ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് കേസിൽ സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ നടന്ന വാദപ്രതിവാദങ്ങൾ ചൂണ്ടിക്കാട്ടി വി.ഡി സതീശനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കേസിലെ പരാതിക്കാരനായ കെ.എം ഷാജഹാൻ. സംസ്ഥാന സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലിനോട് "നിങ്ങൾ നിയമം അനുസരിക്കുന്ന സംസ്ഥാനമാണെങ്കിൽ എന്തുകൊണ്ട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തില്ല, ഞങ്ങൾക്ക് നിങ്ങളെ കേൾക്കേണ്ടതില്ല" എന്ന് ജസ്റ്റിസ് ബാഗ്ചി ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചതായി ഷാജഹാൻ വ്യക്തമാക്കി. കേസ് ഇല്ലാതാകുമായിരുന്ന ഘട്ടത്തിൽ വിസിൽ ബ്ലോവറായ പരാതിക്കാരനെ കേൾക്കാനാണ് ഞങ്ങൾക്ക് താൽപ്പര്യമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത് തനിക്ക് ലഭിച്ച വലിയൊരു അംഗീകാരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,

ഹൈക്കോടതിയിൽ തന്നെ സത്യസന്ധനല്ലാത്ത വ്യവഹാരിയെന്നും 'അൺസ്ക്രൂപ്പുലസ് ലിറ്റിഗന്റ്' എന്നും വിശേഷിപ്പിച്ചത് വി.ഡി സതീശന്റെ നിർദ്ദേശപ്രകാരമാണെന്ന് ഷാജഹാൻ ആരോപിച്ചു. സർക്കാരിന്റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം തങ്ങളുടെ നിർദ്ദേശപ്രകാരമാണെന്ന് മുൻപ് നടന്ന പത്രസമ്മേളനത്തിൽ സതീശൻ തന്നെ വ്യക്തമാക്കിയതാണ്. ഒരല്പമെങ്കിലും ഉളുപ്പും ലജ്ജയും ബാക്കിയുണ്ടെങ്കിൽ പൊതുപ്രവർത്തകനായ തന്നോട് വി.ഡി സതീശൻ മാപ്പുപറയണമെന്ന് കെ.എം ഷാജഹാൻ ആവശ്യപ്പെട്ടു.

പിണറായി വിജയന് ലഭിച്ച വിജിലൻസ് അന്വേഷണത്തിന്റെ ഒരാഴ്ചത്തെ സ്റ്റേ, താത്കാലിക ആശ്വാസം മാത്രമാണെന്നും എഫ്.ഐ.ആറോ ഇ.സി.ഐ.ആറോ സ്റ്റേ ചെയ്തിട്ടില്ലെന്നും ഷാജഹാൻ ചൂണ്ടിക്കാട്ടി. സെപ്റ്റംബർ ഏഴിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ 26 പേജുള്ള റിപ്പോർട്ടിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമുണ്ടെന്ന് വ്യക്തമായിട്ടും അന്നുതന്നെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ തയാറാകാതിരുന്നത് യു.ഡി.എഫ് സർക്കാരിന്റെ ഒത്തുകളി മൂലമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇ.ഡി റിപ്പോർട്ടിൽ കൃത്യസമയത്ത് എഫ്.ഐ.ആർ. ഇടുന്നതിന് പകരം രണ്ടാഴ്ചയോളം അടയിരിക്കുകയും പിന്നീട് വിജിലൻസിന് വിടാതെ ക്രൈം ബ്രാഞ്ചിനും പ്രത്യേക അന്വേഷണ സംഘത്തിനും കൈമാറി അന്വേഷണം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയുമാണ് ചെയ്തത്. പിണറായി വിജയനെയും കൂട്ടുപ്രതികളെയും രക്ഷിക്കാൻ ശ്രമിച്ച യു.ഡി.എഫ് സർക്കാർ കേരളത്തിലെ ജനങ്ങളോടും കോൺഗ്രസ് അണികളോടും മാപ്പുപറയണമെന്നും ഷാജഹാൻ പറഞ്ഞു.