
''ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ...'' രങ്കണ്ണന്റെ വലംകൈ, അമ്പാനായി 'ആവേശ'ത്തില്‍ തകര്‍ത്താടിയ സജിന്‍ ഗോപു ഇതിനകം മലയാളത്തിലെ ശ്രദ്ധേയനടനായി വളര്‍ന്നുകഴിഞ്ഞു. 'ചുരുളി', 'ജാന്‍ എ മന്‍', 'രോമാഞ്ചം', 'ആവേശം' തുടങ്ങി തൊട്ടതെല്ലാം ഹിറ്റാക്കിയ സജിന്‍ ഓരോ സിനിമയിലും സ്വയം പൊളിച്ചെഴുതുകയാണ്. 'രോമാഞ്ച'ത്തിലെ സ്വരൂപില്‍നിന്ന് 'ആവേശ'ത്തിലെ അമ്പാനായപ്പോള്‍ അടിമുടി വേറിട്ടുനിന്നു. കൊച്ചുകുട്ടികള്‍വരെ ഏറ്റെടുത്ത അമ്പാന്‍ നല്‍കിയ ജനപ്രിയതയ്ക്കു ശേഷം സജിന്‍ ഗോപു തീര്‍ത്തും വ്യത്യസ്തമായ രണ്ടുസിനിമകളുമായി പ്രേക്ഷകരിലേക്കെത്തുകയാണ്. ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത് ബേസില്‍ ജോസഫ് നായകനാകുന്ന 'പൊന്മാനി'ല്‍ മരിയാനോ റോബര്‍ട്ടോ എന്ന സഹനായകനാകുമ്പോള്‍ പിന്നാലെ പ്രദര്‍ശനത്തിനെത്തുന്ന 'പൈങ്കിളി'യില്‍ സജിന്‍ നായകനാണ്. പുതുവിശേഷങ്ങളെക്കുറിച്ച് സജിന്‍ ഗോപു സംസാരിക്കുന്നു.
മാസും കോമഡിയും നിറഞ്ഞ ആവേശത്തില്‍നിന്ന് പൊന്‍മാനിലേക്ക് എത്തുമ്പോള്‍ അല്പം പരുക്കനാണോ?
- അല്പം പരുക്കനായ കഥാപാത്രമാണ് പൊന്‍മാനില്‍ ഞാന്‍ അവതരിപ്പിക്കുന്ന മരിയാനോ റോബര്‍ട്ടോ. സാഹചര്യങ്ങള്‍കൊണ്ട് അയാള്‍ക്ക് അങ്ങനെയാകേണ്ടി വരുന്നതാണ്. ആവേശം കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് ആദ്യം മറ്റൊരു സിനിമയിലേക്ക് വിളി വന്നിരുന്നു. എന്നാല്‍, അതെനിക്ക് അത്ര ആകര്‍ഷകമായി തോന്നാത്തതിനാല്‍ അത് ചെയ്തില്ല. ആ സമയത്താണ് സംവിധായകന്‍ ജ്യോതിഷേട്ടന്‍ (ജ്യോതിഷ് ശങ്കര്‍) ഈ സിനിമയുടെ കഥയുമായി വരുന്നത്. ജി.ആര്‍. ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാര്‍ എന്ന കൃതിയാണ് ഈ സിനിമയുടെ അടിസ്ഥാനം. സിനിമയുടെ കഥ കേട്ടശേഷമാണ് ഞാന്‍ പുസ്തകം വായിക്കുന്നത്. അതോടെയാണ് ഈ സിനിമചെയ്യാം എന്ന് തീരുമാനിക്കുന്നത്. സംവിധാനം ജ്യോതിഷേട്ടന്‍, കേന്ദ്രകഥാപാത്രമായി ബേസില്‍ ജോസഫ്, ക്യാമറ സാനു ജോണ്‍ വര്‍ഗീസ്, ഇന്ദുഗോപന്‍ ചേട്ടന്റെ രചന എല്ലാംകൊണ്ടും നല്ലൊരു ടീമാണെന്ന് തോന്നി. ഏറെക്കാലമായി ഇന്ദുഗോപന്‍ ചേട്ടനെഴുതുന്ന ഒരുസിനിമയില്‍ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിലായത്ത് ബുദ്ധയില്‍ ഒരവസരം വന്നെങ്കിലും ഡേറ്റ് ഇഷ്യൂ കാരണം ചെയ്യാനായില്ല. അങ്ങനെ എല്ലാംകൂടി ഒത്തുവന്ന ഒരു സിനിമയാണ് എനിക്ക് 'പൊന്മാന്‍'.
കൊല്ലംകാരനായ മരിയാനോ റോബര്‍ട്ടോയിലേക്ക് എത്താന്‍ ഏറെ അധ്വാനിക്കേണ്ടി വന്നോ?
- ആവേശത്തിലെ അമ്പാനാകാന്‍ നല്ല രീതിയില്‍ വര്‍ക്കൗട്ട് ചെയ്തിരുന്നു. വയറുകുറയ്ക്കാതെ ഭക്ഷണം കഴിച്ചു. ശരീരഭാരം അന്ന് 95 കിലോയിലേക്കുകൂട്ടി. ഷൂട്ട് കഴിഞ്ഞപ്പോള്‍ തടി കുറച്ച് പഴയപോലെ ആയി. അപ്പോഴാണ് പൊന്മാന്‍ വന്നത്. അല്പം തടികൂട്ടണം എന്ന ജ്യോതിഷേട്ടന്‍ പറഞ്ഞു. അങ്ങനെ വീണ്ടും ഭക്ഷണമൊക്കെ കഴിച്ച് വര്‍ക്കൗട്ട് ചെയ്യാതെ വേറൊരുരീതിയില്‍ ശരീരഭാരം കൂട്ടി. കൊല്ലത്താണ് ഈ സിനിമയുടെ കഥാപശ്ചാത്തലം. ആദ്യമായാണ് കൊല്ലംകാരനായ ഒരുകഥാപാത്രം ചെയ്യുന്നത്. അതിനാല്‍ ആ ഭാഷയില്‍ത്തന്നെ സംസാരിക്കണമായിരുന്നു. ഷൂട്ടിന് ഏകദേശം രണ്ടാഴ്ച മുന്‍പേ ഞാന്‍ കൊല്ലത്തേക്കുപോയി. കൊല്ലം ഭാഷ പഠിക്കുക, വഞ്ചി തുഴയാന്‍ പഠിക്കുക എന്നിവയ്ക്കു വേണ്ടിയായിരുന്നു അത്. ചെറുപ്പംതൊട്ടേ വഞ്ചി തുഴയുന്ന ഒരാളാണ് പൊന്മാനിലെ മരിയാനോ റോബര്‍ട്ടോ. നമ്മള്‍ അഭിനയിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇവന് വഞ്ചി തുഴയാന്‍ അറിയാം എന്ന് തോന്നിയില്ലെങ്കില്‍ അത് അബദ്ധമാകും. പഠിപ്പിക്കാന്‍ ഒരാളൈവച്ച് പുലര്‍ച്ചെ അഞ്ചുമണിതൊട്ട് അഷ്ടമുടിക്കായലിലായിരുന്നു പരിശീലനം. ഷൂട്ട് തുടങ്ങുമ്പോഴേക്കും നല്ലരീതിയില്‍ തുഴയാന്‍ പഠിച്ചു. അതുപോലെ ചിത്രത്തില്‍ കുറച്ച് ആക്ഷന്‍ സീക്വന്‍സുകളുണ്ട്. കായലിലും അരവരെ ചെളിയിലുമൊക്കെയാണ് ആ സംഘട്ടനങ്ങള്‍ ചിത്രീകരിച്ചത്. കാലിനടിയില്‍ ഏറെ മുറിവുകളും വിരലിന് പരിക്കുമൊക്കെ പറ്റി. എന്നിട്ടും ഏറ്റവും മികച്ച രീതിയില്‍ സംഘട്ടന രംഗങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. നല്ല രീതിയില്‍ത്തന്നെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റി എന്നാണ് വിശ്വാസം.
ചെറുപ്പംതൊട്ടേ അഭിനയത്തോട് ഇഷ്ടമുണ്ടായിരുന്നോ? എങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്?
- ആലുവ ആണ് സ്വദേശം. കുട്ടിക്കാലത്ത് അഭിനയിക്കണം എന്ന സ്വപ്നമൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരെയുംപോലെ സിനിമ ഇഷ്ടമായിരുന്നു, സിനിമയ്ക്കുപിന്നില്‍ എന്താണ് നടക്കുന്നത് എന്നറിയാനുള്ള കൗതുകമുണ്ടായിരുന്നു. എന്നാല്‍, സിനിമാ ബന്ധമുള്ള ആരും അന്ന് പരിചയത്തിലുണ്ടായിരുന്നില്ല. അങ്ങനെയൊരു സാഹചര്യത്തില്‍നിന്നാണ് അഭിനയിക്കാന്‍ ആഗ്രഹം വന്ന് തുടങ്ങിയപ്പോള്‍ നാടകങ്ങള്‍ ചെയ്തത്. പിന്നീട് സിനിമ ഒഡീഷനുകള്‍ക്ക് പോയിത്തുടങ്ങി. പല സിനിമകളിലും ചെറിയവേഷങ്ങള്‍ ചെയ്താണ് തുടക്കം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയിലാണ് ആദ്യമായി നല്ലൊരു കഥാപാത്രം ലഭിച്ചത്. പിന്നാലെ ചിദംബരം സംവിധാനം ചെയ്ത ജാന്‍ എ മന്നില്‍ സജി വൈപ്പിന്‍ എന്ന കഥാപാത്രം ചെയ്തു. ചുരുളി ഒ.ടി.ടി.യിലും ജാന്‍ എ മന്‍ തിയേറ്ററിലും ഒരേദിവസം പ്രദര്‍ശനത്തിനെത്തി. രണ്ടും ശ്രദ്ധിക്കപ്പെട്ടു. അത് കഴിഞ്ഞതിനുശേഷം രോമാഞ്ചം, ചാവേര്‍, ആവേശം തുടങ്ങിയ മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചു. ആവേശത്തിലെ അമ്പാന്‍ ഏറെ ജനപ്രിയത തന്നു. കൊച്ചുപിള്ളേരുടെ മനസ്സില്‍വരെ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമായി മാറി. ഇപ്പോള്‍ പുറത്തിറങ്ങുമ്പോള്‍ ആള്‍ക്കാര്‍ സിനിമാ നടനെന്ന ലേബലില്‍ തിരിച്ചറിയുന്നുണ്ട്, അതാണ് ഏറ്റവും വലിയ സന്തോഷം. ആളുകള്‍ കാണുന്ന സിനിമകള്‍ ചെയ്യുക എന്നതാണ് ലക്ഷ്യം. തിയേറ്ററില്‍ എത്തുന്ന ആള്‍ക്കാരെ പരമാവധി എന്റര്‍ടെയ്ന്‍ ചെയ്യാന്‍ സാധിക്കണം.
'പൈങ്കിളി'യിലൂടെ നായകനാകുന്നു, 'രോമാഞ്ചം', 'ആവേശം' എന്നീ സിനിമകള്‍ക്കുശേഷം വീണ്ടും ജിത്തു മാധവനൊപ്പം, വിശേഷങ്ങള്‍?
- പൊന്മാനില്‍ നിന്നും ആവേശത്തില്‍നിന്നുമെല്ലാം തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ് പൈങ്കിളിയിലേത്. പൊന്മാനു പിന്നാലെ ഫെബ്രുവരി രണ്ടാംവാരം പൈങ്കിളി പ്രദര്‍ശനത്തിനെത്തും. ഞാന്‍ ആദ്യമായി നായകനാകുന്ന ആ സിനിമയുടെ രചന ജിത്തു മാധവനാണ്. ഫഹദിക്കയും (ഫഹദ് ഫാസില്‍), ജിത്തുവും കൂടിയാണ് നിര്‍മാണം. ആവേശത്തിലും രോമാഞ്ചത്തിലും കൂടെയുണ്ടായിരുന്നു ശ്രീജിത്തേട്ടന്‍ (ശ്രീജിത്ത് ബാബു) ആണ് സംവിധാനം. അനശ്വര രാജനാണ് നായിക. രോമാഞ്ചത്തിന്റെ ഒഡീഷനില്‍ െവച്ചാണ് ആദ്യമായി ജിത്തു മാധവനെ പരിചയപ്പെടുന്നത്. രോമാഞ്ചത്തില്‍ നിരൂപ് എന്ന നല്ലൊരു കഥാപാത്രം ചെയ്യാനായി, പിന്നാലെ ആവേശത്തില്‍ അമ്പാന്‍ എന്ന കഥാപാത്രവും സമ്മാനിച്ചു. ഞാന്‍ പൊന്‍മാന്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് പൈങ്കിളി എന്ന പ്രോജക്ട് ഉണ്ടാകുന്നത്. ആവേശം ടീമിന്റെ റീയൂണിയന്‍ എന്നുപറയാം. അതേ ടീമാണ് ഈ സിനിമയ്ക്കു പുറകില്‍. വളരെ രസകരമായി ഷൂട്ട് ചെയ്‌തൊരു പടമാണത്. ആള്‍ക്കാരെ മാക്‌സിമം എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുക എന്നതാണ് 'പൈങ്കിളി'യുടെയും ലക്ഷ്യം. കോമഡിക്കാണ് പ്രാധാന്യം. ഞാന്‍ ആ സിനിമയില്‍ ഒരു കഥാപാത്രം ചെയ്യുന്നുേെവന്ന വിചാരിച്ചിട്ടുള്ളൂ, അല്ലാതെ ഞാനാണ് നായകന്‍ എന്ന് ചിന്തിച്ചിട്ടില്ല. അതുകൊണ്ട് ടെന്‍ഷനൊന്നുമുണ്ടായില്ല. പൊന്മാനും പൈങ്കിളിയും ഒരുപോലെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ.
Content Highlights: sajin gopu transformation in malayalam movie
Published: 26 Jan 2025, 08:35 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented