
2017-ൽ കേരളത്തിലെത്തിയ ഉസ്താദ് സക്കീര്‍ ഹുസൈനുമായി എന്‍.പി. വിജയകൃഷ്ണൻ നടത്തിയ അഭിമുഖത്തിന്‍റെ പുനഃപ്രസിദ്ധീകരണം
കേരളീയര്‍ ഏറ്റവുമധികം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വാദ്യകലാകാരന്‍ തബലമാന്ത്രികനായ ഉസ്താദ് സക്കീര്‍ ഹുസൈനാണ് എന്നതിന്റെ വിധിയെഴുത്തുദിവസമായിരുന്നു അത്. മുംബൈയില്‍ കേരളത്തിന്റെ ഉത്സവകാലം ഒരുക്കുന്ന 'കേളി'യുടെ രജതജൂബിലി വേളയില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത്. പെരുവനം അന്ന് നിറഞ്ഞുകവിഞ്ഞു. തബലയുടെ ദൈവത്തെ ആരാധനയോടെ നോക്കിക്കാണുന്ന പെരുവനം പൂരത്തോളംവരുന്ന പുരുഷാരം. സക്കീര്‍ ഹുസൈന്റെ തബലയ്ക്കൊപ്പം ഉസ്താദ് ദില്‍ഷാദ്ഖാന്റെ സാരംഗിയും ചേര്‍ന്നതോടെ നാദതാളലയസമന്വയത്തിന്റെ അതീന്ദ്രിയാനുഭൂമി ഉണര്‍ന്നു. തുടര്‍ന്ന് മട്ടന്നൂരിന്റെ ചെണ്ടയുടെ കേരളീയഭാഷയ്ക്ക് തബലയിലെ ദില്ലിഘരാനയുടെ ആധുനികഭാഷ്യംകൊണ്ടുള്ള പരിഭാഷ. ചെണ്ടയിലെ ഉരുളുകോലിന്റെ ദൈര്‍ഘ്യത്തെ ഉസ്താദിന്റെ ഉരുളുവിരലുകള്‍ സമര്‍ഥമായും സൗന്ദര്യാത്മകമായും പിന്തുടരുകയായിരുന്നു. തബലകലയിലെ ഈ സുന്ദരസ്വരൂപത്തിന്റെ നിഷ്‌കളങ്ക പെരുമാറ്റങ്ങളും വിനയവും ഭക്തിബഹുമാനങ്ങളും പക്വതയും ഫലിതപ്രിയത്വവും അവതരണവേളയില്‍ ആസ്വാദനത്തിന് അനുകൂലഘടകങ്ങളായിമാറി. കേരളം തന്നെ അത്രമേല്‍ സ്നേഹിക്കുന്നു എന്ന് സക്കീര്‍ ഹുസൈന്‍ തിരിച്ചറിയുകയായിരുന്നു. അതിന്റെ തെളിവുകൂടിയായി അദ്ദേഹം വാരാന്തപ്പതിപ്പിന് അനുവദിച്ച ഈ അഭിമുഖം.
? ഉസ്താദിന്റെ പെരുവനത്തേക്കുള്ള വരവ് കേരളീയര്‍ ഉത്സവംപോലെ ആഘോഷിച്ചതിന് സാക്ഷ്യമാണ് ഈ ആള്‍ക്കൂട്ടം. ഈ അരങ്ങിനെക്കുറിച്ചും സ്വീകരണത്തെക്കുറിച്ചുമുള്ള അനുഭവം എന്താണ്...
ഈ സമയത്ത് എന്നോട് ഒന്നും ചോദിക്കരുത്. അലൗകികമായ ആനന്ദത്തിലാണ് ഞാന്‍. അപൂര്‍വമായ അനുഭവം. കലാനന്ദത്താല്‍ ഉത്തേജിതനായ ഞാന്‍ മറ്റൊരു സ്വര്‍ഗത്തിലാണ്. അവിടെനിന്ന് ഇറങ്ങിവരാന്‍ സമയമെടുക്കും. ഞാന്‍ കണ്ണടച്ച് വിശ്രമിച്ച് ആ ആനന്ദം ഒരിക്കല്‍ക്കൂടി ആവാഹിക്കട്ടെ. കലകളെ സംബന്ധിച്ച് സ്വര്‍ഗതുല്യമായ സ്ഥലമാണല്ലോ പെരുവനം. ഇവിടെ വരാന്‍ സാധിച്ചത്, നിറഞ്ഞ സദസ്സിനുമുന്നില്‍ തബല വായിക്കാന്‍ കഴിഞ്ഞത് ഗുരുപരമ്പരകളുടെ അനുഗ്രഹബലത്താലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
? ഞങ്ങള്‍, കേരളീയരുടെ കീര്‍ത്തിമുദ്രകളായ, മിഴാവിലെയും മദ്ദളത്തിലെയും തിമിലയിലെയും ചെണ്ടയിലെയും അതുല്യകലാകാരന്മാര്‍ - പി.കെ. നാരായണന്‍ നമ്പ്യാര്‍, തൃക്കൂര്‍ രാജന്‍, അന്നമട പരേമശ്വര മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പെരുവനം കുട്ടന്‍ മാരാര്‍ - ചേര്‍ന്ന് അങ്ങയെ വീരശൃംഖല അണിയിച്ചപ്പോള്‍ എന്തുതോന്നി...
ഞാന്‍ അക്ഷരാര്‍ഥത്തില്‍ അനുഗൃഹീതനായി. മഹാഗുരുക്കന്മാരുടെ ഛായാചിത്രത്തിനുമുന്നില്‍ വിളക്കുവെയ്ക്കാനും പെരുവനം ഗ്രാമത്തെക്കുറിച്ചുള്ള ചരിത്രലേഖനത്തിന് തുടക്കമിടാനും കഴിഞ്ഞത് ധന്യതയാവുന്നു.
? ചടങ്ങിന്റെ പ്രാര്‍ഥനയായി നടന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ശബ്ദകലയായ ഞങ്ങളുടെ മേളം സദസ്സിലിരുന്ന് ആസ്വദിച്ചുവല്ലോ. പെരുവനം കുട്ടന്‍ മാരാരുടെ മേളം അങ്ങ് കേട്ടവിധം എങ്ങനെയാണ്...
വാക്കുകള്‍ക്കും അപ്പുറത്താണ് ആ മേളാനുഭവം. തികച്ചും മൗലികം അല്ലെങ്കില്‍ അലൗകികം എന്നുപറയാം. ഇടയ്ക്കയുടെ നാദം എന്നെ വിസ്മയിപ്പിച്ചു.
? ഉസ്താദ് സക്കീര്‍ ഹുസൈനും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും ആദ്യമായി ഒരുമിക്കുകയാണ്. ചെണ്ടയെ പിന്തുടരുമ്പോഴുണ്ടായ മാനസികാവസ്ഥ...
അവിശ്വസനീയം. ചെണ്ടയിലെ അനര്‍ഗളപ്രവാഹമായിരുന്നു അത്. എന്റെ കലാജീവിതത്തിലേക്ക് ചെണ്ടയും കടന്നുവന്നിരിക്കുന്നു. ഈ വിനിമയത്തിന് വേദിയൊരുക്കിയ സുഹൃത്തും ഡോക്യുമെന്ററി സംവിധായകനുമായ കേളി രാമചന്ദ്രനോട് നന്ദിയുണ്ട്.
? അങ്ങയുടെ തബലത്തായമ്പകകൂടിയായി ഞങ്ങള്‍ അതിനെ കേട്ടു. എന്താണ് പ്രതികരണം.
തബലത്തായമ്പക? പേരിടേണ്ടത് ഈശ്വരനാണ്. ഞങ്ങള്‍ ചെയ്തു. അത്രതന്നെ.
? കേരളത്തിലെ ആസ്വാദകരെ ഉസ്താദ് എങ്ങനെ വിലയിരുത്തുന്നു...
ഇത്രയും ചൂടുള്ള കാലാവസ്ഥയിലും എനിക്ക് മനസ്സറിഞ്ഞ് വായിക്കാന്‍ സാധിച്ചത് ആസ്വാദകരുടെ ആവേശംകൊണ്ടുകൂടിയാണ്. അവര്‍ തത്സമയം പ്രതികരിക്കുന്നു. ഈ സ്ഥലത്തിന്റെ പ്രത്യേകതയാണത്. പയ്യന്നൂരില്‍ സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ ക്ഷണം സ്വീകരിച്ചു പോയപ്പോഴും നല്ല അനുഭവമായിരുന്നു. എന്നെ 'ഉസ്താദ്' എന്ന് വിശേഷിപ്പിക്കുന്നതും വിളിക്കുന്നതും എന്തിനാണ്. എന്റെ ഗുരുക്കന്മാര്‍ പര്‍വതംപോലെ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ എന്റെ പേരിനൊപ്പം ഉസ്താദ് ചേര്‍ക്കരുത് എന്ന അപേക്ഷയുണ്ട്. ഒരിക്കലും മാസ്റ്ററാകരുത് എന്നും വിദ്യാര്‍ഥിയായിരിക്കണം എന്നുമാണ് പിതാവ് എന്നെ പഠിപ്പിച്ചിട്ടുള്ളത്. ഞാന്‍ പഠിച്ചുകോണ്ടേയിരിക്കുകയാണ്. മഹാഗുരുനാഥന്മാര്‍ നടന്ന വഴികളിലൂടെ സഞ്ചരിച്ച് അവര്‍ എന്നില്‍ കണ്ട പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നു. ഓരോ പ്രഭാതവും പുതിയതാവുന്നതുപോലെ കലയില്‍ എന്നും പുതുമകണ്ടെത്താന്‍ മോഹിക്കുന്നു. അതിനിടയില്‍ വന്നുചേരുന്ന പുരസ്‌കാരങ്ങള്‍ ഗുരുക്കന്മാരുടെ അനുഗ്രഹത്തിന്റെ പ്രതീകമായി കാണുന്നു. ഈ സദസ്സില്‍ ഗുരുതുല്യരായ കേരളത്തിലെ കലാകാരന്മാര്‍ എന്നെ കേട്ടിരിക്കുന്നു. നിങ്ങള്‍ എന്നെ സക്കീര്‍ഭായ് എന്നു വിളിക്കുന്നതാണ് എനിക്കിഷ്ടം.
Content Highlights: interview with tabla maestro Zakir Hussain on his 2017 Kerala concert experience.
Published: 16 Dec 2024, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented