അഡ്വര്‍ടൈസിങ് ഏജന്‍സിയില്‍ ക്രിയേറ്റീവ് ഡയറക്ടറായും ഫോട്ടോഗ്രാഫറായുമുള്ള പരിചയം. അച്ഛന്‍, അച്ഛന്റെ അനുജന്മാര്‍, അമ്മാവന്മാര്‍ എന്നിവരെല്ലാവരും ഫോട്ടോഗ്രാഫര്‍മാര്‍. എന്നാല്‍ അരുണ്‍ ചന്തു എന്ന ആറന്മുളക്കാരന്‍ ചെറുപ്പക്കാരന് സിനിമയാണ് ഒരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിനുവേണ്ടി പോസ്റ്റര്‍ ഡിസൈന്‍ ചെയ്താണ് സിനിമയിലെത്തിയത്. വിനീതിന്റെ തന്നെ തിര എന്ന സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറുമായി. ഇന്നിപ്പോള്‍ ഗഗനചാരി എന്ന ചിത്രം സംവിധാനംചെയ്തതിലൂടെ 2023-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലുമെത്തി നില്‍ക്കുകയാണ് അരുണ്‍ ചന്ദുവിന്റെ സിനിമാ ജീവിതം. കരിയറിലെ ആദ്യ പുരസ്‌കാരത്തേക്കുറിച്ചും സിനിമ തന്ന അനുഭവങ്ങളേക്കുറിച്ചും അരുണ്‍ ചന്ദു മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

To advertise here,

കരിയറിലെ ആദ്യ പുരസ്‌കാരം

അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. നമുക്ക് ഇഷ്ടമുള്ള ആളുകള്‍ക്ക് അവാര്‍ഡ് കിട്ടുമോ എന്നായിരുന്നു എന്നത്തേയുംപോലെ ഇത്തവണയും ഉറ്റുനോക്കിയിരുന്നത്. ഗഗനചാരിക്ക് പുരസ്‌കാരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. കരിയറിലെ ആദ്യ പുരസ്‌കാരമാണിത്.

placeholder
ഗ​ഗനചാരി സിനിമയുടെ പോസ്റ്ററുകൾ

പുതിയ സംവിധായകര്‍ക്ക് പ്രദോചനമാകുന്ന പുരസ്‌കാരം

പരീക്ഷണ സിനിമ എന്നതുതന്നെയാണ് ഈ പുരസ്‌കാരത്തിന്റെ പ്രത്യേകതയും. മലയാളത്തില്‍ കണ്ടിട്ടുള്ള ചട്ടക്കൂടിനകത്ത് വരുന്ന സിനിമയ്ക്കപ്പുറത്ത് പുതിയൊരു പരിചരണവും ആഖ്യാനശൈലിയുമാണ് ഗഗനചാരിക്ക് കൊടുത്തത്. യുവാക്കളാണ് തിയേറ്ററില്‍ ഈ സിനിമയെ സ്വീകരിച്ചത്. 40 -ല്‍ നിന്ന് 100 തിയേറ്ററുകളിലേക്ക് സിനിമ എത്താന്‍ സഹായിച്ചത് ആ പ്രേക്ഷകരാണ്. അവരില്‍ സിനിമ ചെയ്യാനാഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ ചോദിച്ചുകൊണ്ടിരുന്നത് ഇതുപോലൊരു സിനിമ ഇറങ്ങിയാല്‍ സ്വീകരിക്കപ്പെടുമോ എന്നായിരുന്നു. അതേ കാര്യം തന്നെയാണ് ഈ ചിത്രം ചെയ്യുമ്പോള്‍ ഞങ്ങളുടെ മനസിലും ഉണ്ടായിരുന്നത്. അത്തരം ആശങ്കകളെയെല്ലാം അട്ടിമറിച്ചിട്ടുണ്ട് ഗഗനചാരിയുടെ പുരസ്‌കാരനേട്ടവും വിജയവും. പുതുതായി വരുന്ന സംവിധായകര്‍ക്ക് ഒരു പ്രചോദനംകൂടിയാണ് ഈ ചിത്രത്തിന് ലഭിച്ച പുരസ്‌കാരം. പുതിയൊരു പരീക്ഷണത്തെ ജൂറി അംഗീകരിക്കുക എന്ന് പറയുമ്പോള്‍ വളര്‍ന്നുവരുന്ന സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും അതൊരു പ്രചോദനമായിരിക്കും. 

മോക്യുമെന്ററി ചിത്രം മലയാളത്തില്‍ അംഗീകരിക്കപ്പെടുന്നു

ഓഫ് ബീറ്റ് സിനിമകളെ മാത്രമല്ല ജൂറി അംഗീകരിക്കുക എന്ന കാര്യത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് ഈ അവാര്‍ഡ് എന്ന് എനിക്ക് തോന്നുന്നു. മലയാള സിനിമ മാറുന്നതിനനുസരിച്ച് ജൂറിയും മാറിയിരിക്കുകയാണ്. അത് നമ്മുടെ സമൂഹത്തില്‍ നടക്കുന്ന മൊത്തം അഴിച്ചുപണിയുടെ ഭാഗമായിട്ടുകൂടിവേണം അതിനെ കാണാന്‍. അവാര്‍ഡ് സിനിമ എന്ന് നമ്മള്‍ ഇരട്ടപ്പേരിട്ട് വിളിച്ചിരുന്ന സിനിമയല്ല അവാര്‍ഡ് സിനിമ എന്ന തിരിച്ചറിവുകൂടി ഇവിടെ നടക്കുന്നുണ്ട്. വളരെ സീരിയസായ സബ്‌ജെക്ടുകളെ നമുക്ക് പലരീതിയില്‍ അവതരിപ്പിക്കാവുന്ന കാലത്താണ് നമ്മള്‍ നില്‍ക്കുന്നത്. മോക്യുമെന്ററി എന്ന സവിശേഷമായ ഫോര്‍മാറ്റ് അന്താരാഷ്ട്രതലത്തില്‍ വളരെയധികം ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അക്കാദമി അവാര്‍ഡും ബാഫ്റ്റയുമൊക്കെ കിട്ടിയിട്ടുള്ള മഹാരഥന്മാര്‍ ഉപയോഗിച്ചിട്ടുള്ള ഫോര്‍മാറ്റാണിത്. അത് മലയാള സിനിമയിലേക്കെത്തിയപ്പോള്‍ അതിനെ അംഗീകരിക്കുക എന്നുപറയുന്നത് കാലത്തിന് അനിവാര്യമായ മാറ്റമാണ് ജൂറി സ്വീകരിച്ചത് എന്നാണ് അനുഭവപ്പെടുന്നത്.

ഗഗനചാരി കരിയറില്‍ കൊണ്ടുവന്ന മാറ്റം

എന്റെ മൂന്നാമത്തെ സിനിമയാണ് ഗഗനചാരി. പൃഥ്വിരാജിനോട് ഒരു സയന്‍സ് ഫിക്ഷന്‍ കഥ പറഞ്ഞ് നടക്കാതെവന്ന സാഹചര്യത്തിലാണ് സായാഹ്നവാര്‍ത്തകള്‍ എന്ന ചിത്രം ചെയ്തത്. പിന്നീട് സാജന്‍ ബേക്കറിയും ചെയ്തു. സയന്‍സ് സംബന്ധമായ കാര്യങ്ങളില്‍ താത്പര്യമുള്ളയാള്‍ എന്ന രീതിയിലാണ് അടുപ്പമുള്ളവര്‍ക്കിടയില്‍ ഞാന്‍ അറിയപ്പെടുന്നത്. സിനിമ ചെയ്യാനൊരുങ്ങിയപ്പോള്‍ മലയാള സിനിമകളുടെ സ്ഥിരം ചട്ടക്കൂടിലൂടെ പോയേ മതിയാവൂ എന്നൊരു സാഹചര്യത്തിലൂടെ ഞാനും കടന്നുപോയിരുന്നു. അതുകൊണ്ടാണ് എന്റെ ആദ്യ രണ്ടുചിത്രങ്ങളും ആ രീതിയിലൊരുക്കിയത്. അജു വര്‍ഗീസ് ചേട്ടന്‍ എന്റെ വളരെ അടുത്ത സുഹൃത്താണ്. ഈ സിനിമയും ശരിയായില്ലെങ്കില്‍ നിനക്ക് ധൈര്യപൂര്‍വം ദുബായിക്ക് പോയി വല്ല ഗ്രാഫിക്‌സ് ഡിസൈനും ചെയ്ത് ജീവിക്കാമെന്ന് പുള്ളി ഇടയ്ക്ക് കളിയാക്കാറുണ്ടായിരുന്നു. 

ഹൃദയം പറയുന്നത് കേള്‍ക്കുകയാണ് ഞാന്‍ ചെയ്തത്

കോവിഡിനുശേഷമുള്ള സാഹചര്യത്തില്‍ നമ്മളെല്ലാവരും എന്തുചെയ്യണമെന്നറിയാത്ത ഒരവസ്ഥയിലായിരുന്നല്ലോ. ഇഷ്ടമുള്ള ഒരു കാര്യം ചെയ്തിട്ട് സ്വന്തം വഴിനോക്കി പോവുക എന്നൊരു തീരുമാനമെടുക്കാനുള്ള ധൈര്യം ലഭിച്ചതിന് കോവിഡും കാരണമായി. ഹൃദയം പറയുന്നത് കേള്‍ക്കുക എന്നതാണ് ഞാന്‍ ചെയ്തത്. സിനിമ എന്നത് ഒരിക്കലും കണക്കുകൂട്ടലിലൂടെയോ മുന്‍മാതൃകകളില്‍ക്കൂടിയോ അളക്കാന്‍ പറ്റാത്തതാണ്. എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് പറയാനാവില്ല. അത് കാലത്തിനനുസരിച്ച്, ഓരോ ദിവസമെന്നപോലെ മാറിക്കൊണ്ടിരിക്കുന്നു. അവര്‍ക്കിഷ്ടമുള്ള തരത്തിലുള്ള സിനിമ നമ്മള്‍ കൊടുത്തില്ലെങ്കില്‍ അവര്‍ മറ്റേതെങ്കിലും സിനിമ നോക്കിപ്പോവും. ഭാഷയോ ദേശമോ ഒന്നും ഇക്കാര്യത്തില്‍ അവര്‍ക്കൊരു പ്രശ്‌നമേ ആയിരിക്കില്ല. കാലം മാറിയത് നമ്മള്‍ മനസിലാക്കേണ്ടിയിരിക്കുന്നു.

കാലഹരണപ്പെടാത്ത പ്രമേയം തരുന്ന വലിയ സന്തോഷം

സിനിമ മൂന്നുവര്‍ഷം മുന്‍പേ ഷൂട്ട് ചെയ്തുവെച്ചിരുന്നതാണ്. സിനിമയുമായി ബന്ധപ്പെട്ട പഠനവുമെല്ലാം എന്നെ മാറ്റിയിട്ടുണ്ട്. മൂന്നുവര്‍ഷം മുന്‍പ് ചെയ്ത സിനിമ എന്ന രീതിയില്‍ത്തന്നെയാണ് ഗഗനചാരിയെ ഇപ്പോഴും കാണുന്നത്. മൂന്നുവര്‍ഷത്തിനുശേഷവും അതിന്റെ പ്രമേയം കാലഹരണപ്പെടാതെ പുതുമയോടെ മുന്നോട്ടുപോകുന്നതാണ് ഞങ്ങളുടെ ടീമിന്റെ ഏറ്റവും വലിയ സന്തോഷവും ആശ്വാസവും.

സയന്‍സും ആക്ഷേപഹാസ്യവും ഒരുമിച്ച് അവതരിപ്പിച്ചപ്പോള്‍

സയന്‍സ് ഫിക്ഷനെ മലയാളസിനിമയിലേക്ക് അവതരിപ്പിക്കാന്‍ ഞാന്‍ ഉപയോഗിച്ച ഒരു ടൂള്‍ മാത്രമാണ് ആക്ഷേപഹാസ്യം. ഐസക് അസിമോവിന്റെയൊക്കെ പുസ്തകങ്ങളുടെ വലിയ ആരാധകനാണ് ഞാന്‍. തമാശയുടെ മേമ്പൊടിയോടെ കൊടുക്കുമ്പോള്‍ ആളുകള്‍ സ്വീകരിക്കുമെന്ന് കണക്കുകൂട്ടിയിരുന്നു. പിന്നെ മോക്യുമെന്ററി നല്ലൊരു മീഡിയംകൂടിയാണ്.

ഇപ്പോള്‍ കാണുന്നതുപോലെയായിരുന്നില്ല തിരക്കഥയെഴുതുമ്പോള്‍

വളരെ സീരിയസായി ചെയ്യണമെന്ന് കരുതിയ വിഷയമായിരുന്നു ഇത് ആദ്യം. നരഭോജിയുടെ ഭോഗി എന്നായിരുന്നു പേരുനല്‍കിയിരുന്നത്. ഈ കഥ അജുവേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് കുറച്ച് തമാശ ലൈനില്‍ പിടിച്ചാലോ എന്ന് ചോദിച്ചത്. പിന്നീട് ഞാനും ഇതിന്റെ കോ റൈറ്ററായ ശിവ സായിയും ചേര്‍ന്ന് രണ്ട് മൂന്ന് മാസമെടുത്താണ് തിരക്കഥ പരിഷ്‌കരിച്ചത്. എന്നിട്ട് ആദ്യം പോയി കഥ പറഞ്ഞത് ഗണേഷ് കുമാര്‍ സാറിന്റെയടുത്താണ്. നല്ല രീതിയില്‍ പര്യവസാനിക്കും ഇതെന്ന് തനിക്ക് അന്നേ അറിയാമായിരുന്നെന്നാണ് ഇക്കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും അദ്ദേഹം പറഞ്ഞത്. അദ്ദേഹമാണ് നിര്‍മാതാവിന്റെയടുത്തേക്ക് എന്നെ പറഞ്ഞുവിട്ടത്. സാറുമായുള്ള ആ കഥ പറച്ചിലാണ് എന്റെ വഴിത്തിരിവ് എന്നുപറയാം. കോവിഡിന്റെ സമയമായതുകൊണ്ടാണ് ഇത്രയും ചെലവുകുറച്ച് ചെയ്യാനും പറ്റിയത്.

മണിയന്‍ ചിറ്റപ്പന്‍ വരുന്നുണ്ട്

ഗഗനചാരി യൂണിവേഴ്‌സിലുള്ള മണിയന്‍ ചിറ്റപ്പന്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. സുരേഷ് ഗോപി സാറാണ് നായകന്‍. അദ്ദേഹത്തിന്റെ ഡേറ്റ് ലഭ്യമാകുന്നതിനനുസരിച്ച് ഷൂട്ട് തുടങ്ങും. മിക്കവാറും ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്നുണ്ട്. ഇത് കുറച്ചുകൂടി വലിയ ക്യാന്‍വാസിലുള്ള സിനിമയാണ്.