കൊട്ടാരസമാനമായ വേദി. പുറത്ത് ഒരു ബോർഡ് തൂങ്ങിക്കിടപ്പുണ്ടാവും, 'സ്ത്രീകൾക്കും കുട്ടികൾക്കും പ്രവേശനമില്ല'. വേദിയിലപ്പോൾ സത്കലാദേവി എന്ന അവതരണ​ഗാനം ആരംഭിച്ചിട്ടുണ്ടാവും. കടമറ്റത്ത് കത്തനാരോ രക്തരക്ഷസോ ആകും വേദിയിൽ തുടർന്ന് അവതരിപ്പിക്കപ്പെടുക. പറഞ്ഞുവരുന്നത് കലാനിലയത്തേക്കുറിച്ചാണ്. സിനിമപോലും സാങ്കേതികവിദ്യയിൽ പിന്നാക്കം നിൽക്കുമ്പോൾ അതിനെ വെല്ലുന്ന അദ്ഭുതങ്ങൾ കാഴ്ചക്കാരന്റെ കൺമുന്നിൽ അവതരിപ്പിച്ചു കലാനിലയം കൃഷ്ണൻ നായർ. 44 നാടകങ്ങളിലൂടെ കാഴ്ചയുടെയും ശബ്ദത്തിന്റെയും പുത്തൻ നിറക്കാഴ്ചതന്നെയായിരുന്നു കലാനിലയം ഒരുക്കിയത്. 1935-ലെ ലാവണ്യലഹരിയിൽത്തുടങ്ങിയ കലാനിലയം കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെ വീണ്ടും വരികയാണ്. ഏരീസ് കലാനിലയം എന്ന പേരിൽ 7.1 ശബ്ദവിന്യാസത്തോടെ. ഇതിന് ചുക്കാൻപിടിക്കുന്നതാകട്ടെ കൃഷ്ണൻനായരുടെ മകൻ അനന്തപദ്മനാഭനും. വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ സോഹൻ റോയിക്കൊപ്പം ചേർന്ന് നടത്തുന്ന കലാനിലയത്തിന്റെ ഈ അപ്​ഗ്രഡേഷനേക്കുറിച്ച് അനന്തപദ്മനാഭൻ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു...

To advertise here,

കേരളത്തില്‍ നാലിടങ്ങളില്‍ ഏരീസ് കലാനിലയം സ്ഥിരം നാടകവേദി വരും

സ്ഥിരം നാടകവേദി എന്നത് 1960- മുതല്‍ അച്ഛന്‍ സ്വപ്‌നം കാണുന്നതാണ്. 1970 കാലഘട്ടത്തില്‍ ഗോകുലം പാര്‍ക്കിന്റെ മുന്നിലുള്ള സ്ഥലം അച്ഛന്‍ എടുത്തിരുന്നു. താഴെ നാടക തിയേറ്റര്‍, മുകള്‍ നിലയില്‍ സിനിമാ തിയേറ്റര്‍, എസ്‌കലേറ്ററോടുകൂടിയ ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയെല്ലാം ഒരുമിക്കുന്ന സംവിധാനത്തിന് അച്ഛന് പദ്ധതിയുണ്ടായിരുന്നു. എഴുപതുകളിലാണ് ഈ ചിന്തയെന്നോര്‍ക്കണം. കാൽനാട്ട് കര്‍മത്തിനടുത്തുവരെ എത്തിയെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍കൊണ്ട് ആ പദ്ധതി നടക്കാതെപോയി. അച്ഛന്റെ ആ സ്വപ്‌നമാണ് നമ്മുടെ അടുത്ത ലക്ഷ്യം.

തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഏരീസ് കലാനിലയം സ്ഥിരംനാടകവേദി വരും. നാടകങ്ങളുടെ ഹബ്ബായി അതുമാറും. ഇവിടെ കലാനിലയത്തിന്റെ നാടകങ്ങള്‍ക്കൊപ്പം മറ്റുനാടകങ്ങള്‍ കളിക്കാനും അവസരമൊരുക്കും. നാടകത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന മ്യൂസിയവും ഇതിനൊപ്പമുണ്ടാവും. ഏരീസ് ഗ്രൂപ്പുമായി സഹകരിക്കുന്നതുതന്നെ ഇതിന്റെ ഭാഗമായാണ്.

placeholder
രക്തരക്ഷസ് എന്ന നാടകത്തിൽനിന്ന്

കലാനിലയത്തെ തിരിച്ചുകൊണ്ടുവരുന്നത് വലിയ സാഹസം

വളരെ വലിയ ഒരു സാഹസമാണിത്. പ്രത്യേകിച്ച് ഈയൊരു കാലഘട്ടത്തില്‍ വലിയൊരു സംഭവം തിരിച്ചുകൊണ്ടുവരിക എന്നുപറയുന്നത്. നമുക്ക് അതിനുള്ള കരുത്ത് കലാനിലയം എന്നൊരു ബ്രാന്‍ഡ് മനുഷ്യന്റെ മനസില്‍ നില്‍ക്കുന്നു എന്നുള്ള പൂര്‍ണവിശ്വാസമാണ്. ഏതൊരു സ്ഥാപനവും കൊണ്ടുവരുമ്പോള്‍ ബ്രാന്‍ഡിങ് ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ. കാലത്തിനനുസരിച്ച് മാറ്റേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് നമ്മള്‍ ഇതൊരു കോര്‍പ്പറേറ്റ് കമ്പനിയാക്കി ഏരീസ് ഗ്രൂപ്പുമായി സഹകരണം ഉറപ്പാക്കിയത്. ആ സഹകരണം കലാനിലയത്തിന്റെ തിരിച്ചുവരവിന് ഏറെ സഹായകരമാണ്. വ്യവസായി എന്നതിലുപരി ഒരു കലാകാരന്‍കൂടിയാണ് ഏരീസ് ഗ്രൂപ്പ് മേധാവി സോഹന്‍ റോയ്. നാടകം നാളെ കേരളത്തില്‍ മാത്രമായി ഒതുങ്ങിപ്പോകരുത്. എല്ലായിടത്തും നാടകം കളിക്കാവുന്ന രീതിയില്‍ സാങ്കേതികതയില്‍ അധിഷ്ഠിതമായി മാറണം എന്നത് സോഹൻ റോയിയുടെ ആ​ഗ്രഹമാണ്. ഇപ്പോള്‍ സിനിമകളില്‍ നടക്കുന്നതരം മാറ്റങ്ങള്‍ നാടകങ്ങളിലും ഉണ്ടാവണം. അതിന് പറ്റിയ പ്ലാറ്റ്‌ഫോമാണ് കലാനിലയത്തിന്റേത്. അതിന്റെ തുടക്കമെന്നോണമുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു നാടകക്കമ്പനി കോര്‍പ്പറേറ്റ് കമ്പനിയായി വരുന്നത് ആദ്യത്തെ സംഭവമായിരിക്കും. 1963-ല്‍ സ്ഥിരം നാടകവേദി എന്ന വലിയ മാറ്റമാണ് അച്ഛന്‍ മലയാള നാടകവേദിയില്‍ കൊണ്ടുവന്നത്. കലാനിലയം എന്ന ബ്രാന്‍ഡിന്റെ അപ്ഗ്രഡേഷനാണിപ്പോള്‍ നടക്കുന്നത്.

ജനിച്ചതും വളര്‍ന്നതും കലാനിലയത്തിനൊപ്പം

സത്യത്തില്‍ ഞാന്‍ ജനിച്ചതും വളര്‍ന്നതും കലാനിലയത്തിനൊപ്പമാണ്. എന്നെ പ്രസവിക്കുന്നതിന് അഞ്ച് ദിവസം മുന്‍പുവരെ അമ്മ 18 വയസുകാരിയായി വേഷമിട്ടിട്ടുണ്ട്. എന്നെ പ്രസവിച്ച് നേരെ ഇങ്ങോട്ടാണ് കൊണ്ടുവന്നത്. ഞാനാദ്യമായി കേട്ടത് തിയേറ്ററിലെ ശബ്ദങ്ങളായിരിക്കണം. വി.കെ. അരവിന്ദാക്ഷ മേനോന്‍, അക്ബര്‍ ശങ്കരപിള്ള, ചങ്ങനാശ്ശേരി നടരാജന്‍, പാപ്പനംകോട് ലക്ഷ്മണന്‍, സി.ഐ. പോള്‍ പോലുള്ള മഹാരഥന്മാരാണ് അന്ന് കലാനിലയം നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്നത്. ചെറുപ്പത്തില്‍ ഇവരുടെയൊക്കെ അഭിനയം കണ്ടിട്ടാണ് നാടകത്തോടുള്ള ഭ്രമം കൂടിയത്. അഭിനയം മാത്രമല്ല നാടക പ്രസ്ഥാനത്തോടുതന്നെ ഭയങ്കര ഡെഡിക്കേഷനായിരുന്നു ഇവര്‍ക്കെല്ലാമുണ്ടായിരുന്നത്. ഹോസ്റ്റലില്‍ നിന്നായിരുന്നു പഠനം. നാടകത്തിന്റെ റിഹേഴ്‌സല്‍ കാണാന്‍ ഭയങ്കര ഇഷ്ടമായിരുന്നു. അതു കാണാന്‍ പനിയോ മറ്റോ വന്നെന്ന് പറഞ്ഞ് ഹോസ്റ്റലില്‍നിന്ന് ചാടും. പിന്നെ ആര്‍ട്ട് വര്‍ക്ക് ചെയ്യുന്ന ആര്‍ട്ട് റൂമിലിരിക്കും. തൃപ്പൂണിത്തുറ കുമാരന്‍ നായരായിരുന്നു ടെക്‌നിക്കല്‍ സെറ്റിങ്‌സ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ കൂടെ സെറ്റുണ്ടാക്കുന്ന സ്ഥലത്ത് പോയിരിക്കും. കുട്ടിക്കാലം മൊത്തം അതിനകത്തുതന്നെയായിരുന്നു കറക്കം.

placeholder
അച്ഛനും അമ്മയ്ക്കുമൊപ്പം അനന്തപദ്മനാഭൻ

അച്ഛനൊപ്പമുള്ള ഓര്‍മകള്‍

ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞപ്പോഴേക്കും അച്ഛന്‍ മരിച്ചു. അച്ഛന്‍ ഒന്നും പറഞ്ഞുതന്നിട്ടില്ലെങ്കിലും അദ്ദേഹത്തില്‍നിന്ന് ഞാന്‍ പലതും കണ്ടുപഠിക്കുകയായിരുന്നു. അച്ഛനെ വല്ലപ്പോഴുമേ കാണാന്‍ കിട്ടാറുള്ളൂ. നാടകം മാത്രമല്ലല്ലോ ഉള്ളത്. തനിനിറം പേപ്പറുണ്ട്, സിനിമാ നിര്‍മാണവും വിതരണവും എസ്റ്റേറ്റും ഹോട്ടലും എല്ലാം നോക്കണം. നാടകം തുടങ്ങുന്ന സമയം വരും. പിന്നെ അമ്മ തിയേറ്ററില്‍ മുഴുവന്‍ സമയവുമുണ്ടായിരുന്നു. അമ്മയാണ് പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. കലാനിലയത്തിന്റെ നാടകങ്ങളിലെ മുഖ്യ അഭിനേത്രിയും അമ്മയായിരുന്നു. ഞാനും അച്ഛനും അമ്മയുംകൂടി കൊടുങ്ങല്ലൂരുള്ള വീട്ടില്‍ എന്റെ ജീവിതത്തിലാകെ താമസിച്ചിട്ടുള്ളത് ഒന്നോ രണ്ടോ ദിവസമാണ്. തിയേറ്ററില്‍ത്തന്നെയായിരുന്നു ഞങ്ങളുടെ ജീവിതം മുഴുവന്‍. ഒരു ഷര്‍ട്ട് വേണമെന്ന് പറഞ്ഞാല്‍ മേടിച്ച് തന്നിരുന്നില്ല. മാനേജരോട് പറഞ്ഞിട്ട് അദ്ദേഹമാണ് അച്ഛനോട് ഷര്‍ട്ട് വേണമെന്ന് പറയുക. ഷര്‍ട്ടിന്റെ തുണി കടയില്‍നിന്ന് വാങ്ങുകയല്ല. തിയേറ്ററില്‍ ഒന്നിലേറെ നാടകങ്ങളുടെ കര്‍ട്ടനുകള്‍ക്ക് വേണ്ടി തുണി വാങ്ങിവെച്ചിട്ടുണ്ടാവും. ഷര്‍ട്ട് വേണമെന്ന് മാനേജര്‍വഴി പറയുമ്പോള്‍ തയ്യല്‍ക്കാരനോട് ആ കര്‍ട്ടന്‍ തുണിയില്‍നിന്ന് ഷര്‍ട്ടടിച്ചു കൊടുത്തോളാന്‍ പറയും. 

കലാനിലയത്തിന്റെ നാടകങ്ങള്‍ കാലാതീതം

എല്ലാം അച്ഛന്റെ ആശയങ്ങളാണ്. സ്ഥിരം നാടകവേദിക്ക് മുന്‍പാണ് കടമറ്റത്ത് കത്തനാരും കായംകുളം കൊച്ചുണ്ണിയും ചെയ്തത്. രക്തരക്ഷസാണ് അതിനുശേഷം വന്നത്. ഐതിഹ്യമാലയിലെ കടമറ്റത്ത് കത്തനാര്‍ എന്ന ഒരു കൊച്ചുകഥ കലാനിലയം ആണ് ആദ്യമായി ഒരു നായകപരിവേഷം നല്‍കി കലാരൂപമായി അവതരിപ്പിച്ചത്. അതിനുശേഷമാണ് സിനിമയും സീരിയലുമൊക്കെ വരുന്നത്. കായംകുളം കൊച്ചുണ്ണിയുടെ കഥയും അതുപോലെതന്നെ. കേരളത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവകാരി എന്നുപറഞ്ഞ് അച്ഛനാണ് ആ കഥാപാത്രത്തെ നാടകത്തില്‍ അവതരിപ്പിച്ചത്. ഏറ്റവുമൊടുവില്‍ നിവിന്‍ പോളിയുടെ സിനിമ പോലും വന്നത് കലാനിലയത്തിന്റെ നാടകത്തിന്റെ വിജയവും ടൈറ്റില്‍ വാല്യൂ കണ്ടിട്ടുമാണ്. നാടകത്തില്‍ കൊച്ചുണ്ണിയായി അഭിനയിച്ച നടനാണ് വി.കെ. അരവിന്ദാക്ഷ മേനോന്‍. അദ്ദേഹത്തിനാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഏറ്റവും മികച്ച നാടക നടനുള്ള അവാര്‍ഡ് ഇന്ദിരാ ഗാന്ധി കൊടുത്തത്. അതിനുശേഷം ഇങ്ങനെയൊരു പുരസ്‌കാരം മലയാളത്തില്‍നിന്ന് വേറെയാര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. കലാനിലയത്തിന്റെ നാടകങ്ങളെല്ലാം കാലത്തിന് അതീതമാണ്. ഇത്രയും വലിയ സ്റ്റേജില്‍ സാധാരണ സംഭവമെടുത്ത് ചെയ്ത് ഫലിപ്പിക്കാന്‍ പ്രയാസമാണ്. അതിനാലാണ് കലാനിലയം ചരിത്രസംഭവങ്ങളും ഹൊറർ സംഭവങ്ങളും പ്രമേയമാക്കുന്നത്.  ടെക്‌നോളജി എന്നത് അച്ഛന്റെ മനസില്‍ അന്നേയുള്ള കാര്യമാണ്. ഈയിടെ എന്റെ ഭാര്യ ബ്രോഡ് വേ തിയേറ്ററില്‍ പോയി നാടകം കണ്ടിരുന്നു. പക്ഷേ, കലാനിലയത്തിന്റെ നാടകം കണ്ടിട്ടുള്ളതിനാല്‍ അവിടത്തെ നാടകാവതരണം വലിയ അദ്ഭുതമായി തോന്നിയില്ലെന്നാണ് പറഞ്ഞത്. അച്ഛന്‍ ചെയ്ത നാടകങ്ങള്‍ക്ക് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടാണ് ഞാന്‍ ചെയ്യുന്നത്. അച്ഛന്‍ ചെയ്ത രക്തരക്ഷസില്‍ അല്പം മാറ്റത്തോടെയാണ് ഞാന്‍ 2003-ല്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ അവതരിപ്പിക്കുമ്പോള്‍ ഇനിയും മാറ്റങ്ങളുണ്ടാകും. ഇതൊക്കെ ഒരു പരീക്ഷണമാണ്. ജനങ്ങള്‍ കണ്ടിട്ടുവേണം അഭിപ്രായം പറയാന്‍.

placeholder
കലാനിലയത്തിന്റെ വേദി

കലാനിലയത്തിന്റെ ടാഗ് ലൈന്‍

രക്തരക്ഷസും കടമറ്റത്ത് കത്തനാരും കളിക്കുമ്പോള്‍ പണ്ട് വേദിക്കുപുറത്ത് ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രവേശനമില്ല എന്ന ബോര്‍ഡ് വെക്കുമായിരുന്നു. ഇത്തവണയും നമ്മുടെ ടാഗ് ലൈന്‍ അതാണ്. ലൈവ് കാണുമ്പോള്‍ സ്വാഭാവികമായും വ്യത്യാസമുണ്ടാവുമല്ലോ. അത്രയും വലിയ സൗണ്ട് എഫക്റ്റ് അവരെ ബാധിക്കും. ഇന്നത്തെ കാലത്ത് പേടി എന്ന സംഭവമില്ല. നാടകത്തിൽ പേടിയുളവാക്കുന്ന സന്ദര്‍ഭങ്ങളുണ്ടാക്കുക എന്നേയുള്ളൂ. ഇന്നത്തെ കാലത്ത് യക്ഷിയെ കണ്ടാലൊന്നും ആരും പേടിക്കില്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മനുഷ്യന്റെ ചിന്താഗതിയും മാറിയിട്ടുണ്ട്. പണ്ട് രക്തരക്ഷസ് നാടകം കഴിഞ്ഞ് ആളുകള്‍ പേടിച്ചിട്ട് രാത്രി വീട്ടില്‍പ്പോകാതെ ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങി പിറ്റേന്ന് എഴുന്നേറ്റ് പോയ അനുഭവമൊക്കെ പലരും പറഞ്ഞിട്ടുണ്ട്. ആ പ്രതീതി ഇന്നത്തെ കാലത്ത് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

ഉയര്‍ത്തെഴുന്നേൽപും ജഗതിയും

പ്രീഡിഗ്രി കഴിഞ്ഞ് ഞാന്‍ നില്‍ക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. തിയേറ്റര്‍ വീണ്ടും തുടങ്ങാന്‍ അമ്മ സമ്മതിച്ചില്ല. 150-ഓളം തൊഴിലാളികള്‍ ജീവിച്ചുപോരുന്ന പ്രസ്ഥാനമാണല്ലോ കലാനിലയം. ഒരു സൊസൈറ്റി പോലെ ഉണ്ടാക്കിയിട്ട് അവരെ ഏല്പിക്കുകയാണ് ചെയ്തത്. ഒരു വ്യക്തി നടത്തിക്കൊണ്ടുപോവുന്നപോലെ ഒരു ഗ്രൂപ്പിന് നടത്താന്‍ പറ്റില്ലല്ലോ. ആ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ താമസിയാതെ നിന്നു. എന്റെ മനസില്‍ നാടകം വീണ്ടും നടത്തണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ, അമ്മ സമ്മതിച്ചില്ല. അങ്ങനെ എന്റെ കല്യാണമൊക്കെ കഴിഞ്ഞു. അന്നൊക്കെ ജഗതി ചേട്ടന്‍ ഇടയ്ക്കിടെ വീട്ടില്‍ വരും. കലാനിലയം നാടകം വീണ്ടും തുടങ്ങുമ്പോള്‍ താനും ഉണ്ടാവുമെന്ന് അദ്ദേഹം പറയും. അപ്പോള്‍ അമ്മ സമ്മതിക്കാത്ത കാര്യം ഞാന്‍ അമ്പിളിച്ചേട്ടനോടു പറയും. അങ്ങനെ കലാനിലയം വീണ്ടും തുടങ്ങാന്‍ ജഗതിച്ചേട്ടന്‍ അമ്മയെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് 2003-ല്‍ കലാനിലയം പുനരുജ്ജീവിപ്പിക്കുന്നത്. ജഗതിച്ചേട്ടന് അപകടം പറ്റിയതിനുശേഷം സ്ഥിരം നാടകവേദി ഞാൻ നിര്‍ത്തിയിരുന്നു. പിന്നീട് പുതിയ വേദിയിൽ ഹിഡുംബി പോലുള്ള നാടകങ്ങളാണ് അവതരിപ്പിച്ചത്. പക്ഷേ അപ്പോഴും പ്രേക്ഷകരിൽനിന്ന് വരുന്ന പ്രതികരണങ്ങള്‍ രക്തരക്ഷസും കത്തനാരും വീണ്ടും കൊണ്ടുവരുന്നതിനേക്കുറിച്ചായിരുന്നു. കലാനിലയം എന്ന ബ്രാന്‍ഡില്‍ നിന്ന് എനിക്ക് പിന്‍മാറാനും പറ്റില്ല. കലാനിലയം എന്നുകേള്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസിലുള്ളതും ഒരുപാട് നടീനടന്മാരും വേദിയിലേക്ക് വരുന്ന കാറും വിമാനവും ഒക്കെയാണ്. തിയേറ്റര്‍ സിനിമ എന്നൊക്കെ പറയാവുന്ന ഏതൊരാള്‍ക്കും ആസ്വദിക്കാവുന്നതരത്തിലുള്ള സംഭവമാണ് നമ്മള്‍ ചെയ്യുന്നത്. രക്തരക്ഷസ് രണ്ട് ഭാഗങ്ങളായാണ് വരാന്‍ പോകുന്നത്. പഴയ രക്തരക്ഷസ് നാടകത്തില്‍ വരാനിരിക്കുന്ന ഭാഗത്തിന്റെ ലിങ്ക് ഇട്ടിട്ടാണ് അവതരിപ്പിക്കുക.

placeholder
നടൻ ജ​ഗതി ശ്രീകുമാറിനൊപ്പം അനന്തപദ്മനാഭൻ

സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ കലാനിലയത്തിലെ നടനാകുമായിരുന്നെന്ന് നടന്‍ മധു

അച്ഛനുമായി വളരെയടുത്ത് ബന്ധമുള്ളയാളാണ് നടന്‍ മധു സാര്‍. നമ്മുടെ പല നാടകങ്ങളും ഉദ്ഘാടനംചെയ്തത് അദ്ദേഹമാണ്. പണ്ട് ഒരു വിമാനാപകടത്തില്‍നിന്ന് മധു സാര്‍ അച്ഛനെ രക്ഷിച്ച സംഭവമുണ്ട്. മദ്രാസില്‍ വെച്ചായിരുന്നു ആ അപകടം. അന്ന് ആ വിമാനത്തില്‍ അച്ഛനും മധു സാറിനുമൊപ്പം അടൂര്‍ ഭാസി പോലെ കുറേ സിനിമാക്കാരുണ്ടായിരുന്നു. വിമാനം ക്രാഷ് ലാന്‍ഡ് ചെയ്യുകയായിരുന്നു. അന്ന് എല്ലാവരും അപകടത്തില്‍നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലും ആശ്വാസത്തിലും ഇരിക്കുമ്പോള്‍ അച്ഛന്‍ മാത്രം ദുഃഖിതനായിരുന്നു. ഇതുകണ്ട് മധുസാര്‍ കാര്യമന്വേഷിച്ചപ്പോള്‍ തന്റെ കണ്ണട ആ വിമാനത്തിലായിപ്പോയെന്നാണ് അച്ഛന്‍ മറുപടി പറഞ്ഞത്. പിന്നെ സിനിമയുമായി ബന്ധമുള്ളതുകൊണ്ട് അച്ഛന് എല്ലാ നടന്മാരുമായും അടുപ്പമുണ്ടായിരുന്നു. നമ്മളാണ് ഐ.വി.ശശിയുടെ ആദ്യചിത്രം അച്ഛനായിരുന്നു നിര്‍മിച്ചത്. സുകുമാരനെ നാടകത്തില്‍നിന്ന് സിനിമയില്‍ക്കൊണ്ടുവന്നത് അച്ഛനാണ്. 

മലയാള നാടകങ്ങളുടെ ഭാവി

മലയാള നാടകങ്ങളുടെ ഭാവിക്ക് ഒരു കുഴപ്പവുമില്ല. നാടകം മരിക്കുന്നു എന്നൊക്കെ പറയുന്നത് വെറുതെയാണ്. നാടകം കാണാന്‍ ഇഷ്ടംപോലെ ആളുകളുണ്ട്. കാലം മാറുമ്പോള്‍ ജനങ്ങളുടെ അഭിരുചികളും മാറുകയാണ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും പുതുമകളും നാടകത്തില്‍ വരണം. 1973-ലെ രക്തരക്ഷസല്ല നമ്മളിപ്പോള്‍ കളിക്കുന്നത്. എല്ലാ വിനോദോപാധികളും സ്വന്തം വിരല്‍ത്തുമ്പില്‍ക്കിട്ടുന്ന കാലമാണിത്. അങ്ങനെയൊരു കാലത്തെ ജനങ്ങളെ തിയേറ്ററിലേക്ക് കൊണ്ടുവരണമെങ്കില്‍ അവര്‍ക്കിഷ്ടപ്പെടുന്നതും രസിപ്പിക്കുന്നതുമായ പ്രമേയങ്ങളും അവതരണരീതികളും കൊണ്ടുവരണം. വിദേശരാജ്യങ്ങളില്‍ സിനിമാ പ്രൊഡക്ഷന്‍ പോലെയാണ് നാടകം. അവിടെയൊക്കെ സിനിമാക്കാരേക്കാളും ഡിമാന്‍ഡാണ് നാടകക്കാര്‍ക്ക്. അത് ഇവിടെയും വരണം. അക്ബര്‍ ശങ്കരപിള്ള എന്ന നടന്‍ സ്വന്തം കുക്കിനേയും കൊണ്ടാണ് അഭിനയിക്കാന്‍ വന്നിരുന്നത്. മീന, പൂജപ്പുര രവി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ബാലന്‍ കെ നായര്‍ അങ്ങനെ എത്രയോ പേര്‍ കലാനിലയത്തില്‍നിന്ന് സിനിമയിലെത്തി. കലാനിലയത്തില്‍ നിന്ന് ഒടുവില്‍ സിനിമയില്‍ പോയയാളാണ് കോട്ടയം രമേഷ്.

placeholder
1) കലാനിലയത്തിന്റെ ശ്രീ അയ്യപ്പൻ നാടകത്തിൽ ദേവേന്ദ്രന്റെ വേഷത്തിൽ നടൻ സി ഐ പോൾ. 2) 'കായംകുളം കൊച്ചുണ്ണി'യിൽ സുകുമാരനും ഗ്രേസിയും. ഗ്രേസി ഇപ്പോൾ പ്രശസ്തയായ ഡബ്ബിംഗ് ആർട്ടിസ്റ്റ് ആണ്

നാടകത്തില്‍ അഭിനയിക്കുന്നവര്‍ക്ക് ഇപ്പോള്‍ സിനിമയില്‍നിന്ന് കൂടുതല്‍ അവസരങ്ങള്‍ വരികയാണ്. ഏരീസ് കലാനിലയം നാടകാഭിനയത്തിന്റെ ഒരു യൂണിവേഴ്‌സിറ്റി പോലെ തുടങ്ങാന്‍ പദ്ധതിയുണ്ട്. താത്പര്യമുള്ളവര്‍ക്കുള്ള പരിശീലനം നല്‍കുന്ന പരിപാടി താമസിയാതെ തുടങ്ങും. ഏരീസ് കലാനിലയംതന്നെ ഇവിടത്തെ നടന്മാരെ വെച്ച് സിനിമചെയ്യാനുള്ള ആലോചനയുണ്ട്. ഇത് നാടകത്തിന് ഊര്‍ജം നല്‍കുകയും യുവതലമുറയിലേക്ക് കൂടുതല്‍ എത്തുകയും ചെയ്യും.