പത്തനംതിട്ട: ആറന്മുള മുൻ എംഎൽഎയും മന്ത്രിയുമായ വീണാ ജോർജ് ആസ്തിവികസന ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്ന ആരോപണം ആവർത്തിച്ച് മണ്ഡലത്തിലെ നിലവിലെ എംഎൽഎ അബിൻ വർക്കി. ആരോപണങ്ങളിൽ ആക്ഷേപം ഉണ്ടെങ്കിൽ വീണ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഒരുകൊല്ലം ഒരു എംഎൽഎ ഒരു പ്രവൃത്തിപോലും പ്രൊപ്പോസ് ചെയ്തിട്ടില്ല. 2021-22ൽ അനുവദിച്ച തുക ഒരു കോടി. പ്രൊപ്പോസൽ-0, ഭരണാനുമതി-0, ചെലവഴിച്ച തുക-0. എസ്ഡിഎഫിൽ 2022-23ൽ അനുവദിച്ച തുക-ഒരു കോടി, പ്രൊപ്പോസൽ-0, ഭരണാനുമതി-0, ചെലവഴിച്ച തുക-0. നമ്മൾ ആരോട് ഇതിന് ഉത്തരം പറയും’, വാർത്താസമ്മേളനത്തിൽ അബിൻ വർക്കി ആരാഞ്ഞു.
വീണ മന്ത്രിയായിരുന്ന 2021-26 കാലത്ത് മണ്ഡലത്തിലേക്ക് അനുവദിക്കപ്പെട്ടത് 21 കോടി രൂപയാണ്. എന്നാൽ, ഇതിന് ആവശ്യമായ പദ്ധതി നിർദേശം സമർപ്പിക്കുകയോ പണം ചെലവഴിക്കുകയോ ചെയ്തിട്ടില്ല എന്നതായിരുന്നു കഴിഞ്ഞദിവസം അബിൻ ഉന്നയിച്ച ആരോപണം. വീണ മറുപടി നൽകുന്ന പക്ഷം ആവശ്യമായ രേഖകൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പിന്നാലെ, ഇന്നലെ വീണാ ജോർജ് ഫെയ്‌സ്ബുക്കിലൂടെ മറുപടിയുമായെത്തി. ഇതോടെയാണ് ഇന്ന് വാർത്താസമ്മേളനം വിളിച്ച് വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകകൾ കാണിച്ച് അബിൻ ആരോപണം ആവർത്തിച്ചത്.
ആസ്തി വികസന ഫണ്ടിൽനിന്ന് പണം ചെലവഴിച്ചെന്ന് രേഖകളിൽ വരണമെങ്കിൽ ചില മാനദണ്ഡങ്ങളുണ്ട്. പ്രവൃത്തി പൂർത്തിയായി കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകി ബില്ല് കൂടി പാസ് ആയാൽ മാത്രമേ ആസ്തിവികസന ഫണ്ട് വിനിയോഗിക്കപ്പെട്ടതായി കണക്കാക്കപ്പെടുകയുള്ളൂ. വീണയുടെ ആറന്മുള മണ്ഡലത്തിലെ എംഎൽഎ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകാനിടയുള്ള അലംഭാവവും വീഴ്ചയും അബിൻ തള്ളിക്കളയുന്നില്ല. ചില ജീവനക്കാർ വീണയെ തെറ്റിദ്ധരിപ്പിക്കുന്നത് തുടരുന്നതിന്റെ സൂചനയായി കൂടിയാണ് അബിൻ ഇതിനെ കണക്കാക്കുന്നത്.
ഇന്നലെ അബിന് ഫെയ്‌സ്ബുക്കിലൂടെ വീണ നൽകിയ മറുപടിയിൽ ചില പ്രവൃത്തികൾ പരാമർശിക്കുന്നുണ്ട്. എന്നാൽ ഇവയിൽ പലതിനും 2021-ന് മുൻപുള്ള സാമ്പത്തികവർഷം ഭരണ അനുമതി ലഭിച്ചതാണെന്നും ടാർ ചെയ്ത റോഡുകളിൽ അടക്കം അവകാശവാദം മാത്രമാണുള്ളതെന്നും അവിടെ ടാർ പോലും വീണിട്ടില്ലെന്നും അബിൻ ആരോപിക്കുന്നു.
Content Highlights: MLA Abin Varkey reiterates allegations that former minister Veena George failed to utilize asset development funds for Aranmula., Abin challenges Veena George to take legal action if the allegations are false and offers to release official documents., Data from Right to Information (RTI) reveals zero proposals and zero expenditure for specific financial years., Veena George responded via Facebook, claiming certain works were executed, which Abin disputed citing lack of on-ground progress.
Published: 24 Nov 2026, 03:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented