100 ശതമാനവും കുടുംബമായി വന്ന് കണ്ടാസ്വദിക്കാവുന്ന ചിത്രമായിരിക്കും വിശ്വനാഥ് ആൻഡ് സൺസ്. ഓണച്ചിത്രം എന്നുതന്നെ പറയാം.

സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം വിശ്വനാഥ് ആൻഡ് സൺസ് പ്രദർശനത്തിനൊരുങ്ങുകയാണ്. ന്യൂ സൂര്യ ഫിലിംസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. തൃശ്ശൂർ രാഗം തിയേറ്ററിന്റെ സാരഥിയും നിർമാതാവുമായ എ.കെ. സുനിലാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ. രാവിലെ ഏഴുമണി മുതൽ ഷോ ആരംഭിക്കുമെന്നും വിശ്വനാഥ് കേരളത്തിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റാകുമെന്നുമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. വലിയൊരു ചിത്രം ഏറെ നാളുകൾക്ക് ശേഷമാണ് വിതരണത്തിനെടുക്കുന്നതെന്നും സുനിൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ഒരിടവേളയ്ക്കുശേഷം വിതരണത്തിനെടുത്ത വലിയ ചിത്രം
പ്രൊഡക്ഷൻ ആണ് ഇതുവരെ നോക്കിയിരുന്നത്. സിനിമാ വിതരണരംഗത്ത് ഇതിനോടകം തന്നെയുണ്ട്. പക്ഷേ വലിയ പടങ്ങൾ എടുക്കുന്ന ഒരു റിസ്ക് തത്ക്കാലം വേണ്ട എന്നുകരുതി മുന്നോട്ടുപോവുകയായിരുന്നു. വിശ്വനാഥൻ ആൻഡ് സൺസിന്റെ വിശദാംശങ്ങൾ അറിഞ്ഞപ്പോൾ കൊള്ളാമെന്ന് തോന്നി. വളരെ നല്ല ഒരു ഫാമിലി സബ്ജക്റ്റ് ആണ്, നല്ലൊരു കഥയാണ്. അപ്പോൾ അതിനെപ്പറ്റി അന്വേഷിച്ചപ്പോൾ നമുക്ക് വളരെ പോസിറ്റീവ് ആയിട്ടുള്ള മറുപടിയാണ് കിട്ടിയത്. അങ്ങനെയാണ് ഈ ചിത്രത്തിന് കൈ കൊടുക്കാൻ തീരുമാനിച്ചത്.
ഈ സിനിമയെ പറ്റിയുള്ള പ്രതീക്ഷകൾ എങ്ങനെയാണ്? കാരണം സൂര്യക്കും മമിതയ്ക്കും ഒരുപാട് ആരാധകരുണ്ടല്ലോ?
കേരളവുമായി ഒരുപാട് ബന്ധപ്പെടുത്താൻ പറ്റുന്നവരാണ് സൂര്യയും മമിതയുമടക്കമുള്ള താരങ്ങൾ. സൂര്യയുടെ അമ്മയായി വരുന്ന രാധിക ശരത്കുമാർ ആണെങ്കിലും മലയാളികൾക്ക് വളരെ ഇഷ്ടമുള്ള ഒരു നടിയാണ്. മമിതയെക്കുറിച്ച് പ്രത്യേകം പറയേണ്ട അവശ്യമില്ലല്ലോ. അത്രമേൽ കഴിവുള്ള നടിയാണവർ. കൂടാതെ സൂര്യയുമൊത്തുള്ള ആ ഗാനരംഗവും ഒരുപാട് ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ആ ഗാനത്തിൽ മമിതയുടെ എനർജി എടുത്തുപറയേണ്ടിയിരിക്കുന്നു. തീർച്ചയായും കേരളത്തിൽ സിനിമാ പ്രേമികൾ ഈ ചിത്രത്തെ ഏറ്റെടുക്കുമെന്നാണ് വിശ്വാസം.
സൂര്യയുടെ കഴിഞ്ഞ ചിത്രം കറുപ്പ് കേരളത്തിലും ഹിറ്റായിരുന്നല്ലോ...
അതെ, കറുപ്പ് കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ഹിറ്റായിരുന്നു. നല്ല ബോക്സോഫീസ് കളക്ഷനും കിട്ടിയിരുന്നു. മാത്രമല്ല, വിശ്വനാഥ് ആൻഡ് സൺസിന്റെ സംവിധായകൻ വെങ്കി അറ്റ്ലൂരിയും കേരളത്തിൽ സുപരിചിതനാണ്. അദ്ദേഹം ദുൽഖറിനെ നായകനാക്കിയെടുത്ത ലക്കി ഭാസ്കർ വലിയ ഹിറ്റായിരുന്നു. അതും നമുക്ക് പോസിറ്റീവായ കാര്യമാണ്.
ഒരു ഫെസ്റ്റിവൽ മൂഡുള്ള ചിത്രമാണോ വിശ്വനാഥ്? ഷോകൾ ഒക്കെ എത്രമണി മുതലാണ്?
തീർച്ചയായും. 100 ശതമാനവും കുടുംബമായി വന്ന് കണ്ടാസ്വദിക്കാവുന്ന ചിത്രമായിരിക്കും വിശ്വനാഥ് ആൻഡ് സൺസ്. ഓണച്ചിത്രം എന്നുതന്നെ പറയാം. രാഗത്തിൽ ഷോ ഉണ്ടാകും. ഫാൻസ് ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങൾ തയ്യാറാകുകയാണ്. രാവിലെ ഏഴുമണിക്കാണ് ചിത്രത്തിന്റെ ആദ്യപ്രദർശനം. ഇപ്പോൾ പരീക്ഷയും നല്ല മഴയായിട്ടുപോലും നല്ല ബുക്കിംഗ് ഉണ്ട്. തമിഴ്നാടൊക്കെ ഒരുലക്ഷം കഴിഞ്ഞിട്ടുണ്ട് ബുക്കിംഗ്. നമ്മുടെ കേരളത്തിൽ ഫസ്റ്റ് ഡേ ബുക്കിംഗ് മാത്രം 20000 അടുത്ത് എത്തിക്കൊണ്ടിരിക്കുന്നു.
പുതിയ ചിത്രം നിർമിക്കുന്നത് ആലോചനയിലുണ്ടോ?
പ്രൊഡക്ഷൻ നോക്കുന്നുണ്ട്. നല്ല കഥയും കൂടാതെ പല ഘടകങ്ങളും ഒത്തുവരണം. ഒരു വർഷമായിട്ട് നമ്മൾ അതിന്റെ പിന്നിൽ ഓരോ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതൊന്ന് ഫൈനൽ ആയി കഴിഞ്ഞാൽ പടം അനൗൺസ് ചെയ്യും.
Content Highlights: New Surya Films distributor and Thrissur Ragam Theatre owner A.K. Sunil expressed immense confidence in the Kerala theatrical release of Suriya and Mamitha Baiju's Vishwanath & Sons, confirming 7 AM fan shows and strong advance bookings across the state.
Published: 13 Aug 2026, 03:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented