ടക്കാലത്ത് മലയാളം സിനിമ അന്യഭാഷകളിൽ അറിയപ്പെട്ടത് ഇവിടെ നിർമിക്കപ്പെട്ട ത്രില്ലർ സിനിമകളുടെ പേരിലായിരുന്നു. സാങ്കേതികമായ കെട്ടുകാഴ്ചകളേക്കാൾ, തിരക്കഥയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്ന ചിത്രങ്ങൾ. ആ ചിത്രങ്ങളുടെ നിരകളിലേക്ക് ഒരു മലയാള ത്രില്ലർ കൂടി ചേർക്കപ്പെടുന്നു, പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്ത 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ'.

To advertise here,

'പ്രകാശൻ പറക്കട്ടെ', 'അനുരാഗം' എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണ് 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ'. ത്രില്ലർ-പ്രൊസീജ്യറൽ ഡ്രാമ ഗണത്തിലുള്ള ചിത്രം അക്ഷരാർഥത്തിൽ ശ്വാസമടക്കിപ്പിടിച്ച് കാണേണ്ട സിനിമയാണ്. രണ്ടു മണിക്കൂർ 41 മിനിറ്റുള്ള ചിത്രം ഒരുനിമിഷം പോലും പ്രേക്ഷകന്റെ ശ്രദ്ധ ചിത്രത്തിൽനിന്ന് വിട്ടുപോകാൻ അനുവദിക്കുന്നില്ല. ശക്തമായ തിരക്കഥയ്ക്ക് മുകളിൽ വിജയരാഘവനും പാർവതിയും ഉൾപ്പെടെ അഭിനേതാക്കളുടെ പ്രകടനം കൂടെയാവുമ്പോൾ മികച്ചൊരു സിനിമാ അനുഭവമാണ് തിയേറ്ററിൽ പ്രേക്ഷകർക്ക് ലഭിക്കുന്നത്.

കോട്ടയം നാട്ടകം പോലീസ് സ്‌റ്റേഷനിൽ നടക്കുന്ന കസ്റ്റഡി കൊലപാതകമാണ് ചിത്രത്തിന്റെ പശ്ചാത്തലം. പോലീസ് കോൺസ്റ്റബിളായി ആശ്രിത നിയമനം ലഭിക്കുന്ന അലീന അബ്രഹാം എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. കോട്ടയം ഭാഗത്ത് നടന്ന സീരിയൽ കവർച്ചയും അതിനെത്തുടർന്ന് നടക്കുന്ന ഒരു കൊലപാതകവും അന്വേഷിക്കാനെത്തുന്ന ഡിവൈ.എസ്.പി. ഹാരിസ് മീരാൻ എന്ന കഥാപാത്രമായി വിജയരാഘവനും എത്തുന്നു. മാത്യു തോമസ്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട് എന്നിവർ പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. തമിഴ് താരം പാർഥിപൻ ചെറുതെങ്കിലും നിർണായകമായ വേഷത്തിലുണ്ട്. മലയാളത്തിലെ ഒരു യുവതാരം ചിത്രത്തിൽ കാമിയോ വേഷത്തിലുമുണ്ട്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച ഒരു സംവിധായകൻ ചെറുതെങ്കിലും പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്.

പി.എസ്. സുബ്രഹ്‌മണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്ന് എഴുതിയ തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന ശക്തികളിൽ ഒന്ന്. വിശ്വസനീയമായ തിരക്കഥ പ്രേക്ഷകനെ പിടിച്ചിരുത്തുംവിധം സംവിധായകൻ സ്‌ക്രീനിലേക്ക് ആവിഷ്‌കരിച്ചിരിക്കുന്നു. ത്രില്ലർ സിനിമയെങ്കിലും പ്രേക്ഷകനെ ചിത്രത്തിൽ പിടിച്ചിരുത്താൻ, കഥാപാത്രങ്ങളുടെ വൈകാരിക വശങ്ങൾ ചിത്രത്തിൽ തുന്നിച്ചേർത്തിരിക്കുന്ന രീതി കൈയടി അർഹിക്കുന്നതാണ്.

പതിയെ തുടങ്ങുന്ന ചിത്രം ഓരോ ഡീറ്റയിലിങ്ങും കഥ പുരോഗമിക്കുന്നതിന് ഒപ്പം തന്നെയാണ് വെളിപ്പെടുത്തുന്നത്. അടുത്തതെന്ത് നടക്കും എന്ന് പ്രേക്ഷകനിൽ ആകാംക്ഷ ഉണർത്തുന്നതാണ് കഥയിലെ ഓരോ വഴിത്തിരിവുകളും. ത്രില്ലർ സ്വഭാവത്തിൽനിന്ന് പുറത്തുപോവുമ്പോഴും ആകെ ചിത്രത്തിന്റെ ആസ്വാദനക്ഷമത എവിടെയും വീണുപോവുന്നില്ലെന്നത് സംവിധായകന്റെ കൈയടക്കത്തിന്റെ തെളിവാണ്.

പറയുന്ന കഥയെ ചിത്രത്തോട് ചേർത്തുനിൽക്കുന്ന ഉപകരണങ്ങൾ മാത്രമാണ് ചിത്രത്തിന്റെ മറ്റ് സാങ്കേതിക വിഭാഗങ്ങൾ. പുതിയ നിയമം മുതൽ ഓഫീസർ ഓൺ ഡ്യൂട്ടി വരെ ഒരുപിടി മികച്ച ചിത്രങ്ങളുടെ ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച, കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയായ റോബി വർഗീസ് രാജ് ആണ് 'പ്രഥമദൃഷ്ട്യാ കുറ്റക്കാരു'ടെ ഛായാഗ്രാഹകൻ. ചിത്രത്തിനായി തിരഞ്ഞെടുത്ത കളർ ടോണും ഷോട്ടുകളും പൂർണമായും കഥപറച്ചിലിനോട് ഒട്ടിനിൽക്കുന്നവയാണ്. അവ മനോഹരമായി കോർത്തുവെച്ച എഡിറ്റർ ചമൻ ചാക്കോയും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ട്. ചിത്രത്തെ മാത്രം ഒന്നാമതായി നിർത്തിയ ഒരുക്കിയിരിക്കുന്നതാണ് പശ്ചാത്തല സംഗീതം. ത്രില്ലർ സിനിമകൾ തന്റെ ശക്തിമേഖലയാണെന്ന് സംഗീത സംവിധായകൻ മുജീബ് മജീദ് ഒരിക്കൽ കൂടി തെളിയിക്കുന്നു.

തോറ്റുകൊടുക്കാൻ ഒരുക്കമല്ലാത്ത അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിൽ വിജയരാഘവൻ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സിനിമയെ സംബന്ധിച്ച മറ്റൊരു ശക്തി, വിജയരാഘവനെ ഹാരിസ് മീരാൻ എന്ന കഥാപാത്രത്തിലേക്ക് കൊണ്ടുവന്നു എന്നത് തന്നെയാണ്. അടരുകളും ആഴവുമുള്ള അലീന എന്ന കഥാപാത്രത്തെ പാർവതി മികച്ചതാക്കുന്നു. പോലീസ് വേഷം അവതരിപ്പിക്കാനുള്ള പക്വത നടനെന്ന നിലയിൽ മാത്യു തോമസ് കൈവരിച്ചോ എന്ന ചോദ്യത്തിനുള്ള മറുപടി കഥാപാത്രത്തിലും അതിനെ അവതരിപ്പിച്ച രീതിയിലുമുണ്ട്. അപ്രതീക്ഷിത സന്ദർഭങ്ങളിൽ ചിരിപടർത്തുന്ന കഥാപാത്രമായി വിനയ് ഫോർട്ട് ഒരിക്കൽ കൂടി തന്റെ മെയ്‌വഴക്കം തെളിയിക്കുന്നു. സിദ്ധാർഥ് ഭരതനും അസീസ് നെടുമങ്ങാടും കൈയടി അർഹിക്കുന്ന പ്രകടനം കാഴ്ചവെക്കുന്നു.

ഗൗരവമേറിയ കഥയാണ് 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ'. പലകുറി സിനിമകളിൽ തന്നെ ചർച്ച ചെയ്യപ്പെട്ട കസ്റ്റഡി മരണം തന്നെയാണ് ഇവിടെയും കഥാതന്തു. എന്നാൽ, മികച്ച തിരക്കഥകൊണ്ടും അഭിനേതാക്കളുടെ പ്രകടനംകൊണ്ട് ചിത്രം തീർത്തും പുതിയൊരു അനുഭവമാണ്.