‘ഞാന്‍ മലയാളി ആണെന്ന് തിരിച്ചറിയാത്ത കുറെ പേരുണ്ട് ഇപ്പോഴും’

രാജശ്രീ നായര്‍ | Photo: Mathrubhumi
'രാജശ്രീ നായര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ആളുകള്‍ തിരിച്ചറിഞ്ഞില്ലെങ്കിലും 'മേഘസന്ദേശ'ത്തിലെ റോസി എന്ന് പറഞ്ഞാല്‍ 24 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ തിരിച്ചറിയും'- പറയുന്നത് മലയാള സിനിമയില്‍ അതുവരെ നിലനിന്നിരുന്ന പ്രേത കണ്‍സപ്റ്റുകള്‍ പൊളിച്ചെഴുതിയ 'മേഘസന്ദേശം' എന്ന രാജസേനന്‍ ചിത്രത്തിലെ റോസി എന്ന യക്ഷിവേഷം ഗംഭീരമാക്കിയ നടി രാജശ്രീ നായര്‍. ചെറിയൊരു ഇടവേളയ്ക്ക് ശേഷം 'വിലായത്ത് ബുദ്ധ' എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടുമെത്തുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് രാജശ്രീ.
ഇഡ്ഡലി തിന്നുന്ന, കളര്‍ ഡ്രസ് ധരിക്കുന്ന, 'മേഘസന്ദേശ'ത്തിലെ റോസി എന്ന യക്ഷി
ഞാന്‍ മലയാളി ആണെന്ന് തിരിച്ചറിയാത്ത കുറെ പേരുണ്ട് ഇപ്പോഴും. എന്നെ രാജശ്രീ നായരായിട്ട് അറിയില്ലെങ്കിലും റോസി ആയിട്ട് മലയാളികള്‍ പെട്ടെന്ന് തിരിച്ചറിയും. 'മേഘസന്ദേശം' സിനിമയുടെ ചിത്രീകരണം വളരെ മികച്ച അനുഭവമായിരുന്നു. മലയാളത്തിലെ എന്റെ ആദ്യ ചിത്രമാണ്.
ഒരുപാട് ആകാംക്ഷയോടെയാണ് സിനിമയുടെ ഭാഗമാവുന്നത്. സുരേഷേട്ടന്‍ എന്ന സൂപ്പര്‍സ്റ്റാറിനൊപ്പം ഒരു ചിത്രം. അതുപോലെത്തന്നെ നല്ല കുറേ സൗഹൃദങ്ങള്‍ അവിടെ ലഭിച്ചു. അഭിരാമിയാവട്ടെ, സംയുക്തയാവട്ടെ- അത് മറക്കാനാവില്ല. ഇന്ന് 24 വര്‍ഷങ്ങള്‍ക്കിപ്പുറവും എന്നെ റോസിയായി ആളുകള്‍ തിരിച്ചറിയുന്നുവെങ്കില്‍ അതില്പരം വേറെന്ത് വേണം. ആള്‍ക്കാരുടെ മനസില്‍ എന്റെ കഥാപാത്രം ഉണ്ടല്ലോ. സന്തോഷമാണ്. സത്യത്തില്‍ പ്രേതസിനിമകള്‍ എനിക്ക് ഭയങ്കര പേടിയാണ്. 'മേഘസന്ദേശം' കണ്ട് ഞാന്‍ പേടിച്ചിട്ടില്ല, കാരണം അതെന്റെ സിനിമയാണല്ലോ.
'മേഘസന്ദേശ'വും ട്രോളുകളും
ഇന്ന് ഞാന്‍ 'മേഘസന്ദേശം' ഒരു നിരൂപക എന്ന നിലയിലാണ് കാണുന്നത്. സിനിമയുമായി ബന്ധപ്പെട്ട നിരവധി ട്രോളുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതൊക്കെ ആസ്വദിച്ചിട്ടേ ഉള്ളൂ. സിനിമയുടെ ഭാഗമാണ് അത്തരം ട്രോളുകള്‍. അത് നല്ലതായാലും ചീത്തയാണെങ്കിലും നമ്മള്‍ സ്വീകരിക്കാന്‍ പഠിക്കണം. അല്ലാതെ അത് ഗൗരവകരമായി എടുത്ത് തലയില്‍ വെക്കേണ്ട ആവശ്യമില്ല.
യക്ഷിയും നായികയും ബന്ധുക്കളായ കഥ
'മേഘസന്ദേശം' തന്ന വലിയൊരു ഭാഗ്യമാണ് സംയുക്തയുമായുള്ള സൗഹൃദം. നാട്ടിലെപ്പോള്‍ വന്നാലും സംയുവിനൊപ്പം രണ്ടുമൂന്ന് ദിവസം താമസിക്കാറുണ്ട്. സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് എന്റെ സഹോദരന്‍ അഭിഷേകും സംയുവിന്റെ സഹോദരി സംഘമിത്രയും പ്രണയത്തിലാവുന്നത്. അത് വിവാഹത്തിലെത്തി. സുഹൃത്തുക്കള്‍ അങ്ങനെ ബന്ധുക്കളുമായി.
മോഹന്‍ലാലിനൊപ്പം മൂന്ന് സിനിമകള്‍
‘മേഘസന്ദേശ’ത്തിന് ശേഷം മലയാളത്തില്‍ചെയ്ത മൂന്നുസിനിമകള്‍ ലാലേട്ടനൊപ്പമായിരുന്നു. അതിനിടയ്ക്ക് കുറേ പ്രേതസിനിമകള്‍ വന്നു, ഇനി പ്രേതപടം ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. പിന്നീടാണ് 'രാവണപ്രഭു' വരുന്നത്. 'ദേവാസുര'ത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ ഞാന്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നു. നല്ല സ്റ്റാര്‍ കാസ്റ്റ്, നല്ല ക്രൂ. സുഹറ എന്ന കഥാപാത്രം ഇന്നും പലര്‍ക്കും പ്രിയപ്പെട്ടതാണ്. പിന്നീട് മിസ്റ്റര്‍ 'ബ്രഹ്‌മചാരി' ചെയ്തു. അതിനുശേഷം വിവാഹം കഴിഞ്ഞ് എനിക്ക് വിദേശത്ത് പോകേണ്ടി വന്നു. തിരിച്ചുവരവില്‍ ആണ് ബി. ഉണ്ണികൃഷ്ണന്‍ സര്‍ 'ഗ്രാന്‍ഡ്മാസ്റ്ററി'ലേക്ക് വിളിക്കുന്നത്. എല്ലാം വന്നു ചേര്‍ന്നതാണ്.
ഒരിടവേളയ്ക്ക് ശേഷമാണ് 'ജമ്‌നാപ്യാരി' ചെയ്യുന്നത്. അതുകഴിഞ്ഞിട്ട് രണ്ടുസിനിമകള്‍ ഞാന്‍ മലയാളത്തില്‍ മിസ്സ് ചെയ്തിട്ടുണ്ട്. എന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയമായിരുന്നു അത്. അതുപോലെതന്നെ രണ്ടാമത്തെ സിനിമ വന്നപ്പോള്‍ മകന്‍ ചെറുതായിരുന്നു അവനെ വിട്ടുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായതുകൊണ്ട് അതും വേണ്ടെന്നുവെക്കേണ്ടി വന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം 'വിലായത്ത് ബുദ്ധ' ശരിയായ സമയത്താണ് വന്നത്. എല്ലാത്തിനും ഒരു സമയം ഉണ്ടാകും എന്ന് പറഞ്ഞതുപോലെ ഇതായിരുന്നു ആ സമയം.
കൂടുതല്‍ സിനിമകള്‍ തെലുങ്കില്‍
ഞാന്‍ പഠിച്ചു വളര്‍ന്നത് അവിടെയാണ്. ജനിച്ചത് മഹാരാഷ്ട്രയിലാണെങ്കിലും എന്റെ ബെയ്‌സ് എന്ന് പറയുന്നത് ഹൈദരാബാദ് ആണ്. 'ഹൈദരാബാദ് ബ്ലൂസ്' എന്ന എന്റെ ആദ്യചിത്രം വലിയ ഹിറ്റായി മാറുകയും ചെയ്തു. ഇപ്പോഴും ഞാന്‍ അറിയപ്പെടുന്നത് 'ഹൈദരാബാദ് ബ്ലൂസ് ഗേള്‍' എന്നാണ്. കേരളത്തില്‍ എന്നെ റോസി ആയിട്ട് അറിയുന്നത് പോലെ ഞാന്‍ മുംബൈയില്‍ പോയാലും വേറെ എവിടെ പോയാലും അറിയപ്പെടുന്നത് 'ഹൈദരാബാദ് ബ്ലൂസി'ലെ പെണ്‍കുട്ടി എന്ന പേരില്‍ തന്നെയാണ്. കാരണം ആ സിനിമ എനിക്ക് പ്രശസ്തി വളരെ വലുതാണ്. ആ കടപ്പാട് എന്നും ഉണ്ടാകും.
സിനിമയിലേക്ക് എത്തുന്നത്
പഠിക്കുന്ന സമയത്താണ് മോഡലിങ് ചെയ്യുന്നത്. മൂന്നുസൗന്ദര്യ മത്സരങ്ങളില്‍ ഞാന്‍ വിജയി ആയി. മോഡലായി പ്രവര്‍ത്തിക്കുന്ന സമയത്താണ് തെലുങ്കില്‍നിന്ന് ഓഫറുകള്‍ വരുന്നത്. പക്ഷേ എനിക്ക് ചെയ്യാന്‍ പേടിയായിരുന്നു. ഒന്നാമത് എനിക്ക് തെലുങ്ക് വൃത്തിക്ക് അറിയില്ല, രണ്ട് എന്റെ പ്രൊഫഷന്‍ സിനിമയാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഇംഗ്ലീഷ് സിനിമ എന്ന നിലയിലാണ് 'ഹൈദരാബാദ് ബ്ലൂസ്' വരുന്നത്. അതുകൊണ്ടാണ് അതില്‍ അഭിനയിച്ചത്. അത് വലിയ ഹിറ്റായി മാറി. പക്ഷേ എന്നിട്ടും ഞാനത് കാര്യമായി എടുത്തില്ല. ആയിടയ്ക്ക് എനിക്ക് പാരീസില്‍ ജോലി ലഭിച്ചു. ഒപ്പം എന്‍ഐഎഫ്ടിയില്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദവും ചെയ്യുന്നുണ്ടായിരുന്നു. പാരീസില്‍ പോകണമെന്നുണ്ടായിരുന്നെങ്കിലും നടന്നില്ല. ഒപ്പം കുറേ സിനിമ ഓഫറുകളും നഷ്ടമായി. പ്രത്യേകിച്ച് ഹിന്ദിയില്‍. പിന്നീടാണ് 'മേഘസന്ദേശം' വരുന്നതും ഒന്ന് ശ്രമിച്ചുനോക്കാമെന്ന് ഞാന്‍ തീരുമാനിക്കുന്നതും.
മെയ്ഷ അഫ്താബ് എന്ന വിക്കിപീഡിയയിലെ പേരും ഭാരതിരാജയുടെ 'കറുത്തമ്മ'യും
വിക്കിപീഡിയയില്‍ പറഞ്ഞിരിക്കുന്ന പല വിവരങ്ങളും തെറ്റാണ്. ഞാന്‍ ഭാരതിരാജ സാറിന്റെ 'കറുത്തമ്മ' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. എന്റെ പേര് വരെ തെറ്റാണ്. അതുപോലെ എന്റെ വ്യക്തിപരമായ വിവരങ്ങളും തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നത്. ഞാന്‍ മുസ്ലിമിനെ വിവാഹം ചെയ്തു, ഒളിച്ചോടി എന്നെല്ലാമാണ് പറഞ്ഞിരിക്കുന്നത്. അതെല്ലാം തെറ്റാണ്. ഒരിക്കല്‍ എന്റെ സംവിധായകന്‍ വന്നെന്നെ ബീഗം എന്ന് വിളിക്കുമ്പോഴാണ് ഞാനിക്കാര്യം അറിയുന്നത്. തിരുത്താന്‍ പലവട്ടം ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. ദയവായി ആളുകള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ ഇതോടെ മാറ്റണം. അതിന് നിങ്ങള്‍ മാധ്യമങ്ങളും സഹായിക്കണം.
സിനിമയില്‍നിന്ന് വിട്ടുനിന്ന സമയങ്ങള്‍
16 ാം വയസില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ് ഞാന്‍. 24 വയസിലായിരുന്നു വിവാഹം. അതുകഴിഞ്ഞ് ഭര്‍ത്താവിനെ പൂര്‍ണമായും ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. യുഎസില്‍ പോയ സമയത്തായിരുന്നു സിനിമ വിടേണ്ടിയിരുന്നില്ല എന്ന തോന്നല്‍ വരുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അവിടെ ഒരു ഡോക്ടറുടെ ക്ലിനിക്കില്‍ ജോലിക്ക് കയറി. അവരുടെ ഫിനാന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഞാനായിരുന്നു നോക്കിയിരുന്നത്. ആ ജോലിയും ഞാന്‍ ശരിക്കും ഇഷ്ടപ്പെട്ടാണ് ചെയ്തിരുന്നത്. നാലുവര്‍ഷം അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പക്ഷേ അതൊരു 9- 5 ജോലി ആണ്. സിനിമ പോലൊരു ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെടാന്‍ സാധിച്ചതില്‍ ഞാനെത്ര ഭാഗ്യവതിയാണെന്ന് അന്നാണ് ഞാന്‍ തിരിച്ചറിയുന്നത്. എന്നും സിനിമയില്‍ പുതുമയാണല്ലോ. മേക്കപ്പ് ഇട്ട് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് ശരിക്കും ഞാന്‍ മിസ് ചെയ്യാന്‍ തുടങ്ങി. അതോടെ അവിടെത്തന്നെ ന്യൂയോര്‍ക്ക് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ഫോട്ടോഗ്രാഫി കോഴ്‌സ് ചെയ്തു, ക്യാമറയ്ക്ക് പുറകിലെങ്കിലും നില്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. 2010-ലാണ് ഞാന്‍ നാട്ടിലേക്ക് തിരിച്ചു വരുന്നത്. ഡിസൈനിങ്ങില്‍ തുടങ്ങാമെന്ന് ആദ്യം കരുതിയെങ്കിലും സിനിമ മനസിലിങ്ങനെ കിടക്കുന്നുണ്ടായിരുന്നു. അഭിനയം തന്നെയെന്ന് അതോടെ മനസില്‍ ഉറപ്പിച്ചു.
'വിലായത്ത് ബുദ്ധ'യെന്ന പുതിയ സന്തോഷം
2022- ലാണ് 'വിലായത്ത് ബുദ്ധ'യുടെ ഭാഗമാകുന്നത്. ഞാന്‍ ഹൈദരാബാദില്‍ ആയിരുന്ന സമയത്താണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സച്ചി സാറിന്റെ പടം എന്ന രീതിയില്‍ എന്നെ സമീപിക്കുന്നത്. ആദ്യം ഈ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ എനിക്ക് ചെയ്യാന്‍ പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു. പിന്നീട് ഓക്കെ പറഞ്ഞാല്‍ ശേഷമാണ് സംവിധായകന്‍ ജയന്‍ നമ്പ്യാരെ കാണുന്നതും പ്രൊജക്റ്റിന്റെ ബാക്കി കാര്യങ്ങളെക്കുറിച്ച് അറിയുന്നതും. കഴിഞ്ഞമൂന്നുവര്‍ഷമായി സിനിമയ്ക്ക് ഒപ്പം ഉണ്ട്. ഞാന്‍ 'വിലായത്ത് ബുദ്ധ' വായിച്ചിട്ടില്ല. കഥ വായിക്കുന്നതും സിനിമ എക്‌സ്പീരിയന്‍സ് ചെയ്യുന്നതും രണ്ടും രണ്ട് തരത്തിലുള്ള ആസ്വാദനമാണ്. ഇന്ദുഗോപന്റെ കഥയാണ് ഇത്. കണ്ടത് വച്ചിട്ട് അദ്ദേഹം ഈ സിനിമയില്‍ ഹാപ്പിയാണ്.
ഷമ്മി ചേട്ടന്റെ കൂടെ അഭിനയിക്കുന്നതില്‍ ഞാന്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നു. തിലകന്‍ ചേട്ടന്റെ വലിയൊരു ഫാനാണ് ഞാന്‍. ഷമ്മി ചേട്ടന്റെ മാസ്റ്റര്‍ എന്ന കഥാപാത്രം എങ്ങനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്ന് കാണാനുള്ള ത്രില്ലില്‍ ആയിരുന്നു ഞാന്‍. അതുപോലെതന്നെ പൃഥ്വിരാജ്, അദ്ദേഹത്തിന്റെ ഒപ്പം ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. മികച്ച സംവിധായകനും കൂടിയാണ് അദ്ദേഹം. പിന്നെ പ്രിയംവദയാണ് നായികയായ ചൈതന്യത്തെ അവതരിപ്പിക്കുന്നത്. എന്റെ മകളുടെ കഥാപാത്രം. ഞങ്ങള്‍ തമ്മില്‍ അങ്ങനെ ഒരു അമ്മ മകള്‍ ബന്ധം തന്നെയായിരുന്നു.
ചെമ്പകം വെല്ലുവിളി നിറഞ്ഞ കഥാപാത്രം
ഞാന്‍ ആദ്യമായിട്ടാണ് ഇതുപോലൊരു കഥാപാത്രം ചെയ്യുന്നത്. ഒരു പ്രോസ്റ്റിറ്റിയൂട്ട് കഥാപാത്രം. അവളുടെ മകളാണ് ചൈതന്യം എന്ന നായിക കഥാപാത്രം. എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ചെമ്പകം. ഭയങ്കര ബോള്‍ഡ് ആയ ശക്തയായ കഥാപാത്രം. ചെമ്പകത്തിന് ആരെയും പേടിക്കാനില്ല. എനിക്ക് ചെമ്പകത്തിന്റെ ക്വാളിറ്റി ഒന്നും തന്നെയില്ല. സാഹചര്യങ്ങള്‍ പ്രതികൂലമായാല്‍ ചിലപ്പോള്‍ ഞാന്‍ ശക്തിയായി നിന്നേക്കാം. ചെമ്പകത്തിനും രാജശ്രീക്കും അതല്ലാതെ കോമണ്‍ ആയി ഒന്നുംതന്നെയില്ല. അത്ര ബോള്‍ഡ് അല്ല ഞാന്‍.
Content Highlights: Rajshri Nair Exclusive Interview
Published: 21 Nov 2025, 09:37 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented