45 വര്‍ഷം മുമ്പ് മലയാളക്കരയെ പുളകമണിയിച്ച് ഇവിടെയൊരു ചെമ്പകത്തൈ പൂത്തു. ഗസല്‍ സ്പര്‍ശമുള്ള ആ മനോഹരമായ ഗാനം മലയാളം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. 1978-ല്‍ പുറത്തിറങ്ങിയ 'കാത്തിരുന്ന നിമിഷം' എന്ന ചിത്രത്തിലെ  ചെമ്പകത്തൈകള്‍ പൂത്ത മാനത്തുപൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങി... എന്ന ഗാനം മൂന്നുപതിറ്റാണ്ടിനിപ്പുറവും ഉജ്ജ്വലശോഭയോടെ നിലനില്‍ക്കുന്നു. ഇന്നും ഒട്ടേറെ ആസ്വാദകര്‍.... ശ്രീകുമാരന്‍ തമ്പിയുടെ കവിത തുളുമ്പുന്ന വരികള്‍ക്ക് അര്‍ജുനന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ഗാനത്തിന് പകരംവെക്കാന്‍ ഇപ്പോഴും മറ്റൊരു ഗാനമില്ല....

To advertise here,

വര്‍ഷങ്ങള്‍ക്കിപ്പുറം അതേ അര്‍ജുനന്‍ മാസ്റ്റര്‍ അവസാനമായി ഈണം നല്‍കിയ ഗസല്‍ സ്പര്‍ശമുള്ള മറ്റൊരുഗാനം മലയാളക്കരയില്‍ ഇപ്പോഴും തരംഗമായി തുടരുകയാണ്. ബൈനറി എന്ന ചിത്രത്തിനുവേണ്ടി പി.കെ.ഗോപി രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് ഗായകനും കോഴിക്കോട് സ്വദേശിയുമായ പി.കെ.സുനില്‍കുമാറാണ്. 'അലപോലെ അഴകോടെ കുളിര്‍കോരി നിറമാനം, പ്രണയാര്‍ദ്രമലിയുന്ന സുഖമോടെ' എന്നു തുടങ്ങുന്ന ഗാനം കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മെത്തേടിയെത്തുന്ന വികാരം അനുഭൂതിയായിരിക്കും. 2019ലാണ് ഗാനത്തിന്റെ റെക്കോഡിങ് പൂര്‍ത്തിയായത്. എന്നാല്‍ കോവിഡ് പിടിമുറുക്കിയതോടെ ബൈനറി എന്ന ചിത്രവും താത്കാലികമായി പെട്ടിയിലൊതുങ്ങി. കോവിഡ് ഭീതിയകന്നതിനെത്തുടര്‍ന്ന് കഴിഞ്ഞമാസമാണ് ചിത്രം റിലീസിനെത്തിയത്. ഇതിനകം 11.5 ലക്ഷത്തോളം പേര്‍ ഗാനം കേട്ടുകഴിഞ്ഞതായി അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഗസല്‍ സ്പര്‍ശമുള്ള തന്റെ മറ്റൊരുഗാനത്തിന്റെ സ്വീകാര്യതയും ഗാനം ഏറ്റുവാങ്ങിയ പ്രശംസകളും കാണാനും കേള്‍ക്കാനും കാത്തുനില്‍ക്കാതെ വിടപറഞ്ഞ അര്‍ജുനന്‍ മാസ്റ്ററുടെ ദീപ്തസ്മരണ ഉണര്‍ത്തുന്ന വേദനയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

2019-ല്‍ ഒരു നവംബര്‍ മാസത്തിലാണ് ഗാനത്തിന്റെ റെക്കോഡിങ്ങ് നടന്നത്. പി.കെ.ഗോപിയുടെ വരികള്‍ക്കനുസൃതമായി അര്‍ജുനന്‍ മാസ്റ്റര്‍ നിമിഷങ്ങള്‍ക്കകം ഈണം കൊടുക്കുകയായിരുന്നു. ശിവരഞ്ജിനിരാഗം അടിസ്ഥാനമാക്കിയാണ് ഗാനം ചിട്ടപ്പെടുത്തിയത്. 2019 നവംബറില്‍ ഇടക്കൊച്ചിയിലെ അര്‍ജുനന്‍മാസ്റ്ററിന്റെ വീട്ടില്‍വെച്ചായിരുന്നു പാട്ട് ചിട്ടപ്പെടുത്തിയതെന്ന് ഗായകന്‍ സുനില്‍ കുമാര്‍ ഓര്‍ക്കുന്നു. രചന നിര്‍വഹിച്ച കവി പി.കെ.ഗോപിയേട്ടനും ഒപ്പമുണ്ടായിരുന്നു. നേരത്തെ ദൂരദര്‍ശനുവേണ്ടിയുള്ള ഒരുപാട്ടിനായി ഞങ്ങള്‍ മൂവരും ഒന്നിച്ചിരുന്നു. ഒരുസിനിമയ്ക്കായി ആദ്യമായിട്ടായിരുന്നു ഞങ്ങള്‍ ഒന്നിക്കുന്നത്. അവശനായിരുന്നെങ്കിലും കമ്പോസിങ് വേളയില്‍ മാസ്റ്റര്‍ വളരെ ഊര്‍ജസ്വലനായിരുന്നു. സംസ്ഥാന അവാര്‍ഡുനേടിയ ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിലെ പാട്ടുകള്‍ക്കുശേഷം വലിയൊരിടവേളക്കുശേഷം മാസ്റ്റര്‍ കമ്പോസ് ചെയ്യുന്ന ഗാനം ഇതാണെന്നാണ് ഓര്‍മ. ഒറ്റദിവസം കൊണ്ടുതന്നെ പാട്ട് മികച്ചരീതിയില്‍ ചിട്ടപ്പെടുത്തിയും മാസ്റ്റര്‍ ഞങ്ങളെ അതിശയിപ്പിച്ചു. ദൂരദര്‍ശനില്‍ പാട്ടിനായി ഒന്നിച്ച പരിയമുള്ളതിനാല്‍ എന്റെ ശ്രുതിയെക്കുറിച്ചൊക്കെ നല്ല ധാരണയുണ്ടായിരുന്നു മാസ്റ്റര്‍ക്ക്. അതും ജോലി എളുപ്പമാക്കി. പിന്നെ കവിതക്കനുസൃതമായി ഈണമിട്ടു എന്നതും ഗാനത്തിന് പ്ലസ്‌പോയന്റായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'മാസ്റ്ററുമൊത്ത് വര്‍ക്കുചെയ്യാനായതിനെ ജന്മസാഫല്യമെന്ന ഒറ്റപ്പദം കൊണ്ടാണ് ഗോപിയേട്ടന്‍ വിശേഷിപ്പിച്ചത്. ഞാനും ആ വാക്കുകള്‍ തന്നെ കടമെടുക്കുന്നു. കോഴിക്കോട്ടുവെച്ചായിരുന്നു റെക്കോഡിങ്. പക്ഷേ അനാരോഗ്യം കാരണം ആ സമയത്ത് മാസ്റ്റര്‍ക്ക് വരാനായിരുന്നില്ല. ഗാനം പൂര്‍ത്തിയായി ഏതാനും മാസങ്ങള്‍ക്കുശേഷമായിരുന്നു മാസ്റ്ററുടെ വിയോഗം. അതു ഞങ്ങള്‍ക്കെല്ലാം വലിയവേദന പകതരുന്നതായി. ബൈനറി എന്ന ചിത്രത്തില്‍ നാലുഗാനങ്ങളുണ്ട്. എന്റെ പാട്ടിനു മാത്രമാണ് മാസ്റ്റര്‍ ഈണമിട്ടത്. മറ്റ് മൂന്നുപാട്ടുകള്‍ക്കും ഈണം പകര്‍ന്നത് കൊല്ലം ശൂരനാട് സ്വദേശിയും സംഗീതസംവിധായകനുമായ രാജേഷ്ബാബുവാണ്. അദ്ദേഹം കൂടി താത്പര്യമെടുത്താണ് അര്‍ജുനന്‍ മാഷിനെത്തന്നെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ഞാനുമായി മുന്‍പരിചയം ഉള്ളതുകൊണ്ടു മാത്രമാണ് അവശസ്ഥിതിയിലും ഈഗാനത്തിന് ഈണം നല്‍കാന്‍ മാസ്റ്റര്‍ സമ്മതം മൂളിയതെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനകം ഒരു മില്ല്യണിലേറെപ്പേര്‍ പാട്ടിന്റെ വീഡിയോ കണ്ടുകഴിഞ്ഞു.