സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും IPL ടീം സൺറൈസേഴ്സ് ഹൈദരാബാദ് സിഇഓ കാവ്യാ മാരനും വിവാഹിതരാകുന്നു എന്ന വാർത്തയ്ക്ക് സ്ഥിരീകരണം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് വധൂവരന്മാരുടെ കുടുംബത്തേക്കാൾ മുൻപേ ഇക്കാര്യം സ്ഥിരീകരിച്ചത്. നിർമാതാവും സൺ ഗ്രൂപ്പ് ചെയർമാനുമായ കലാനിധി മാരനും ഭാര്യയും തന്നെ വിവാഹം ക്ഷണിച്ചെന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വീഡിയോ സഹിതം അറിയിച്ചു. വിവാഹ വിരുന്ന് നടക്കുന്ന തീയതിയും രേവന്ത് റെഡ്ഡി പുറത്തുവിട്ടു.

To advertise here,

"സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും അദ്ദേഹത്തിന്റെ ഭാര്യ കാവേരി മാരനും മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ ജൂബിലി ഹിൽസിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിക്കുകയും അവരുടെ മകൾ കാവ്യാ മാരന്റെ വിവാഹ വിരുന്നിലേക്ക് ക്ഷണിക്കുകയും ചെയ്തു. അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യയുടേയും വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന വിരുന്ന് നവംബർ 21-ന് ചെന്നൈയിൽ നടക്കും." എക്സ് അക്കൗണ്ടിൽ പറയുന്നു.
 

2025-ലാണ് അനിരുദ്ധും കാവ്യാ മാരനും പ്രണയത്തിലാണെന്നും ഇരുവരുടേയും കുടുംബങ്ങൾ വിവാഹത്തേക്കുറിച്ച് ആലോചന നടത്തുകയാണെന്നുമുള്ള അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ ഇക്കാര്യം ഒരു സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ അനിരുദ്ധ് തള്ളിക്കള‍ഞ്ഞു. കല്യാണമോ, അപവാദം പ്രചരിപ്പിക്കൂന്നത് നിർത്തൂ എന്നാണ് അദ്ദേഹം അന്ന് കുറിച്ചത്. എങ്കിലും ഈ ഗോസിപ്പ് അവസാനിച്ചില്ല.

ഈ വർഷം ജൂണിൽ അനിരുദ്ധിന്റെ അമ്മാവനായ നടൻ വൈ.ജി. മഹേന്ദ്രൻ അനിരുദ്ധിന്റെ വിവാഹത്തേക്കുറിച്ച് സൂചന നൽകിയിരുന്നു. നവദമ്പതികൾക്ക് ആശംസ നേരാൻ ഈയവസരം ഉപയോഗിക്കുന്നുവെന്നും വലിയ വിവാഹമാണ് നടക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സാധാരണക്കാരിയായ പെൺകുട്ടിയെയല്ല അനിരുദ്ധ് വിവാഹംകഴിക്കാൻ പോകുന്നത്. ഒരു വലിയ ടീമിനെ നയിക്കാൻ ശേഷിയുള്ളവളാണ് ആ പെൺകുട്ടി. സ്വന്തം പിതാവിന്റെ ബിസിനസ് ജീനുകൾ സ്വന്തമാക്കിയയാളാണവർ. അവർ രണ്ടുപേരും നല്ല ജോഡികളാണെന്നും മഹേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ വിവാഹവേദിയോ തീയതിയോ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.

അനിരുദ്ധിന്റെയും കാവ്യയുടേയും കുടുംബങ്ങൾ വിവാഹവിവരം ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ടുകളനുസരിച്ച് ഗ്രീസിലാണ് വിവാഹം നടക്കുക. നാനി നായകനായ പാരഡൈസ്, രജനീകാന്ത് ചിത്രം ജയിലർ 2 എന്നിവയാണ് അനിരുദ്ധ് സംഗീത സംവിധാനം നിർവഹിച്ച് ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഷാരൂഖ് ഖാൻ നായകനാകുന്ന കിങ്, രജനീകാന്ത്-അശ്വത് മാരിമുത്തു ചിത്രം ധർമൻ, ഷങ്കർ-കമൽഹാസൻ ടീമിന്റെ ഇന്ത്യൻ 3 എന്നിവയാണ് അദ്ദേഹത്തിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.