
നായകനായ ആദ്യ സിനിമയുടെ പോസ്‌റ്റൊട്ടിക്കാനിറങ്ങിയ അനുഭവമുണ്ട് യുവനടൻ സജൽ സുദർശനന്. ഇന്ന് അയാൾ നായകപ്രാധാന്യമുള്ള വേഷം അവതരിപ്പിച്ച ചിത്രത്തിന്റെ പോസ്റ്റർ കേരളത്തിലെവിടയുമുണ്ട്. വിദേശത്ത് വളർന്ന സജലിന്റെ കുട്ടിക്കാലത്തെ ഏകവിനോദം വാരാന്ത്യത്തിൽ കാണുന്ന സിനിമകളായിരുന്നു. അമ്മയും മമ്മൂട്ടി ആരാധകനായ അച്ഛനും കുട്ടിക്കാലത്ത് കൊണ്ടുപോയി കാണിച്ച സിനിമകൾ സജൽ സുദർശനിൽ അഭിനയമോഹം വളർത്തി. ഇന്നയാൾ പ്രകാശ് വർമ നായകനായ, മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ, രഞ്ജിത്ത് നായകനായ സിനിമയിലെ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു. 'ലോ ആൻഡ് ഓർഡർ' എന്ന ചിത്രത്തിന്റെ സന്തോഷം മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെക്കുകയാണ് സജൽ.
‘ലോ ആൻഡ് ഓർഡറി’ലെ ഇടിയൻ ബെന്നിക്ക് ലഭിക്കുന്ന പ്രതികരണം
ഒരുപാട് പേർ എന്നെ സ്വീകരിച്ചു. ഇടിയൻ ബെന്നി അഥവാ ബെന്നി വർഗീസ് എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് ഇഷ്ടമായി എന്നറിയുന്നത് വലിയ സന്തോഷമാണ്. ഒരുപാടുപേർ അടുത്തുവന്ന് സംസാരിക്കുന്നു. പോലീസുകാരന്റെ ശരീര ഭാഷ എനിക്ക് ചേരുന്നു എന്നൊക്കെ അവർ വന്ന് പറയുമ്പോൾ സന്തോഷം തോന്നുന്നു. പോസിറ്റീവ് പ്രതികരണങ്ങൾ തന്നെയാണ് ഏറെയും ലഭിക്കുന്നത്.
സിനിമ തിയേറ്ററിൽ എത്തുംമുമ്പ് ഞങ്ങൾ എഡിറ്റോ പ്രിവ്യൂയോ ഒന്നും കണ്ടിരുന്നില്ല. പ്രധാന വേഷം ചെയ്ത ഞങ്ങൾ അഞ്ചുപേരും ആദ്യമായി സിനിമ കാണുന്നത് ആൾക്കൂട്ടത്തിനിടയിൽ തിയേറ്ററിലെ സ്‌ക്രീനിലാണ്. ശരിക്കും രോമാഞ്ചം തന്നെയായിരുന്നു അപ്പോൾ. അഭിനയിച്ചത് ബിഗ് സ്‌ക്രീനിൽ കാണുമ്പോഴുള്ള അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. വളരെയേറെ സന്തോഷം തോന്നി. പരിശ്രമങ്ങളൊന്നും പാഴായില്ലെന്ന് തിരിച്ചറിഞ്ഞു.
‘ലോ ആൻഡ് ഓർഡറി’ലേക്ക് എത്തുന്നത്...
സംവിധായകൻ ശ്യാമപ്രസാദ് സാറിന്റെ ആക്ടിങ് വർക് ഷോപ്പിൽ പങ്കെടുത്തിരുന്നു. മലയാളത്തിലെ ഒരു പ്രധാന സംവിധായകന്റെ സിനിമയിലേക്ക് ഓഡിഷൻ ഉണ്ടെന്ന് പറഞ്ഞ് അവിടെ നിന്ന് അയക്കുകയായിരുന്നു. ഓഡിഷൻ നടക്കുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് ഇത് മമ്മൂക്ക അഭിനയിക്കാൻ പോവുന്ന രഞ്ജിത്ത് സാറിന്റെ പടമാണെന്ന് അറിയുന്നത്. ഐക്കോണിക്കായിട്ടുള്ള, മാസ് സിനിമകൾ ചെയ്ത സംവിധായകനാണ് രഞ്ജിത്ത് സർ. അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കാൻ പറ്റുക, നമ്മുടെ കഴിവ് പ്രദർശിപ്പിക്കാൻ പറ്റുക എന്നതൊക്കെ വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്.
ഓഡിഷൻ അനുഭവങ്ങൾ…
ഓഡിഷനായി രഞ്ജിത്ത് സാറിന്റെ മുന്നിൽപ്പോയിനിന്നു. 'അഭിനയിക്കുമോടാ' എന്നായിരുന്നു ആദ്യ ചോദ്യം. ‘അഭിനയിക്കും’, എന്ന് ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. പിന്നാലെ അദ്ദേഹം സ്വയം പരിചയപ്പെടുത്താൻ പറഞ്ഞു. അപ്പോൾ ഞാനൊന്ന് പകച്ചുപോയി. സ്‌കൂളിൽ പഠിക്കുന്ന കാലം മുതലേ, ആദ്യ ദിവസം ക്ലാസിൽ പോകാൻ മടിക്കുന്ന ആളാണ് ഞാൻ. സ്വയം പരിചയപ്പെടുത്താൻ പറയുന്നത് എനിക്ക് പേടിയായിരുന്നു. അതു കേൾക്കുമ്പോൾ എനിക്ക് വിക്കാൻ തുടങ്ങും. സാറിന്റെ മുന്നിലും അങ്ങനെയായിരുന്നു. സർ സ്വയം പരിചയപ്പെടുത്താൻ പറഞ്ഞപ്പോൾ, പാളി. ഞാൻ വിക്കി. എന്നാൽ അദ്ദേഹത്തിന്റെ മറുപടിയാണ് എന്നെ ഞെട്ടിച്ചത്. ‘സെറ്റിൽ വരുമ്പോൾ ഓക്കേ ആവും’, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തിന്റെ ആ വാക്കുകൾ എനിക്ക് വലിയ ആത്മവിശ്വാസമായി.
മനസിലാക്കാൻ കഴിയുക എന്നതാണ് മനുഷ്യരുടെ ഏറ്റവും വലിയ മഹത്വം എന്നാണ് ഞാൻ വിചാരിക്കുന്നത്. അദ്ദേഹം എന്നെ മനസിലാക്കുകയും അവസരം തരികയും എന്നെ വിശ്വസിക്കുകയും ചെയ്തു. ആ വിശ്വാസത്തിന് പകരമായി എന്റെ മുഴുവനും തിരികെ കൊടുക്കണം എന്ന് തോന്നി. അഭിനയിക്കുമ്പോഴൊക്കെ അതായിരുന്നു എന്റെ മനസിൽ.
മൂന്ന് റൗണ്ട് ആയാണ് ഓഡിഷൻ നടന്നത്. ലുക്ക് ടെസ്റ്റ് നടന്നു. 'ലോ ആൻഡ് ഓർഡർ' ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ്. ആക്ഷൻ അറിയാമോ എന്ന് ചോദിച്ചു. എട്ടുവർഷമായി കളരി പഠിക്കുന്നുണ്ട് എന്ന് പറഞ്ഞു. ഓഡിഷൻ കഴിഞ്ഞ് ഇറങ്ങുമ്പോൾ തന്നെ കിട്ടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഏതൊരു ഓഡിഷന് പോകുമ്പോഴും ഞാൻ ഉള്ളിൽ എന്നോട് തന്നെ പറയും, വിട്ടുകൊടുക്കല്ലേ എന്ന്. അത് ഒരു പരിധിവരെ എന്നെ സഹായിക്കാറുണ്ട്. ഓഡിഷന് പോയി നിൽക്കുമ്പോൾ, ആക്ഷൻ എന്ന് പറഞ്ഞുകഴിഞ്ഞാൽ ബാക്കിയെല്ലാം മറന്ന് ഞാൻ ക്യാരക്ടർ ആവാൻ ശ്രമിക്കും. അന്നേരം മുന്നിൽ നിൽക്കുന്നത് രഞ്ജിത്ത് സർ ആണോ മറ്റാരെങ്കിലുമാണോ എന്ന് ഞാൻ ചിന്തിക്കാറില്ല. അങ്ങനെ ആലോചിച്ചുകഴിഞ്ഞാൽ ഒരു നടന് അഭിനയിക്കാൻ ബുദ്ധിമുട്ടായിരിക്കും. കൂടെ ആരാണ് അഭിനയിക്കുന്നത്, എതിരെ ആരാണ് നിൽക്കുന്നത് എന്നൊന്നും ആലോചിക്കാൻ പാടില്ല.
ഇടിയൻ ബെന്നി അഥവാ ബെന്നി വർഗീസ് എന്ന കഥാപാത്രത്തെക്കുറിച്ച്...
