
ഓരോ നാട്ടിലേയും മല്ലന്മാരെ മലര്‍ത്തിയടിച്ച് മുന്നേറുമ്പോഴും വാലിബന്റെ മനസിനെ അല്പമെങ്കിലും തോല്പിക്കാനായവളാണ് മാതംഗി. ഒരുപാട് ഇഷ്ടപ്പെട്ടിരുന്നെങ്കിലും മാതംഗിയോട് ഒരുവാക്കുപോലും പറയാതെയായിരുന്നു ആ നാട്ടില്‍നിന്നുള്ള വാലിബന്റെ മടക്കം. പക്ഷേ എന്നെങ്കിലുമൊരിക്കല്‍ വാലിബന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ട് മാതംഗിക്ക്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത മലൈക്കോട്ടൈ വാലിബന്‍ കണ്ടവരാരും അതിലെ മാതംഗിയേയും ആ കഥാപാത്രത്തെ അവതരിപ്പിച്ച സുചിത്രാ നായരേയും മറക്കില്ല. മാതംഗി എന്ന കഥാപാത്രത്തിലൂടെ തന്റെ ബിഗ്‌സ്‌ക്രീന്‍ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സുചിത്ര. മലൈക്കോട്ടൈ വാലിബന്‍ തന്ന അനുഭവങ്ങള്‍ സുചിത്ര നായർ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.
റിഹേഴ്‌സലിന് ധരിച്ച കോസ്റ്റ്യൂം ആയിരുന്നില്ല സിനിമയില്‍
ബിഗ് ബോസാണ് സിനിമയിലേക്കുള്ള വഴിയൊരുക്കിയത്. വാലിബന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാംലാല്‍ ചേട്ടനായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ നിര്‍ദേശപ്രകാരം വിളിച്ചത്. ലിജോ ബിഗ് ബോസ് കാണാറുണ്ടായിരുന്നു. സ്ഥിരം കാണാറുണ്ടായിരുന്നോ എന്നറിയില്ല. പിന്നെ ലിജോയെ കൊച്ചിയില്‍പ്പോയി നേരിട്ടുകണ്ടു. അന്നാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. എന്നെ അതിനോടകം അവര്‍ മാതംഗി എന്ന വേഷത്തിലേക്ക് നിശ്ചയിച്ചിരുന്നു. പിന്നെ കോസ്റ്റ്യൂം റിഹേഴ്‌സലും ഉണ്ടായിരുന്നു. പക്ഷേ, അന്നവിടെ ധരിച്ച കോസ്റ്റ്യൂമേ ആയിരുന്നില്ല സിനിമയില്‍.
വിരഹമുള്ള കഥാപാത്രം എന്നാണ് മാതംഗിയേക്കുറിച്ച് ആദ്യം പറഞ്ഞത്
കഴിഞ്ഞവര്‍ഷം ജനുവരി പതിനെട്ടിനായിരുന്നു വാലിബന്റെ ചിത്രീകരണം ആരംഭിച്ചത്. നാലുദിവസം കഴിഞ്ഞിട്ടായിരുന്നു എന്റെ ഡേറ്റ് തുടങ്ങിയത്. ഇവിടെ ഓഡിയോ ലോഞ്ചിന്റെ സമയത്ത് വാലിബന്‍ തുടങ്ങിയിട്ട് കൃത്യം ഒരുവര്‍ഷമായിരുന്നു. മാതംഗി എന്ന കഥാപാത്രത്തേക്കുറിച്ച് വിശദീകരിച്ചുതരുന്നത് ലിജോ സാറായിരുന്നു. വിരഹമുള്ള കഥാപാത്രം എന്നാണ് മാതംഗിയേക്കുറിച്ച് ആദ്യം പറഞ്ഞത്. വാലിബനെ അത്രമേല്‍ ആത്മാര്‍ഥമായി പ്രണയിക്കുന്നുണ്ട് അവര്‍. പക്ഷേ ഒരു യാത്രപോലും പറയാതെയാണ് വാലിബന്‍ പോകുന്നത്. വിരഹത്തോടെയിരിക്കുന്ന മാതംഗിയേയാണ് ചിത്രത്തില്‍ കൂടുതലും കാണിച്ചിരിക്കുന്നത്.
ഒന്നിനും വെപ്രാളം പിടിക്കാറില്ല
സാധാരണ എല്ലാവരുടേയും കരിയര്‍ ഗ്രാഫില്‍ ഉയര്‍ച്ചതാഴ്ചകള്‍ വരാറുണ്ട്. ദൈവം സഹായിച്ച് എന്റെ ഗ്രാഫ് മുകളിലേക്കുതന്നെയാണ് പോയിട്ടുള്ളത്. എനിക്ക് ക്ഷമയുണ്ട്, ഒന്നിനും വെപ്രാളംപിടിക്കാറില്ല. എല്ലാ അവസരങ്ങളും കാത്തിരുന്നാണ് ഇതുവരെ കിട്ടിയിട്ടുള്ളത്. ഒരു സീരിയല്‍ ചെയ്ത് ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ടെലിവിഷന്‍ ആങ്കറിങ് തുടങ്ങിയത്. അതിനുശേഷം ബിഗ് ബോസില്‍ പങ്കെടുത്തു. അതുകഴിഞ്ഞ് കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് മലൈക്കോട്ടൈ വാലിബനിലേക്കുള്ള വിളി വരുന്നത്.
എടുക്കുന്ന രംഗം മികച്ചതാകണം എന്നേയുണ്ടായിരുന്നുള്ളൂ
ഒപ്പം നിന്ന് ഒരു ഫോട്ടോയെടുക്കാന്‍ ചെറുപ്പംമുതലേ നമ്മള്‍ ആഗ്രഹിക്കുന്നയാളാണ് ലാലേട്ടന്‍. ബിഗ് ബോസില്‍ വരുന്ന എല്ലാവരുടേയും ആഗ്രഹം അദ്ദേഹവുമായി സംസാരിക്കാം കാണാം എന്നൊക്കെയായിരിക്കും. ആ ഷോ കഴിഞ്ഞിട്ട് ഞാന്‍ പിന്നെ അദ്ദേഹത്തെ കാണുന്നത് ഈ സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ്. സെറ്റില്‍ നമ്മളെ അത്രയും കംഫര്‍ട്ട് ആക്കുന്നയാളാണ് അദ്ദേഹം. ഇത്രയും വലിയ ആളുകള്‍ക്കൊപ്പമാണ് ചെയ്യുന്നത് എന്ന തോന്നല്‍ ഒരിക്കലും ഉണ്ടായിട്ടില്ല. സെറ്റിലെ കാര്യമെടുക്കുകയാണെങ്കില്‍ എടുക്കുന്ന സീന്‍ ഏറ്റവും മികച്ചതാക്കുക എന്നതിനാണ് മുന്‍തൂക്കം നല്‍കിയിരുന്നത്.
എക്‌സൈറ്റ്‌മെന്റും ടെന്‍ഷനും ഒരുപോലെ
ഇങ്ങനെയൊരു ചിത്രത്തിലേക്ക് അവസരം വന്നപ്പോള്‍ എക്‌സൈറ്റ്‌മെന്റും ടെന്‍ഷനും ഒരേപോലെയുണ്ടായിരുന്നു. ഞാന്‍ ചെയ്യുന്നത് അവര്‍ക്ക് ഇഷ്ടമാവുമോ എന്നൊക്കെയുള്ള ഒരുപാട് കാര്യങ്ങള്‍ മനസിലൂടെ ഓടിക്കൊണ്ടേയിരുന്നു. പക്ഷേ, ഓരോ നടീനടന്മാരില്‍നിന്നും തനിക്കെന്താണ് വേണ്ടതെന്ന് കൃത്യമായി മനസിലുറപ്പിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അതുകിട്ടുന്നതുവരെ പുള്ളി ചെയ്യിക്കും. അദ്ദേഹം പറയുന്നത് അതേപോലെ ചെയ്താല്‍ മാത്രംമതി. അതോടെ നമ്മുടെ മനസിലുണ്ടാവുന്ന ആശങ്കകളും ആശയക്കുഴപ്പങ്ങളും അവിടെത്തന്നെ തീരും. ഉത്തരവാദിത്വത്തേക്കുറിച്ചൊന്നും ചിന്തിക്കാനുള്ള സമയമില്ലായിരുന്നു. കോസ്റ്റ്യൂമിൽ ക്യാമറയ്ക്ക് മുന്നില്‍ച്ചെല്ലുക, സംവിധായകന്‍ പറയുന്നത് അതേപോലെ ചെയ്യുക എന്നതുമാത്രമേയുള്ളൂ. അതില്‍ എല്ലാവരും പ്രശംസിച്ച ഒരു കഥാപാത്രമാണ് ഡാനിഷ് സേത്ത് ചെയ്ത ചമതകന്‍. അത് അദ്ദേഹം ഗംഭീരമായി ചെയ്തു.
വാലിബന്‍ തിരിച്ചുവരുമെന്നുതന്നെയാണ് മാതംഗി വിശ്വസിക്കുന്നത്
യോദ്ധാവ് വാലിബനും രാജകുമാരി മാതംഗിയുമാണ് എന്ന രീതിയില്‍ത്തന്നെയാണ് ആ കഥാപാത്രം കഥ പറയുന്നത്. എന്നെങ്കിലും വാലിബന്‍ തിരിച്ചുവരുമെന്നുതന്നെയാണ് മാതംഗി വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ആ ജനലില്‍ക്കൂടി അവര്‍ വാലിബനെ നോക്കിനില്‍ക്കുന്നത്. തൊട്ടപ്പുറത്തെ ജനലില്‍ക്കൂടി നോക്കുന്ന അമ്മയും മനസില്‍ ആലോചിക്കുന്നത് വാലിബന്റെ തിരിച്ചുവരവ് തന്നെയാണ്. യുദ്ധത്തിന് പോകുന്ന മകനെയൊക്കെയാവാം അവര്‍ ആലോചിച്ചിരിക്കുക.
രണ്ടാമതൊരു കാഴ്ചകൂടി ആവശ്യപ്പെടുന്നുണ്ട് ലിജോ ചിത്രങ്ങള്‍
ലിജോ സാറിന്റെ സിനിമ എന്ന രീതിയില്‍ കാണുകയാണെങ്കില്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാനാവും. പകുതിയോളം ആളുകള്‍ക്ക് അത് ഭയങ്കരമായി ഇഷ്ടപ്പെടുന്നു. മറുഭാഗത്തിന് അങ്ങനെയല്ലാതെയും വരുന്നു. അമിത പ്രതീക്ഷയോടെ പോയിട്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നാണ് തോന്നുന്നത്. ലിജോ സാറിന്റെ എല്ലാ സിനിമകളിലും അദ്ദേഹത്തിന്റേതായ ചിത്രീകരണ ശൈലികള്‍ കാണാം. രണ്ടാമതൊരു കാഴ്ചകൂടി ആവശ്യപ്പെടുന്നുണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. എന്തെങ്കിലുമൊരു പ്രത്യേകത ലിജോ സാറിന്റെ സിനിമകളില്‍ എപ്പോഴുമുണ്ടാകും. അത് വാലിബനിലുമുണ്ട്. ക്യാമറാമാന്‍ മധു നീലകണ്ഠന്‍, കലാ സംവിധായകന്‍ തുടങ്ങി എല്ലാവരും അതുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്.
കൊടുംതണുപ്പും പൊടിക്കാറ്റും അവഗണിച്ച് ചിത്രീകരണം
ഞാന്‍ സിനിമയില്‍ ജോയില്‍ ചെയ്യുന്ന സമയത്ത് കൊടുംതണുപ്പായിരുന്നു. മൈനസ് ഡിഗ്രിയിലൊക്കെയായിരുന്നു ജോലി ചെയ്യേണ്ടിയിരുന്നത്. ലാലേട്ടന് ഫൈറ്റ് സീനുകളെടുക്കുമ്പോള്‍ പൊടിയടിച്ച് ചെസ്റ്റ് ഇന്‍ഫെക്ഷനും പനിയും വന്നു. രാത്രി രണ്ടുമണിക്കൊക്കെ ചിത്രീകരണമുണ്ടായിരുന്നു. ആ സമയത്താണെങ്കില്‍ നല്ല തണുപ്പും അതിലും തണുപ്പുള്ള കാറ്റും. പോരാത്തതിന് പൊടിക്കാറ്റും. സെറ്റിലെ എല്ലാവര്‍ക്കും വയ്യാതായി. എനിക്ക് തണുപ്പുമാത്രമേ നേരിടേണ്ടിവന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം തണുപ്പും ചൂടും പൊടിയുമെല്ലാം അനുഭവിച്ചു.
ഇപ്പോഴത്തെ ആസ്വാദനരീതിതന്നെ വ്യത്യസ്തമാണ്
പ്രേക്ഷകര്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോഴത്തെ ആസ്വാദനരീതിതന്നെ വ്യത്യസ്തമാണ്. പണ്ടൊക്കെ കഥ, നായകന്‍, നായിക, പ്രധാന കഥാപാത്രങ്ങളുടെ അഭിനയം ഒക്കെയായിരുന്നു പ്രേക്ഷകന്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ എഡിറ്റിങ് തൊട്ട് പശ്ചാത്തലസംഗീതവും ക്യാമറയും എല്ലാം പ്രേക്ഷകര്‍ ആസ്വദിക്കുന്നുണ്ട്. എവിടെയെങ്കിലും പാളിപ്പോയാല്‍ അതുതന്നെയായിരിക്കും ആദ്യം ചൂണ്ടിക്കാണിക്കുക. ഇപ്പോള്‍ പ്രേക്ഷകന് ഒരു സിനിമ കൊടുക്കുമ്പോള്‍, അവര്‍ ഒരു സംഖ്യം കൊടുത്ത് ടിക്കറ്റെടുത്ത് സിനിമ കാണുമ്പോള്‍ ഇതെല്ലാം പെര്‍ഫെക്ട് ആയിരിക്കണം.
ആദ്യം വന്ന നെഗറ്റീവ് അഭിപ്രായങ്ങള്‍ക്കുപിന്നില്‍ അമിതപ്രതീക്ഷ
വാലിബന്‍ അതിന്റെ യഥാര്‍ഥ പ്രേക്ഷകരിലേക്ക് ഇപ്പോഴാണ് എത്തിയതെന്ന അഭിപ്രായം ഇപ്പോള്‍ പലയിടത്തുനിന്നും വരുന്നുണ്ട്. ആദ്യം വന്ന അഭിപ്രായങ്ങള്‍ക്കു പിന്നില്‍ അമിതപ്രതീക്ഷയാണ്. ലാലേട്ടന്റെ ഒരു പടം വരുമ്പോള്‍ മാസൊക്കെയുള്ള സിനിമ പ്രതീക്ഷിച്ചാണ് ആളുകള്‍ കയറുന്നത്. ആ പ്രതീക്ഷയ്‌ക്കൊത്ത് വന്നില്ലെങ്കിലാണ് നെഗറ്റീവായ അഭിപ്രായം അവര്‍ പറയുക. എന്നാല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ലാലേട്ടന്‍ ഗംഭീരമായി അഭിനയിക്കുന്ന സിനിമ എന്ന രീതിയില്‍ കണ്ടാല്‍ ഈവിധ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല.
മറ്റുഭാഷക്കാര്‍ വാലിബനെ വളരെ മികച്ച സിനിമാനുഭമായാണ് കാണുന്നത്
സ്വയം മത്സരിക്കുന്ന സംവിധായകനായി, ലിജോ ജോസ് പെല്ലിശ്ശേരിയെ വാലിബനായി നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. ലിജോ സാറിനെപ്പോലെയുള്ള ഒരു സംവിധായകനെ നമ്മള്‍ വിമര്‍ശിക്കുന്നുണ്ട്. നേരേ മറിച്ച് നാളെ അദ്ദേഹം മറ്റൊരു ഭാഷയില്‍പ്പോയി വാലിബന്‍ പോലൊരു പടം ചെയ്താല്‍ രണ്ടുകയ്യുംനീട്ടി അവിടത്തെ പ്രേക്ഷകര്‍ അദ്ദേഹത്തെ സ്വീകരിക്കും. അങ്ങനെ സംഭവിച്ചാല്‍ നഷ്ടം നമ്മള്‍ക്ക് തന്നെയായിരിക്കും. കുറ്റം കണ്ടുപിടിക്കാന്‍ മാത്രമുള്ളവര്‍ അങ്ങനെയിരിക്കും. മലയാളസിനിമ എന്ന മേഖലയില്‍ പുതിയ ചിന്താഗതികളും പുതുമയുള്ള സിനിമകളും ഇനിയും വരണമെന്നുണ്ടെങ്കില്‍ പ്രതിഭാധനരായ സംവിധായകര്‍ തന്നത് ആസ്വദിക്കേണ്ടിയിരിക്കുന്നു. ഈ സംവിധായകരുടെ മനസ് മടുപ്പിച്ചുകഴിഞ്ഞാല്‍ നാളെ മറ്റേതെങ്കിലും ഭാഷയിലേക്ക് പോകുമെന്നത് ഉറപ്പാണ്. ഇതിനകം ഒരുപാടുപേര്‍ അങ്ങനെ പോയിക്കഴിഞ്ഞു. എത്രയോ നടിമാര്‍ മറ്റുഭാഷകളിലേക്ക് പോയിക്കഴിഞ്ഞു. അന്യഭാഷകളില്‍ അവര്‍ നല്ലരീതിയില്‍ സ്വീകരിക്കപ്പെട്ടാല്‍ പിന്നെ നമുക്കവരെ തിരിച്ചുവേണം. അപ്പോഴവര്‍ വരാന്‍ തയ്യാറായെന്നുവരില്ല. മറ്റുഭാഷക്കാര്‍ വാലിബനെ വളരെ മികച്ച സിനിമാനുഭവമായാണ് കാണുന്നത്. കേരളത്തിലാണ് വളരെ ചെറിയ കാര്യങ്ങളില്‍ കുറ്റം കണ്ടുപിടിച്ച് അതിനെ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇങ്ങനെയൊരു ചിത്രമെടുക്കാന്‍ വന്ന അധ്വാനം എത്രത്തോളമാണെന്ന ചിന്തയൊന്നും ആര്‍ക്കുമില്ല.
Content Highlights: actress suchithra nair interview, malaikottai vaaliban movie mohanlal
Published: 01 Feb 2024, 01:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented