
മെയ് 10, ജീവിച്ചിരുന്നെങ്കില്‍ പ്രേക്ഷകര്‍ക്ക് ഓര്‍ക്കാവുന്ന ചലച്ചിത്രങ്ങള്‍ പെയ്തിറക്കി ഈ വര്‍ഷം ലോഹിതദാസ് സപ്തതിയിലേക്ക് പ്രവേശിക്കുമായിരുന്നു. 1999 ഓഗസ്ററിലെ ചിത്രഭൂമി ഓണപ്പതിപ്പിനായി ലോഹിയെ ഒററപ്പാലം അമരാവതിയിലെ ഇളംകുളിരുനിറഞ്ഞുനിന്ന വീട്ടില്‍ച്ചെന്നുകണ്ട് സംസാരിച്ചിരുന്നതിന്റെ പുന:പ്രസിദ്ധീകരണം.
തിരശ്ശീലയിലേക്ക്... ജീവിതം പെയ്തിറങ്ങുന്ന ഞാറ്റുവേല
അരയന്നങ്ങളുടെ ഭവനം പണിതുയര്‍ത്തുന്ന തിരക്കുകളിലേക്ക് ലോഹിതദാസ് ആഴ്ന്നിറങ്ങിക്കഴിഞ്ഞു. സ്നേഹവും നന്മകളും മങ്ങിവരുന്ന സമൂഹത്തിന്റെ പരിച്ഛേദം രഘുനാഥന്റെ ജീവിതയാത്രകളിലൂടെ ലോഹി ക്യാമറയിലൊപ്പുകയാണ്. ഒറ്റപ്പാലത്ത് 'അരയന്നങ്ങളുടെ വീട് ' എന്ന കാവ്യനാമത്തിലുള്ള ചിത്രത്തിന്റെ സാക്ഷാത്കാരത്തില്‍ ലോഹി മുഴുകട്ടെ. ചിത്രത്തിന്റെ രചനയുടെ മുഹൂര്‍ത്തങ്ങളില്‍ ലോഹി മലയാള സിനിമയുടെ ഇന്നുകളെയും സ്വന്തം സിനിമാസങ്കല്പങ്ങളെയും തുറന്നുവെക്കുന്നു. ആ മനസ്സിന്റെ തിരശ്ശീല ഉയരുമ്പോള്‍
?സ്‌ക്രിപ്റ്റ് തയ്യാറാവും മുമ്പേ ചിത്രങ്ങള്‍ അനൗണ്‍സ് ചെയ്യുന്നതും ചിത്രീകരണം തുടങ്ങുന്നതും മലയാള ത്തില്‍ സ്ഥിരം പ്രവണതയായിരിക്കുന്നു.
അത് ഒരു പ്രവണതയല്ല. നിവൃത്തികേടാണ്. തിരക്കുള്ളവരെ തേടി ഓഫറുകള്‍ വരുമ്പോള്‍ ചെയ്യേണ്ടിവരുന്നു. എന്നാല്‍ അതു സര്‍ഗപ്രക്രിയയെ ബാധിക്കുമെന്ന് പറയുന്നത് ശരിയല്ല. എഴുത്തിന് ഇത്ര സമയം വേണമെന്ന് പറയാനാവില്ല. കലപെട്ടെന്ന് തോന്നുന്ന ധ്വനിയാണ്. അങ്ങനെ എഴുതുന്നത് മികച്ചതായി വരും. 10 വര്‍ഷം വെച്ചിരുന്ന് മിനുക്കിയെ ഴുതിയ സ്‌ക്രിപ്റ്റുകള്‍ ചിലപ്പോള്‍ ഒന്നിനും കൊള്ളാത്തതാവാം . 'തനിയാവര്‍ത്തനം' ഷൂട്ടിങ് നടക്കവെയാണ് ഞാന്‍ സ്‌ക്രിപ്റ്റ് എഴുതിയത്. 'കിരീടം' അഞ്ചു ദിവസം കൊണ്ട് എഴുത്ത് പൂര്‍ത്തി യാക്കിയിരുന്നു. സിനിമക്ക് സ്‌ക്രിപ്റ്റ് നേരത്തെ തയ്യാറാ യിരിക്കണമെന്നാണെങ്കില്‍, സത്യജിത്‌റേയുടെ സിനിമകള്‍ സിനിമകളേയല്ലെന്ന് പറയേിവരും. അദ്ദേഹം സ്‌ക്രിപ്റ്റ് പോലും എഴുതുമായിരുന്നില്ല. ഷൂട്ടിങ് സമയത്താണ് അദ്ദേഹം സ്‌ക്രിപ്റ്റ് എഴുതിയിരുന്നത്.
മരണം വരെ ഇവർ അച്ഛനെ വേട്ടയാടി, പലപ്പോഴും പൊട്ടിക്കരയുന്നത് കണ്ടിട്ടുണ്ട്.
?നടനെ മുന്നില്‍ കണ്ട് സ് ക്രിപ്റ്റ് എഴുതുന്ന രീതി കൂടുതലാണല്ലോ?
അതു നല്ല നീക്കമല്ല. പണ്ട് ഒരു നിര്‍മാതാവ് കഥ കണ്ടെത്തെുന്നു. സംവിധായകനെ നിശ്ചയിക്കുന്നു. ആരെക്കൊണ്ട് തിരക്കഥ എഴുതിക്കണമെന്ന് തീരുമാനിക്കുന്നു. എന്നിട്ടാണ് ആര് അഭിനയിക്കും എന്ന് നിശ്ചയിക്കുന്നത്. ഇന്ന്, മോഹന്‍ലാലിന്റെ ഡേറ്റ് ഉണ്ട്, ഒരു സിനിമയെടുക്കാം എന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു. ഇപ്പോഴെല്ലാവരും നടനെക്കണ്ടാണ് കഥയുണ്ടാക്കുന്നതെന്ന്. ലാലിന്റേത് ഒരു പരിദേവനമായിരുന്നു. സ്റ്റാര്‍ഡം സപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ എഴുതുമ്പോള്‍ ജീവിതഗന്ധിയായ കഥകള്‍ കുറയുന്നു. ഞാന്‍ എഴുതുമ്പോള്‍ സിനിമയോ നടനെയോ മനസ്സില്‍ കാണാറില്ല. എന്റെ കഥാപാത്രങ്ങള്‍ക്കനുസരിച്ച് നടനെ മാറ്റുകയാണ് ഞാന്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സ്റ്റാര്‍ഡം അല്ല എനിക്കു വേണ്ടത്, അവരിലെ നടനെയാണ്. കിരീടത്തിന്റെ സമയത്ത് ചര്‍ച്ചയില്‍ ചിലര്‍ ചോദിച്ചു: മോഹന്‍ലാല്‍ അങ്ങനെ പേടിച്ചോടാമോ എന്ന്. ഞാന്‍ പറഞ്ഞു, മോഹന്‍ലാലല്ല സേതുമാധവനാണ് പേടിച്ചോടുന്നത്. ഈ കഥയില്‍ സേതുമാധവന്‍ പേടിച്ചോടിയേ പറ്റൂ. അയാള്‍ക്ക് കീരിക്കാടനെ ഭയമാണ്.
? ഈ പ്രവണതയ്ക്കൊരു പരിഹാരം?
പ്രേക്ഷകന് പരിഹാരം കാണാന്‍ പറ്റും . പ്രേക്ഷകനാണ് തിരഞ്ഞെടുക്കേണ്ടത്. മമ്മൂട്ടിയെ വേണോ ലാലിനെവേണോ അതോ മറ്റുവല്ലവരെയും വേണോയെന്ന് പ്രേക്ഷകന് തീരുമാനിക്കാനാവും. ഇതുവേണം, ഇതുവേണ്ട എന്ന് പ്രേക്ഷകന്‍ തീരുമാനിച്ചാല്‍ ആ വരച്ച വരയില്‍ നില്‍ക്കും. അതിനുള്ള അധികാരവും അവകാശവും പ്രേക്ഷകനുണ്ട്. ഈ പടം നല്ലതാണ് ഇതിനെ പ്രൊമോട്ടു ചെയ്യാം എന്ന് പ്രേക്ഷകന് തീരുമാനിക്കാനാവും. പടം നല്ലതാണ്. പക്ഷേ, കാണാനാളില്ല എന്ന അവസ്ഥ വരുന്നതെന്തുകൊണ്ട് ? ഒന്നിനും കൊള്ളാത്ത പടം കാണാന്‍ ആളുകയറുന്നതെന്തുകൊണ്ട്? അര്‍ഹിക്കുന്ന ഭരണാധികാരികളെ എന്നപോലെ അര്‍ഹിക്കുന്ന സിനിമയാണുണ്ടാവുന്നത്.
? തമിഴിലൊക്കെ മാറ്റമുണ്ട്....
അതെ, തമിഴില്‍ പുതിയ ആശയങ്ങള്‍ പരീക്ഷിക്കുന്നു. പുതിയ എഴുത്തുകാരും പുതിയ സംവിധായകരും കടന്നു വരുന്നു. പുതിയ ട്രീറ്റ് മെന്റ് ഉണ്ടാവുന്നു. അതു സ്വീകരിക്കാന്‍ പ്രേക്ഷകനും തയ്യാറാവുന്നു. അവര്‍ക്ക് രജനീകാന്തോ പ്രഭുവോ വേണമെന്നില്ല. പുതിയ ചെക്കന്മാര്‍ മതി. സഹ്യപര്‍വതം വരെയാണിതുള്ളത്. അവിടുന്നിങ്ങോട്ട് നമ്മളിപ്പോഴും മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം . . . എന്ന് കറങ്ങുന്നു.
? ഭൂതക്കണ്ണാടി പോലെ 'ഇന്‍സൈറ്റ്' ഉള്ള ചിത്രങ്ങള്‍ പിന്നീട് ലോഹിയില്‍ നിന്ന് ഉണ്ടായില്ല.
ഭൂതക്കണ്ണാടി പോലുള്ള ചിത്രങ്ങളുടെ രംഗത്തുനിന്ന് ഞാന്‍ മനഃപൂര്‍വം മാറിയതാണ്. എനിക്ക് സിനിമയില്‍ നിലനില്ക്കണമെന്ന് ആഗ്രഹമുണ്ട്. സിനിമയ്ക്ക് നിര്‍മാതാവ് മുഖ്യഘടകമാണ്. നിര്‍മാതാവിന് മുടക്കുന്ന മുതലെങ്കിലും തിരിച്ചുകിട്ടണം. ഭൂതക്കണ്ണാടിയെടുക്കുമ്പോള്‍ നിര്‍മാതാവിനോട് ഞാന്‍ പറഞ്ഞിരുന്നു, ഇത് ചെലവ് മാത്രം കവര്‍ ചെയ്യുന്ന പടമായിരിക്കും. പക്ഷേ, ശ്രദ്ധിക്കപ്പെടും. ഭൂതക്കണ്ണാടിപോലെ സാമ്പത്തികവിജയം നേടാനിടയില്ലാത്ത ചിത്രങ്ങള്‍ നിരന്തരമെടുത്ത് നിര്‍മാതാവിനെ കുത്തുപാളയെടുപ്പിക്കുന്നത് ശരിയാണോ? എന്നാലും ഞാന്‍ പറയുന്നു. ഭൂതക്കണ്ണാടിപോലൊരു ചിത്രമെടുക്കുന്ന നിര്‍മാതാവിനു വേണ്ടി ഞാന്‍ കാത്തിരിക്കുന്നു. അങ്ങനെയൊരാള്‍ വന്നാല്‍ ഭൂതക്കണ്ണാടിയോ അതിനു മുകളില്‍പോലുമോ നില്‍ക്കുന്ന ചിത്രമെടുക്കാന്‍ ഞാന്‍തയ്യാറാണ്. എനിക്ക് ഏറ്റവും എളുപ്പം ചെയ്യാവുന്നത് അത്തരം ചിത്രങ്ങളാണ് . കാരണം, അതിന്റെ വ്യാപാര വിപണന സാധ്യതകളെക്കുറിച്ച് ചിന്തിക്കേണ്ട. എനിക്ക് ജീവിതബന്ധമുള്ള കഥയാവുമെന്നതു കൊണ്ട് അതിനോട് കൂടുതല്‍ അടുത്തു നില്ക്കാന്‍ പറ്റും.
? ഭൂതക്കണ്ണാടിക്കു ശേഷമുള്ള താങ്കളുടെ ചിത്രങ്ങളുടെ നിലവാരം താഴുകയാണല്ലോ?
ഉദാഹരണത്തിന് 'കന്മദ'ത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രം മലയാളത്തിലെ മികച്ച ഒരു സ്ത്രീകഥാ പാത്രമാവുമായിരുന്നു. ഇടക്കുവെച്ച് അവരെ ചുംബിച്ചൊതുക്കി. -ഒതുക്കിയതൊന്നുമല്ല. അവര്‍ക്ക് പ്രാധാന്യം കുറഞ്ഞിട്ടുണ്ടാവാം.
? അവസാന രംഗങ്ങളില്‍ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ വിശുദ്ധനാക്കുന്നതിന്റെ ന്യായം?
-അയാള്‍ ഒരു ദുഷ്ടകഥാ പാത്രമാണെന്ന് ആരുപറ ഞ്ഞു? ഒരു പാവം മനുഷ്യനല്ലേ അയാള്‍. എന്തു ദുഷ്ടത്തരമാണ് അയാള്‍ ചെയ്യുന്നത്. ബോംബെയില്‍ ഒരു മോശപ്പെട്ട ജോലി ചെയ്തിരുന്നു എന്നു മാത്രം . നോക്കൂ, എന്റെ ചിത്രങ്ങളില്‍ വില്ലനില്ല. എനിക്ക് വില്ലനെ സങ്കല്പിക്കാന്‍ പറ്റിയിട്ടില്ല. കീരിക്കാടന്‍ വരെ വില്ലനല്ല. ഒരു ദുഷ്ടന്‍ ദുഷ്ടന്‍ മാത്രമല്ല. ദുഷ്ടത്തരം ചിലപ്പോള്‍ പ്രവര്‍ത്തിക്കേണ്ടി വന്നേക്കാം. ഞാന്‍ തന്നെ ചിലപ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ ക്രൂരമായി പെരുമാറി യേക്കാം.അടിസ്ഥാനപരമാ യി നമ്മളൊക്കെ അങ്ങനെയല്ലേ?
? 'ഓര്‍മച്ചെപ്പി'ന് ചില ഹിന്ദി ചിത്രങ്ങളുമായി സാമ്യമുണ്ടെന്ന് പറയുന്നത് ....?
ഉണ്ടായിരിക്കാം. അതിലെനിക്ക് വിരോധമില്ല. അ തൊരു തകരാറായി എനിക്കു തോന്നിയിട്ടില്ല. ഒരു കഥയുടെ വിഷയം കൊണ്ടുതന്നെ ആയിരംപേര്‍ സിനിമയുണ്ടാക്കും. ഓരോ എഴുത്തുകാരനും അവന്റെ മൗലികമായ ആറ്റിറ്റിയൂഡ്‌സ് പകര്‍ത്തുമ്പോഴാണ് അത് സ്വന്തമായിത്തീരുന്നത്. 'ഓര്‍മച്ചെപ്പ് 'എന്റെ സ്വന്തം അനുഭവമാണ്. എനിക്ക് ഒരു പെണ്‍കുട്ടിയോട് തോന്നിയ കടുത്ത പ്രണയം. പിന്നീട് ഞങ്ങള്‍ സ്വയം തീരുമാനിച്ച് പിന്‍വാങ്ങുകയായിരുന്നു. പ്രണയം പരിധിവിട്ടാല്‍ മനോരോഗമാ കും. അതാണ് ഓര്‍മച്ചെപ്പില്‍. പിന്നെ നിറം സംബന്ധിച്ച കോംപ്ലക്സിന് നെരൂദയുടെ ചില സ്വഭാവങ്ങളാണ്, കോംപ്ലക്സുകളാണ് എന്നെ സ്വാധീനിച്ചത്. നെരൂദയുടെ കവിതാശകലം 'നീയൊരു വെളുത്ത പാറ, വെളുത്ത മഞ്ഞുമലകള്‍പോലെ, ഞാനൊരു കറുത്ത തേരട്ടപോലെ ' എന്നു പറയുന്ന ഈ കോംപ്ലക്സ് ഓര്‍മച്ചെപ്പില്‍ മാത്രമല്ല, 'രാധാമാധവ'ത്തിലും ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു കറുത്ത ആണും വെളുത്തപെണ്ണും. ഒന്നിനും തടയാനാവാത്ത പ്രണയം . അവര്‍ക്ക് മരണം പോലും പ്രശ്നമല്ല. മരിക്കുമ്പോഴും അടുത്ത ജന്മത്തില്‍ കാത്തിരുന്നോട്ടേ എന്നു ചോദിക്കുന്ന അവസ്ഥ.
?എഴുത്ത് എന്ന അനുഭവത്തെക്കുറിച്ച്....
കഥകള്‍ കുറച്ചേയുള്ളൂ. എന്നാല്‍ ആവശ്യത്തിന് കഥകള്‍ വ്യാസന്‍ ഉണ്ടാക്കിയിട്ടുണ്ട്. ഓരോ എഴുത്തുകാരനും എഴുതുമ്പോള്‍ അതില്‍ അയാളുടെ അടിസ്ഥാന മുദ്ര പതിയും. വെള്ളപ്പൊക്കത്തെക്കുറിച്ച് എത്രപേര്‍ കഥയെഴുതിയി രിക്കുന്നു. പക്ഷേ, തകഴിയെഴുതിയത് നാമോര്‍ക്കുന്നു. ഞാനെഴുതുമ്പോള്‍, സിനിമ ചെയ്യുമ്പോള്‍ എന്റേതായ ട്രീററ്മെന്റ് ഉണ്ടാവും. എന്റെ സിനിമയുടെ സ്റേറാറി ത്രെഡ് മററു പല എഴുത്തുകാരും സിനിമയാക്കിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ സിനിമയാക്കുമ്പോള്‍ എന്റെ മുദ്ര അതിലുണ്ടാവും.സാമൂതിരി പറഞ്ഞതു പോലെയാണത്-'കുരുമുളകല്ലേ കൊണ്ടുപോകുന്നുള്ളൂ.ഞാററുവേല ഇവിടെത്തന്നെയുണ്ടല്ലോ'. ഒരു സ്റേറാറി ത്രെഡില്‍ എനിക്ക് എത്രവേണമെങ്കിലും സിനിമയുണ്ടാക്കാന്‍ പറ്റും. എല്ലാ സിനിമയും വ്യത്യസ്തമായിരിക്കും.ആരും തിരിച്ചറിയില്ല. 'ഭരത'ത്തില്‍ ഉപയോഗിച്ച പെരുന്തച്ചന്‍ കോംപ്ളക്സ് വെച്ച് എനിക്ക് നാല് സിനിമയുണ്ടാക്കാനാവും.'ഓര്‍മ്മച്ചെപ്പി'ന്റെ ത്രെഡില്‍ ഇനിയും സിനിമകളുണ്ടാക്കാം. എഴുത്തുതുടങ്ങുമ്പോള്‍ കഥയുടെ ഒരു തുമ്പേ എന്റെ മനസ്സിലുണ്ടാവൂ. ക്ലൈമാക്സിനെക്കുറിച്ച് ഞാന്‍ ആലോചിക്കാറേയില്ല.സ്വാഭാവികമായി എന്താണോവരുന്നത് അതാണ് ക്ലൈമാക്സ്. ക്ലൈമാക്സ് എന്നാല്‍ അതിഭീകരമായ എന്തോ ആണെന്ന ധാരണ പൊതുവേയുണ്ട്. കഥാപാത്രങ്ങളെല്ലാം ഒരുമിച്ച് കൂടല്‍, അടി, അതിനാടകീയമായി രഹസ്യം വെളിപ്പെടുത്തല്‍, പ്രസംഗങ്ങള്‍ എന്നിവയാണ് ക്ലൈമാക്സ് എന്നൊരു ധാരണയുണ്ടെന്ന് തോന്നുന്നു. ചിലരെന്നോട് ചോദിക്കാറുണ്ട്, ഈ ക്ലൈമാക്സ് താണുപോയില്ലേയെന്ന്. എന്റെ ക്ലൈമാക്സില്‍ ചിലപ്പോള്‍ രണ്ടുപേരെ കാണൂ, ചിലപ്പോള്‍ മൂന്നുപേര്‍. അത് സ്വാഭാവികമായി വരുന്നതുമാണ്. പിന്നെ, ഞാന്‍ അനുഭവിക്കാത്ത കഥകള്‍ എനിക്ക് എഴുതാനാവില്ല. എനിക്ക് ഫീല്‍ ചെയ്യാതെ എനിക്ക് എഴുതാനാവില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ കഥകളെക്കാള്‍ സ്വന്തം കഥകള്‍ ചെയ്യാനാണ് എനിക്ക് താല്പര്യം. സിനിമാക്കാര്‍ കഥ പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്.അത് എന്നെ സ്പര്‍ശിച്ചാല്‍ ആ കഥയില്‍ നിന്ന് ഒരു നിമിഷം വാങ്ങി ഞാന്‍ എഴുതാറുണ്ട്.
? സിനിമയുടെ ഇന്നത്തെ പരിതസ്ഥിതിയില്‍ ഒരു പുതിയ എഴുത്തുകാരന് കടന്നു വരാനാവുമോ?
-തീര്‍ച്ചയായും. ആര്‍ക്കും കടന്നുവരാം. എഴുതാന്‍ കഴിയുന്ന ഒരാളെ സിനിമാ ലോകം കാത്തിരിക്കുകയാണ്.
?മലയാള സിനിമയിലെ പ്രതിസന്ധിക്ക് താങ്കള്‍ കാണുന്ന കാരണമെന്താണ്?
-കാര്യബോധമുള്ള പ്ലാനിങ് ഇല്ലാത്തതുകൊണ്ട് മലയാള സിനിമയില്‍ അനാവശ്യ ചെലവ് വര്‍ധിക്കുന്നു. ഇപ്പോള്‍ ചുളുവില്‍ പടമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. താല്പര്യമുള്ള, സാമ്പത്തിക ശേഷിയുള്ള ജനുവിന്‍ നിര്‍മാതാക്കള്‍ കുറയുന്നു. മുമ്പുണ്ടായിരുന്ന പ്രമുഖ നിര്‍മാതാക്കള്‍ പലരും പിന്മാറി. പലരും രംഗത്തിറങ്ങാന്‍ ഭയക്കുന്നു. നിരന്തര പരാജയവും പണം തിരിച്ചുകിട്ടില്ലെന്ന തോന്നലും വര്‍ധിക്കുന്ന ചെലവും അവരെ ഫീല്‍ഡില്‍ നിന്ന് മാറ്റുന്നു. എല്ലാ ഭാഗത്തുനിന്നും ഗൗരവപൂര്‍ണമായ സമീപനമുണ്ടായാലേ ഈ പ്രതിസന്ധി പരിഹരിക്കാനാവൂ. നിര്‍മാതാവും സംവിധായകനും നടീനടന്മാരും ടെക്നീഷ്യന്മാരും എല്ലാവരും ചേര്‍ന്ന് പരിഹാരം കാണണം. ഒരു സിനിമയുണ്ടാക്കണം എന്ന് വിചാരിക്കാതെ എന്ത് സിനിമയുണ്ടാക്കണം എന്ന് നിര്‍മാതാക്കള്‍ വ്യക്തമായി ചിന്തിക്കണം.
?മുന്‍നിര നടീനടന്മാരും അവരോടൊപ്പമുള്ള ഒരുപാട് സഹായികളും ചെലവ്‌വര്‍ധിക്കുന്നതിന് കാരണമാവുന്നില്ലേ?
-അങ്ങനെയാണെങ്കില്‍ ഇപ്പറയുന്ന മുന്‍നിര നടീനടന്മാരെ ഒഴിവാക്കാം എന്നു പറ ഞ്ഞാല്‍ പ്രേക്ഷകര്‍ക്കും നിര്‍മാ താക്കള്‍ക്കും വിരോധമുണ്ടാ വുമോ? ഇവര്‍ രണ്ടു പേരും വേണ്ടെന്ന് പറഞ്ഞാല്‍ ഈ നടീനടന്മാരുണ്ടാവില്ലല്ലോ. അങ്ങനെ സംഭവിക്കുന്നില്ല. നടീനടന്മാരോ അവരുടെ സഹായികളോ ഒന്നും യഥാര്‍ഥ പ്രശ്നമല്ല. സഹായികളെ കൊണ്ടുവരുന്നതില്‍ കുറ്റം കാണാനാവില്ല. ഇപ്പോഴത്തെ കാലമാണ്, എല്ലാവരുടേയും മുഖത്തിട്ടുരച്ചത് തന്റെ മുഖത്തുരയ്ക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടാവില്ല. എന്നാല്‍ ഈ സഹായികളെ നിയന്ത്രിക്കാവുന്ന തേയുള്ളൂ. സഹായികളെ സ്വന്തം ചെലവില്‍ കൊണ്ടുവന്നോളൂ എന്ന് നടീനടന്മാരോട് പറയാം. സിനിമയുടെ പ്രതിസന്ധിക്ക് അതൊന്നും യഥാര്‍ഥ കാരണമാവുന്നില്ല.
മലയാളത്തില്‍ കഴിവുള്ള പുതിയ നടന്മാരെ കിട്ടുന്നില്ലല്ലോ?
-അതേ, കടന്നുവരുന്നവര്‍ക്ക് വാസനാബലം കുറവാണ്. പലര്‍ക്കും ചോക്ലേറ്റ് മുഖവും ആഗ്രഹവുമേയുള്ളൂ. പുതിയ നടന്മാരെ ഞാന്‍ തേടിനടക്കാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങളായി. തികച്ചും വ്യത്യസ്തമായൊരു പടം കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ ചെയ്യാനിരുന്നതാണ്. കഥാപാത്രങ്ങള്‍ക്ക് പറ്റിയവരെ കിട്ടാഞ്ഞിട്ട് മാറ്റിവെച്ചതാണ്. ആ അന്വേഷണത്തിലാണ് ഞാനിപ്പോഴും. എല്ലാ കഥാപാത്രങ്ങളേയും കുറിച്ച് എന്റെ മനസ്സിലൊരു രൂപമുണ്ട്. ഭൂതക്കണ്ണാടിയിലെ ശ്രീഹരി ഒരു നട ന ആയിരുന്നില്ല. എന്റെ ഒരു സുഹൃത്ത് മാത്രമായിരുന്നു. പിന്നെ കന്മദത്തിലെ മുത്തശ്ശി. സ്റ്റേറ്റ്‌സിലൊക്കെ പോയിട്ടുള്ള ഒരു വീട്ടമ്മയാണവര്‍. അങ്ങനെ പുതിയവരെ പ്രധാന കഥാപാത്രമാക്കി പടം ചെയ്യാനും ഞാന്‍ തയ്യാറാണ്.
?ഇപ്പോഴത്തെ പുതുമോടികളെ വിലയിരുത്താമോ?
സംയുക്താ വര്‍മയ്ക്ക് നല്ല കണ്ണുകളും നല്ല ഷേപ്പ് ഉള്ള മുഖവും ഉണ്ട്. വികാരം പെട്ടെന്ന് മിന്നിമറയുന്ന മുഖം അവരെ അഭിനയത്തില്‍ സഹായിക്കും. അവര്‍ക്ക് പരിചയക്കുറവുണ്ട്. എന്നാല്‍ ഇനിയും ചിത്രങ്ങളിലഭിനയിച്ച് പരിചയം നേടിയാല്‍ അവര്‍ നല്ല നടിയാകും. കുഞ്ചാക്കോ ബോബന്‍ ഉപയോഗിക്കാന്‍ കഴിയുന്ന നടനാണെന്നാണ് ഞാന്‍ കരുതുന്നത്. ഒരൊറ്റ ചട്ടക്കൂട്ടില്‍ നിര്‍ത്തിയതായിരുന്നു അയാളുടെ പരാജയം. ഒരു ചിത്രം വിജയിച്ചപ്പോള്‍ അതിന്റെ ചുവടുപിടിച്ചാണ് ഏറെ ചിത്രങ്ങള്‍ ചെയ്തത്. മലയാളത്തില്‍ ഗ്ലാമര്‍ കൊണ്ട് നിലനില്ക്കാനാവില്ല പെര്‍ഫോമന്‍സ് കൊണ്ടേ അതാവൂ. ഇത്രയും കൊല്ലമാ യിട്ടും മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞുനില്ക്കുന്നത് അവരുടെ ഗ്ലാമര്‍കൊണ്ടല്ല. പെര്‍ഫോമന്‍സ്‌കൊണ്ടാണ്. ഒരേ ടൈപ്പ് വേഷം പരമാവധി 5 വര്‍ഷത്തില്‍ കൂടുതല്‍ കണ്ടിരിക്കാനാവില്ല. പെര്‍ഫോമന്‍സ് സാധ്യതയുള്ള വേഷങ്ങള്‍ തേടി നടക്കുകയാണ് മമ്മൂട്ടിയും ലാലുമൊക്കെ. പുതിയ ചെക്കന്മാരും ചെയ്യേണ്ടത് അതാണ്. മമ്മൂട്ടിക്കും ലാലിനും ശേഷം അതേ റേഞ്ചിലുള്ള ആരെയും നമുക്ക് കണ്ടെത്താനായിട്ടില്ലെന്ന് ഓര്‍ക്കുക.
? തിരക്കഥാകൃത്തിനേയും സംവിധായകനേയും മറികടന്ന് സിനിമയില്‍ പേരെടുക്കുന്നത് കൂടുതലും നടന്മാരാണല്ലോ?
അത് സ്വാഭാവികമാണ്. അതില്‍ പരിഭവിച്ചിട്ട് കാര്യമില്ല. പെര്‍ഫോര്‍മര്‍ ആണ് ജനത്തിന് മുന്നില്‍ നില്ക്കുക. മമ്മൂട്ടിയുടെ ഡയലോഗ്, മോഹന്‍ലാലിന്റെ ഡയലോഗ് എന്നാണ് ജനങ്ങള്‍ പറയുക. കാരണം ജനങ്ങള്‍ക്ക് മുന്നില്‍ നില്ക്കുന്നത് അവരാണ്. അത് പണ്ടുമുതലേയുള്ളതല്ലേ. കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ഭീമന്‍ എന്നാണ് പറയുക. ചിട്ടപ്പെടുത്തിയ ആളുടെ പേരല്ല. യേശുദാസിന്റ പാട്ട് എന്നല്ലേ പറയുക. അതിന് പിന്നില്‍ രവീന്ദ്രനും ജോണ്‍സണും കുത്തിയിരുന്ന് സംഗീതം നല്ലിയത് അത്രജനമോര്‍ക്കില്ല
?തിരക്കഥാകൃത്തോ, സംവിധായകനോ ഏതാണ് ലോഹിക്ക് പ്രിയം?
എനിക്ക് അവകാശപ്പെട്ട് പറയാവുന്നത് എഴുത്താണ്. എഴുത്തില്‍ എനിക്ക് കൂടു തല്‍ ഹരമുണ്ട്, കൂടുതല്‍ സു ഖമുണ്ട്, കൂടുതല്‍ വേദനയു മുണ്ട് . ലോഹിതദാസ് എന്ന എഴുത്തുകാരനെ സഹായിക്കാന്‍ ലോഹിതദാസേയുള്ളൂ. ലോഹിതദാസ് എന്ന സംവിധായകനെ സഹായിക്കാന്‍ നടീനടന്മാര്‍ മുതല്‍ പ്രൊഡക്ഷന്‍ ബോയ് വരെയുള്ളവരുണ്ട്. അവരെയൊക്കെ നിയന്ത്രിക്കുന്ന ബുദ്ധിപൂര്‍വങ്ങളായ നീക്കങ്ങളാണ് സംവിധായകന് ചെയ്യാനുള്ളത്.
Content Highlights: Remembering AK Lohithadas, classic Malayalam films, Filmography, Interview
Published: 10 May 2024, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented