പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത 'ഖലീഫ'യ്ക്കുണ്ടായ ബോക്‌സ് ഓഫീസ് തിരിച്ചടിയെക്കുറിച്ച് ആരാധകന്റെ വിലയിരുത്തൽ പങ്കുവെച്ച് സംവിധായകൻ വൈശാഖ്. ചിത്രം ഒ.ടി.ടിയിൽ ഇറങ്ങിയതിന് പിന്നാലെ ആരാധകൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം കുറിപ്പാണ് വൈശാഖ് സ്വന്തം സ്‌റ്റോറിയിൽ പങ്കുവെച്ചത്. കടുത്ത ഡീഗ്രേഡിങ്ങും റിവ്യൂ ബോംബിങ്ങും പൃഥ്വിയോടുള്ള വെറുപ്പും മൂലമാണ് ചിത്രം പ്രതീക്ഷിച്ച വിജയം നേടാതെ പോയത് എന്നാണ് ആരാധകന്റെ അഭിപ്രായം. ഇത് അതേപടി വൈശാഖ് സ്വന്തം സ്റ്റോറിയിൽ പങ്കുവെച്ചു.

To advertise here,

'വമ്പൻ ഹൈപ്പോടെ വന്ന പടം. എന്നാൽ, ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു. തിയേറ്ററിൽ കാണണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇന്നലെ ഒ.ടി.ടിയിൽ കാണാൻ മാത്രമേ സാധിച്ചുള്ളൂ. കടുത്ത ഡീഗ്രേഡിങ്ങിനും റിവ്യൂ ബോംബിങ്ങിനും പൃഥ്വിയോടുള്ള വിദ്വേഷത്തിന്റെയും ഉത്തമ ഉദാഹരണമാണിത്', വൈശാഖ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

'ബെത്‌ലഹേം കുടുംബ യൂണിറ്റ് എതിരാളിയായി തിയേറ്ററിലുണ്ടായിരുന്നുവെന്നത് സത്യമാണ്. എങ്കിലും, മറ്റേതൊരു നടൻ അഭിനയിച്ചിരുന്നെങ്കിലും ചിത്രത്തിന്റെ വിധി മറ്റൊന്നാവുമായിരുന്നു', കുറിപ്പിൽ വ്യക്തമാക്കി.

'ഒരു മാസ് മസാല എന്റർടെയ്‌നറിന് വേണ്ട എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ട്. ക്ലാസ് സംഗീതം, എഡിറ്റിങ്, സംവിധാനം. ആവശ്യത്തിന് പ്ലോട്ട് ട്വിസ്റ്റുകളുണ്ട്, കുറച്ച് ഓൾഡ് സ്‌കൂളാണ്. പക്ഷേ അതുകൊണ്ട് എന്താണ് പ്രശ്‌നം? 'പ്രകൃതി' പടങ്ങൾക്കിടയിൽ നമുക്ക് ഇത്തരം ചില അൺറിയലിസ്റ്റിക് മാസ് ചിത്രങ്ങളും ആവശ്യമാണ്. സംവിധായകൻ വൈശാഖിന്റെ പ്രയത്‌നം വൃഥാവിലായതിൽ സങ്കടമുണ്ട്', ആരാധകൻ അഭിപ്രായപ്പെട്ടു.

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത 'ഖലീഫ' ഓണം റിലീസായാണ് തിയേറ്ററിലെത്തിയത്. ജിനു അബ്രഹാമാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. ജിനു തന്നെയായിരുന്നു നിർമാണവും. കഴിഞ്ഞ ദിവസം ഒ.ടി.ടിയിലെത്തിയ ചിത്രം ആറ് പ്ലാറ്റ്‌ഫോമുകളിലാണ് ഒരേസമയം സ്ട്രീം ചെയ്യുന്നത്.

മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പ്രൈം വീഡിയോയിലും ലയൺസ്ഗേറ്റ് പ്ലേയിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. പ്രൈമിൽ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും സിംപ്ലി സൗത്തിലും എ.പി. ഇന്റർനാഷണൽ സൗത്ത് സിനിമ വരിക്കാർക്കും ചിത്രം ലഭ്യമാണ്. തമിഴ്, തെലുങ്ക് ഭാഷകളിൽ ആഹായിലും മലയാളത്തിൽ മനോരമ മാക്‌സിലും ഖലീഫയുണ്ട്. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുടനീളം സ്റ്റാഴ്‌സ്പ്ലേയിലും ‘ഖലീഫ’ ലഭ്യമാണ്.