മൂന്നാമത്തെ വയസ്സിലാണ് അലോകേഷ് ലാഹിരി എന്ന ബപ്പി ലാഹിരി തബല വായിക്കാനാരംഭിച്ചത്. സംഗീതജ്ഞരായ അപരേഷ് ലാഹിരിയുടേയും ബാംസുരി ലാഹിരിയുടേയും ഒറ്റപ്പുത്രനായി 1952 ല്‍ ജനിച്ച അലോകേഷ് ലാഹിരിയ്ക്ക് സംഗീതമായിരുന്നു ലോകം. അമ്മാവനും ഇന്ത്യന്‍ സിനിമാപിന്നണിഗായകരില്‍ പ്രമുഖനായ കിഷോര്‍ കുമാറിന്റെ അനന്തരവന്‍ കൂടിയായ അലോകേഷിന് സംഗീതമല്ലാതെ മറ്റൊന്നിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല. ഇന്ത്യന്‍ സിനിമാസംഗീതധാരയിലേക്ക് ഡിസ്‌കോയുടെ മാസ്മരിക ലഹരി ചേര്‍ത്ത് വെച്ച ഗാനങ്ങളിലൂടെ ഡിസ്‌കോ കിങ് എന്ന പേര് കൂടി ബപ്പി ലാഹിരി സ്വന്തമാക്കി. ചല്‍തേ ചല്‍തേ, സഖ്മീ... തുടങ്ങിയ ചിത്രങ്ങളിലെ മനോഹരമായ മെലഡികളും 'ബപ്പി ദാ' എന്ന ബപ്പി ലാഹിരി ബോളിവുഡ് സംഗീതപ്പട്ടികയിലേക്ക് ചേര്‍ത്തു വെച്ചു. മികച്ച ഗായകന്‍ കൂടിയായ ബപ്പി ലാഹിരിയുടെ ശബ്ദം അദ്ദേഹമണിഞ്ഞിരുന്ന സ്വര്‍ണം പോലെ ശുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

To advertise here,

1973 ല്‍ നന്നാ ശിക്കാരി എന്ന സിനിമയിലൂടെയായിരുന്നു ബപ്പി ലാഹിരിയുടെ ബോളിവുഡ് പ്രവേശനം. അന്ന് ഇരുപത്തിയൊന്ന് വയസ്സായിരുന്നു ബപ്പിയുടെ പ്രായം.  തുടര്‍ന്ന് ചരിത, ബാസാര്‍ ബന്ധ് കരോ, ഏക് ലഡ്കി ബദ്‌നാമി സി, സഖ്മീ, ചല്‍തേ ചല്‍തേ, ആപ് കി ഖാതിര്‍, ടൂഠെ ഖിലോന, സുരക്ഷ, ആംഗന്‍ കി കലി...തുടങ്ങി പത്തിലധികം ചിത്രങ്ങള്‍. സഖ്മീയിലാണ് പിന്നണി ഗായകന്‍ കൂടിയായി അദ്ദേഹത്തിന്റെ അരങ്ങേറ്റം. സുലക്ഷണ പണ്ഡിറ്റുമൊത്ത് ചല്‍തേ ചല്‍തേയില്‍ പാടിയ ജാനാ കഹാം ഹേ ബപ്പിയ്ക്ക് ഗായകനെന്ന നിലയില്‍ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തു.

1982 ല്‍ പുറത്തിറങ്ങിയ ഡിസ്‌കോ ഡാന്‍സര്‍ എന്ന സിനിമയാണ് ബപ്പിയുടെ പ്രശസ്തി ഉയര്‍ത്തിയത്. മിഥുന്‍ ചക്രവര്‍ത്തിയും കിമ്മും പ്രധാനവേഷങ്ങളിലെത്തിയ ഡിസ്‌കോ ഡാന്‍സര്‍ ആഗോളഹിറ്റായിരുന്നു. സിനിമയിലെ ഗാനങ്ങള്‍ സിനിമയുടെ വിജയത്തിന് പ്രധാനഘടകമായിരുന്നു. പാര്‍വതി ഖാന്‍ ആലപിച്ച ജിമ്മി ജിമ്മി, വിജയ് ബെനഡിക്ട് പാടിയ ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍, ബാപ്പി പാടിയ യാദ് ആ രഹാ ഹൈ, മറ്റ് ഗാനങ്ങള്‍ എല്ലാം പോപ്പുലര്‍ ഹിറ്റുകളായിരുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ഡിസ്‌കോ ഡാന്‍സര്‍. 

1974 ല്‍ ദാദൂ എന്ന സിനിമയിലൂടെയായിരുന്നു ബപ്പിയുടെ ബംഗാളി എന്‍ട്രി. അതില്‍ ലതാ മങ്കേഷ്‌കറെ കൊണ്ട് പാടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അമര്‍ സംഘീ, ആമര്‍ തുമീ, അമര്‍ പ്രേം, മന്ദിര...ബപ്പിയുടെ ബംഗാളി ഹിറ്റ് ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. കിഷോര്‍ കുമാറും ലതയുമൊന്നിച്ച ധാരാളം ഹിറ്റ് ഡ്യൂയറ്റുകള്‍ ബപ്പിയുടേതായുണ്ട്. കിഷോറിനാപ്പം ആശ ഭോസ്ലെയും ബപ്പിയുടെ ഈണത്തില്‍ ഡ്യൂയറ്റുകള്‍ പാടി. ഹിമ്മത്ത് വാല, ഡാന്‍സ് ഡാന്‍സ്, ശരാബി, സത്യമേവ ജയതേ...ബപ്പി ഹിറ്റുകള്‍ അവസാനിക്കുന്നില്ല.

1983 ലെ ഹിമ്മത് വാല എന്ന ഹിറ്റ് സിനിമയ്ക്ക് പിന്നാലെ ജിതേന്ദ്ര നായകനായ സിനിമകളില്‍ കിഷോര്‍ കുമാറിന് വേണ്ടി ബപ്പി നിരവധി ഹിറ്റുകളൊരുക്കി. 1983-85 വരെ ജിതേന്ദ്ര നായകനായ പന്ത്രണ്ട് സിനിമകള്‍ക്കാണ് ബപ്പി ഈണമിട്ടത്. 1986 ല്‍ 33 സിനിമകള്‍ക്ക് വേണ്ടി 180 ഗാനങ്ങള്‍ ചിട്ടപ്പെടുത്തി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സിലും ബപ്പി ഇടം നേടി. പുതിയ സംഗീതസംവിധായകര്‍ ബോളിവുഡില്‍ അരങ്ങ് വാഴാനെത്തുമ്പോഴും ബപ്പിയുടെ സംഗീതം ലഹരി പടര്‍ത്തുന്നതില്‍ കുറവുണ്ടാക്കിയില്ല. 2000 ആണ്ടാവുന്നത് വരെ ഇടവേളയില്ലാതെ ബപ്പിയുടെ സംഗീതം ബോളിവുഡ് സിനിമയ്ക്ക് മേമ്പൊടിയായി.

കിസി നസര്‍ കൊ തേരാ ഇന്തസാര്‍ ആജ് ഭി ഹെ..., ആവാസ് ദി ഹെ.. തുടങ്ങിയ ഗസല്‍ ഗാനങ്ങളും സിനമയ്ക്ക് വേണ്ടി ബപ്പി ചിട്ടപ്പെടുത്തി. ബപ്പിയുടെ മുന്‍കാല ഗാനങ്ങള്‍ പലതും പിന്നീട് റീമിക്‌സുകളായി സിനിമകളില്‍ പുനരാവിഷ്‌കരിക്കപ്പെട്ടു. 2020 ല്‍ ബാഗി 3 എന്ന സിനിമയ്ക്ക് വേണ്ടിയാണ് ബപ്പി അവസാനം ഈണമിട്ടത്. അതിലെ ബങ്കാസ് എന്ന ഗാനം ദേവ് നാഗിയ്ക്കും ജോനിത ഗാന്ധിയ്ക്കുമൊപ്പം ബപ്പി ആലപിക്കുകയും ചെയ്തു. 2000 ലെ ജസ്റ്റിസ് ചൗധരിയ്ക്ക് ശേഷം 2008 ലാണ് ബപ്പി സംഗീതസംവിധായകനായി തിരിച്ചെത്തിയത്. മുദ്രങ്ക് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്. 2006 ല്‍ ടാക്‌സി നം.9211 എന്ന സിനിമയിലെ ബൊംബയ് നഗരിയ എന്ന ഗാനം ബപ്പി ആലപിച്ചു.

2011 ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ദ ഡേട്ടി പിക്ചര്‍ എന്ന സിനിമയ്ക്ക് വേണ്ടി ബപ്പി പാടിയ ഊലാലാ ഊലാലാ എന്ന ഗാനം വന്‍ ഹിറ്റായി. പുതുതലമുറയിലെ പ്രമുഖ ഗായിക ശ്രേയ ഘോഷാലിനൊപ്പമായിരുന്നു ബപ്പിയുടെ ആലാപനം. 2013 ലെ ജോളി എല്‍എല്‍ബി എന്ന സുഭാഷ് കപൂര്‍ ചിത്രത്തിന് വേണ്ടി ബപ്പി ആലപിച്ച എല്‍ ലഗ് ഗയേ എന്ന ഗാനം ഹിറ്റാവുക മാത്രമല്ല വര്‍ഷങ്ങള്‍ക്ക് ശേഷം ടിക് ടോക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാവുകയും ചെയ്തു. 2019 ല്‍ വൈ ചീറ്റ് ഇന്ത്യ എന്ന സിനിമയില്‍ ബപ്പിയുടെ ദിന്‍ മേം ഹൊ തും വീണ്ടു കേട്ടു. 2020ല്‍ ആരേ പ്യാര്‍ കര്‍ ലേ എന്ന ബപ്പി ലാഹിരി ഗാനം ശുഭ് മംഗള്‍ സ്യാദാ സാവ്ധാന്‍ എന്ന സിനിമയിലൂടെ സംഗീതാസ്വാദകരെ തേടി വീണ്ടുമെത്തി.

തെലുഗു, തമിഴ്, കന്നട, ഗുജറാത്തി ഭാഷാച്ചിത്രങ്ങളിലും ബപ്പി ദാ പ്രവര്‍ത്തിച്ചു. 2016 ല്‍ ഡിസ്‌നിയുടെ മോന എന്ന ത്രീഡി അനിമേറ്റഡ് മൂവിയുടെ ഹിന്ദി വേര്‍ഷനില്‍ റ്റമാറ്റോവയ്ക്ക് ശബ്ദം നല്‍കിയത് ബപ്പിയാണ്. മോനയ്ക്ക് വേണ്ടി ഷോന എന്ന ഗാനവും ബപ്പി ട്യൂണിട്ടു. രാം രത്തന്‍ എന്ന സിനിമയുടെ ഗാനരംഗത്തിലും ടെലിവിഷന്‍ ഷോകളിലും ബപ്പി പ്രത്യക്ഷപ്പെട്ടു.  2014 ല്‍ ബിജെപിയുടെ അംഗത്വം സ്വീകരിച്ച ബപ്പി 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രീറാംപുരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നിറയെ സ്വര്‍ണമാലകളണിഞ്ഞ്, വെല്‍വെറ്റ് ഓവര്‍കോട്ടുകളും വിവിധതരത്തിലുള്ള സണ്‍ഗ്ലാസ്സുകളും ധരിച്ച പ്രത്യക്ഷപ്പെട്ടിരുന്ന ബപ്പി ലാഹിരി എന്ന ഹിറ്റ് മേക്കര്‍ ഇനിയില്ല. പക്ഷെ ചല്‍തേ ചല്‍തേയും റംബ ഹോയും ഡിസ്‌കോ ഡാന്‍സറും  ഊലാലാ ഊലാലയും സൃഷ്ടിച്ച ലഹരിയുടെ അലകള്‍ ഒരിക്കലും അവസാനിക്കില്ല, ഇന്ത്യന്‍ സിനിമാസംഗീതചരിത്രത്തില്‍ ബപ്പി ദായ്ക്ക് പകരം ബപ്പി ദാ മാത്രം.

Watch More : ഡിസ്‌കോ ഡാന്‍സര്‍ മുതല്‍ ഗസലും മെലഡിയും വരെ; ബപ്പി ദായ്ക്ക് പകരം ബപ്പി ദാ മാത്രം

 

( തയ്യാറാക്കിയത്: സ്വീറ്റി കാവ് )

Content Highlights: Bappi Lahiri music director pioneer of disco in Bolliwood is no more