-
ഗാനരചയിതാവ് ബി.കെ. ഹരിനാരായണനും അപർണാ ബാലമുരളിയും ഒന്നിക്കുന്ന ഗാനചിത്രം ‘ഇള’ പ്രദർശനത്തിന്. കോവിഡ് മഹാമാരിക്കിടെ ജീവൻ പണയംവെച്ച് ആതുരസേവനത്തിനിറങ്ങിയ ആരോഗ്യപ്രവർത്തകർക്കുള്ള ആദരമാണ് ചിത്രം. ബി.കെ. ഹരിനാരായണൻ രചനയും സംവിധാനവും നിർവഹിച്ച മ്യൂസിക്കൽ ആൽബത്തിൽ അപർണാ ബാലമുരളി പ്രധാനവേഷത്തിൽ എത്തുന്നു. സിതാര കൃഷ്ണകുമാറും മിഥുൻ ജയരാജും ചേർന്നാലപിച്ച ആൽബത്തിൽ ഹരിനാരായണൻ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. ബിജിബാൽ, രാജീവ് പീശപ്പിള്ളി എന്നിവരാണ് അഭിനേതാക്കൾ. എ.സി. മൊയ്തീൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ, വൈബ്സ് മീഡിയയുടെ ബാനറിൽ ഷാജു സൈമണാണ് നിർമാണം.
കൊറോണക്കാലത്തെ ആശുപത്രിക്കാഴ്ചകൾ മുൻനിർത്തി ഒരു ഡോക്ടറുടെ ജീവിതത്തിലൂടെയാണ് ഇള കടന്നുപോകുന്നത്. ‘‘കോവിഡ് തരംഗത്തിൽ നമ്മുടെ രാജ്യത്തിന് നഷ്ടപ്പെട്ടത് ആയിരത്തഞ്ഞൂറിലധികം ഡോക്ടർമാരും നൂറ്റിയിരുപതോളം നഴ്സുമാരും ഇരുനൂറില്പരം ആരോഗ്യപ്രവർത്തകരുമാണ്.ലോകം രോഗഭീതിയിൽ നിലകിട്ടാതെ പതറുമ്പോഴും സഹജീവികളെ സഹായിക്കാനും രക്ഷിക്കാനും ഇറങ്ങിത്തിരിച്ചവരെ നമ്മൾ ഹൃദയത്തോടുചേർത്ത് നിർത്തേണ്ടതുണ്ട്. കോവിഡ് കാലത്തെ യഥാർഥ ഹീറോസ് ആരോഗ്യപ്രവർത്തകരാണ്, അവർക്കുള്ള സല്യൂട്ടാണ് ഈ ഗാനചിത്രം’’ -ബി.കെ. ഹരിനാരായണൻ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൗഹൃദക്കൂട്ടായ്മയുടെ കരുത്തിലാണ് ഇള ചിത്രീകരിച്ചത്. സമാനമനസ്കരായ ഒരുകൂട്ടം ആളുകളുടെ ഒത്തുചേരൽ കൂടിയാകുന്നു ചിത്രം. ഛായാഗ്രഹണം മനേഷ് മാധവൻ, എഡിറ്റിങ് പ്രവീൺ മംഗലത്ത്, സംഗീതം മിഥുൻ ജയരാജ്, ആർട്ട് ഇന്ദുലാൽ കാവീട് എന്നിവർ നിർവഹിക്കുന്നു. ലിജുപ്രഭാകർ, ധനുഷ് നായനാർ, ജയറാം രാമചന്ദ്രൻ, അവണാവ് നാരായണൻ തുടങ്ങിയവരാണ് ഇളയുടെ അണിയറ ശില്പികൾ. ഇളയുടെ ആദ്യ പോസ്റ്റർ മമ്മൂട്ടി പ്രകാശനം ചെയ്തു. സെപ്‌റ്റംബർ 20-ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിക്കും.
Content Highlights: Ila musical featurette by b k harinarayan featuring aparna balamurali
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..