ഒരേ സമയം രണ്ട് ചിത്രങ്ങൾ ഷൂട്ടിങ് നടക്കുക. രണ്ട് ചിത്രങ്ങളും സംവിധാനംചെയ്യുന്നത് പ്രഗത്ഭർ. ആദ്യം റിലീസ് ചെയ്ത ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു. അടുത്തത് റിലീസിന് തയ്യാറെടുക്കുന്നു. ഡോൺ മൈക്കൽ എന്ന പുതുമുഖത്തിന് സന്തോഷിക്കാൻ കാരണങ്ങളേറെയാണ്. വൈശാഖ്-പൃഥ്വിരാജ് ടീമിന്റെ ഖലീഫ എന്ന ചിത്രത്തിൽ വില്ലനായിരുന്നെങ്കിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡറിൽ നായകനാണ് ഡോൺ. എക്കാലവും മലയാളികൾ മനസിൽ സൂക്ഷിക്കുന്ന നിരവധി സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ച പ്രിയനടൻ രാജൻ പി. ദേവിന്റെ കൊച്ചുമകൻ കൂടിയാണ് ഡോൺ. തന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് ഡോൺ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

To advertise here,

എങ്ങനെയാണ് ഖലീഫയിലേക്ക് എത്തിയത്?

സിനിമയുടെ നിർമാതാവ് ജിനു എബ്രഹാം വഴിയാണ് ഞാൻ ഖലീഫ എന്ന ചിത്രത്തിലേക്കെത്തിയത്. സ്ഥിരമായി ചാൻസ് ചോദിക്കുമായിരുന്നു. ഓരോ സംവിധായകരേയും നിർമാതാക്കളേയുമെല്ലാം കാണും. അങ്ങനെയൊരിക്കലാണ് നിർമാതാവ് ജിനു എബ്രഹാം താമസിക്കുന്നത് എന്റെ വീടിന്റെ സമീപത്താണെന്ന് മനസിലാക്കിയത്. അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ മാനേജർ വഴി അദ്ദേഹത്തെ കണ്ടു. ഞാൻ അങ്ങോട്ട് പോയി പരിചയപ്പെടുകയായിരുന്നു. എന്റെ ഫോട്ടോസ് കണ്ട്, ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കാം, നമുക്ക് സംവിധായകൻ വൈശാഖിനെ കാണാമെന്നു പറഞ്ഞു. അങ്ങനെയാണ് ഖലീഫയിലേക്ക് ഞാൻ എത്തുന്നത്.

ലോ ആൻഡ് ഓർഡറിലേക്ക് എത്തുന്നതിന് ഓഡിഷൻ ഉണ്ടായിരുന്നോ?

ലോ ആൻഡ് ഓർഡറിലേക്ക് ഓഡിഷൻ ഉണ്ടായിരുന്നു. എന്റെ ഫോട്ടോ കണ്ട് പ്രൊഡക്ഷൻ കൺട്രോളർ ഫ്രാങ്ക്ളിൻ ഫിലിപ്പ് ആണ് ഓഡിഷന് ചെല്ലാൻ പറഞ്ഞത്. അവിടെ പോയപ്പോൾ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ എന്നിവരെല്ലാമുണ്ടായിരുന്നു.

രണ്ട് ചിത്രങ്ങളുടേയും ഷൂട്ടിങ് ഒരേ സമയത്തായിരുന്നോ?

ഷൂട്ട് ഒരേ സമയം തന്നെയായിരുന്നു. എനിക്ക് അപ്രതീക്ഷിതമായി കിട്ടിയ ഒരു അനുഗ്രഹമാണ് ലോ ആൻഡ് ഓർഡർ എന്ന ചിത്രം. ഞാൻ ഖലീഫയിലെ കഥാപാത്രം ലഭിച്ച് നിൽക്കുമ്പോഴാണ് ലോ ആൻഡ് ഓർഡറിലേക്കുള്ള വിളി വന്നത്. ആദ്യം പുറത്തിറങ്ങിയത് ഖലീഫയാണ്. പിന്നെ വലിയൊരു ഭാഗ്യം ലഭിച്ചത് എന്റെ കാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങിയതാണ്. എന്റെ കരിയറിൽ കിട്ടുന്ന വലിയൊരു സമ്മാനമാണത്. അത് ഷെയർ ചെയ്തത് ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന പൃഥ്വിരാജായിരുന്നു. എനിക്ക് വലിയ സന്തോഷമായിരുന്നു ഞാൻ ജിനു എബ്രഹാമിനെ വിളിച്ചു നന്ദി പറഞ്ഞിരുന്നു

ഖലീഫയിൽ വില്ലനും ലോ ആൻഡ് ഓർഡറിൽ നായകനുമാണല്ലോ?

കഥാപാത്രങ്ങളിൽ വൈവിധ്യമുണ്ട്. ഒന്നിൽ നായകനും മറ്റൊന്നിൽ വില്ലനും. ഖലീഫയിൽ ഷമ്മി തിലകനൊപ്പമായിരുന്നു മിക്ക രംഗങ്ങളും. അധികം സീനുകൾ ഉണ്ടായിരുന്നില്ലെങ്കിലും നല്ല എക്സ്പീരിയൻസ് ആയിരുന്നു. ലോ ആൻഡ് ഓർഡറിൽ നന്നായി പണിയെടുക്കേണ്ടി വന്നിട്ടുണ്ട്. നായകനാണ്, ആക്ഷൻ സീനുകളുണ്ട്. പക്ഷേ, ഒരു മടിയും കാണിച്ചിട്ടില്ല. കഴിവിന്റെ പരമാവധി ചെയ്തിട്ടുണ്ട് ഈ ചിത്രത്തിൽ. ലോ ആൻഡ് ഓർഡറിൽ നല്ല ഫിറ്റ് ആയ ബോഡി വേണം. ഖലീഫയിൽ അത്ര ഫിറ്റല്ലാത്ത, തടിയുള്ള കഥാപാത്രമാണ്. പക്ഷേ ലോ ആൻഡ് ഓർഡർ സിനിമയുടെ ജോലികൾ പുരോഗമിക്കുന്ന സമയത്ത് എനിക്കൊരു രണ്ടാഴ്ചത്തെ ബ്രേക്ക് കിട്ടി. ആ സമയത്ത് തടികൂട്ടി, ഖലീഫയ്ക്കായുള്ള ബോഡി ട്രാൻസ്ഫർമേഷൻ നടത്തി. ജിമ്മിൽ വർക്കൗട്ട് ചെയ്യാൻ ഏറെ ഇഷ്ടമാണ്.

തുടക്കം മലയാളത്തിലെ രണ്ട് വലിയ സംവിധായകർക്കൊപ്പം

അതെനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും ഭാഗ്യവുമായിത്തന്നെയാണ് കാണുന്നത്. കൊമേഴ്സ്യൽ ഘടകങ്ങളെ നന്നായി മനസിലാക്കുന്ന സംവിധായകൻ വൈശാഖ് ഒരുവശത്ത്. രഞ്ജിത്ത് സാർ മറ്റൊരു വശത്ത്. രണ്ടും വളരെ വലിയ സ്കൂൾ ഓഫ് തോട്ടായിരുന്നു അപ്പോൾ വൈശാഖേട്ടനെ പോലെ അല്ല സംവിധായകൻ രഞ്ജിത്ത്. രണ്ടുപേരെയും താരതമ്യം ചെയ്യാൻ പറ്റില്ല. അവർ പറഞ്ഞുതരുന്ന രീതികളും സംവിധാന ശൈലിയും വ്യത്യാസമുണ്ട്. ഞാൻ വളരെ ഭാഗ്യവാനാണെന്ന് തോന്നുന്നു.

പ്രധാനപ്പെട്ട രണ്ട് രംഗങ്ങൾ പൃഥ്വിരാജിനും ടൊവിനോയ്ക്കും ഒപ്പമായിരുന്നല്ലോ?

ഞാൻ ചെറുപ്പം തൊട്ടേ ആരാധിക്കുന്ന താരമാണ് പൃഥ്വിരാജ്. എന്റെ കുഞ്ഞുനാളിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ചിത്രങ്ങളിലൊന്ന് അദ്ദേഹം നായകനായ സത്യം ആണ്. ആ ചിത്രത്തിലെ പൃഥ്വിരാജാണ് എന്റെ അന്നത്തെ ഹീറോ. അതിലെ അദ്ദേഹത്തിന്റെ കഥാപാത്രം എന്നെ നന്നായി സ്വാധീനിക്കുകയും ഉള്ളിൽ ആഗ്രഹങ്ങൾ ഉണ്ടാക്കിയിട്ടുമുണ്ട്. ഖലീഫയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പൃഥ്വിരാജിനെ എങ്ങനെയെങ്കിലും കാണണം മീറ്റ് ചെയ്യണം അദ്ദേഹത്തിന്റെ കൂടെ നിന്ന് ഫോട്ടോ കൊടുക്കണമെന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ വർഷങ്ങളായി പരിചയമുള്ള ഒരാളേപ്പോലെയാണ് സംസാരിച്ചത്. ടൊവിനോ ആണെങ്കിലും അങ്ങനെതന്നെ. ഫൈറ്റ് സീനുകളിലുൾപ്പെടെ റീടേക്ക് പോകുന്ന സമയത്ത് എന്നെക്കൂടി കംഫർട്ടബിൾ ആക്കുന്നതുപോലെയാണ് അദ്ദേഹം പെരുമാറിയത്. രണ്ടുപേർക്കുമൊത്തുള്ള നിമിഷങ്ങൾ ഞാനെന്നും ഓർമയിൽ സൂക്ഷിക്കും.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽനിന്നാണ് വരുന്നത്

അതിനെ വളരെ നന്ദിയോടെയും ഒരല്പം ഭയത്തോടെയുമാണ് കാണുന്നത്. എന്റെ എന്തെങ്കിലുമൊരു പ്രവൃത്തികൊണ്ട് അപ്പൂപ്പന്റെ പേരിന് കളങ്കം ഉണ്ടാകരുത്. അല്ലെങ്കിൽ എന്റെ അപ്പൂപ്പന് ഒരു കുഴപ്പം ഉണ്ടാകരുത് എന്നുള്ള ദൃഢമായ തീരുമാനം എനിക്കുണ്ട്. കൂടാതെ, എന്നാൽ കഴിയുന്ന നിലയ്ക്ക് അദ്ദേഹത്തോട് നീതിപുലർത്തണം. രാജൻ പി. ദേവ് എന്ന ഒറ്റയാൾ കാരണമാണ് ഇന്ന് ഞാനിവിടെ നിൽക്കുന്നത്. അതിനുള്ള നന്ദി പൂർണമായ അർത്ഥത്തിൽ എനിക്ക് തിരിച്ചുകൊടുക്കണം. എന്നോട് ആളുകൾ കാണിക്കുന്ന സ്നേഹത്തിന് കാരണം അദ്ദേഹമാണ്. ആളുകൾക്ക് അപ്പൂപ്പനോടുള്ള സ്നേഹവും ബഹുമാനവും നിലനിർത്തി മുന്നോട്ടുപോകാൻ തന്നെയാണ് താത്പര്യം. അങ്ങനെയൊരു അപ്പൂപ്പന്റെ കൊച്ചുമകനായതിൽ വളരെയധികം സന്തോഷവും അഭിമാനവും ഉണ്ട്. പക്ഷേ എന്റെ ഇന്നത്തെ നേട്ടം കാണാൻ അദ്ദേഹം ഇല്ലല്ലോ എന്ന സങ്കടവുമുണ്ട്.

അപ്പൂപ്പൻ വീട്ടിലുള്ളപ്പോൾ സ്ഥിരമായി വരുന്ന നടന്മാരെ ആരെയെങ്കിലും ഓർമയുണ്ടോ?

എല്ലാവരേയും ഓർമയില്ല, കാരണം ഞാനന്ന് കുഞ്ഞാണല്ലോ. പക്ഷേ, സുരേഷ് ഗോപി അങ്കിൾ ഇടയ്ക്ക് വരുമായിരുന്നു. ജയറാമേട്ടനും ദിലീപേട്ടനും വരുമായിരുന്നു. ഞാൻ സ്ക്രീനിൽ കണ്ടുകൊണ്ടിരുന്നവരാണ് ഇവരെല്ലാം. എന്നെ സംബന്ധിച്ച് ഞാൻ അത്രയും ആരാധനയോടെ നോക്കി നിൽക്കുന്ന ആളുകളാണ് അവരെല്ലാം.

സിനിമയിൽ വന്നപ്പോൾ രാജൻ പി. ദേവിന്റെ കൊച്ചുമകനാണ് ഡോണെന്ന് ആർക്കെങ്കിലും അറിയാമായിരുന്നോ?

ലോ ആൻഡ് ഓർഡറിന്റെ ഓഡിഷന് ചെന്നപ്പോൾ ഇക്കാര്യം ഞാൻ ആരോടും മിണ്ടിയില്ല. പിന്നീട് ഉദയൻ അങ്കിളാണ് ഇക്കാര്യം കണ്ടുപിടിച്ചത്. എനിക്ക് സിനിമ കിട്ടിക്കഴിഞ്ഞാണ് അത് സംഭവിച്ചത്. നീ രാജേട്ടന്റെ കൊച്ചുമകനാണോ, നേരത്തേ പറയേണ്ടേ എന്നാണ് അദ്ദേഹം ചോദിച്ചത്. എന്താ പറയേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു.

അപ്പൂപ്പൻ അവതരിപ്പിച്ചതിൽ ഇഷ്ടമുള്ള കഥാപാത്രം ഏതാണ്?

എനിക്ക് ഛോട്ടാ മുംബൈയിലെ പാമ്പ് ചാക്കോച്ചനും തൊമ്മനുമാണ് ഏറ്റവുമിഷ്ടം. വില്ലൻ വേഷങ്ങളിൽ കരുമാടിക്കുട്ടനിലേതും. എന്നാലും ഞാൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്ത് പരിസരം മറന്നു ചിരിച്ച കഥാപാത്രങ്ങൾ പാമ്പ് ചാക്കോച്ചനും തൊമ്മനുമാണ്.

‘ലോ ആൻഡ് ഓർഡറി’നെക്കുറിച്ചുള്ള പ്രതീക്ഷകൾ

ഞങ്ങളെല്ലാവരും ഒത്തുചേർന്നുണ്ടാക്കിയ ചിത്രമാണ് ലോ ആൻഡ് ഓർഡർ. ഒരു കുഞ്ഞുസിനിമയാണ്. ഫാമിലിയും ആക്ഷനുമെല്ലാം കടന്നുവരുന്നുണ്ട്. ഈ സിനിമയെ പ്രേക്ഷകർ ഇരുകൈകളുംനീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. വിമർശനം ആണെങ്കിലും സ്വീകരണം ആണെങ്കിലും എല്ലാം നമ്മൾ കേൾക്കും, സ്വീകരിക്കും. സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുമെന്നും ആസ്വദിക്കുമെന്നും ഞാൻ വളരെയധികം പ്രാർത്ഥിക്കുന്നു ഞാൻ. സിനിമ വലിയൊരു വിജയമാകട്ടെ എന്നാണ് പ്രാർത്ഥന.

വില്ലൻ വേഷങ്ങളോടാണോ നായക വേഷങ്ങളോടാണോ താത്പര്യം?

എനിക്ക് പ്രേക്ഷകരും ദൈവവുമായിട്ട് എന്ത് തരുന്നു എന്നാണ് നോക്കുന്നത്. അവർ എന്നെ എങ്ങനെ സ്വീകരിച്ച് മുന്നോട്ട് പോകുന്നു, എന്തെല്ലാം അവസരങ്ങൾ വരുന്നു എന്നതിനെയെല്ലാം ആശ്രയിച്ച് മുന്നോട്ടുപോകാനാണ് താല്പര്യം.