ഒറ്റക്കണ്ണിറുക്കലിലൂടെ മലയാളത്തിന്റെ അതിരുകൾ കടന്ന താരമാണ് പ്രിയാ പ്രകാശ് വാര്യർ. നടിയായും പിന്നണി ഗായികയായും പ്രേക്ഷകർക്ക് മുന്നിലെത്തിയ പ്രിയ, ഇപ്പോൾ വോയിസ് ആക്ടർ എന്ന പുതിയ റോളിലും കൈയടി നേടുകയാണ്. ദുൽഖർ സൽമാൻ ചിത്രം 'ആകാശംലോ ഒക താര'യുടെ മലയാളം പതിപ്പായ 'ആകാശത്തിൽ ഒരു താരക'ത്തിലെ നായികയ്ക്ക് ശബ്ദം നൽകിയത് പ്രിയയാണ്. സാത്വിക വീരവല്ലി എന്ന പുതുമുഖ താരത്തിന്റെ ശബ്ദമായതിനെക്കുറിച്ചും ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും നടി മനസ്സുതുറക്കുന്നു.

To advertise here,

'ആകാശത്തിൽ ഒരു താരകം' തെലുങ്ക് സിനിമയാണല്ലോ. അത് മലയാളത്തിലേക്ക് വരുമ്പോൾ വോയിസ് ആക്ടർ എന്ന നിലയിൽ ചിത്രത്തിന്റെ ഭാഗമാകാം എന്ന് തീരുമാനിക്കാൻ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു?

ഒന്നാമതായി, ഇത് ദുൽഖർ സൽമാൻ ചിത്രമാണ് എന്നതുതന്നെയാണ് ഏറ്റവും ആവേശകരമായ ഘടകം. എന്റെ അഭിമുഖങ്ങളിലെ ശബ്ദം ശ്രദ്ധിച്ച ശേഷമാണ് അവർ ഡബ്ബിങ് ട്രയലിന് വിളിച്ചത്. എന്റെ ശബ്ദത്തിലെ അങ്ങനെയൊരു പ്രത്യേകത അവർ തിരിച്ചറിഞ്ഞു എന്നത് വലിയൊരു കാര്യമായി തോന്നി. കലാകാരിയെന്ന നിലയിൽ നമ്മുടെ പുതിയ തലങ്ങളിലേക്ക് ആളുകൾ ശ്രദ്ധ നൽകുന്നത് ഏറെ കൗതുകകരമാണ്. അങ്ങനെ ട്രയലിൽ പങ്കെടുത്തു, സിനിമയുടെ ഭാഗമായി.

ചിത്രത്തിലെ പ്രധാനപ്പെട്ട കല്യാണദിവസം രാത്രിയിലെ രംഗത്തിൽവെച്ചാണ്, പ്രിയയുടേതുപോലെ നിഷ്‌കളങ്കത തോന്നിപ്പിക്കുന്ന ശബ്ദം വേണമെന്ന ആശയത്തിലേക്ക് എത്തിയതെന്ന് ഡബ്ബിങ് ഡയറക്ടർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നല്ലോ. 'എ.ഒ.ടി'യുടെ ഭാഗമാവാൻ ആരാണ് സമീപിച്ചത്, എങ്ങനെയായിരുന്നു ഈ സിനിമയിലേക്കുള്ള വരവ്?

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിൽ നിന്നാണ് എനിക്ക് കോൾ വന്നത്. അവിടെ ചെന്നപ്പോഴാണ് അഭിമുഖങ്ങളിൽ എന്റെ ശബ്ദം ശ്രദ്ധിച്ചിരുന്നുവെന്നും, അതുകൊണ്ടാണ് വിളിച്ചതെന്നും ശരത് ചേട്ടൻ (ഡബ്ബിങ് ഡയറക്ടർ) പറഞ്ഞത്. എന്റെ ശബ്ദം പരീക്ഷിക്കാമെന്ന് സംവിധായകനും പറഞ്ഞു. അങ്ങനെയാണ് ചിത്രത്തിലേക്ക് എത്തുന്നത്.

ഇത്രയും കാലം ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ചുകൊണ്ടിരുന്ന ഒരാൾ മറ്റൊരു നടിക്കുവേണ്ടി ശബ്ദം നൽകുന്നു. ആദ്യം സങ്കൽപ്പിച്ചപ്പോഴും, പിന്നീട് അത് യാഥാർഥ്യമായി കണ്ടപ്പോഴും തോന്നിയ വ്യത്യാസം എന്തായിരുന്നു?

അത് എന്റെ ശബ്ദമാണ് എന്നതിലുപരി, 'കൽപ്പന' എന്ന കഥാപാത്രത്തിന് ആ ശബ്ദം ഇണങ്ങുന്നുണ്ടോ എന്നതായിരുന്നു എന്റെ ആകാംക്ഷ. തെലുങ്ക് പൈലറ്റ് ട്രാക്ക് കേട്ടശേഷമാണ് മലയാളത്തിൽ ഡബ് ചെയ്യുന്നത്. കണ്ടപ്പോൾ, നടി സാത്വികയ്ക്ക് എന്റെ ശബ്ദം നന്നായി ചേരുന്നുണ്ടെന്ന് എനിക്ക് തോന്നി. എന്റെ അഭിനയത്തിന് സ്വന്തം ശബ്ദം ചേരുന്നതിനേക്കാൾ കൗതുകകരമായി തോന്നിയത്, മറ്റൊരാൾക്ക് അത് ഇത്രയധികം അനുയോജ്യമായി വന്നു എന്നതിലാണ്.

മറ്റൊരാൾക്കുവേണ്ടി ഡബ്ബ് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമാണോ?

അതൊരു എളുപ്പമുള്ള പണിയാണെന്ന് ഞാൻ പറയുകയേയില്ല. നമുക്കുവേണ്ടി ഡബ്ബ് ചെയ്യുമ്പോൾ, പൈലറ്റ് റെക്കോർഡ് കേട്ട് പുനരാവിഷ്‌കരിച്ചാൽ മതി. എന്നാൽ, ഇവിടെ രണ്ട് വെല്ലുവിളികളുണ്ട്. മറ്റൊരാളുടെ മോഡുലേഷൻ പിടിച്ചെടുക്കണം. അതിന് പുറമേ, തെലുങ്ക് സംഭാഷണങ്ങൾ മലയാളത്തിലേക്ക് മാറ്റി കൃത്യമായി അവതരിപ്പിക്കുക എന്നതും വെല്ലുവിളിയായിരുന്നു. മലയാളത്തിൽ ചെയ്യുന്നതിനേക്കാൾ കുറച്ചുകൂടുതൽ സമയം എടുത്തിരുന്നു. അച്ചടി മലയാളം പോലെ തോന്നാതെ, സംസാരഭാഷയുടെ സ്വാഭാവികതയോടെ കൃത്യമായ പോസുകളെല്ലാമിട്ട് അത് ചെയ്യേണ്ടിയിരുന്നു. കുറച്ചുബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും അതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു.

പ്രേക്ഷകർ പ്രിയയെ കണ്ടിട്ടുള്ളത് കുറച്ചുകൂടി മോഡേൺ ആയ നടിയായാണ്. ‘എ.ഒ.ടി’യിലെ കൽപ്പന ഒരു നാട്ടിൻപുറത്തുകാരിയാണ്. എന്നാൽ, മൊഴിമാറ്റത്തിലും മലയാളം സ്വാഭാവികമായി തോന്നുന്നുമുണ്ട്. ഇതിനായി പ്രത്യേക പരിശ്രമം വേണ്ടിവന്നോ?

തീർച്ചയായും. ഡബ്ബ് ചെയ്യുന്ന സമയത്ത് തന്നിരിക്കുന്ന തിരക്കഥയിൽമാത്രം ഒതുങ്ങിനിൽക്കാതെ, എനിക്ക് തോന്നിയ നിർദ്ദേശങ്ങൾ പങ്കുവെക്കുകയും തിരുത്തലുകൾ വരുത്തുകയും ചെയ്തിരുന്നു. ഇതൊരു ഡബ്ബിങ് ചിത്രമാണെന്ന് പ്രേക്ഷകർക്ക് തോന്നരുത് എന്ന നിർബന്ധം അണിയറപ്രവർത്തകർക്കെല്ലാവർക്കും ഉണ്ടായിരുന്നു.

അഭിമുഖങ്ങളിലും മറ്റും എന്നെ കണ്ടിട്ടുള്ളതുകൊണ്ടാവണം ഞാൻ മോഡേൺ ആയി സംസാരിക്കുന്ന ഒരാളാണെന്നാണ് ആളുകൾ കരുതിയിരുന്നത്. എന്നാൽ, ഇതുപോലെ മണ്ണിനോട് ചേർന്നുനിൽക്കുന്ന കഥാപാത്രം ചെയ്യാൻ സാധിക്കുമെന്ന് തിരിച്ചറിയാൻ എനിക്ക് ലഭിച്ച നല്ലൊരു അവസരമായിരുന്നു 'എ.ഒ.ടി'.

കൽപ്പനയുടെ ശബ്ദം പ്രിയയുടേതാണെന്ന് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയോ?

ഞാൻ സിനിമയിൽ ഡബ്ബ് ചെയ്തിട്ടുണ്ടെന്ന കാര്യം കുടുംബാംഗങ്ങൾക്കും ഒന്നോ രണ്ടോ സുഹൃത്തുക്കൾക്കും മാത്രമേ അറിയാമായിരുന്നുള്ളൂ. എന്നാൽ, ഇന്ന് മുതൽ എനിക്ക് ധാരാളം സന്ദേശങ്ങൾ വന്നുതുടങ്ങി. എന്റെ ശബ്ദമാണെന്ന് തോന്നിയിരുന്നുവെങ്കിലും ഉറപ്പില്ലായിരുന്നു എന്നാണ് പലരും പറഞ്ഞത്. ഇപ്പോഴാണ് അത് തിരിച്ചറിയുന്നതെന്ന് പറഞ്ഞ് നല്ലതുപറയുമ്പോൾ സന്തോഷമുണ്ട്.

ലഭിച്ച പ്രതികരണങ്ങളിൽ ഏറ്റവും സ്‌പെഷ്യലായി തോന്നിയത് ആരുടേതാണ്?

ടീസർ ഇറങ്ങിയ സമയത്ത്, ഡബ്ബ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ തന്നെ സാത്വിക എനിക്ക് മെസേജ് അയച്ചിരുന്നു. അത് അവർക്ക് ഒരുപാട് ഇഷ്ടമായെന്ന് പറഞ്ഞത് എനിക്ക് വലിയ സന്തോഷം നൽകി. കൂടാതെ ദുൽഖറും സംവിധായകൻ പവൻ സാറും അഭിനന്ദിച്ചതും ഏറെ സന്തോഷമുള്ള കാര്യമാണ്.

ദുൽഖർ നല്ലവാക്കുകളാണ് പറഞ്ഞത്. വോയിസ് ആക്ടർ എന്ന നിലയിൽ ആദ്യത്തെ അവസരമായതിൽ അദ്ദേഹം എന്നെ പ്രത്യേകം അഭിനന്ദിച്ചു. ചിത്രത്തിന്റെ ഭാഗമായതിന് ദുൽഖറും വേഫെറർ ടീമും നന്ദി പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

എങ്ങനെയായിരുന്നു ഡബ്ബിങ്?

കൊച്ചി പനമ്പിള്ളി നഗറിലെ വിസ്മയാ മാക്‌സിലാണ് എന്റെ ഭാഗങ്ങൾ ഡബ്ബ് ചെയ്തത്. ഫ്രാൻസിസ് ചേട്ടനും (ഡബ്ബിങ് എൻജിനീയർ) ശരത് ചേട്ടനുമാണ് കൂടെയുണ്ടായിരുന്നത്. ആറോ ഏഴോ ദിവസമെടുത്ത്, പല തവണ എഡിറ്റ് ചെയ്ത ഭാഗങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് പൂർത്തിയാക്കിയത്.

'എ.ഒ.ടി'യിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതോ ബുദ്ധിമുട്ടേറിയതോ ആയി തോന്നിയ രംഗം ഏതായിരുന്നു?

പ്രത്യേകിച്ച് ഒരു രംഗംമാത്രം ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. സത്യത്തിൽ എല്ലാ രംഗങ്ങളും വെല്ലുവിളി നിറഞ്ഞതായിരുന്നു. തെലുങ്ക് സംഭാഷണങ്ങളിൽ പറഞ്ഞു നിർത്തുന്ന പോസുകൾ മലയാളത്തിലേക്ക് മാറ്റുക എന്നതായിരുന്നു ഏറ്റവും വെല്ലുവിളി. മലയാളത്തിൽ സംസാരിക്കുമ്പോൾ വാക്കുകൾ തമ്മിലുള്ള ഇടവേള പോലെയല്ല തെലുങ്കിൽ. വലിയ വ്യത്യാസമുണ്ട്. മാത്രമല്ല, സാത്വിക ജനിച്ചതും വളർന്നതും അമേരിക്കയിൽ ആണ്. തെലുങ്കിന്റെ തനതായ ഒഴുക്കിൽ സംസാരിക്കുന്ന ആളല്ല അവർ. സാധാരണ തെലുങ്കിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അവരുടെ സംസാരരീതിയും മോഡുലേഷനും. അതും ചെറിയ വെല്ലുവിളിയായിരുന്നു.

കൽപ്പനയുടെ കുട്ടിക്കാലം മുതൽ വിവാഹത്തിനുശേഷം പക്വതയെത്തുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. വോയിസ് ആക്ടർ എന്ന നിലയിൽ ആ യാത്ര എങ്ങനെയായിരുന്നു?

പല പ്രായത്തിലൂടെയും വൈകാരിക തലങ്ങളിലൂടെയും കടന്നുപോകുന്ന കഥാപാത്രമാണ് സാത്വികയുടെ കൽപ്പന. ചെറുപ്പകാലം മുതലുള്ള നിഷ്‌കളങ്കത കൃത്യമായി ശബ്ദത്തിൽ കൊണ്ടുവന്നാൽ മാത്രമേ, പിന്നീട് ആ കഥാപാത്രത്തിന് വരുന്ന പക്വത പ്രേക്ഷകരിലേക്ക് നന്നായി എത്തിക്കാൻ സാധിക്കൂ എന്ന് എനിക്ക് തോന്നിയിരുന്നു. ആ നിഷ്‌കളങ്കത നിലനിർത്തുക എന്നതായിരുന്നു എനിക്ക് ഏറ്റവും പ്രധാനമായി തോന്നിയ കാര്യം.

ചിത്രത്തിലെ വൈകാരിക രംഗങ്ങൾക്കായി പ്രത്യേക മുന്നൊരുക്കങ്ങൾ നടത്തിയിരുന്നോ?

ഇല്ല, ഞാൻ എപ്പോഴും മുൻവിധികളില്ലാതെ ആണ് ഡബ്ബിങ്ങിന് പോകാറുള്ളത്. രംഗം മുഴുവനായി കണ്ടശേഷം അതിലെ വികാരങ്ങൾ ഉൾക്കൊണ്ട് ആ ഒഴുക്കിൽത്തന്നെ ചെയ്തുപോവുകയാണ് പതിവ്.

മുമ്പ് ഡബ്ബിങ് എന്ന മേഖലയ്ക്ക് ഇത്രയധികം ശ്രദ്ധയും പ്രാധാന്യവും ലഭിച്ചിരുന്നില്ല. എന്നാൽ, ഇന്ന് സിനിമയിലെ മാറ്റങ്ങൾക്കൊപ്പം പിന്നിൽ പ്രവർത്തിക്കുന്നവർക്കും വലിയ അംഗീകാരം ലഭിക്കുന്നുണ്ട്. ഉദാഹരണത്തിന് 'ദായ്‌റ'യിൽ കരീന കപൂറിന് പാർവതി തിരുവോത്ത് ശബ്ദം നൽകുന്നു. ഒരു നടി എന്ന നിലയിൽ മാറ്റത്തെ എങ്ങനെ കാണുന്നു?

ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നവർക്ക് മാത്രമല്ല, പിന്നണിയിലെ സാങ്കേതികപ്രവർത്തകർക്കും ഡബ്ബിങ് ആർട്ടിസ്റ്റുകൾക്കും തുല്യ പ്രാധാന്യവും അംഗീകാരവും ലഭിച്ചുതുടങ്ങുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. മുന്നിൽ നിൽക്കുന്നവരേക്കാൾ കൂടുതൽ അധ്വാനിക്കുന്നവരും അംഗീകരിക്കപ്പെടേണ്ടവരും പിന്നണിയിലുള്ളവരാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാവർക്കും ഒരുപോലെ പ്രാധാന്യം ലഭിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.

'എ.ഒ.ടി' എന്ന സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ച് എന്താണ് തോന്നുന്നത്?

വലിയ സന്തോഷമുണ്ട്. മറ്റൊരു ഭാഷയിൽ ദുൽഖറിന് ലഭിക്കുന്ന അംഗീകാരവും തെലുങ്ക് പ്രേക്ഷകർ ചിത്രം ആഘോഷിക്കുന്നതും കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു. ഡബ്ബിങ് ചിത്രമായി കാണാതെ, മലയാളം സിനിമ പോലെ പ്രേക്ഷകർ സ്വീകരിക്കുന്നതിൽ വലിയ സന്തോഷമുണ്ട്.

ഈ സിനിമ ഇതുവരെ കാണാത്ത പ്രേക്ഷകരോട്, എന്തുകൊണ്ട് എ.ഒ.ടി. കാണണം എന്ന് ചോദിച്ചാൽ എന്തു പറയും?

കുടുംബത്തോടൊപ്പം ഇരുന്ന് കാണാൻ സാധിക്കുന്ന, മനസ്സിനെ സ്പർശിക്കുന്ന ഒരു നല്ല ചിത്രമാണിത്. വളരെ സത്യസന്ധമായ സിനിമ. കൂടാതെ, സ്ത്രീപക്ഷ സിനിമകൾക്ക് ഇത്രയും വലിയ താരങ്ങൾ പിന്തുണ നൽകുന്നത് വലിയൊരു കാര്യമാണ്. സിനിമ കണ്ടുകഴിയുമ്പോൾ പ്രേക്ഷകർക്ക് മനസ്സുനിറഞ്ഞ് തിയേറ്ററിൽ നിന്ന് ഇറങ്ങാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി, നടിയായി, ഗായികയായും ഇപ്പോൾ വോയിസ് ആക്ടറായും മാറിയിരിക്കുകയാണ്. സിനിമയിലെ ഈ യാത്രയെ എങ്ങനെ നോക്കിക്കാണുന്നു?

എനിക്ക് വലിയ കടപ്പാടാണ് തോന്നുന്നത്. സിനിമയുടെ വിവിധ മേഖലകൾ അനുഭവത്തിലൂടെ അറിയാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണ്. അഭിനയത്തിൽ തുടങ്ങി, പിന്നണി ഗാനരംഗത്തും ഇപ്പോൾ ഡബ്ബിങ്ങിലും പരീക്ഷിക്കാൻ കഴിയുന്നതിൽ ഞാൻ ഏറെ സന്തുഷ്ടയാണ്.

പ്രേക്ഷകരും സിനിമയും പ്രിയയെ സ്വീകരിച്ച രീതിയിൽ തൃപ്തയാണോ?

എല്ലാം സംഭവിക്കുന്നത് ഒരു കാരണത്താലാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്റെ യാത്രയിലും ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലയിലും കലാകാരിയെന്ന നിലയിലും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടുതന്നെ എനിക്ക് പരാതികളൊന്നുമില്ല.

മലയാളത്തിൽ ഒടുവിൽ കണ്ടത് 'സർവം മായ'യിലെ അതിഥി വേഷമാണ്. മലയാള സിനിമയിൽ എന്തുകൊണ്ടാണ് വലിയ ഇടവേളകൾ വരുന്നത്?

ഞാൻ സജീവമായിത്തന്നെ മലയാളത്തിൽ തിരക്കഥകൾ കേൾക്കുന്നുണ്ട്. മനഃപൂർവം ഇടവേളകൾ എടുക്കുന്നതല്ല. അഭിനയപ്രാധാന്യമുള്ള നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ്. കുറച്ചുകൂടി സെലക്ടീവായി സിനിമകൾ ചെയ്യാം എന്ന് കരുതി പതുക്കെ നീങ്ങുന്നതാണ്. മലയാളത്തിൽ പുതിയ രണ്ട് പ്രൊജക്റ്റുകൾ വരാനുണ്ട്. ഇനി മലയാളത്തിൽ കൂടുതൽ സജീവമാകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹിന്ദിയിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച്?

'ത്രീ മങ്കീസ്' എന്ന ചിത്രമാണ് ഹിന്ദിയിൽ ചെയ്യുന്നത്. അടുത്ത വർഷം ചിത്രം റിലീസുണ്ടായേക്കും. നായികാവേഷമാണ്.

'പരം സുന്ദരി'യിൽ ഒരു പാസിങ് ഷോട്ടിൽ മാത്രമാണ് ഉണ്ടായിരുന്നത്. പ്രിയയെപ്പോലെ ഒരു നടിയെ അങ്ങനെ അവതരിപ്പിച്ചത് വലിയ ചർച്ചയായിരുന്നല്ലോ. എന്തായിരുന്നു ആ സിനിമയിൽ സംഭവിച്ചത്? അതിനുശേഷം ഹിന്ദിയിൽ നായികാപ്രാധാന്യമുള്ള വേഷത്തിലേക്ക് എത്തുമ്പോൾ എന്തു തോന്നുന്നു?

'പരം സുന്ദരി'യുമായി ബന്ധപ്പെട്ട ആ സംഭവത്തെക്കുറിച്ച് ഇനി പ്രതികരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. കാരണം, അതൊരു വലിയ വിവാദമായി മാറിയിരുന്നല്ലോ. എന്താണ് സംഭവിച്ചതെന്ന് പിന്നീട് എപ്പോഴെങ്കിലും വിശദമായി സംസാരിക്കാം.

'ത്രീ മങ്കീസ്' 'പരം സുന്ദരി'ക്ക് മുൻപ് ലഭിച്ച സിനിമയാണ്. നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നത് തന്നെയാണ് എപ്പോഴും ലക്ഷ്യം.

മറ്റ് പ്രൊജക്റ്റുകൾ?

ഒഫീഷ്യലായി പ്രഖ്യാപിക്കാത്തതുകൊണ്ട് പലതും ഇപ്പോൾ വെളിപ്പെടുത്താൻ പറ്റില്ല. മലയാളത്തിൽ രണ്ട് സിനിമകളും തമിഴിൽ ഒന്നിലും ഭാഗമാവുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വരുമ്പോൾ കൂടുതൽ കാര്യങ്ങൾ പങ്കുവെക്കാം.