങള്‍.  

1973 ല്‍ പുറത്തുവന്ന 'തനിനിറ'ത്തിലാണ്  കോമള അവസാനം പാടിയത്. മാധുരിയുടെ കൂടെ വയലാര്‍ - ദേവരാജന്‍ ടീമിന്റെ 'ഇവന്‍ വിസ്‌കി ഇവന്‍ ബ്രാണ്ടി'' എന്ന `മദ്യപ'ഗാനം. തമിഴില്‍ മന്നിപ്പ് (സംഗീതം: സുബ്ബയ്യാ നായിഡു) എന്ന ചിത്രത്തിലും.  ഒരു സുപ്രഭാതത്തില്‍ സിനിമയില്‍ നിന്ന് പൊടുന്നനെ മാഞ്ഞുപോകുകയായിരുന്നു കോമള. എന്തായിരുന്നു ആ പിന്‍വാങ്ങലിനു പിന്നില്‍ എന്ന ചോദ്യത്തിന് മുന്നില്‍ ഒരു നിമിഷം മൗനിയായി  കോമള. 'ആകാശവാണിയില്‍  ഔദ്യോഗിക ചുമതലകള്‍ വേണ്ടതിലേറെ ഉണ്ടായിരുന്നു. മറ്റൊന്നിനും നീക്കിവെക്കാന്‍ സമയം ഇല്ലാതെപോയി. കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ അതിനു പുറമെ. ഞങ്ങളുടേത് വലിയൊരു കുടുംബമാണ്. ഒന്‍പത് സഹോദരങ്ങള്‍ അടങ്ങിയ കുടുംബം. അഞ്ച് ആണും നാല് പെണ്ണും. അച്ഛന്‍ മരിച്ചശേഷം കൂടപ്പിറപ്പുകളുടെ കാര്യം കൂടി നോക്കേണ്ടിവന്നു.  എന്റെ ശമ്പളമാണ് അന്ന് കുടുംബത്തിന്റെ പ്രധാന  വരുമാനം.  രണ്ടു സഹോദരന്മാരേയും  രണ്ടു സഹോദരിമാരെയും വിവാഹം കഴിച്ചയച്ചു. ബാക്കി എല്ലാവരും അവിവാഹിതരായി തുടര്‍ന്നു. '' ഒരു നിമിഷം നിര്‍ത്തി കോമള   കൂട്ടിച്ചേര്‍ക്കുന്നു: 'ഈ തിരക്കിനിടയില്‍ ഞാനും കല്യാണം കഴിക്കാന്‍ മറന്നു. സമയം കിട്ടിയില്ല എന്നതാണ് സത്യം. പക്ഷേ പശ്ചാത്താപമൊന്നുമില്ല. ഇവിടെ ഞങ്ങളെല്ലാം ഒരു കുടുംബം പോലെ കഴിയുന്നു. കളിചിരിയും പാട്ടും  ഒഴിഞ്ഞ സമയമില്ല ഈ വീട്ടില്‍...''  

സിനിമാപ്പാട്ടല്ല,  ജീവിതത്തിന്റെ ഈണവും താളവുമാണ് തനിക്ക് പ്രധാനമെന്ന് പറയാതെ  പറയുകയായിരുന്നു കോമള

Key Points:

  • A.P. Komala, a renowned Malayalam singer, passed away in April 2023.
  • Her death went largely unnoticed, even by the Malayalam media.
  • She is best known for the song `Sharkarappanthale Thenmazha Choriyum` from the play `Sharkarappanthal`.
  • She also sang several popular songs for Malayalam films and plays, including `Kizhakkudikile Chenthegil`, `Velukkumbol Kulikuvaan Pokkunna Vazhivakil`, and `Chaanchaadunni Cherinjaad`.
  • Komala`s singing career spanned two decades, collaborating with renowned music directors like G. Devarajan, Brother Lakshmanan, Baburaj, and K. Raghavan.