
സിനിമയില്‍ ദൃശ്യങ്ങള്‍ക്കുള്ള അത്രയുംതന്നെ പ്രാധാന്യം ശബ്ദത്തിനുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശബ്ദംകൊണ്ട് പുത്തന്‍ അനുഭവം സൃഷ്ടിച്ചിരിക്കുകയാണ് രണ്ട് യുവ സൗണ്ട് ഡിസൈനര്‍മാര്‍. അങ്കമാലി സ്വദേശി ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍ എന്നിവരാണവര്‍. മലയാളത്തിലെ ഈ വര്‍ഷത്തെ നൂറുകോടി കളക്ഷന്‍ ചിത്രങ്ങളിലൊന്നായ പ്രേമലു, മമ്മൂട്ടി-വൈശാഖ് ടീമിന്റെ ടര്‍ബോ എന്നീ ചിത്രങ്ങളിലൂടെ മലയാ ളസിനിമയില്‍ പുതിയ ഇരിപ്പിടം കണ്ടെത്തിയിരിക്കുകയാണ് ഈ കൂട്ടുകെട്ട്. ഇരുവരും മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
സ്വതന്ത്ര സൗണ്ട് ഡിസൈനര്‍മാരാകുന്നു
ശങ്കരന്‍ എ.എസ്: 2009-ലാണ് ഫിലിം മേക്കിങ് പഠിക്കാന്‍ ചെന്നൈയിലേക്ക് പോകുന്നത്. മൂന്നുവര്‍ഷത്തെ കോഴ്‌സിനുശേഷം എന്റെ സീനിയേഴ്‌സ് എല്ലാവരുംകൂടി ചെന്നൈയില്‍ ഒരു സൗണ്ട് ഡിസൈനിംഗ് സ്റ്റുഡിയോ തുടങ്ങി, സിങ്ക് സിനിമ എന്നപേരില്‍. ഞാന്‍ ആ ടീമില്‍ ജോയിന്‍ ചെയ്തു. 2015-ലാണ് സിദ്ധാര്‍ത്ഥന്‍ ഈ ടീമിലേക്ക് വരുന്നത്. അന്നുമുതലുള്ള പരിചയമാണ്. ഒരുപാട് തമിഴ്-തെലുങ്ക് സിനിമകളുടെ വര്‍ക്കുകള്‍ കിട്ടുന്നുണ്ടായിരുന്നു. അവിടെനിന്ന് പണിപഠിച്ച് സ്വന്തമായി ചെയ്യാം എന്ന സാഹചര്യത്തില്‍ നില്‍ക്കുമ്പോഴാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. അനുഗ്രഹീതന്‍ ആന്റണിയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അതിന്റെ പ്രീപ്രൊഡക്ഷന്‍ നീണ്ടുപോയതിനാല്‍ ആദ്യസിനിമ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ആവുകയായിരുന്നു. ആ സിനിമയ്‌ക്കൊപ്പം ഞങ്ങളും ശ്രദ്ധിക്കപ്പെട്ടു. ആരെങ്കിലും അന്വേഷിച്ചാല്‍ പറയാന്‍ ഒരു സിനിമയായി. സംവിധായകന്‍ ഗിരീഷ്. എ.ഡിയുടെ സുഹൃത്താണ് ആ പടം മിക്‌സ് ചെയ്ത വിഷ്ണു സുജാതന്‍. എന്റെ നാട് അങ്കമാലിയാണ്. അദ്ദേഹവും ഞാനും ഒരേ നാട്ടുകാരാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ കഴിഞ്ഞപ്പോഴാണ് 'തണ്ണീര്‍മത്ത'നിലേക്കുള്ള വിളി വന്നത്. അതിനുശേഷം കപ്പേള എന്ന ചിത്രത്തിലേക്ക് അവസരം ചോദിച്ചുവാങ്ങി. പിന്നെ ഇടയ്ക്കിടെ ചിത്രങ്ങള്‍ വന്നുകൊണ്ടിരുന്നു. ഒടുവില്‍ വന്ന ചിത്രങ്ങള്‍ പ്രേമലുവും ടര്‍ബോയുമാണ്.
കെ.സി സിദ്ധാര്‍ത്ഥന്‍: അപ്‌ഗ്രേഡ് ചെയ്യണമെന്ന തോന്നല്‍ എപ്പോഴുമുണ്ടായിരുന്നു. സിനിമയില്‍ ഇരട്ട തിരക്കഥാകൃത്തുക്കളും സംവിധായകരുമെല്ലാമുണ്ടല്ലോ. അങ്ങനെയാണ് ഒരുമിച്ച് ജോലി ചെയ്യാം എന്ന ആശയം കിട്ടുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ തിരക്കഥ ഞങ്ങള്‍ക്ക് തന്നിരുന്നു. ചിത്രീകരണം കഴിഞ്ഞിട്ടാണ് ഞങ്ങള്‍ റെക്കോര്‍ഡിങ് തുടങ്ങിയത്. സ്‌കൂളിന്റെ അന്തരീക്ഷമാണ് അന്ന് റെക്കോഡ് ചെയ്തത്. അന്ന് ഷൂട്ട് കഴിഞ്ഞശേഷം ദൃശ്യങ്ങള്‍ കണ്ടശേഷം എത്രത്തോളം റെക്കോര്‍ഡ് ചെയ്യേണ്ടിവരുമെന്ന് നോക്കിയിട്ടായിരുന്നു ജോലി തുടങ്ങിയത്.

സൗണ്ട് ഡിസൈനറുടെ യഥാര്‍ഥ ജോലി
ശങ്കരന്‍ എ.എസ്: വിഷ്വലും സൗണ്ടുമാണ് ഒരു സിനിമയ്ക്ക് ഏറ്റവും ആവശ്യമുള്ളത്. എന്തൊക്കെ ദൃശ്യത്തിലുണ്ടെങ്കിലും, ശബ്ദമില്ലാതെ അതൊന്ന് കണ്ടാല്‍ മനസിലാവും സൗണ്ടിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന്. സിനിമയ്ക്ക് ഒരു സൗണ്ട്‌സ്‌കേപ്പ് ഉണ്ടാക്കുക എന്നതാണ് സൗണ്ട് ഡിസൈനറുടെ ജോലി. ചിത്രീകരണം കഴിഞ്ഞശേഷമാവും നമ്മള്‍ ആ സിനിമയിലേക്ക് ജോയിന്‍ ചെയ്യുന്നത്. അങ്ങനെയുള്ളപ്പോള്‍ ഷൂട്ട് ചെയ്ത ഫൂട്ടേജ് കാണും. ഓരോ സ്ഥലത്തുപോയി ശബ്ദവും പരിസരവും റെക്കോഡ് ചെയ്യും. പക്ഷേ, ചില ചിത്രങ്ങളില്‍ പ്രീപ്രൊഡക്ഷനില്‍ത്തന്നെ വിളിക്കും. പിന്നെ ആവശ്യമെങ്കില്‍ ചില ശബ്ദങ്ങള്‍ കൃത്രിമമായി ഉണ്ടാക്കാറുമുണ്ട്. ടര്‍ബോയില്‍ അങ്ങനെ ചെയ്തിരുന്നു. സിനിമയുടെ പേരിന് ചേരുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ ചെയ്യാമെന്ന് സംവിധായകന്‍ വൈശാഖ് പറഞ്ഞിരുന്നു. മമ്മൂക്ക ഉപയോഗിക്കുന്ന ഥാറിന്റെ ശബ്ദം ശരിക്കും ആ വാഹനത്തിന്റേതല്ല. പിന്നെ ചില ശബ്ദങ്ങള്‍ വാങ്ങേണ്ടിയുംവന്നിട്ടുണ്ട്. ഇരുള്‍ എന്നൊരു ചിത്രം ചെയ്തിരുന്നു. മഴയുള്ള അന്തരീക്ഷമാണ് ഈ സിനിമയ്ക്ക്. കഥ നടക്കുന്ന വീട് മൊത്തം സെറ്റിട്ടതായിരുന്നു. ദൃശ്യങ്ങളില്‍ വേണ്ട ഭാഗം മ്യൂട്ട് ചെയ്ത് മഴയുടേയും ഇടിയുടേയും ശബ്ദം പിന്നീട് ചേര്‍ക്കുകയായിരുന്നു. ദൃശ്യത്തില്‍ കാണുന്നതിനെ ശബ്ദത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരണം. സിനിമാറ്റിക് എക്‌സ്പീരിയന്‍സും ശബ്ദത്തിലൂടെവേണം ഉണ്ടാക്കാന്‍.
കെ.സി സിദ്ധാര്‍ത്ഥന്‍: കുറഞ്ഞ ദിവസം എന്നുവെച്ചാല്‍ ഒന്ന് രണ്ട് ആഴ്ചകള്‍ കൊണ്ട് തീര്‍ത്ത സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ടര്‍ബോ ആണ് ചെയ്തതില്‍ കുറച്ച് ഹെവി എന്നുപറയാവുന്ന സിനിമ.
ടര്‍ബോയിലേക്ക് ക്ഷണം ലഭിക്കുന്നു
ശങ്കരന്‍ എ.എസ്: തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ നിര്‍മാതാക്കളിലൊരാളായിരുന്നു എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. അദ്ദേഹത്തിന്റെ തന്നെ കോള്‍ഡ് കേസ്, ഇരുള്‍ ഒക്കെ ഞങ്ങളാണ് ചെയ്തത് എന്നതിനാല്‍ നേരത്തേ അറിയാമായിരുന്നു. ഷമീറേട്ടനാണ് ഞങ്ങളെ വൈശാഖേട്ടന്റെ മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലേക്ക് ശുപാര്‍ശ ചെയ്തത്. ടര്‍ബോയുടെ ജോലികള്‍ തുടങ്ങിയ സമയത്ത് ഷമീറേട്ടനോട് ഞാന്‍ അവസരം ചോദിച്ചിരുന്നു. പിന്നീടാണ് മമ്മൂട്ടി കമ്പനിയില്‍നിന്ന് ഔദ്യോഗികക്ഷണം ലഭിച്ചത്.
കെ.സി സിദ്ധാര്‍ത്ഥന്‍: വലിയൊരു ക്യാന്‍വാസില്‍ വന്ന പടമാണ് ടര്‍ബോ. സ്വതന്ത്ര സൗണ്ട് ഡിസൈനര്‍മാരായി ഞങ്ങള്‍ ചെയ്ത വലിയ ചിത്രംകൂടിയാണിത്. നല്ല പ്രതീക്ഷയുണ്ടായിരുന്നു ഈ ചിത്രത്തില്‍. വൈശാഖേട്ടന്‍ കൃത്യമായ നിര്‍ദേശങ്ങള്‍ തന്നിട്ടുണ്ടായിരുന്നു. നോര്‍മലല്ലാത്തരീതിയിലുള്ള ഐറ്റമാണ് ചെയ്തത്. അല്പം അതിശയോക്തി കലര്‍ത്തിയാണ് ടര്‍ബോയിലെ രംഗങ്ങള്‍ ഡിസൈന്‍ ചെയ്തത്.
സംഗീതവിഭാഗവുമായി ആശയവിനിമയം വേണമെന്ന് നിര്‍ദേശമുണ്ടായിരുന്നു
ശങ്കരന്‍ എ.എസ്: ടര്‍ബോ ഷൂട്ടിങ് തുടങ്ങി നാലുദിവസമായപ്പോഴേക്കും നമ്മളും ആ സെറ്റില്‍ ജോയിന്‍ ചെയ്തു. ക്രിസ്‌റ്റോ സേവ്യറാണ് ടര്‍ബോയുടെ സംഗീത സംവിധായകന്‍. സംഗീതവിഭാഗവുമായി ആശയവിനിമയം നടത്തണമെന്ന് വൈശാഖേട്ടന്‍ നിര്‍ദേശിച്ചിരുന്നു. രണ്ടും ചേരുംപടിചേര്‍ന്നുതന്നെ പോകണമെന്നും പറഞ്ഞിരുന്നു. കാരണം ഒരുപാട് ഫൈറ്റ് സീനുകളും ചേയ്‌സ് സീനുകളും ഉള്ളതാണ്. സംഗീതവും സൗണ്ടും വേറിട്ടുനില്‍ക്കുകയും ചെയ്യരുതായിരുന്നു. ഞങ്ങള്‍ വര്‍ക്ക് ചെയ്തിട്ട് ക്രിസ്റ്റോയ്ക്ക് അയയ്ക്കും. അദ്ദേഹം ചെയ്ത് തീരുമ്പോള്‍ ഞങ്ങള്‍ക്കും അയച്ചുതരും. ക്രിസ്‌റ്റോയുമായി ചര്‍ച്ചകള്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്.
കെ.സി സിദ്ധാര്‍ത്ഥന്‍: എന്താണ് വേണ്ടതെന്ന് അവര്‍ നമ്മളോട് പറയും. ആദ്യഘട്ടത്തില്‍ സംഗീത സംവിധായകന്‍ ക്രിസ്റ്റോ സേവ്യറെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അതിനുശേഷമാണ് ഞങ്ങള്‍ ഞങ്ങളുടെ ജോലി തുടങ്ങിയത്. ടര്‍ബോ എന്ന പേരുപോലെ നല്ല ഇംപാക്റ്റുള്ള പരിപാടികള്‍ വേണമെന്നാണ് വൈശാഖേട്ടന്‍ പറഞ്ഞത്. അതിനനുസരിച്ചുള്ള കാര്യങ്ങളാണ് ചെയ്തത്. കപ്പേള ചെയ്യുന്ന സമയത്താണ് ക്രിസ്റ്റോ സേവ്യറെ ആദ്യം പരിചയപ്പെടുന്നത്. പിന്നെ ഈ ചിത്രത്തിലാണ് ഞങ്ങള്‍ ഒരുമിക്കുന്നത്. പക്ഷേ അപ്പോഴേക്കും ഭ്രമയുഗത്തിലൂടെ ക്രിസ്‌റ്റോ നല്ലൊരു പേര് സമ്പാദിച്ചുകഴിഞ്ഞിരുന്നു. സിനിമയ്‌ക്കെന്താണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞ് അത് കേള്‍പ്പിക്കുക എന്നതാണ് പ്രധാനകാര്യം. വളരെ നല്ലരീതിയിലായിരുന്നു ഞങ്ങള്‍ മൂന്നുപേരും തമ്മിലുണ്ടായ ആശയവിനിമയം.

വാഹനങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത രീതി
ശങ്കരന്‍ എ.എസ്: സിനിമയുടെ ആദ്യപകുതിയില്‍ മമ്മൂക്ക ഓടിക്കുന്ന വണ്ടിയുടെ ശബ്ദം പ്രത്യേകം റെക്കോര്‍ഡ് ചെയ്തിരുന്നു. ചേയ്‌സ് രംഗത്തിലുപയോഗിക്കുന്ന ഫോര്‍ഡ് എന്‍ഡവര്‍ ഞങ്ങള്‍ക്ക് ശബ്ദം റെക്കോര്‍ഡ് ചെയ്യാനായിമാത്രം വിട്ടുതന്നിരുന്നു. പിന്നെ ചേയ്‌സ് രംഗങ്ങളില്‍ വാഹനത്തിന്റെ റിയലിസ്റ്റിക് സൗണ്ട് അല്ല ഉപയോഗിച്ചിരിക്കുന്നത്. എം.ആര്‍. രാജാകൃഷ്ണന്‍ സാറാണ് ഫൈനല്‍ മിക്‌സ് ചെയ്തത്. ആദ്യ പകുതിയേക്കാള്‍ രണ്ടാം പകുതിയിലാണ് ആക്ഷനും ചേയ്‌സും കൂടുതല്‍. അതുകൊണ്ട് അത്യാവശ്യം നല്ല പണിയുണ്ടായിരുന്നു. ചേയ്‌സ് സീനുകള്‍ക്കും ക്ലൈമാക്‌സ് ഫൈറ്റിനുമാണ് സിനിമയില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവന്നത്. പ്രധാന രംഗങ്ങള്‍ ചെയ്യുന്നതിന് മുന്‍പേ ചേയ്‌സ് സീനുകളുടെ ഫൂട്ടേജ് നമുക്ക് ലഭിച്ചിരുന്നു. ഫൈറ്റ് സീനുകള്‍ ചെയ്യുമ്പോള്‍ എഡിറ്റര്‍ ഷമീറിക്കയും നന്നായി സഹായിച്ചു. ഷൂട്ടിങ്ങെല്ലാം തീര്‍ന്നിട്ട് ജോലിതുടങ്ങാനായി ഞങ്ങള്‍ കാത്തുനിന്നില്ല.
കെ.സി സിദ്ധാര്‍ത്ഥന്‍: ചേയ്‌സ് സീക്വന്‍സ് ആയിരുന്നു ടര്‍ബോയില്‍ വെല്ലുവിളിയായിരുന്നത്. ഫോര്‍ഡ് എന്‍ഡവറിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്തപ്പോള്‍ ആദ്യം ഉദ്ദേശിച്ച ഒരു ഇംപാക്റ്റ് കിട്ടിയില്ല. അപ്പോള്‍ ആ ശബ്ദത്തിനുമുകളില്‍ ഹോണ്ടാ സിറ്റി പോലുള്ള കാറുകളുടെ ശബ്ദത്തിന്റെ ലേയറുകള്‍കൂടി ചേര്‍ത്താണ് ഇപ്പോള്‍ കേള്‍ക്കുന്ന പവര്‍ ഉണ്ടാക്കിയെടുത്തത്. മറ്റു കാറുകളുടെ ശബ്ദംകൂടി ചേര്‍ത്ത് ഓവര്‍ ദ ടോപ്പ് ആക്കാന്‍ നല്ല പരിശ്രമം വേണ്ടിവന്നു. ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്ന ശബ്ദവും സാധാരണരീതിയില്‍ നമ്മള്‍ കേള്‍ക്കുന്ന പോലെയല്ല സിനിമയ്ക്കായി ചെയ്തത്.

'പ്രേമലു' അനുഭവങ്ങള്‍
ശങ്കരന്‍ എ.എസ്: ഈ വര്‍ഷം ഇറങ്ങിയതില്‍ നല്ല കളക്ഷന്‍ ലഭിച്ച സിനിമകളില്‍ ഒന്നായിരുന്നല്ലോ പ്രേമലു. മൂന്ന് മണിക്കൂറുണ്ടായിരുന്നു ഫസ്റ്റ് കട്ട്. അതുകണ്ടപ്പോഴേ ഞങ്ങള്‍ ഒരുപാട് ചിരിച്ചു. തിയേറ്ററില്‍ പക്ഷേ രണ്ടര മണിക്കൂറേ സിനിമയുള്ളൂ. ഈ പടം തിയേറ്ററില്‍ ഓടും എന്ന് ഞങ്ങളപ്പോള്‍ത്തന്നെ ഗിരീഷേട്ടനെ വിളിച്ചുപറഞ്ഞിരുന്നു. ഗിരീഷേട്ടന്റെ പടങ്ങള്‍ പോലെ രസമാണ് അദ്ദേഹത്തിനൊപ്പം ജോലിചെയ്യാനും. മാത്യു തോമസ് ഉള്‍പ്പെടുന്ന ഒരു പബ് സീനുണ്ട് പ്രേമലുവില്‍. ആ രംഗത്തിനുവേണ്ടി കുറച്ച് ക്രിയേറ്റീവായി ചില കാര്യങ്ങള്‍ ചെയ്തിരുന്നു.
കെ.സി സിദ്ധാര്‍ത്ഥന്‍: ഗിരീഷ് എ.ഡിയുമായുള്ള സൗഹൃദമാണ് പ്രേമലുവില്‍ എത്തിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ തന്നെ സൂപ്പര്‍ ശരണ്യയിലും ഞങ്ങള്‍ പ്രവര്‍ത്തിച്ചു. പ്രേമലുവിലെ പബ് സീനില്‍ നസ്ലിനും സംഗീതും അഖിലയും സംസാരിക്കുന്ന രംഗമുണ്ട്. ഇവരുടെ സംഭാഷണത്തില്‍ ആളുകളുടെ റിയാക്ഷന്‍ ചേര്‍ത്തിട്ടുണ്ട്. ഉദാഹരണത്തിന് അഖിലയുടെ സംസാരത്തിനിടയില്‍ നസ്ലിന്റെയും സംഗീതിന്റേയും റിയാക്ഷന് പശ്ചാത്തലമായി കൊടുത്തിരിക്കുന്നത് പബ്ബിലെ ആളുകളുടെ ചിരിയും കൂവലും മറ്റുമാണ്. എന്‍ഡവര്‍ ഉപയോഗിച്ചുള്ള ഒരു ചേസ് സീന്‍ ഇതിലുമുണ്ടായിരുന്നു. ഇതിലെ കൂപ്പറിന്റെ ശബ്ദം നമ്മള്‍ പൈസ കൊടുത്ത് വാങ്ങിയതായിരുന്നു. ആ സീനിലെ എന്‍ഡവറിന്റെ ശബ്ദംതന്നെയാണ് റെക്കോര്‍ഡ് ചെയ്തത്.

കൃത്യമായ പ്ലാനിങ് ഉണ്ടാക്കാറുണ്ട്
ശങ്കരന്‍ എ.എസ്: വര്‍ക്ക് കയ്യില്‍ക്കിട്ടുമ്പോള്‍ ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യാറുണ്ട്. എന്തൊക്കെ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യണമെന്ന് ക്രോഡീകരിച്ചുവെയ്ക്കാറുണ്ട്. കൃത്യമായി പ്ലാന്‍ചെയ്തിട്ടാണ് ജോലി തുടങ്ങുക. ആര്‍ട്ട് ഡയറക്ടര്‍ ജ്യോതിഷ് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇനി വരുന്നത്. ബേസില്‍ ജോസഫാണ് നായകന്‍. കപ്പേളയുടെ സംവിധായകന്‍ മുസ്തഫയുടെ മുറ എന്നൊരു സിനിമയും വരുന്നുണ്ട്.
കെ.സി സിദ്ധാര്‍ത്ഥന്‍: ബേസിലിന്റെ പടത്തിന്റെ അനൗണ്‍സ്‌മെന്റ് ഉടനുണ്ടാവും. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താറായിട്ടില്ല.
Content Highlights: turbo and premalu sound recordists sankaran and sidharthan interview
Published: 02 Jun 2024, 01:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented