
ന്യൂഡൽഹി: സി.എം.ആർ.എൽ.-എക്സാലോജിക് ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ വിജിലൻസ് കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് അന്വേഷണം സ്റ്റേ ചെയ്തത്. എന്നാൽ, വിജിലൻസ് രജിസ്റ്റർചെയ്ത കേസിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിലും സുപ്രീം കോടതി ഇടപെട്ടില്ല. പിണറായിക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെ സുപ്രീം കോടതി വിമർശിച്ചു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി നൽകുന്ന അപ്പീൽ പരിഗണിക്കാൻ ഡിവിഷൻ ബെഞ്ചിന് കോടതി നിർദേശം നൽകി.
പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ്, വാരിസ് എന്നിവർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. ജസ്റ്റിസുമാരായ ജോയ് മാല ബാഗ്ചി, വി. മോഹന എന്നിവർ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സിംഗിൾ ബെഞ്ച് ഉത്തരവിനെ വിമർശിച്ച് സുപ്രീം കോടതി
വിജിലൻസ് കേസിന്റെ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പരസ്പര വിരുദ്ധമായ കാര്യങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ വാദം കേൾക്കാതെ അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചതിനെയും സുപ്രീം കോടതി വിമർശിച്ചു.
'നിങ്ങൾക്കെതിരായ ഉത്തരവ്, എന്തുകൊണ്ട് അപ്പീൽ പോയില്ല': കേരളത്തോട് സുപ്രീം കോടതി
ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് പ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സീനിയർ സ്റ്റാൻഡിങ് കൗൺസൽ എം.ആർ. രമേശ് ബാബു കോടതിയെ അറിയിച്ചു. എന്നാൽ, സിംഗിൾ ബെഞ്ച് വിധി സംസ്ഥാനത്തിന് എതിരായിരുന്നില്ലേയെന്നും, എന്തുകൊണ്ട് അപ്പീൽ പോയില്ലെന്നും കോടതി ചോദിച്ചു. കോടതി ഉത്തരവുകൾ പാലിക്കുന്ന സംസ്ഥാനം ആണെന്നും അതിനാലാണ് ഒറ്റദിവസം കൊണ്ട് കേസ് എടുത്തതെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യേണ്ടത് എന്ന നിലപാടാണ് അഡ്വക്കേറ്റ് ജനറൽ ജാജു ബാബു സിങ്കിൾ ബെഞ്ചിന് മുമ്പാകെ വാദിച്ചത്. ഈ നിലപാടിനോട് യോജിക്കുന്ന പരാമർശങ്ങളാണ് സുപ്രീം കോടതിയിൽനിന്ന് ഉണ്ടായത്.
കേസിന്റെ മെറിറ്റ് പറയാൻ ശ്രമിച്ച് ഇഡി, കേൾക്കാൻ വിസമ്മതിച്ച് കോടതി
സി.എം.ആർ.എൽ. എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ മെറിറ്റ് പറയാൻ ഇഡിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ സൊഹെബ് ഹുസ്സൈൻ കോടതിയിൽ ശ്രമിച്ചു. എന്നാൽ, കേസിന്റെ മെറിറ്റിലേക്ക് കടക്കാൻ കോടതി വിസമ്മതിച്ചു. പിഎംഎൽഎ പ്രകാരമുള്ള പരിശോധന നടത്താം. എന്നാൽ, നിയമം അനുവദിച്ചിട്ടുള്ള അധികാരപരിധിക്കപ്പുറം കടക്കരുത് എന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
ഹവാല ഇടപാടുകാരെയും മുൻ മുഖ്യമന്ത്രിമാരെയും അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പൂർണ അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതിന് തടസ്സമൊന്നുമില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി അതിന്റെ നിയമപരമായ കടമയാണ് നിർവഹിച്ചത്. ഇക്കാര്യം അവർ സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്തെന്നും കോടതി വ്യക്തമാക്കി. ഇഡി കേസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന പിണറായി വിജയന്റെ ആവശ്യത്തിൽ സുപ്രീം കോടതി ഇടപെട്ടില്ല. അക്കാര്യം നിയമപരമായി ചോദ്യംചെയ്യാൻ പിണറായി വിജയന് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
Published: 21 Oct 2026, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented