
ആലപ്പി രംഗനാഥ് എന്ന സംഗീത രംഗത്തെ മഹാ പ്രതിഭയുടെ വിടവാങ്ങല്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ആസ്വാദക ഹൃദയങ്ങള്‍ എക്കാലവും ഏറ്റു പാടുന്ന ഒരുപിടി അയ്യപ്പ ഭക്തിഗാനങ്ങളാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്. 42 നാടകങ്ങളും 25 നൃത്തനാടകങ്ങളും എഴുതി സംവിധാനംചെയ്ത അദ്ദേഹം 20 സിനിമകള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചിരുന്നു. സംഗീതഗവേഷണരംഗത്തു സജീവമായ അദ്ദേഹം ത്യാഗരാജ സ്വാമികളുടെ പാത പിന്‍തുടര്‍ന്നു മലയാളത്തില്‍ പഞ്ചരത്‌നകൃതികള്‍ അവതരിപ്പിച്ചു. 2 മേളകര്‍ത്താരാഗങ്ങളെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ മലയാളകീര്‍ത്തനങ്ങള്‍ വേദിയില്‍ അവതരിപ്പിക്കാന്‍ തയ്യറെടുക്കുന്നതിനിടെയാണ് ആലപ്പി രംഗനാഥ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.
ബഹുമുഖ പ്രതിഭയായിരുന്ന ആലപ്പി രംഗനാഥിന്റെ കലാരംഗത്തെ സംഭാവനകളെ പൂര്‍ണമായും മനസ്സിലാക്കന്‍ ആസ്വാദകര്‍ക്ക് പോലും കഴിഞ്ഞിരുന്നോ എന്ന് സംശയമാണ്. ഭക്തി ഗാനങ്ങള്‍ക്ക് പുറമേ കുട്ടികള്‍ക്കുള്ള പാട്ടുകള്‍, ലളിത ഗാനങ്ങള്‍ നാടക ഗാനങ്ങള്‍ തുടങ്ങി രണ്ടായിരത്തോളം പാട്ടുകള്‍ക്ക് അദ്ദേഹം ഈണം പകര്‍ന്നു. ഇവയില്‍ ജനപ്രിയങ്ങളായ സൃഷ്ടികളുടെ നീണ്ട നിര തന്നെയുണ്ട്. നാടകരചന, സംവിധാനം, ഗാനരചന, സംഗീതം, നൃത്തസംവിധാനം തുടങ്ങിയ മേഖലകളിലൊക്കെ അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ആലപ്പി രംഗനാഥിന്റെ ശിഷ്യരില്‍ ഒരാളും ഗായകനും സംഗീത സംവിധായയകനുമായ അരുണ്‍ കങ്ങഴ ന്റെ പ്രിയ ഗുരുനാഥനെ അനുസ്മരിച്ചുകൊണ്ട് എഴുതിയ കുറിപ്പ് ഹൃദയ സ്പര്‍ശിയാണ്. സംഗീതത്തിലും സാഹിത്യത്തിലും നൃത്തത്തിലും സര്‍വ്വകലകളിലും വേദാന്തത്തിലും ആത്മീയതയിലും എല്ലാം അഗാധമായപാണ്ഡിത്യം ഉള്ള പകരം വയ്ക്കാനാരുമില്ലാത്ത ഒരു മഹാപ്രതിഭ ആയിരുന്നു രങ്കന്‍ മാഷെന്നാണ് അരുണ്‍ തന്റെ പ്രിയപ്പെട്ട ഗുരുവിനെ വിശേഷിപ്പിക്കുന്നത്. സംഗീത ലോകത്ത് തന്നെ കൈപിടിച്ചുയര്‍ത്തിയ ഗുരുവിനോടുള്ള സ്‌നേഹവും കടപ്പാടും ആദരവും നിറയുന്നതാണ് അരുണിന്റെ വാക്കുകള്‍.

അരുണിന്റെ വാക്കുകള്‍ - എന്റെ പ്രിയപ്പെട്ട മാഷ്.. വാത്സല്യനിധിയായിരുന്ന ഗുരുനാഥന്‍ .മാഷ് പോയി എന്ന് ഇപ്പോളും വിശ്വസിക്കാന്‍ പറ്റുന്നില്ല.2013 ല്‍ ഒരുദിവസം കേരളകൗമുദി പത്രത്തില്‍ സണ്‍ഡേ സപ്ലിമെന്റില്‍ മാഷിന്റെ നമ്പര്‍ കണ്ട് ഞാന്‍ ആദ്യമായി വിളിച്ചു.. പേടിച്ചാണ് വിളിച്ചതെങ്കിലും എന്നോട് അതുവരെ ഒരു പരിചയവുമില്ലാത്ത മഹാപ്രതിഭയായ മാഷ് എളിയവനായ എന്നോടും സംസാരിക്കാന്‍ സമയം കണ്ടെത്തി. സംഗീതത്തിലും പാട്ട് കംപോസിംഗിലും ഒക്കെ ഉള്ള താല്പര്യം ഞാന്‍ അറിയിച്ചു..എന്നോട് തൊട്ടടുത്ത ദിവസം ഏറ്റുമാനൂര്‍ കലവറ ഹോട്ടലില്‍ ചെല്ലുവാനും അവിടെ വന്നു നേരില്‍ കാണുവാനും ആവശ്യപ്പെട്ടു. അവിടെ ആറ്റുകാല്‍ അമ്മയെ കുറിച്ചുള്ള ഗാനങ്ങളുടെ കമ്പോസിംഗ്. മാഷിന്റ്റെ പാദങ്ങളില്‍ തൊട്ട് അനുഗ്രഹം വാങ്ങി.മന്ത്രാക്ഷരങ്ങളില്‍ ജീവന്‍ തുടിക്കുന്ന എന്നുതുടങ്ങുന്ന ഗാനം മാഷ് ചിട്ടപെടുത്തി പാടി തന്നു. പാട്ടുകള്‍ ഏറ്റുപാടി പഠിച്ചു. കൊച്ചി റിയാന്‍ സ്റ്റുഡിയോയില്‍ ആറ്റുകാല്‍ അമ്മയെ കുറിച്ചുള്ള ഭക്തി ഗാനങ്ങള്‍ക്ക് ട്രാക്ക്പാടാന്‍ അവസരം തന്നു...
അന്നുമുതല്‍ ഇങ്ങോട്ട് ഒന്‍പത് വര്‍ഷത്തോളം മാഷിന്റ്റെ സംഗീത ജീവിതത്തില്‍ ഈ എളിയ കലാകാരനെയും മാഷ് കൂടെക്കൂട്ടി..തുടര്‍ന്ന് നിരവധി കംപോസിംഗുകള്‍. റക്കോര്‍ഡിങ്ങുകള്‍. അനേകം ഗാനങ്ങള്‍ ഗുരുമുഖത്തുനിന്ന് നേരിട്ട് പഠിച്ചു പാടാനുള്ള ഭാഗ്യമുണ്ടായി.മാഷിന്റ്റെ കൂടെയുള്ള യാത്രകള്‍.സ്റ്റുഡിയോയില്‍ ഒന്നിച്ചുള്ള ദിവസങ്ങള്‍ എല്ലാം അവിസ്മരണീയമായിരുന്നു.. പ്രതിഭാധനരായ നിരവധി കലാകാരന്മാരൊടൊപ്പം എന്നെയും സഹകരിപ്പിച്ചു. സംഗീതത്തിലും സാഹിത്യത്തിലും നൃത്തത്തിലും സര്‍വ്വകലകളിലും വേദാന്തത്തിലും ആത്മീയതയിലും എല്ലാം അഗാധമായപാണ്ഡിത്യം ഉള്ള പകരം വയ്ക്കാനാരുമില്ലാത്ത ഒരു മഹാപ്രതിഭ ആയിരുന്നു രങ്കന്‍ മാഷ്.. മാഷിന്റെ കമ്പോസിംഗുകളിലും റെക്കോര്‍ഡിംഗുകളിലും കൃതികളുടെ സൃഷ്ടിയിലും ഒക്കെ സഹകരികാന്‍ സാധിച്ചത് മുന്‍ജന്മ സുകൃതം ഗുരുകടാക്ഷം മഹാഭാഗ്യം ??.ഒടുവില്‍ ജനുവരി 16,17 ദിവസങ്ങളില്‍ എന്തു തിരക്കുണ്ടായാലും വന്നേക്കണം എന്ന് മാഷ് പറഞ്ഞത് ഈ ലോകത്തു നിന്ന് യാത്രയാകാനായിരുന്നു എന്ന് കരുതിയില്ല..
പതിനാറാം തീയതി മാഷ് അവസാനമായി രചനയും സംഗീതവും നിര്‍വ്വഹിച്ച മംഗളം സുമംഗളം എന്ന ഗാനം എന്നെയും ബിനു ആനന്ദ് ചേട്ടനെയും അടുത്തിരുത്തി പഠിപ്പിച്ച് ശിഷ്യനായ സുരേഷ് കേരളയുടെ സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത് അവസാന നിമിഷം വരെ കര്‍മ്മം ചെയ്ത ആ പുണ്യാത്മാവ് ഈശ്വരനില്‍ ലയിച്ചു. മാഷിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകും .. അത്രയേറെ സ്‌നേഹനിധിയായിരുന്നു .എന്റെ പ്രിയപ്പെട്ട മാഷിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീരോടെ തൊഴുകൈകളോടെ കോടി പ്രണാമം..
Content Highlights: alleppey ranganath music director Remembering songs arun kangazha
Published: 04 Feb 2022, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented