പ്രേക്ഷകർ കാത്തിരുന്ന ഒട്ടേറെ സിനിമകളാണ് ഈയാഴ്ച ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നത്. ഉർവശിയുടെ പ്രകടനംകൊണ്ട് ശ്രദ്ധിക്കപ്പെട്ട 'ആശ' മുതൽ സംഗീത് പ്രതാപിന്റെ 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ ഒ.ടി.ടിയിൽ എത്തും. നിമിഷ സജയൻ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം 'എന്ന വിലൈ'യും ഈയാഴ്ചയാണ് ഒ.ടി.ടി. സ്ട്രീമിങ് ആരംഭിക്കുന്നത്.

To advertise here,

ആശ

ഉർവശി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷത്തിലെത്തിയ മിസ്റ്ററി ഡ്രാമ ചിത്രം സീ5-ലാണ് സ്ട്രീം ചെയ്യുക. വെള്ളിയാഴ്ച മുതൽ 'ആശ' ഒ.ടി.ടിയിൽ കാണാം.

ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ

കോമയിൽനിന്ന് എഴുന്നേറ്റ യുവാവിന് അമാനുഷികമായ സൂപ്പർഹിയറിങ് ശക്തി ലഭിച്ചാലുണ്ടാവുന്ന സംഭവങ്ങൾ പറയുന്ന ചിത്രമാണ് 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ'. നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്ത ചിത്രത്തിൽ ഷറഫുദ്ദീനും പ്രധാനവേഷത്തിലുണ്ട്. അഖില ഭാർഗവനാണ് നായിക. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നടി നിലീൻ സാന്ദ്രയാണ്. 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' വ്യാഴാഴ്ച മുതൽ മനോരമ മാക്‌സിൽ സ്ട്രീം ചെയ്യും.

അടിനാശം വെള്ളപ്പൊക്കം

എ.ജെ. വർഗീസ് സംവിധാനം ചെയ്ത കോമഡി ത്രില്ലർ ചിത്രമാണ് 'അടിനാശം വെള്ളപ്പൊക്കം'. ഷൈൻ ടോം ചാക്കോ നായകനായ ചിത്രം വെള്ളിയാഴ്ച ഒ.ടി.ടിയിലെത്തും. ബാബു ആന്റണി, ബൈജു സന്തോഷ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. സൈന പ്ലേയിലാണ് ഒ.ടി.ടി. സ്ട്രീമിങ്.

ഒരു അന്വേഷണത്തിന്റെ തുടക്കം

ഷൈൻ ടോം ചാക്കോ നായകനായ ചിത്രം ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് 'ഒരു അന്വേഷണത്തിന്റെ തുടക്കം'. വാണി വിശ്വനാഥ്, ശിവദ, സ്വാസിക, ദുർഗ കൃഷ്ണ, സമുദ്രക്കനി, മുകേഷ് എന്നിവരും ചിത്രത്തിലുണ്ട്. വെള്ളിയാഴ്ച മുതൽ ചിത്രം സൺ നെക്‌സ്റ്റിൽ സ്ട്രീം ചെയ്യും.

ഇതിന് പുറമെ, നിമിഷ സജയൻ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം 'എന്ന വിലൈ' നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീം ചെയ്യും. വ്യാഴാഴ്ചയാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് സജീവ് പാഴൂരിന്റെ കന്നി സംവിധാന സംരംഭമാണിത്.

നേരത്തെ, സൺ നെക്സ്റ്റിൽ സ്ട്രീമിങ് ആരംഭിച്ച തമിഴ് ചിത്രം 'ഡി.സി.' വെള്ളിയാഴ്ച മുതൽ സോണി ലിവിലും ലഭ്യമാവും. ലോകേഷ് കനകരാജ് നായകനായ ചിത്രത്തിൽ വാമിഖ ഗബ്ബിയാണ് നായിക.

വെബ് സീരീസ് കാപ്പി സ്‌ക്വാഡ് ജിയോ ഹോട്ട്‌സ്റ്റാറിലെത്തുന്നതും ഈയാഴ്ചയാണ്. ദുൽഖർ സൽമാന്റെ 'ഐ ആം ഗെയിം', നിഖില വിമൽ- സജിൻ ഗോപു ചിത്രം 'ധൂമകേതു', ബിജു മേനോന്റെ 'അവറാച്ചൻ ആൻഡ് സൺസ്', ഫഹദ് ഫാസിലിന്റെ 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ഒ.ടി.ടി. റിലീസിനെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയില്ല.