
സംഗീതത്തിന് ശിലകളെപ്പോലും അലിയിക്കാനാകുമെന്ന് പറയാറുണ്ട്. ശിലകളേക്കാൾ ഉറപ്പുള്ളതിനേയും സംഗീതത്തിന് അലിയിക്കാനാകുമെന്ന് മനോജ് ജോര്‍ജ് എന്ന സംഗീതജ്ഞന്റെ വയലിന്‍ ഈണങ്ങള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നുന്നതില്‍ ഒട്ടും അതിശയമില്ല. ലോകത്തിന്റെ വിഭിന്ന ഭാഗങ്ങളിലെ വ്യത്യസ്തരും പ്രമുഖരുമായ നിരവധി സംഗീതപ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച മനോജ് ജോര്‍ജ് ഇന്ത്യയില്‍നിന്ന് ഗ്രാമി അവാര്‍ഡ് മൂന്നു തവണ നേടിയ റിക്കി കെജിനൊപ്പം പുരസ്‌കൃതമായ രണ്ട് ആല്‍ബങ്ങളിലും പങ്കാളിയാകുകയും ചെയ്തു. മലയാളത്തിലും കന്നഡയിലുമായി ചലച്ചിത്ര സംഗീതസംവിധായകനായി പ്രവര്‍ത്തിച്ച മനോജ് നിരവധി സ്വതന്ത്രസംഗീത ആല്‍ബങ്ങള്‍ക്കും ഈണമിട്ടു. മലയാളിസംഗീതപ്രണയികള്‍ക്ക് ഒരു പക്ഷെ മനോജ് ജോര്‍ജിനെ ഏറെ പരിചയം വാചാലം എന്‍ മൗനവും എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനിലൂടെയാകും. പുതിയ മലയാള ചിത്രമായ റാണി ചിത്തിര മാര്‍ത്താണ്ഡ എന്ന സിനിമയില്‍ ഒരിടവേളയ്ക്ക് ശേഷം മനോജ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുകയാണ്. ചിത്രത്തിലെ റിലീസായ ഗാനങ്ങള്‍ ഇതിനകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു. മനോജ് ജോര്‍ജിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്...
2000-ല്‍ സലിം പടിയത്ത് സംവിധാനം ചെയ്ത ഖരാക്ഷരങ്ങള്‍ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിയാണ് മനോജ് ജോര്‍ജ് സിനിമാരംഗത്തത്തെുന്നത് (ഏറ്റവും മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അക്കൊല്ലത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ഖരാക്ഷരങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി). പിന്നീട് 2008-ല്‍ ആത്മീയ എന്ന കന്നഡ സിനിമയിലൂടെയാണ് വീണ്ടും ചലച്ചിത്രസംഗീതസംവിധായകനാകുന്നത്. 2012-ല്‍ ജയസൂര്യ നായകനായ വാധ്യാര്‍ എന്ന സിനിമയില്‍ രണ്ട് ഗാനങ്ങള്‍ക്ക് സംഗീതമേകി. 2017-ല്‍ ഉര്‍വി എന്ന കന്നഡ സിനിമയുടെ സംഗീതസംവിധായകനായി. പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന റാണി ചിത്തിര മാര്‍ത്താണ്ഡ എന്ന സിനിമയിലൂടെ വീണ്ടും ചലച്ചിത്രസംഗീതസംവിധായകനാകുകയാണ് മനോജ്.
റാണി ചിത്തിര മാര്‍ത്താണ്ഡയിലെ മൂന്ന് ഗാനങ്ങള്‍ റിലീസായിക്കഴിഞ്ഞു. ഗാനങ്ങള്‍ ശ്രദ്ധ നേടുകയും ചെയ്തുകഴിഞ്ഞു. എങ്ങനെ ഇപ്പോള്‍ വീണ്ടും ഒരു സിനിമയിലേക്ക്?
കപ്പ ടിവിയുടെ മ്യൂസിക് മോജോ എന്ന പ്രോഗ്രാമില്‍ വാചാലം എന്‍ മൗനവും എന്ന ഗാനത്തിന്‍റെ (ചിത്രം: കൂടും തേടി, സംഗീതം: ജെറി അമല്‍ദേവ്, രചന: എം.ഡി. രാജേന്ദ്രന്‍) കവര്‍ വേര്‍ഷന്‍ ചെയ്തിരുന്നു. അതിഷ്ടമായാണ് റാണി ചിത്തിര മാര്‍ത്താണ്ഡ എന്ന ചിത്രത്തിന്റെ സംവിധായകനായ പിങ്കു പീറ്റര്‍ കോണ്ടാക്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഒരു ഷോട്ട് ഫിലിമില്‍ വാചാലം ഗാനത്തിന്റെ ആ വേര്‍ഷന്‍ ഉള്‍പ്പെടുത്താനുള്ള അനുമതി തേടിയായിരുന്നു എന്നെ വിളിച്ചത്. ആ പരിചയമാണ് റാണി ചിത്തിര മാര്‍ത്താണ്ഡയിലേക്കെത്തിച്ചത്. ആറ് പാട്ടുകളാണ് സിനിമയ്ക്ക് വേണ്ടി ചെയ്തിരിക്കുന്നത്. സിനിമയുടെ പശ്ചാത്തലസംഗീതവും ചെയ്യുന്നുണ്ട്. ആറ് ഗാനങ്ങള്‍ ആദ്യം പ്ലാനിലില്ലായിരുന്നു. പിന്നീട് തിരക്കഥയില്‍ കുറച്ച് മാറ്റങ്ങള്‍ കൊണ്ടുവന്നപ്പോള്‍ പാട്ടുകളുടെ എണ്ണവും കൂടി. മൂന്ന് പാട്ടുകള്‍ റിലീസായിക്കഴിഞ്ഞു. നല്ല പ്രതികരണമാണ് കിട്ടുന്നത്, ഹാപ്പിയാണ്.
സ്റ്റുവര്‍ട്ട് കോപ്ലന്‍ഡ്, വൂട്ടര്‍ കെല്ലര്‍മാന്‍, ത്രിലോക് ഗുര്‍ട്ടു, എല്‍. സുബ്രഹ്‌മണ്യം, റോയല്‍ ഫില്‍ഹാര്‍മൊണിക് ഓര്‍ക്കസ്ട്ര, ബ്രിട്ടീഷ് ക്വയര്‍, സീറ്റില്‍ ചേംബര്‍ ഓര്‍ക്കസ്ട്ര, ബാര്‍ബറ കജേറ്റാനോവിസ്, റിക്കി കെജ്, മ്യൂസിവേഴ്സല്‍ സ്ട്രിങ്സ് പ്രാഗ്, ഹരിഹരന്‍, ശിവമണി, ശങ്കര്‍ മഹാദേവന്‍, ലക്കി അലി, രഞ്ജീത് ബരോട്ട്, ലോണി പാര്‍ക്ക്, യേശുദാസ്, ചിത്ര, രവീന്ദ്രന്‍, ജോണ്‍സണ്‍...തീരുന്നില്ല മനോജ് ജോര്‍ജ് സഹകരിച്ചുപ്രവര്‍ത്തിച്ച പ്രമുഖര്‍.
വയലിന്‍ ആണ് മേഖല എന്നുതിരിച്ചറിഞ്ഞത് എങ്ങനെയാണ്? ഒരു വയലിന്‍ ലെജന്‍ഡിലേക്കുള്ള പഠനയാത്രയെക്കുറിച്ച്?
പള്ളിയിലെ കുര്‍ബാനകളില്‍ കേട്ടിരുന്ന വയലിന്റെ ശബ്ദം കേട്ട് അതിനോട് തോന്നിയ പ്രണയമാണ് പതിമൂന്നാമത്തെ വയസ്സില്‍ വയലിന്‍ പഠനം ആരംഭിക്കുന്നതിലേക്കെത്തിച്ചത്. തുടര്‍ന്ന് ലെസ്ലി പീറ്ററിന്റെ ശിഷ്യനായി കലാസദനിലേക്കെത്തി. കേരളത്തിലെ പ്രമുഖ സംഗീതപ്രതിഭകള്‍ക്കൊപ്പം വേദികള്‍ പങ്കിടാനുള്ള അവസരങ്ങള്‍ കലാസദനിലെ പഠനത്തിനിടെ ലഭിച്ചു. പിന്നീട് ചേതന മ്യൂസിക് അക്കാദമിയുടെ ഡയറക്ടര്‍ ഫാ. തോമസ് ചക്കാലമറ്റത്താണ് വെസ്റ്റേണ്‍ മ്യൂസിക് പഠിക്കാന്‍ പോണ്ടിച്ചേരിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചത്. സിസ്റ്റര്‍ മേരി ജൂഡിത്തിന്റെ ഗൈഡന്‍സില്‍ എല്‍.ടി.സി.എല്‍. സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കി. ഫിലോമിന തമ്പൂച്ചെട്ടി, ഗലീന ഹൈഫെറ്റ്സ്, അരവിന്ദ് സാന്ത്വന്‍ തുടങ്ങിയ ലെജന്‍ഡ്സിന്റെ ക്ലാസ്സുകള്‍ എനിക്ക് കൂടുതല്‍ ആഴത്തിലുള്ള പഠനത്തിന് സഹായകമായി. ഇന്ന് ഞാന്‍ അറിയപ്പെടുന്ന ഒരു വയലിനിസ്റ്റ് ആയി മാറിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഈ ഗുരുക്കന്‍മാരുടെ ആത്മാര്‍ഥതയും സ്നേഹവും അനുഗ്രഹവുമാണ്.
സ്പെക്ട്രം ഓഫ് ചക്രവ്യൂഹ, വേവ്സ് ഓഫ് ന്യൂ വേള്‍ഡ്, ഹബീബി, സ്പാര്‍ക്കിളിങ് സെലിബ്രേഷന്‍സ്, ബീന്‍ടൗണ്‍ ബ്ലൂസ്, സരസ്വതി... മനോജ് ജോര്‍ജ് എന്ന വയലിനിസ്റ്റ് കമ്പോസ് ചെയ്ത ചില ട്രാക്കുകള്‍, വയലിന്‍ എന്ന സംഗീതോപകരണത്തെ ഏറ്റവും ഹൃദ്യമായി അവതരിപ്പിച്ചിരിക്കുകയാണ് ഓരോന്നിലും. ഓരോ കമ്പോസിഷനും ഒന്നിനൊന്ന് മെച്ചം. കലാകാരന്‍മാരുടെ എണ്ണം കൂടുമ്പോള്‍ അവസരങ്ങള്‍ കുറയുകയല്ലേ എന്ന ചോദ്യത്തിന് മനോജ് നല്‍കുന്ന മറുപടി അതിലേറെ ഹൃദ്യമാണ്. സംഗീതത്തെ ഉപാസിക്കുക, കഠിനാധ്വാനം ചെയ്യുക... ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അതിന്റെ റിസല്‍റ്റ് ഉണ്ടാകുമെന്ന് ഉറപ്പാണ്, ഒരുപാട് കലാകാരന്‍മാരുണ്ട്. മുന്‍കാലത്തേക്കാള്‍ തങ്ങളുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരവും കൂടുതലുണ്ട്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ അതിനായി നിരവധി പ്ലാറ്റ്‌ഫോമുകളുമുണ്ട്, മനോജ് പറയുന്നു.
പുതിയ സംഗതികള്‍ സൃഷ്ടിക്കുകയും അവതരിപ്പിക്കുകയുമാണ് ഓരോ കലാകാരന്റേയും ആഗ്രഹവും ആവേശവും, താങ്കളുടെ സംഗീതജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം എന്താണ്?
മ്യൂസിക്കില്‍ എപ്പോഴും പുതുമയാര്‍ന്ന പരീക്ഷണങ്ങള്‍ ചെയ്തു നോക്കാറുണ്ട്. തിരക്കുകള്‍ കാരണം പുതിയ ആല്‍ബങ്ങള്‍ വൈകുന്നത് പതിവാണ്. കോവിഡ് കാലത്താണ് ഏറെക്കാലത്തിനു ശേഷം പുതിയ ഗാനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയം കിട്ടിയത്. ബെംഗളൂരുവിലെ മ്യൂസിക് സ്‌കൂളിന്റെ ഭാഗമായി ആ സമയത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. ഇന്ത്യയുടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ധാരാളം പേര്‍ ആ സമയത്ത് ക്ലാസുകളില്‍ ചേര്‍ന്നു. ഒരുപാടുപേര്‍ കോവിഡ് സമയം അത്തരം കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്നുണ്ട്. ഭാര്യ സുഷയ്ക്കാണ് സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ മേല്‍നോട്ടം.
ഇന്ത്യയില്‍ ഡിഫറന്റ് ആയ സംഗീതശൈലികള്‍ നിലവിലുണ്ട്. കൂടാതെ സിത്താര്‍, ദില്‍രൂബ, തബല, വീണ തുടങ്ങി ഇന്ത്യയുടെ തനതായ മ്യൂസിക് ഇന്‍സ്ട്രുമെന്റ്സ് ഉണ്ട്. ഇവയെല്ലാം യോജിപ്പിച്ചുകൊണ്ട് ഒരു ഇന്ത്യന്‍ ഫിലാര്‍മൊണിക് ഓര്‍ക്കസ്ട്ര (Philharmonic Orchestra- രണ്ട് മണിക്കൂര്‍ വരെ നീളുന്ന ഓര്‍ക്കസ്ട്രല്‍ എക്സ്പീരിയന്‍സ് ) ചെയ്യണമെന്നുള്ളതാണ് ഏറ്റവും വലിയ ആഗ്രഹം. അതിനുവേണ്ടിയുള്ള പ്രാഥമികശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ സംഗീതത്തിന്റെ ആത്മാവിനെ ഒറ്റ വേദിയില്‍ അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം. എത്രത്തോളം വിജയകരമാകുമെന്നറിയില്ല, എങ്കിലും അതിനുവേണ്ടി എന്നാലാകുംവിധം ശ്രമിക്കുക എന്നതാണ് ആഗ്രഹം.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഒരു സംഗീത ആല്‍ബം ചെയ്യാനുള്ള അവസരവും മനോജ് ജോര്‍ജിന് ലഭിച്ചു. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ ഒട്ടനവധി കലാകരന്‍മാര്‍ക്കൊപ്പം ചേര്‍ന്നാണ് ബേണിങ് ലവ് (Burning Love) എന്ന ആല്‍ബം തയ്യാറാക്കിയത്. വയലിന്‍ എന്ന സംഗീതോപകരണത്തിന്റെ മനോഹരസ്വനത്തെ നന്നായി ഉപയോഗപ്പെടുത്തിയ ബേണിങ് ലവ് മനോജിന്റെ സംഗീതയാത്രയുടെ മികച്ച ഒരേടായി മാറി.
മാര്‍പാപ്പയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ഒരു സംഗീത ആല്‍ബം ചെയ്യുക എന്നത് ജീവിതത്തില്‍ ഒരിക്കല്‍മാത്രം ലഭിക്കാവുന്ന അവസരമാണ്. ബേണിങ് ലവ്- അതുമായി ബന്ധപ്പെട്ട അനുഭവം പങ്കുവെക്കാമോ?
മാര്‍പാപ്പയുടെ (Pope Francis) 83-ാം പിറന്നാളാഘോഷങ്ങളുടെ ഭാഗമായാണ് ബേണിങ് ലവ് എന്ന ട്രാക്ക് ചെയ്യുന്നത്. ലോകത്തിന്റെ വിഭിന്ന ഭാഗങ്ങളില്‍നിന്നുള്ള വ്യത്യസ്ത സംഗീതശൈലികള്‍ കൂട്ടിയിണക്കിയാണ് ബേണിങ് ലവ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത മ്യൂസിക് കണ്ടക്ടര്‍ ഫ്രാന്‍സ്വ പിയറി ഡികാംപി (François Pierre Descamps)ന്റെ മേല്‍നോട്ടത്തില്‍ വിയന്നയില്‍ നിന്നുള്ള ചേംബര്‍ ഓര്‍ക്കസ്ട്രയാണ് ബേണിങ് ലവിന് അകമ്പടിയേകിയത്. പ്രശസ്ത ജര്‍മന്‍ ഗായിക ബാര്‍ബറ കയേറ്റാനോവിച്ച് (Barbara Kajetanowicz) ആയിരുന്നു ആല്‍ബത്തില്‍ പങ്കാളിയായ മറ്റൊരു പ്രമുഖ താരം. ജോഗ് രാഗത്തിലായിരുന്നു ട്രാക്ക് ഒരുക്കിയത്. 2019 ഡിസംബര്‍ 13-നും 15-നും ഹോങ് കോങ്ങിലും മക്കാവുവിലും ആല്‍ബത്തിന്റെ അവതരണം നടന്നു.
സംഗീതയാത്രയുടെ തിരക്കുകള്‍ക്കിടയിലും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായും മനോജ് സമയം കണ്ടെത്തുന്നു. ലിറ്റില്‍ ഫ്ളവര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ രക്ഷാധികാരി കൂടിയാണ് ഇദ്ദേഹം. സഹായപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖണാര്‍ഥമുള്ള പരിപാടികളുമായി സഹകരിക്കുന്ന മനോജ് അവശ്യസന്ദര്‍ഭങ്ങളില്‍ സ്വന്തം പ്രതിഫലം വേണ്ടെന്ന് വെക്കാറുമുണ്ട്. അതേസമയം, ഒപ്പം പ്രവര്‍ത്തിക്കുന്ന കലാകാന്‍മാര്‍ക്കുള്ള പ്രതിഫലം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. സ്വതന്ത്ര സംഗീതമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഒരു അവാര്‍ഡ് സംസ്ഥാന തലത്തിലെങ്കിലും ഏര്‍പ്പെടുത്തണമെന്നും മനോജ് പറയുന്നു. വിഷയം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ചെയ്ഞ്ച് ലൈവ്സ് ത്രൂ മ്യൂസിക് എന്നതാണ് സ്വന്തം നിയോഗമായി താങ്കള്‍ കരുതുന്നതെന്ന് കേട്ടിട്ടുണ്ട്. എത്തരത്തിലാണ് അത് പ്രാവര്‍ത്തികമാക്കുന്നത്? സംഗീതവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍?
ജീവിതപ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കണമെന്നുള്ള ഒരു ബോധമുണ്ടാകുന്നത് അപ്പച്ചന്‍ ജോര്‍ജ് ചിറ്റിലപ്പിള്ളിയില്‍ നിന്നാണ്. അപ്പച്ചന്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുമായൊക്കെ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. എന്നെക്കൊണ്ട് സാധിക്കുന്നത് ചെയ്യുന്നുവെന്നു മാത്രം. ഒരുപാട് പേര്‍ക്ക് സാമ്പത്തികസഹായം നല്‍കുക എന്നത് ഒറ്റയ്ക്കൊരാള്‍ക്ക് ചെയ്യാവുന്ന കാര്യമല്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സംഘടനകളുമായി സഹകരിച്ച് ധനശേഖരണാര്‍ഥമുള്ള സംഗീതപരിപാടികള്‍ ചെയ്യാറുണ്ട്. സംഗീതത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. ബെംഗളൂരു ജയിലില്‍ നടത്തിയ സംഗീതപരിപാടിയൊക്കെ മറക്കാനാകാത്തതാണ്. ജയില്‍ശിക്ഷ അനുഭവിക്കുന്നവര്‍ വരെ എത്ര ഗൗവമായാണ് സംഗീതത്തെ സമീപിക്കുന്നതെന്ന് ആ പരിപാടിയില്‍നിന്ന് മനസിലാക്കാന്‍ കഴിഞ്ഞു.
സംഗീതമേഖലയിലേക്ക് വരുമ്പോള്‍, അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറ്റവും സന്തോഷം ലഭിക്കുന്നത് അവരുടെ ടാലന്റിന് കിട്ടുന്ന അംഗീകാരമാണ്. അന്താരാഷ്ട്രതലത്തില്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിന് ഒരുപാട് അംഗീകാരങ്ങള്‍ നല്‍കി വരുന്നുണ്ട്. ഇന്ത്യയില്‍ അത്തരം അവാര്‍ഡുകളോ മറ്റോ ഇല്ല എന്നുതന്നെ പറയാം. കേരളത്തിലെങ്കിലും അത്തരമൊരു അവാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് ആഗ്രഹമുണ്ട്. ഒരുപാട് കലാകാരന്‍മാര്‍ക്ക് അതൊരു പ്രോത്സാഹനമായിരിക്കും. അത്തരമൊരു ആവശ്യവുമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാറിനെ കണ്ടിരുന്നു. സംഗീതമേഖലയിലെ സംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ 2015 ഓഗസ്റ്റില്‍ എന്നെ ആദരിക്കാനായി ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അപ്പോഴാണ് ഉമ്മന്‍ ചാണ്ടി സാറിനെ കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചത്. അദ്ദേഹമത് വളരെ താല്‍പര്യത്തോടെയാണ് കണ്ടത്, അപ്പോഴേക്കും സര്‍ക്കാര്‍ മാറിയതോടെ ആ ആവശ്യം നടപ്പാക്കാനായില്ല. പിന്നീട് മന്ത്രി എ.കെ.ബാലനോടും ഈ ആവശ്യം അവതരിപ്പിച്ചിരുന്നു. പക്ഷെ, നടപടിയൊന്നും ഉണ്ടായില്ല. ആ അഭ്യര്‍ഥന ഇപ്പോഴും സര്‍ക്കാരിന്റെ മുന്നില്‍ വെക്കാന്‍ ആഗ്രഹിക്കുകയാണ്.
തൃശ്ശൂരിലെ ഒളരിക്കരയാണ് മനോജിന്റെ സ്വദേശം. ജോര്‍ജ് ചിറ്റിലപ്പിള്ളിയും റോസി ജോര്‍ജുമാണ് മാതാപിതാക്കള്‍. ഭാര്യ സുഷ മനോജ്. നീല്‍ മനോജും നിയ റോസുമാണ് മക്കള്‍. ക്ലാസുകളും സംഗീതപരിപാടികളുമായി ബെംഗളൂരുവിലാണ് ഇപ്പോള്‍ താമസം. ബെംഗളൂരുവില്‍ മൂന്നിടങ്ങളിലായി മനോജ് ജോര്‍ജ് സ്‌കൂള്‍ ഓഫ് മ്യൂസിക് പ്രവര്‍ത്തിക്കുന്നുണ്ട്. സംഗീതോപകരണങ്ങള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പ്രമുഖ അന്താരാഷ്ട്ര കമ്പനികളായ Roland Corporation, Cantini Electric Violins, Stentor Violins എന്നിവയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് മനോജ് ജോര്‍ജ്. കൂടാതെ Yamaha Corporation ന്റെ ബ്രാന്‍ഡ് അംബാസഡറായി കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു. മൈ ജേണി വിത് വയലിന്‍ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് മനോജ്.

Content Highlights: Manoj George Violonist And Music Composer Interview
Published: 09 Oct 2023, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented