സൂപ്പർഹിറ്റ് സിനിമകളുടെ നീണ്ട നിരയാണ് ഈയാഴ്ച ഒടിടിയിൽ. മലയാളത്തിലും തമിഴിലും അടുത്തിടെ ഇറങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളാണ് വ്യാഴാഴ്ചമുതൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് നായകനായ ഖലീഫ, പാർവതി തിരുവോത്തിന്റെ പ്രഥമദൃഷ്ട്യാ കുറ്റക്കാർ, സൂരി നായകനായ തമിഴ് ചിത്രം മണ്ടാടി, ആനന്ദ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം എപ്പിക്: ഫസ്റ്റ് സെമസ്റ്റർ, നിഖില വിമൽ സാനിയ അയ്യപ്പൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന വെബ്സീരീസായ ഐസ് (Eyes) എന്നിവയാണ് ഈയാഴ്ചത്തെ പ്രധാന റിലീസുകൾ.

To advertise here,

ഖലീഫ: ഒക്ടോബർ 9, ആറ് പ്ലാറ്റ്ഫോമുകൾ

പൃഥ്വിരാജ്-വൈശാഖ്-ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഖലീഫ’യാണ് ഈയാഴ്ചത്തെ ശ്രദ്ധേയമായ OTT റിലീസ്. ആറ് പ്ലാറ്റ്ഫോമുകളിൽ ഒരേസമയം പുറത്തിറങ്ങുന്ന മലയാളചിത്രം എന്ന അപൂർവ നേട്ടവുമായാണ് ചിത്രം എത്തുന്നത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പ്രൈം വീഡിയോയിലും ലയൺസ്‌ഗേറ്റ് പ്ലേയിലും ചിത്രം സ്ട്രീം ചെയ്യും. പ്രൈമിൽ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും സിംപ്ലി സൗത്തിലും എപി ഇന്റർനാഷണൽ സൗത്ത് സിനിമ വരിക്കാർക്കും ഇത് ലഭ്യമാണ്. തമിഴ്, തെലുങ്ക് ഭാഷകളിൽ ആഹായിലും മലയാളത്തിൽ മനോരമ മാക്സിലും ഇത് കാണാം. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുടനീളം സ്റ്റാർസ്‌പ്ലേയിലും ഖലീഫ ലഭ്യമാകും.

ഡിജിറ്റൽ അവകാശങ്ങൾ നിർമ്മാതാക്കൾ എത്ര തുകയ്ക്കാണ് വിറ്റതെന്ന് വ്യക്തമല്ല. മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ഐവർ അലക്സാണ്ടർ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടൊവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത സമ്മാനിച്ചിരുന്നു.

മണ്ടാടി: ഒക്ടോബർ 8: നെറ്റ്ഫ്ലിക്സ്

സൂരി നായകവേഷത്തിൽ എത്തിയ ഏറ്റവും പുതിയ സൂപ്പർ ഹിറ്റ് ചിത്രം ‘മണ്ടാടി’ ഒക്ടോബർ 8 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. തിയേറ്ററുകളിൽ റിലീസ് ചെയ്ത ദിവസം മുതൽ വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രം ആഗോളതലത്തിൽ ഇതുവരെ 150 കോടി രൂപയാണ് കലക്ട് ചെയ്തിരിക്കുന്നത്. ചിത്രം തമിഴ്നാട്ടിൽ നിന്നുമാത്രം 100 കോടി കളക്ഷനാണ് നേടിയത്.

മതിമാരൻ പുകഴേന്തിയാണ് മണ്ടാടി സംവിധാനം ചെയ്തിരിക്കുന്നത്. മഹിമ നമ്പ്യാരാണ് നായിക. കടലോര പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു മാസ് ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നൂറ് കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം കഥ പറയുന്നത്. സെയിലിങ് ബോട്ട് മത്സരത്തിലെ മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. സൂരിയെ വളരെ മാസ് ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ: ഒക്ടോബർ 9: നെറ്റ്ഫ്ലിക്സ്

പാർവതി തിരുവോത്ത് പ്രധാനവേഷത്തിലെത്തി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. ചിത്രം 50 കോടി ക്ലബിലെത്തിയിരുന്നു. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ചിത്രം നിർമിച്ചത്. പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഷഹദ്. വിജയരാഘവനാണ് മറ്റൊരു പ്രധാനവേഷത്തിൽ.

ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പാർഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ ഗംഭീര താരനിരയാണ് ചിത്രത്തിലേത്. ആസിഫ് അലി അതിഥി വേഷത്തിലുണ്ട്.

ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിച്ചത് പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. ചമൻ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും ചെയ്ത ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ മനോജ് കുമാർ പി ആണ്.

ഐസ്: ഒക്ടോബർ 9: സോണി ലിവ്

‘ഉയരെ’, കാണെക്കാണെ എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകൻ മനു അശോകൻ ഒരുക്കുന്ന വെബ് സീരിസാണ് ഐസ് (Eyes). നിഖില വിമൽ, സാനിയ അയ്യപ്പൻ, ശ്രുതി രാമചന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സീരീസ് ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. തിരക്കഥ രചിച്ചത് ബോബി സഞ്ജയ് ആണ്.

രഞ്ജിൻ രാജാണ് പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗൗതം ശങ്കർ, പാർവതി കൃഷ്ണ, ആതിര പട്ടേൽ, ശ്രേയ മനു തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഞ്ജന നായരുടേതാണ് കഥ. ടി.ആർ ഷംസുദ്ദീനാണ് സീരീസ് നിർമിക്കുന്നത്. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലാണ് സീരീസ് റിലീസ് ചെയ്യുന്നത്.

എപ്പിക്: ഫസ്റ്റ് സെമസ്റ്റർ: ഒക്ടോബർ 9: നെറ്റ്ഫ്ലിക്സ്

നവാഗതനായ ആദിത്യ ഹാസൻ സംവിധാനം ചെയ്ത ഈ തെലുങ്ക് റൊമാന്റിക് ഡ്രാമയിൽ ആനന്ദ് ദേവരകൊണ്ടയും വൈഷ്ണവി ചൈതന്യയും പ്രധാനവേഷങ്ങളിലെത്തുന്നു. ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 9-ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രത്തിന് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളും ഉണ്ടാകും.