മറ്റ് നാലുപേരിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രം ആയിരിക്കും എന്ന ഐഡിയ രഞ്ജിത്ത് സർ തന്നിരുന്നു. 70 കിലോ ആയിരുന്ന ഞാൻ പത്ത് കിലോ കൂട്ടി. യൂണിഫോമിൽ പോലീസുകാരന്റെ ലുക്ക് കിട്ടാൻ വേണ്ടിയുള്ള ട്രാൻസ്‌ഫോർമേഷൻ നടത്തി. അതൊക്കെ വളരെ താത്പര്യത്തോടെ, സന്തോഷത്തോടെയാണ് ചെയ്തത്. പുതിയൊരു അനുഭവമായിരുന്നു അത്. കഥാപാത്രമായി മാറാൻ നമ്മുടെ ശരീരം മാറ്റിയെടുക്കുന്ന പ്രോസസ് ആസ്വദിച്ചു.
എന്റെ നാട്ടിലെ പോലീസ് ഓഫിസറായിരുന്ന ഒരാളിൽനിന്ന് ഞാൻ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ രൂപവും ശൈലിയുമൊക്കെ ചിത്രത്തിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
സംവിധായകൻ രഞ്ജിത്തിന്റെ സെറ്റ് എങ്ങനെയുണ്ടായിരുന്നു?
സിനിമയിലും ടി.വിയിലുമൊക്കെ കണ്ട ഒരുപാട് അഭിനേതാക്കളെ ആദ്യമായി നേരിൽ കണ്ടത് ‘ലോ ആൻഡ് ഓർഡറി’ന്റെ സെറ്റിലാണ്. അവരുടെ കൂടെ അഭിനയിക്കാൻ പറ്റി.. രഞ്ജിത്ത് സാറിന്റെ സെറ്റിൽ എല്ലാവരും ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയത്. അഭിനേതാക്കളും അസോസിയേറ്റുകളും അസിസ്റ്റന്റുകളും എല്ലാം ഹാർഡ് വർക്കിങ് ആയിരുന്നു.
സിനിമ ഒരാൾ മാത്രം വിചാരിച്ചാൽ സംഭവിക്കുന്നതല്ല. അതൊരു ടീം വർക്കാണ്. രഞ്ജിത്ത് സാറിന്റെ ടീം അടിപൊളിയായിരുന്നു. ടീമിന്റെ എനർജി അഭിനയിക്കുമ്പോൾ നമുക്കും വളരെയേറെ സഹായകരമായിട്ടുണ്ട്.
രഞ്ജിത്തിനെക്കുറിച്ച്... വഴക്ക് കേട്ടോ?
ദേഷ്യത്തിന്റെ പ്രശ്നങ്ങളൊക്കെയുള്ള ആളാണ് അദ്ദേഹം. പക്ഷേ, ഞങ്ങളുടെ അടുത്ത് അധികം ദേഷ്യപ്പെട്ടിരുന്നില്ല. ഞങ്ങൾ അഞ്ചുപേരും പുതിയ ആൾക്കാരാണെന്ന് അദ്ദേഹത്തിന് അറിയാം. പരമാവധി അദ്ദേഹം ഞങ്ങളെ കംഫർട്ടബിൾ ആക്കി.
ഓഡിഷൻ സമയത്ത് അദ്ദേഹം പറഞ്ഞ വാക്കുകൾ, എനിക്ക് വലിയ അവാർഡ് ലഭിച്ചതുപോലെയായിരുന്നു. ഇത്രയും സിനിമയ്ക്ക് പിന്നാലെ നാൾ ഓടി, കഷ്ടപ്പെട്ടു. ബുദ്ധിമുട്ടുകൾ സഹിച്ചു. അതിനൊക്കെ അർഥമുണ്ടായി, ചെയ്യുന്നതൊക്കെ ശരിയാണ് എന്ന തോന്നൽ സാറിന്റെ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഉണ്ടായി. അതുകൊണ്ട് പിന്നീട് പേടി എന്നൊരു സാധനം ഉണ്ടായിരുന്നില്ല.
പേടിയേക്കാൾ കൂടുതൽ ഉത്തരവാദിത്തബോധമായിരുന്നു.. സർ എന്നിൽ അർപ്പിച്ച വിശ്വാസം ശരിയാണെന്ന്, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് തെറ്റായിരുന്നില്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. ഓരോ ഷോട്ട് എടുക്കുമ്പോഴും എന്റെ മനസിലതായിരുന്നു.
ഇത്രയും അനുഭവസമ്പത്തുള്ള, ലെജൻഡറി ആയ സംവിധായകൻ പുതുമുഖങ്ങളെവെച്ച് സിനിമ ചെയ്യാൻ തയ്യാറാവുന്നു എന്നത് ഞങ്ങളെപ്പോലെ ഒട്ടേറെപ്പേർക്ക് വലിയ അവസരമാണ്, അനുഗ്രഹമാണ്. രഞ്ജിത്ത് സർ മാത്രമല്ല, നിർമാതാക്കളായ പ്രേം സർ (പ്രേമചന്ദ്രൻ എ.ജി), സുബൈറിക്ക (മഹാ സുബൈർ)... ഇവർ അതിനുവേണ്ടി പണമിറക്കാം എന്ന് വിചാരിക്കുന്നത് തന്നെ ഞങ്ങളെപ്പോലുള്ള അഭിനേതാക്കൾക്ക് ഊർജമാണ്. എന്നെപ്പോലെ, സിനിമയിലെത്താൻ ആഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട്. അവസരം നൽകാൻ ആരെങ്കിലും വരും എന്നൊരു പ്രതീക്ഷ കൂടിയാണ് അത്തരക്കാർക്ക് ഇതിലൂടെ ലഭിക്കുന്നത്.
സിനിമയിലെത്താൻ വേണ്ടി കൊച്ചിയിൽവന്ന് താമസിക്കുന്ന കഴിവുള്ള ഒരുപാടുപേരുണ്ട്. ഓഡിഷനിൽ പങ്കെടുക്കാൻ കഴിയുക, അവസരം ലഭിക്കുക തുടങ്ങിയവയൊക്കെയാണ് അവരുടെ മുന്നിലെ കടമ്പകൾ. അവർക്കൊക്കെ ഈ സിനിമ ഒരു ഊർജമാവട്ടെ.
സെറ്റിലെ ആദ്യത്തെ ദിവസം
സെറ്റിലെ ആദ്യത്തെ ദിവസത്തെക്കുറിച്ച് എങ്ങനെ പറയണം എന്ന് എനിക്കറിയില്ല. നമ്മൾ അത്രയും ആഗ്രഹിച്ച് എത്തിയ ഇടത്താണ് നിൽക്കുന്നത്. ഒരു ബിസിനസുകാരന് അയാളുടെ പരിശ്രമംകൊണ്ട് അഞ്ചുകോടിയോ പത്തുകോടിയോ കിട്ടുന്ന അത്രയും സന്തോഷമാണ്, ഒരു അഭിനേതാവിന് ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ നിൽക്കുമ്പോൾ ഉണ്ടാവുക.. അവിടെവരെ എത്തുന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. അത്രയും നാൾ ആഗ്രഹിച്ചു, സ്വപ്‌നംകണ്ടു, പണിയെടുത്തു-ആ ദിവസത്തിന് വേണ്ടി. കുറേ മോശം ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. അവിടുന്നൊക്കെ നാളെ ശരിയാവും എന്ന് കരുതി, സ്വയം മുന്നോട്ടുനീങ്ങി. അങ്ങനെ പോവുമ്പോഴാണ് അവസരം കിട്ടുന്നത്. ഒടുവിൽ ക്യാമറയുടെ മുന്നിൽ, ആഗ്രഹിക്കുന്ന ജോലി ചെയ്യുന്ന സമയത്ത് ലഭിക്കുന്ന സന്തോഷം വളരെ വലുതാണ്.
പുത്തൻ പോലീസുകാർ; നിങ്ങൾ അഞ്ചുപേർ അടങ്ങിയ ഗ്യാങ്ങിനെക്കുറിച്ച്
ഋതുദേവ് അയ്യപ്പൻ, നിജാദ് ബാബു, ഡോൺ മൈക്കിൾ, ഷനൂദ് ഇബ്രാഹിം. ഞങ്ങൾ അഞ്ചുപേർ ഒന്നിച്ചായിരുന്നു. കിടിലം ആളുകളാണ്, അടിപൊളി മനുഷ്യന്മാർ. എന്നെപ്പോലെ അവർക്കും ഒരു അവസരത്തിന് വേണ്ടി അലഞ്ഞ് ഒടുവിൽ കിട്ടുന്ന അവസരമാണ്. ഞങ്ങൾക്ക് ഈ സിനിമ വളരെയേറെ പ്രധാനപ്പെട്ടതാണ്.
ഞങ്ങൾക്ക് പരസ്പരം മനസിലാക്കാൻ കഴിയുമായിരുന്നു. അവരുടെ കൂടെ അഭിനയിക്കുമ്പോഴും, ക്യാമറയ്ക്ക് മുന്നിൽ പുതുതായി ഓരോന്ന് ചെയ്യുമ്പോഴും, ആ പ്രോസസ് ഒരുപാട് ആസ്വദിക്കാൻ പറ്റി. അവരിൽനിന്ന് ഒരുപാട് പഠിക്കാനും അനുഭവങ്ങൾ അറിയാനും പറ്റി. അഭിനയത്തെ അത് കൂടുതൽ സഹായിച്ചു.
ഒരുപാട് സ്വപ്‌നങ്ങളോടെ പോലീസിലെത്തുന്ന കഥാപാത്രങ്ങളെയാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്. ജോലിയോട് അതിയായ ആഗ്രഹത്തോടെ, കുടുംബം സുരക്ഷിതമാക്കാം എന്ന പ്രതീക്ഷയോടെയാണ് അഞ്ചുപേരും എത്തുന്നത്. എന്നാൽ, അതിനുള്ളിൽ കടക്കുമ്പോഴാണ് യാഥാർഥ്യം മനസിലാവുന്നത്. അങ്ങനെയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, കഥ കേട്ടപ്പോൾ തന്നെ, എന്തൊക്കെ ചെയ്യാം എന്നൊരു രൂപം മനസിൽ ഉണ്ടാക്കിയിരുന്നു.
ആക്ഷൻ സീനുകൾ ചെയ്തപ്പോൾ?...
കലൈ കിങ്‌സൺ, ഫീനിക്‌സ് പ്രഭു എന്നീ മാസ്റ്റർമാരായിരുന്നു ഞങ്ങളുടെ ഫൈറ്റ് സീനുകൾ ചെയ്തത്. ആക്ഷൻ സീനുകൾ മുമ്പ് ആൾക്കൂട്ടത്തിലിരുന്ന് ബിഗ് സ്‌ക്രീനിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഹീറോ വന്ന് ഒരാളെ ചവിട്ടുന്നു, ഇടിക്കുന്നു, അയാൾ പറക്കുന്നു. ഇതൊക്കെ ചെയ്യാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഒരു പടത്തിൽ ആക്ഷൻ സീൻ ചെയ്യണം എന്നത് വലിയ ആഗ്രഹമായിരുന്നു. ആക്ഷന് പ്രാധാന്യമുള്ള സിനിമയാണെന്ന് അറിഞ്ഞപ്പോൾ സന്തോഷംകൊണ്ട് തുള്ളിച്ചാടുന്നത് പോലെയായിരുന്നു.
ആക്ഷനിടെ പരിക്കുകൾ പറ്റാം. കുറച്ചധികം പരിശ്രമിക്കേണ്ടിവരാം. ഗ്ലാസ് ബ്രേക്കിങ് ഒക്കെ ഉണ്ടായിരുന്നു. എല്ലാവർക്കും ഇടിയൊക്കെ കിട്ടിയിട്ടുണ്ട്. എന്നാൽ, ഞങ്ങൾ ആരും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഇഷ്ടത്തോടെ, ആസ്വദിച്ചാണ് ഞങ്ങൾ ആക്ഷൻ സീനുകൾ ചെയ്തത്.
ഡയലോഗുകൾ
ഉദയ് കൃഷ്ണ സർ വളരെയധികം പിന്തുണച്ചു. ഡയലോഗ് പറയുന്ന മോഡുലേഷൻ, രഞ്ജിത്ത് സർ പറഞ്ഞുതരുന്നതിന്റെ 50% എങ്കിലും നമ്മൾ ശരിയാക്കിയാൽ മതി. കേൾക്കുമ്പോൾ അത്രയേറെ മികച്ചതായി തോന്നും. കൈയിൽനിന്ന് ഇടാൻ കഴിയുന്ന സ്ഥലങ്ങൾ സർ അതിന് അനുവദിച്ചിട്ടുണ്ട്. വളരെ ഇഷ്ടത്തോടെയാണ് സിനിമയിൽ അഭിനയിച്ചത്.
Podcast | ആ എൻട്രിയിൽ ഇളകിമറിഞ്ഞ തിയേറ്റർ; മാസും ഇമോഷൻസും ചേർന്ന 'ലോ ആൻഡ് ഓർഡർ'
പ്രകാശ് വർമയ്ക്കൊപ്പം നായകതുല്യമായ വേഷം
പ്രകാശ് വർമ സർ ചിത്രത്തിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ ഞങ്ങൾ ആവേശത്തിലായി. ഫസ്റ്റ് ഡേ സെറ്റിൽ പോയപ്പോൾ സർ അവിടെ ഉണ്ടായിരുന്നു. 'എന്റമ്മേ 'തുടരു'മിലെ വില്ലൻ...' എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. ‘തുടരും’ പടത്തിൽ സർ പറയുന്നതുപോലെ, 'ഹലോ സർ' എന്ന് പറഞ്ഞായിരുന്നു പരിചയപ്പെട്ടത്.
സാറിന്റെ പരസ്യചിത്രങ്ങളും കാമ്പയിനുകളും ഞാൻ പണ്ടേ ശ്രദ്ധിക്കാറുണ്ടായിരുന്നു. അതിനെക്കുറിച്ചൊക്കെ സംസാരിക്കാൻ സാധിച്ചു. സാറിന്റെ കൂടെ അഭിനയിക്കാൻ പറ്റി, അദ്ദേഹത്തിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. അതൊക്കെ ഉപകാരപ്പെട്ടു.
മമ്മൂട്ടിയുടെ കൂടെ ആദ്യചിത്രം. എന്തായിരുന്നു അനുഭവം?
ഞങ്ങൾക്ക് ഷൂട്ട് ഇല്ലാത്ത ദിവസമായിരുന്നു മമ്മൂക്ക ആദ്യമായി സെറ്റിൽ വന്നത്. ഞങ്ങൾക്ക് അദ്ദേഹത്തെ കാണാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. മമ്മൂക്കയുടെ വലിയ ആരാധകനാണ് എന്റെ അച്ഛൻ. കുഞ്ഞുനാൾ മുതലേ ഏറ്റവും കൂടുതൽ സിനിമകൾ കണ്ടിട്ടുള്ളത് മമ്മൂക്കയുടെതാണ്.
കുഞ്ഞിലേ ഞാൻ മമ്മൂക്കയുടെ ‘ബ്ലാക്ക്’ ടി.വിയിൽ കണ്ടിരുന്നു. അന്നൊന്നും അതിന്റെ ഒരു തുടർച്ചയിൽ ഭാഗമാവാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നാലത് സംഭവിച്ചു.
മമ്മൂക്കയുടെ അടുത്ത് പോയി. സംസാരിച്ചു. അദ്ദേഹം എന്റെ പേര് ചോദിച്ചു. നാടുചോദിച്ചു. അത്രയേ ആദ്യ ദിവസം സംസാരിച്ചിരുന്നുള്ളൂ. പക്ഷേ, പിന്നീട് സെറ്റിൽ എവിടെവെച്ചും അദ്ദേഹം നമ്മളെ ശ്രദ്ധിക്കും, ഹായ് പറയും. അദ്ദേഹം സെറ്റിലുണ്ടായിരുന്നപ്പോഴൊക്കെ ഞാനും അവിടെ നിന്നു. അദ്ദേഹം അഭിനയിക്കുന്നത് കണ്ടു.
പോലീസ് വേഷത്തിൽ ചെയ്ത ഒരു റീൽ വൈറലായല്ലോ!
അന്ന് പുലർച്ചെ മൂന്നുമണിവരെ ഷൂട്ടിങ് ഉണ്ടായിരുന്നു. കുറച്ചധികം സമയം വെറുതേ കിട്ടിയപ്പോൾ, നമുക്കെന്തെങ്കിലും ചെയ്താലോ എന്ന് ഞങ്ങൾ ആലോചിച്ചു. അപ്പോഴാണ് ഒരു സുഹൃത്ത് റീൽ ചെയ്യാം എന്നൊരു ഐഡിയ പറയുന്നത്. ഞങ്ങൾ അത് ചെയ്തു, സാറിനെ കാണിച്ചു. അപ്പോൾ സാറ് പറഞ്ഞു, ഇത് എന്റെ സിനിമയിലെ പാട്ടാണല്ലോ എന്ന്. ‘സമ്മർ ഇൻ ബെത്‌ലഹേമി’ലെ പാട്ടിനായിരുന്നു ഞങ്ങൾ പോലീസ് യൂണിഫോമിൽ ഡാൻസ് ചെയ്തത്. ഞങ്ങൾ അപ്പോഴാണ് സർ പറഞ്ഞ കാര്യം ശ്രദ്ധിച്ചതുതന്നെ. ‘സമ്മർ ഇൻ ബെത്‌ലഹേം’ രഞ്ജിത്ത് സർ തിരക്കഥയെഴുതിയ ചിത്രമാണ്.
സോഷ്യൽ മീഡിയയിലെ കമന്റുകൾ എല്ലാം കാണാറുണ്ട്. ആളുകൾ നമ്മളെ തിരിച്ചറിയണം, നമ്മളെ ഇഷ്ടപ്പെടണം, ചെയ്യുന്ന കാര്യങ്ങൾ അംഗീകരിക്കപ്പെടണം എന്നതൊക്കെ ഒരുകാലത്ത് വളരെയേറെ ആഗ്രഹിച്ചിരുന്നതാണ്.
കായ്‌പോള, ധീരം... സിനിമയിലേക്കുള്ള വഴി?
‘കായ്‌പോള’യിൽ നായകനായിരുന്നു. ‘ധീര’ത്തിൽ ഒരു വേഷം ചെയ്തിട്ടുണ്ട്.
കുട്ടിക്കാലത്തേ നടനാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത് പറയാനുള്ള ധൈര്യം ആ കുട്ടിക്ക് അന്ന് ഇല്ലായിരുന്നു. ബെഹ്‌റൈനിലാണ് ഞാൻ വളർന്നത്. സിനിമ കാണുക എന്നതായിരുന്നു എന്റെയും കുടുംബത്തിന്റെയും ഏക വിനോദം. അച്ഛനും അമ്മയ്ക്കും ആഴ്ചയിൽ ഒരു ഓഫായിരുന്നു ഉണ്ടായിരുന്നത്. ആ ദിവസം അവർ എന്നെ സിനിമ കാണാൻ കൊണ്ടുപോവും. ഒരാൾ സ്‌ക്രീനിൽ വരുമ്പോൾ, അയാൾക്കുവേണ്ടി മറ്റുള്ളവർ കൈയടിക്കുന്നത് കാണുന്നത് മാജിക്കലായ അനുഭവം ആയിരുന്നു. അതന്നെ ഒരുപാട് സ്വാധീനിച്ചു.
എനിക്കും എന്നെങ്കിലും സ്‌ക്രീനിലെത്തണം, എന്നെ കാണുമ്പോൾ എന്നെങ്കിലും ആളുകൾ കൈയടിക്കണം എന്നൊരു ആഗ്രഹം അന്നേ ഉണ്ടായിരുന്നു. അന്ന് എനിക്ക് അഭിനയം എന്താണെന്നോ, അഭിനേതാവ് ആരാണെന്നോ പോലും അറിയുമായിരുന്നില്ല. സിനിമ എന്താണെന്ന് പോലും അറിയില്ല.
ബെംഗളൂരുവിൽ പഠിച്ചുകൊണ്ടിരിക്കെ ഒരു മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിരുന്നു. ആദ്യമായി ക്യാമറയിൽ എന്നെ കണ്ടപ്പോൾ രസമുണ്ടല്ലോ എന്ന് തോന്നി. അതിൽ എനിക്ക് ഡയലോഗ് ഇല്ലായിരുന്നു. പിന്നീട് എനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടി. ഉള്ളിൽ ഒരു പേടിയുണ്ടായിരുന്നെങ്കിലും ഞാൻ അവിടെപ്പോയി അഭിനയിച്ചു. മറ്റുള്ളവർക്ക് പോരായ്മയായി തോന്നിയ കാര്യം, ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ എനിക്കതില്ലെന്ന് മനസിലായത് അന്നായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ, ഞാനല്ലാത്ത മറ്റൊരാളായി മാറുന്നതുകൊണ്ടാണോ അത് എന്നെനിക്ക് അറിയില്ല. അതെനിക്കൊരു തിരിച്ചറിവായിരുന്നു.
‘ലോ ആൻഡ് ഓഡറി’ൽ എത്തിനിൽക്കുമ്പോൾ സിനിമ നൽകിയ പാഠങ്ങൾ?
എം.ബി.എ. പഠിച്ചുകൊണ്ടിരിക്കെയാണ് ‘കായ്‌പോള’യിൽ അവസരം ലഭിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ വേണ്ടി പഠനം പാതിവഴിയിൽ നിർത്തി. എനിക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാൻ പോവുകയാണെന്ന് ഞാൻ അമ്മയോടും അച്ഛനോടും പറഞ്ഞു. ഈ സിനിമയാണ് എന്റെ സ്റ്റാർട്ടിങ് പോയിന്റ് എന്ന തോന്നലായിരുന്നു ഉണ്ടായിരുന്നത്.
സിനിമയുടെ ഭാഗമായി. ഷൂട്ടിങ് തുടങ്ങി. ഇന്ദ്രൻസ് ഏട്ടന്റെ കൂടെയായിരുന്നു എന്റെ കൂടുതൽ ഭാഗങ്ങൾ. എനിക്ക് വളരെയേറെ ഇഷ്ടം തോന്നിയ കഥാപാത്രമായിരുന്നു. വീൽ ചെയർ ക്രിക്കറ്ററുടെ വേഷം.. എന്റെ നൂറുശതമാനവും നൽകി അഭിനയിച്ചു. ഷൂട്ടിങ് പൂർത്തിയായി, എഡിറ്റും കഴിഞ്ഞു.. എന്നാൽ മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നം മൂലം പടം ആളുകളിലേക്ക് എത്തിയില്ല. പോസ്റ്ററുകൾ ഒന്നും എവിടെയും വന്നില്ല. ആളുകൾ ചിത്രത്തെക്കുറിച്ച് അറിഞ്ഞില്ല. ഇങ്ങനെയൊരു പടം ഉള്ളതുപോലും ആരും അറിഞ്ഞില്ല.
എല്ലാം വിട്ടെറിഞ്ഞാണ് ഞാൻ വന്നത്. എനിക്ക് കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുന്നതുപോലെ തോന്നി. അങ്ങനെയിരിക്കെ ഞങ്ങൾ തന്നെ പോസ്റ്ററുകൾ ഒട്ടിക്കാനിറങ്ങി. അവസാനത്തെ അഞ്ചുദിവസം ഞങ്ങൾക്ക് പറ്റുന്നിടത്തെല്ലാം പോസ്റ്ററുകൾ ഒട്ടിച്ചു. ഒട്ടേറെ നല്ല മനുഷ്യന്മാർ ഞങ്ങളെ സഹായിക്കാൻ വന്നു. പടം സ്‌ക്രീനിൽ പ്രദർശിപ്പിച്ചപ്പോൾ, ഞങ്ങളുടെ പ്രയത്‌നം മുഴുവൻ ഞങ്ങൾക്കതിൽ കാണാൻ കഴിഞ്ഞു.
ആദ്യ പടം ഇറങ്ങിയപ്പോൾ, ഇനി സിനിമകൾ വരും. കൂടുതൽ ആളുകളെ പരിചയപ്പെടും, അവസരങ്ങൾ ലഭിക്കും എന്ന് ഞാൻ കരുതി. എന്നാൽ, അതൊന്നുമായിരുന്നില്ല സംഭവിച്ചത്. പിന്നീട് വർഷങ്ങളെടുത്തു മറ്റൊരു അവസരം ലഭിക്കാൻ.
നായകനായ ആദ്യ സിനിമ ആളുകളിലേക്ക് എത്താൻ പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങിയ ആളാണ് ഞാൻ. എന്നാലിപ്പോൾ ‘ലോ ആൻഡ് ഓർഡറി’ന്റെ പോസ്റ്റർ കൊച്ചി മുഴുവനുമുണ്ട്. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്, ഭാഗ്യം എന്ന് പറയാം.
നാട്, കുടുംബം...
തിരുവനന്തപുരത്തുകാരനാണ്. ജനിച്ചതും വളർന്നതും ബെഹ്‌റൈനിലാണ്. എട്ടാം ക്ലാസുവരെ അവിടെയാണ് പഠിച്ചത്. ഇപ്പോൾ കൊച്ചി മരടിലാണ് താമസം. ഒരിക്കൽ വന്നാൽ പിന്നെ തിരിച്ചുപോവാൻ കഴിയാത്ത സ്ഥലമാണ് കൊച്ചി. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് കുടുംബം.
ഇനി മുന്നോട്ട്?...
'ഗന്ധർവ' എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു. ഒരു ഗന്ധർവന്റെ വേഷത്തിലാണ് അതിലുള്ളത്. റിമ കല്ലിങ്കലിനൊപ്പം അഭിനയിച്ച 'ഗന്ധർവ' മാജിക് ഫ്രൈംസ് റിലീസ് ചെയ്യും. മിത്തോളജിക്കൽ കഥാപാത്രം എനിക്ക് ഇഷ്ടമാണ്. അത്തരം കഥാപാത്രങ്ങളും ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ഇന്ദ്രൻസ് ഏട്ടൻ, സൈജു കുറുപ്പ്, വിനയ് ഫോർട്ട് എന്നിവരുടെ ദ തേഡ് മർഡറർ എന്നൊരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അത് റിലീസിന് ഒരുങ്ങുകയാണ്.
Content Highlights: Sajal Sudharshan talks about his character 'Idiyan Benny' in the film 'Law and Order'. The actor recalls getting selected through an audition directed by Ranjith and sharing the screen space with Mammootty and Prakash Varma. He shares his initial struggles in the film industry, including pasting posters for his debut movie 'Kaipola'. Sajal credits his growth to early training in Kalaripayattu and acting workshops. He discusses his upcoming projects including 'Gandharva' alongside Rima Kallingal and 'The Third Murderer'.
Published: 24 Sept 2026, 11:48 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented