വർഷങ്ങൾക്കുമുൻപ്‌ ഇന്നസെന്റ് എന്ന തന്റെ പേര് പേരമകന് ചാർത്തുമ്പോൾ മനസ്സിൽ ആഗ്രഹിച്ചിരിക്കണം, നാളെ തന്റെ സിനിമാ പാരമ്പര്യം ഇവനിലൂടെ തുടരണമെന്ന്. ചിരിപ്പിക്കാൻ ഇനിയും ഒരുപാട് കഥകളും കഥാപാത്രങ്ങളും ബാക്കിവെച്ച് ഒരു പകലിൽ ഇന്നസെന്റ് ഈ ഭൂമിയിൽനിന്ന് യാത്രപറഞ്ഞുപോകുമ്പോഴും ആ ആഗ്രഹം മനസ്സിൽ ബാക്കിയുണ്ടായിരിക്കണം. അപ്പാപ്പന്റെ സിനിമാ കമ്പം അതുപോലെ പകർന്നുകിട്ടിയ ഇന്നസെന്റ് ജൂനിയർ മലയാള സിനിമയിൽ അരങ്ങേറുകയാണ്. ആമിർ പള്ളിക്കൽ സംവിധാനംചെയ്യുന്ന പ്രേംപാറ്റയിൽ സഹനായക വേഷത്തിലാണ് ഇന്നസെന്റ് സോണറ്റ് സിനിമാലോകത്തേക്ക് ചുവടുവെക്കുന്നത്. സിനിമാസ്വപ്നങ്ങളെക്കുറിച്ചും പ്രേംപാറ്റയെക്കുറിച്ചും ഇന്നസെന്റ് സംസാരിക്കുന്നു.

To advertise here,

അപ്പാപ്പൻ അന്നേ പറഞ്ഞു...

ചെറുപ്പംതൊട്ടേ സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അപ്പാപ്പന്റെ അടുത്ത് അന്നുതന്നെ പറയുമായിരുന്നു. അന്ന് അപ്പാപ്പൻ പറയും ‘നിനക്ക് ഒരുസമയം വരുടാ, അന്ന് നീയൊരു സിനിമയിൽ അഭിനയിക്കും, നീ ഒരു സിനിമാനടനാകും’ എന്ന്. ആ വാക്കുകൾ എനിക്ക് വലിയ പ്രചോദനമായിരുന്നു. അപ്പാപ്പൻ ഓരോ പുതിയ സിനിമയിൽ അഭിനയിക്കുന്നതും ആ കഥാപാത്രമായി സ്‌ക്രീനിൽ പകർന്നാടുന്നതും ഏറെ കൗതുകത്തോടെയാണ് ഞാൻ നിരീക്ഷിച്ചിരുന്നത്. എന്റെ സഹോദരി അന്നയെ ഒരിക്കൽ സത്യനങ്കിൾ (സത്യൻ അന്തിക്കാട്) സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചു. എന്നാൽ, അവൾക്ക് താത്പര്യമില്ലെന്നു പറഞ്ഞപ്പോൾ ഞാൻ ആ ഫോൺ വാങ്ങിച്ചു, റോളൊന്ന് മാറ്റി എനിക്കു തരാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു. എപ്പോഴെങ്കിലും നല്ലൊരു അവസരം തേടിവരുമെന്ന് അന്നേ വിശ്വസിച്ചിരുന്നു.

ഹായ് ഗയ്സ് എന്ന പേരിൽ ഒരു സിനിമയിലേക്ക് കുറച്ചുനാൾമുൻപ്‌ എനിക്കൊരു അവസരം വന്നിരുന്നു. ആ സിനിമയുടെ ലോഞ്ചിങ്ങിൽെവച്ച് ഡ്യൂപ്ലിക്കേറ്റല്ല, ഒറിജിനിലാണ് എന്നു പറഞ്ഞ് ഞാനൊരു പ്രസംഗം നടത്തിയിരുന്നു. ആ വീഡിയോ ഏറെ വൈറലായി. അതുകണ്ടാണ് സംവിധായകനായ ആമിർ പള്ളിക്കൽ അപ്പനെ വിളിക്കുന്നത്. തന്റെ പുതിയ സിനിമയിലേക്ക് ഇന്നുവിന് പറ്റിയ ഒരു കഥാപാത്രമുണ്ട്, അഭിനയിക്കാൻ വിടുമോ എന്ന്. അപ്പൻ എന്റെ അടുത്ത് കാര്യം പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ സമ്മതംമൂളി. കാരണം ആമിർ ഇക്കയുടെ ആയിഷ, എക്സ്ട്രാ ഡീസന്റ് എന്നീ സിനിമകൾ ഞാൻ കണ്ടതാണ്. രണ്ടും നല്ല വർക്കുകളായിരുന്നു. അദ്ദേഹത്തിന്റെ സിനിമയിൽ ഒരു വേഷം എന്നു പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അങ്ങനെയാണ് ഞാൻ പ്രേംപാറ്റയുടെ ഭാഗമാകുന്നത്.

‘പ്രേംപാറ്റ’യിലെ ടോണി...

കോഴിക്കോടായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. ആദ്യത്തെ ദിവസങ്ങളിൽ വലിയ ടെൻഷനിലായിരുന്നു ഞാൻ. പക്ഷേ, സെറ്റിലെത്തി ജോമോൻ ചേട്ടൻ, ജുനൈസ് ഇക്ക തുടങ്ങി എല്ലാവരുമായി ആദ്യ ആഴ്ചതന്നെ സൗഹൃദത്തിലായിരുന്നു. പിന്നെയുള്ള ദിവസങ്ങൾ വളരെ രസകരമായിരുന്നു. പ്രേംപാറ്റ എഴുതിയ ലിജീഷ് ഏട്ടൻ (ലിജീഷ് കുമാർ), സംവിധായകൻ ആമിർ ഇക്ക എല്ലാവരും ഓരോ കാര്യവും കൃത്യമായി എനിക്ക് പറഞ്ഞുതന്നു. ഷൂട്ട് കഴിഞ്ഞ് തിരികെവരുമ്പോൾ വലിയ വിഷമമായിരുന്നു. ടോണി എന്നാണ് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജോമോൻ ചേട്ടൻ ചെയ്യുന്ന കേന്ദ്രകഥാപാത്രത്തിന്റെ സുഹൃത്താണ് ടോണി. ഒരു എൻ.എസ്.എസ്. ക്യാമ്പിനിടെ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ സിനിമയാണ്.

അഭിനയം തുടരും...

കുടുംബത്തിലെല്ലാവരും എന്നെപ്പോലെതന്നെ സിനിമ ഇറങ്ങുന്നതിലുള്ള സന്തോഷത്തിലാണ്. അപ്പാപ്പൻ ഇല്ല എന്ന സങ്കടമുണ്ട്. ടോം ഇമ്മട്ടി സംവിധാനംചെയ്ത പെരുന്നാൾ എന്ന സിനിമയാണ് പ്രേംപാറ്റയ്ക്കുശേഷം അഭിനയിച്ചത്. അതിലും നല്ലൊരു വേഷമാണ്. നല്ല കഥാപാത്രങ്ങൾ തേടിവരും എന്നാണ് പ്രതീക്ഷ. അപ്പാപ്പനെ സ്നേഹിച്ചതുപോലെ ഇരുകൈയും നീട്ടി നിങ്ങൾ എന്നെയും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.