
ശങ്കരാഭരണത്തെ കുറിച്ച് സംസാരിക്കാനാണ് വിളിച്ചത്. പക്ഷേ വിശ്വനാഥ് പാടിക്കേൾപ്പിച്ചത് 'നീലക്കുയിലി'ലെ ആ പ്രശസ്ത ഗാനം: 'കായലരികത്ത് വലയെറിഞ്ഞപ്പോൾ വള കിലുക്കിയ സുന്ദരീ...'
അത്ഭുതത്തോടെ കേട്ടുനിൽക്കേ തെന്നിന്ത്യൻ സിനിമയിലെ ഇതിഹാസതുല്യനായ സംവിധായകൻ പറഞ്ഞു: 'അറിയുമോ? ഈ പാട്ട് പിറന്നുവീഴുമ്പോൾ വാഹിനി സ്റ്റുഡിയോയിൽ അസിസ്റ്റന്റ് ഓഡിയോഗ്രാഫറാണ് ഞാൻ. അതിപ്രഗത്ഭനായ സൗണ്ട് എഞ്ചിനീയർ എ. കൃഷ്ണയ്യരുടെ ശിഷ്യൻ. നീലക്കുയിൽ ഉൾപ്പെടെ പല മലയാളം സിനിമകളുടേയും റെക്കോർഡിങ്ങിൽ സഹകരിക്കാൻ ഭാഗ്യമുണ്ടായി അക്കാലത്ത്. രാഘവൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി ഒക്കെ അടുത്ത സുഹൃത്തുക്കൾ'
ശബ്ദലേഖകനായാണ് തുടക്കമെങ്കിലും വിശ്വനാഥിന്റെ മനസ്സ് മുഴുവൻ സംവിധാനത്തിലായിരുന്നു. ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിൽ കൃഷ്ണാ നദി തീരത്തുള്ള പെഡപ്പുലിവാറു എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു വളർന്ന കാശിനാധുനി വിശ്വനാഥിനെ ചരിത്രം രേഖപ്പെടുത്തുക ക്ലാസിക് സിനിമകളുടെ സംവിധായകനായാണ്: ശങ്കരാഭരണം, സപ്തപദി, ശ്രുതിലയലു, സാഗരസംഗമം, സ്വാതിമുത്യം, സ്വാതികിരണം... സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഗൗരവമാർന്ന സാമൂഹികവിഷയങ്ങൾ കൈകാര്യം ചെയ്ത ചിത്രങ്ങൾ. നാലര പതിറ്റാണ്ടിന് ശേഷം 'ശങ്കരാഭരണം' ഡിജിറ്റൽ സാങ്കേതികത്തികവോടെ വീണ്ടും സ്‌ക്രീനിലെത്തുമ്പോൾ വിശ്വനാഥുമായുള്ള ഹൃദ്യമായ ആ സംഭാഷണം എങ്ങനെ ഓർക്കാതിരിക്കും? 2023-ലായിരുന്നു 92-ാം വയസ്സിൽ വിശ്വനാഥിന്റെ വിയോഗം.
'ശങ്കരാഭരണം' ആയിരുന്നു വിശ്വനാഥിന്റെ മാസ്റ്റർപീസ്. ആ സിനിമയുമായി ബന്ധപ്പെട്ട അനേകം ഹൃദയസ്പർശിയായ ഓർമകളുണ്ട്. അവയിലൊന്ന് ഒരു കാർ യാത്രയാണ്. അശുഭകരമായ ചിന്തകളുമായി വിയർത്തൊലിച്ച് ടാക്‌സിയുടെ പിൻസീറ്റിൽ ചാരിക്കിടക്കുന്നു വിശ്വനാഥ്. താൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ആന്ധ്രയിൽ റിലീസായിട്ട് ദിവസം നാലായി. തിയേറ്ററുകളിൽനിന്നുള്ള റിപ്പോർട്ട് വളരെ മോശം. റിലീസ് ചെയ്ത ദിവസം പടം കാണാൻ എത്തിയത് വിരലിലെണ്ണാവുന്നവർ മാത്രം. പിറ്റേന്ന് പ്രേക്ഷകരുടെ എണ്ണം കൂടിയെങ്കിലും ഒരൊറ്റ പ്രദർശനശാലയും പകുതിയെങ്കിലും നിറഞ്ഞുകണ്ടിട്ടില്ല ഇതുവരെ. ഇങ്ങനെ പോയാൽ വാരാന്ത്യത്തിൽ പടം തിയേറ്ററുകളിൽനിന്ന് എടുത്തുമാറ്റുമെന്നുറപ്പ്. ഒപ്പം മരിച്ചു മണ്ണടിയുക വർഷങ്ങളെടുത്ത് താൻ പടുത്തുയർത്തിയ ഒരു സുന്ദര സ്വപ്‌നം കൂടിയാകും.
കലുഷമായ മനസ്സിലേക്ക് എങ്ങുനിന്നോ ഒരു പാട്ടിന്റെ ശീലുകൾ ഒഴുകിയെത്തുന്നു: 'ഓംകാരനാദാനു സന്താന മൗഗാനമേ ശങ്കരാഭരണമു...' അത്ഭുതം തോന്നി. തന്റെ പുതിയ പടത്തിലെ പാട്ടാണ്. സ്റ്റിയറിങ്ങിൽ താളമിട്ട് രസിച്ചു പാടുന്ന ടാക്‌സി ഡ്രൈവറെ കൗതുകത്തോടെ നോക്കിയിരിക്കേ, എവിടെയോ ആരോ പ്രതീക്ഷയുടെ ഒരു കിളിവാതിൽ തുറന്ന പോലെ. 'ഇത് ആരുടെ പാട്ടാണെന്ന് അറിയുമോ?' വിശ്വനാഥ് ചോദിച്ചു. തിരിഞ്ഞുനോക്കാതെ ഡ്രൈവറുടെ മറുപടി: 'ശങ്കരാഭരണം എന്ന പുതിയ പടത്തിലെ പാട്ടാണ്. എസ്.പി. ബാലസുബ്രഹ്‌മണ്യം പാടിയത്. അസാധ്യ സിനിമ. ആറു തവണ കണ്ടു കഴിഞ്ഞു ഞാൻ. ഇനിയും കാണും'. ഒരു നിമിഷം നിർത്തി ഡ്രൈവർ തുടരുന്നു: 'കഴിയുമെങ്കിൽ സാറും കാണണം ആ പടം. ഇഷ്ടപ്പെടും എന്നുറപ്പ്'.
വിശ്വസിക്കാൻ പ്രയാസം തോന്നിയെന്ന് വിശ്വനാഥ്. 'അപ്പോഴും എനിക്ക് സംശയമായിരുന്നു. ശങ്കരാഭരണത്തിന്റെ സംവിധായകൻ ഞാനാണെന്ന് അറിഞ്ഞിട്ടാകുമോ ഇയാളുടെ വാചകമടി? ക്ഷമ കെട്ട് വീണ്ടും ചോദിച്ചുപോയി: എന്തേ ആ പടത്തോട് ഇത്രയും ഇഷ്ടം തോന്നാൻ? ക്ലാസിക്കൽ മ്യൂസിക്ക് പഠിച്ചിട്ടുണ്ട് അല്ലേ?' ഇത്തവണ വഴിയരികിൽ കാർ ബ്രേക്കിട്ട് നിർത്തി, തിരിഞ്ഞുനോക്കിക്കൊണ്ട് ഡ്രൈവർ പറഞ്ഞു: 'ഇല്ല സാർ. ഇഷ്ടത്തിന്റെ കാരണം വിശദീകരിക്കാൻ സത്യമായും എനിക്കറിയില്ല. ആ സിനിമ കാണാൻ എപ്പോൾ തിയേറ്ററിൽ പോയാലും അമ്പലത്തിൽ ചെന്നിരുന്ന പോലെ തോന്നും. മനസ്സിന് വല്ലാത്തൊരു ശാന്തിയും സമാധാനവും സന്തോഷവും കിട്ടും. മുൻപൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല...'. നിശബ്ദനായി ഡ്രൈവറുടെ മുഖത്തു നോക്കിയിരുന്നു വിശ്വനാഥ്. ആരോ കാതിൽ മന്ത്രിക്കും പോലെ തോന്നി അപ്പോൾ: ദൈവം നിനക്കൊപ്പമുണ്ട്. നിന്റെ പടം ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്നു. 'സിനിമാജീവിതത്തിലെ അനർഘ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്', വിശ്വനാഥ് പറഞ്ഞു. 'പുറത്തെ ചുടുകാറ്റിൽ പോലും സംഗീതം ഉണ്ടെന്നു തോന്നിയ നിമിഷം.' യാത്ര പറഞ്ഞു പിരിയവേ സ്വയം പരിചയപ്പെടുത്തിയ വിശ്വനാഥിന്റെ കൈ രണ്ടും ചേർത്തു പിടിച്ച് ഡ്രൈവർ പറഞ്ഞു: 'സാർ സംശയിക്കേണ്ട. ഈ പടം നൂറു ദിവസം ഓടും. തീർച്ച'.
ആ പ്രവചനത്തിനും കാലത്തിനു തന്നെയും അപ്പുറത്തേക്ക് ശങ്കരാഭരണം വളർന്നത് പിൽക്കാല ചരിത്രം. ഹൈദരാബാദിലെ റോയൽ തിയേറ്ററിൽ മാത്രം 216 ദിവസം തുടർച്ചയായി കളിച്ചു ആ ചിത്രം. ഒട്ടുമിക്ക കേന്ദ്രങ്ങളിലും സെഞ്ച്വറിയും ഡബിൾ സെഞ്ച്വറിയും തികച്ചു. കാസറ്റ് വിൽപനയിൽ റെക്കോർഡ് സൃഷ്ടിച്ചു. സാധാരണക്കാരായ കാണികൾ മാത്രമല്ല അക്കാദമിക് ബുദ്ധിജീവികൾ വരെയുണ്ടായിരുന്നു ശങ്കരാഭരണത്തിന്റെ ആരാധകരിൽ. മലയാളമുൾപ്പെടെയുള്ള മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോഴും ആ മാജിക്കിന് മങ്ങലേറ്റില്ല എന്നതാണ് അത്ഭുതം. മറ്റൊരു ഡബ്ബിങ് ചിത്രത്തിനും അവകാശപ്പെടാനാവാത്ത അഭൂതപൂർവമായ വിജയമാണ് കേരളത്തിൽ ശങ്കരാഭരണം നേടിയത് എന്നോർക്കുന്നു വിശ്വനാഥ്. സ്വന്തം മണ്ണിൽ, സ്വന്തം ഭാഷയിൽ പിറന്ന ചിത്രത്തെപ്പോലെ മലയാളികൾ ശങ്കരാഭരണത്തെ ഹൃദയത്തോട് ചേർത്തുവെച്ചു.
നാല് ദേശീയ അവാർഡുകളും അഞ്ചു ആന്ധ്രപ്രദേശ് സംസ്ഥാന (നന്ദി) അവാർഡുകളും ഫിലിംഫെയർ അവാർഡും ഉൾപ്പെടെ ബഹുമതികളുടെ ഒരു നീണ്ടനിര തന്നെ സിനിമയെ തേടിയെത്തി. എട്ടാമത് ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, താഷ്‌കന്റ് ഫെസ്റ്റിവൽ, മോസ്‌കോ ഫെസ്റ്റിവൽ, ഫ്രാൻസിലെ ബീസൻകോൺ തുടങ്ങി പങ്കെടുത്ത ചലച്ചിത്രോൽസവങ്ങളിലെല്ലാം മുഖ്യ ആകർഷണകേന്ദ്രമായി മാറി ശങ്കരാഭരണം. സി.എൻ.എൻ- ഐ.ബി.എൻ. കുറച്ചു കാലം മുൻപ് എക്കാലത്തെയും മികച്ച നൂറ് ഇന്ത്യൻ ചിത്രങ്ങൾ തിരഞ്ഞെടുത്തപ്പോൾ ആ പട്ടികയിലും ഉണ്ടായിരുന്നു വിശ്വനാഥിന്റെ മാസ്റ്റർപീസ്.
'ശങ്കരാഭരണം സ്‌നേഹത്തോടെ ഓർമയിൽ സൂക്ഷിക്കുന്ന, അതിലെ പാട്ടുകൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരാളെയെങ്കിലും ദിവസവും കണ്ടുമുട്ടാറുണ്ട് ഞാൻ. വിവിധ ഭാഷകളിലായി അൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഇന്നും ആളുകൾ എന്നെ ശങ്കരാഭരണം വിശ്വനാഥ് എന്ന് വിളിക്കുമ്പോൾ അഭിമാനം തോന്നും. വ്യക്തികളെ അപ്രസക്തമാക്കിക്കൊണ്ട് ഒരു സിനിമ കാലത്തിനപ്പുറത്തേക്ക് വളരുമ്പോഴാണ് അങ്ങനെ സംഭവിക്കുക. ആ പടത്തിൽ അഭിനയിച്ച സോമയാജലുവും രാജലക്ഷ്മിയും തുളസിയും മഞ്ജുഭാർഗവിയും എല്ലാം പിൽക്കാലത്ത് അറിയപ്പെട്ടത് ശങ്കരാഭരണത്തിന്റെ പേരിലല്ലേ?'.
സിനിമയിൽ പാട്ടുകൾ അനിവാര്യമാണ് എന്ന വിശ്വാസമൊന്നുമില്ല വിശ്വനാഥിന്. ശങ്കരാഭരണത്തിൽ ഒരൊറ്റ ഗാനരംഗം പോലും അധികപ്പറ്റായി തോന്നാതിരുന്നത് പ്രകൃതിയുടെ പശ്ചാത്തലത്തിൽ ബാലു മഹേന്ദ്ര ഔചിത്യത്തോടെ അവ ചിത്രീകരിച്ചതു കൊണ്ടാണ്. ഗോദാവരി, കൃഷ്ണ നദീതീരങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. ശങ്കരശാസ്ത്രിക്ക് മുൻപിൽ മഞ്ജുഭാർഗവിയുടെ തുളസി എന്ന കഥാപാത്രം ആദ്യമായി നൃത്തം ചെയ്യുന്ന രംഗം ചിത്രീകരിച്ചത് ഗോദാവരീ നദിക്കരയിലാണ്. 'രാഗം താനം പല്ലവി' എന്ന ഗാന(നൃത്ത)രംഗം ഷൂട്ട് ചെയ്തത് കർണാടകയിലെ ഹല്ലിബിഡുവിലുള്ള ഹോയ്‌സാലേശ്വര ക്ഷേത്രത്തിലും ബേലൂരിലെ ചെന്നകേശവ ക്ഷേത്രത്തിലും വെച്ച്. ക്ലൈമാക്‌സിൽ ദൊരകുനാ എന്ന പാട്ട് പാടി ശങ്കരശാസ്ത്രികൾ മരണത്തിനു കീഴടങ്ങുന്ന വികാരദീപ്തമായ രംഗം പകർത്തിയത് രാജമുന്ദ്രിയിലെ ഒരു കല്യാണമണ്ഡപത്തിൽ വെച്ചായിരുന്നു എന്നോർക്കുന്നു വിശ്വനാഥ്. ശങ്കരാ നാദശരീരാപരാ എന്ന ഗാനം മാത്രം ചെന്നൈയിൽ ചിത്രീകരിക്കേണ്ടി വന്നു. അഡയാറിലെ ഒരു ക്ഷേത്രമാണ് ആ ഗാനത്തിന്റെ പശ്ചാത്തലം. 'വി .ശേഷുവിന്റെ കൊറിയോഗ്രഫി ഇല്ലാതെ ശങ്കരാഭരണം എന്ന സിനിമയുമില്ല. ചിത്രാ വിശ്വേശ്വരനെ പോലുള്ള വിഖ്യാത നർത്തകിമാർ പോലും ശേഷു ചിട്ടപ്പെടുത്തിയ നൃത്തരംഗങ്ങളെ അകമഴിഞ്ഞു പ്രശംസിച്ചിട്ടുണ്ട്', വിശ്വനാഥ്.
സത്യത്തിൽ, ഇന്നു നമ്മൾ വെള്ളിത്തിരയിൽ കാണുന്ന ശങ്കരാഭരണമല്ല വിശ്വനാഥിന്റെ മനസ്സിൽ ആദ്യം രൂപം കൊണ്ട ശങ്കരാഭരണം. തീർത്തും വ്യത്യസ്തമായ മറ്റൊരു കഥയായിരുന്നു അത്. '1976- ൽ സിരി സിരി മുവ്വ എന്ന പടം സംവിധാനം ചെയ്ത ശേഷമാണ് ശാസ്ത്രീയ സംഗീത പ്രധാനമായ ഒരു സിനിമയെ കുറിച്ച് ചിന്തിക്കുന്നത്. ഊട്ടിയിൽനിന്ന് മേട്ടുപ്പാളയത്തേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു ഞാനും സിനിമാരംഗത്തെ പ്രശസ്ത കൊറിയോഗ്രാഫറായ കൃഷ്ണമൂർത്തിയും. ആന്ധ്രയിലെ കുച്ചിപ്പുടി ഗ്രാമത്തിൽ ജനിച്ചു വളർന്നയാളാണ് മൂർത്തി. മായാബസാർ തുടങ്ങിയ ക്ലാസിക് സിനിമകളുടെ നൃത്തസംവിധായകൻ. യാത്രക്കിടയിലെപ്പോഴോ മൂർത്തി അദ്ദേഹത്തിന് പരിചയമുള്ള ഒരു സംഗീതജ്ഞന്റെ കഥ പറഞ്ഞു. പ്രശസ്തിയുടെ ഔന്നത്യത്തിൽ വിളങ്ങിനിന്ന ശേഷം ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ട ഒരു ജീവിതം. അതിലൊരു ഹൃദയ സ്പർശിയായ സിനിമയുണ്ടെന്ന് തോന്നി എനിക്ക്. എന്നാൽ നാലുവർഷത്തിനു ശേഷം ശങ്കരാഭരണം പ്ലാൻ ചെയ്യുമ്പോഴേക്കും അന്ന് കേട്ട കഥ ഒരു ഉപകഥ മാത്രമായി മാറിയിരുന്നു. ഇന്ത്യയിലെ പരമ്പരാഗത സംഗീതത്തിൽ ധാരാളം അധിനിവേശം നടന്നുവന്ന കാലമാണ്. ശുദ്ധസംഗീതം എന്ന സങ്കൽപ്പം തന്നെ മാഞ്ഞു തുടങ്ങി. പോപ് സംഗീതത്തിന്റെ വികലമായ അനുകരണങ്ങൾകൊണ്ട് സംഗീത വിപണി നിറഞ്ഞു. നമ്മുടെ തനതു സംഗീതവും സംസ്‌കാരവും വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യണം എന്ന് തോന്നി. ആ എളിയ മോഹത്തിന്റെ സാഫല്യമായിരുന്നു ശങ്കരാഭരണം.'
പോപ് സംഗീതത്തിന്റെ 'പരിമിതിക'ളെ സൗമ്യമായിട്ടാണെങ്കിലും പരിഹസിക്കുന്നുണ്ട് സിനിമയിൽ ശങ്കരശാസ്ത്രി. തിയേറ്ററുകളെ ഇളക്കി മറിച്ച രംഗം. ഇന്നാണെങ്കിൽ അത്രയും സ്വീകാര്യത ലഭിക്കുമായിരുന്നോ ആ വിമർശനത്തിന്? ആഗോള സംഗീത ധാരകൾ മുഴുവൻ നമ്മുടെ വിരൽത്തുമ്പിൽ വന്നു നിൽക്കുന്ന ഈ കാലത്ത് ശങ്കരശാസ്ത്രികൾ കാലഹരണപ്പെട്ട പ്രവാചകനായി വിലയിരുത്തപ്പെടാൻ സാധ്യതയില്ലേ? 'ഒരിക്കലുമില്ല', വിശ്വനാഥ് പറഞ്ഞു. 'ശാസ്ത്രികൾക്ക് ഇന്നുമുണ്ട് പ്രസക്തി. മനസ്സിനെ തൊടുന്ന സംഗീതം ഓർമമാത്രമായിരിക്കുന്നു നമുക്ക്. സിനിമാ ഗാനങ്ങൾക്ക് പോലും പഴയ ജനപ്രീതിയില്ല. സംഗീതത്തിന്റെ മൗലിക മുദ്രകൾ വീണ്ടെടുക്കുക എന്ന ആശയത്തിന് അന്നുള്ളിടത്തോളം, ഒരുപക്ഷെ അതിനേക്കാൾ പ്രസക്തിയുണ്ട് ഇന്ന്'. പാശ്ചാത്യ സംഗീതത്തെ സിനിമയിൽ ഒരിടത്തും വിമർശിച്ചിട്ടില്ല എന്നു കൂട്ടിച്ചേർക്കുന്നു വിശ്വനാഥ്. 'എല്ലാ സംഗീത ശാഖകൾക്കും അവയുടേതായ മൂല്യമുണ്ട്. ഒന്നിനെ ഉയർത്താൻ മറ്റൊന്നിനെ ഇടിച്ചുതാഴ്‌ത്തേണ്ട കാര്യമില്ല എന്ന ലളിതമായ സന്ദേശമാണ് സിനിമ നൽകിയത്'.
ഏതെങ്കിലുമൊരു ബോക്‌സോഫീസ് വിജയഫോർമുല പിന്തുടർന്ന ചിത്രമായിരുന്നില്ല ശങ്കരാഭരണം എന്ന് അടിവരയിട്ടു പറയുന്നു വിശ്വനാഥ്. 'എക്കാലവും പ്രസക്തമായ ഒട്ടേറെ സാമൂഹികപ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നുണ്ട് ആ ചിത്രം. ജാതിവ്യവസ്ഥ, കലാരംഗത്തെ സവർണ്ണ മേധാവിത്തം, സ്ത്രീപുരുഷ ബന്ധത്തിന്റെ സങ്കീർണ്ണതകൾ, പരമ്പരാഗത കലകളിൽ പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റം... അങ്ങനെ പലതും. നഷ്ടപ്പെടുന്ന മാനുഷിക മൂല്യങ്ങളുടെയും നന്മയുടേയും വീണ്ടെടുപ്പിന്റെ കഥ കൂടിയാണത്. പശ്ചാത്തലമായി സംഗീതത്തിന്റെ വിശാലമായ കാൻവാസ് ഉണ്ടായിരുന്നു എന്നു മാത്രം. ആ പശ്ചാത്തലം ഉണ്ടായിരുന്നതു കൊണ്ടാണ് സാധാരണക്കാരന്റെ മനസ്സിലേക്ക് ശങ്കരാഭരണം അനായാസം കടന്നുചെന്നത്'.
സമൂഹത്തെ ആ സിനിമ എത്രകണ്ട് സ്വാധീനിച്ചു എന്നറിയാൻ അന്നത്തെ പത്രവാർത്തകൾ ശ്രദ്ധിച്ചാൽ മതി എന്ന് ഓർമിപ്പിക്കുന്നു വിശ്വനാഥ്. 'മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്ന് മ്യൂസിക് അക്കാദമിയിലെ എം.ജി.ആറിന്റെ പ്രസംഗമാണ്. ലോകത്ത് രണ്ടേ രണ്ടു പേർക്ക് മുൻപിൽ മാത്രമേ എനിക്ക് നമസ്‌കരിക്കാൻ തോന്നിയിട്ടുള്ളൂ; അമ്മയ്ക്കും, ശങ്കരാഭരണത്തിന്റെ ശിൽപ്പിക്കും മുൻപിൽ- അദ്ദേഹം പറഞ്ഞു. 'അപൂർവമായി മാത്രം തിയേറ്ററിൽ ചെന്ന് സിനിമ കാണാറുള്ള ലതാ മങ്കേഷ്‌കർ ശങ്കരാഭരണം കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതാണ് മറ്റൊരു ആഹ്ലാദാനുഭവം. ചെന്നൈയിൽ ലതാജിക്ക് വേണ്ടി മാത്രമായി ഒരു പ്രത്യേക പ്രദർശനം തന്നെ ഒരുങ്ങി. ശിവാജി ഗണേശൻ ആണ് ആ ഷോ സംഘടിപ്പിക്കാൻ മുൻകൈ എടുത്തത്. നൂറു വർഷം കൊണ്ട് മദ്രാസ് മ്യൂസിക് അക്കാദമിക്ക് സാധിക്കാത്തത് ഒരൊറ്റ സിനിമ കൊണ്ട് വിശ്വനാഥിനു കഴിഞ്ഞു എന്നായിരുന്നു കർണ്ണാടക സംഗീത കുലപതിയായ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ പ്രശസ്തമായ വിലയിരുത്തൽ. 'അതിലും വലിയ ഒരു അംഗീകാരം എനിക്ക് കിട്ടാനില്ല'.
പടം റിലീസ് ചെയ്തു കഴിഞ്ഞ്, നായകനായ സോമയാജുലുവിനെയും കൂട്ടി ആന്ധ്രയിലെ തിയേറ്ററുകൾ സന്ദർശിച്ചത് രസകരമായ അനുഭവമാണ്. 'സിനിമയിലെ ശങ്കരശാസ്ത്രികളുടെ കാലിൽ വീഴാൻ നിറകണ്ണുകളോടെ ആളുകൾ ക്യൂ നിന്നു; പ്രത്യേകിച്ച് സ്ത്രീകൾ. ക്ഷീണം മാറ്റാൻ ഇടയ്‌ക്കൊരിക്കൽ സോമയാജുലു സിഗരറ്റിന് തീ കൊളുത്തിയപ്പോൾ ജനങ്ങൾ ക്ഷുഭിതരായി. ശുദ്ധസംഗീതത്തിന്റെ ഉപാസകനായ ശങ്കരശാസ്ത്രി പുകവലിക്കുന്നതും പാന്റ്‌സും ഷർട്ടും ധരിച്ച് റോഡിലൂടെ നടന്നുപോകുന്നതും ഒന്നും സഹിക്കാനാകുമായിരുന്നില്ല അവർക്ക്'.
ശങ്കരാഭരണത്തിന്റെയും സാഗരസംഗമത്തിന്റെയും സംവിധായകൻ എന്ന് പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ പതിവായി വിശ്വനാഥ് അഭിമുഖീകരിക്കാറുള്ള ഒരു ചോദ്യമുണ്ട്: 'സംഗീതം പഠിച്ചിട്ടുണ്ടോ?' ഇല്ലേയില്ല എന്നാണു വിശ്വനാഥിന്റെ ഉത്തരം. രണ്ടു സഹോദരിമാർ അത്യാവശ്യം പാടും. 'എന്റേത് കേൾവിജ്ഞാനമാണ്. ഒരു പാട്ട് കേട്ടാൽ നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയാനാകും. അല്ലാതെ അഗാധമായ സംഗീതജ്ഞാനമൊന്നും ഇല്ല. രാഗങ്ങളെ കുറിച്ച് യാതൊരു പിടിപാടുമില്ല. എങ്കിലും സിനിമയിൽ ഉപയോഗിക്കേണ്ട ശബ്ദത്തെ കുറിച്ച് ബോധ്യമുണ്ട്, ഒരുപക്ഷേ, ചെറുപ്പത്തിൽ ശബ്ദലേഖകനായി ജോലി ചെയ്തത് കൊണ്ടുള്ള ഗുണമാകാം.'
'ശങ്കരാഭരണത്തെക്കുറിച്ച് ദിവസങ്ങളോളം സംസാരിച്ചാലും മടുക്കില്ല എനിക്ക്. എന്റെ ജീവിതം മാറ്റിമറിച്ച സിനിമയല്ലേ അത്', വിശ്വനാഥിന്റെ വാക്കുകൾ. 'ചാഗണ്ഡി കോടേശ്വരറാവു എന്നൊരു പുണ്യാത്മാവുണ്ട്. ആന്ധ്രയിലെ ഏറ്റവും പ്രശസ്തനായ ആത്മീയപ്രഭാഷകൻ. ഭഗവദ്ഗീതയെ കുറിച്ചും മഹാഭാരതത്തെ കുറിച്ചും ഉപനിഷത്തുക്കളെ കുറിച്ചും ഒക്കെയാണ് അദ്ദേഹം വാചാലമായി സംസാരിക്കുക. എന്നാൽ കഴിഞ്ഞ ദിവസം ഇതാദ്യമായി അദ്ദേഹം ഒരു സിനിമയെ കുറിച്ച് പ്രഭാഷണം നടത്തി- ശങ്കരാഭരണത്തെ കുറിച്ച്. ഒന്നല്ല, മൂന്ന് ദിവസം തുടർച്ചയായി. ആയുസ്സിൽ ഈ ഒരൊറ്റ സിനിമയേ കണ്ടിട്ടുള്ളൂവത്രേ അദ്ദേഹം. ഹൈദരാബാദിലെ ശ്രീനഗർ കോളനി ഹാളിലെ നിറഞ്ഞ സദസ്സിൽ ഒരാളായി ആ പ്രഭാഷണം കേട്ടിരിക്കേ എന്റെ കണ്ണുകൾ അറിയാതെ നനഞ്ഞു. മൂന്നര പതിറ്റാണ്ട് മുൻപ് ഹൈദരാബാദിലെ റോയൽ തിയേറ്ററിൽ അഞ്ചോ ആറോ പേരടങ്ങിയ സദസ്സിനു മുന്നിൽ പ്രദർശനം തുടങ്ങിയ ഒരു സിനിമ ഇത്രയും കാലത്തിനിടെ സഞ്ചരിച്ച വഴികളിലൂടെ പിന്നിലേക്ക് നടക്കുകയായിരുന്നു എന്റെ മനസ്സ്. ദൈവാനുഗ്രഹം എന്നല്ലാതെ മറ്റെന്തു പറയാൻ?'.
സിനിമയിലെ അവസാനത്തെ കച്ചേരിക്കു മുൻപ്, സദസ്സിനെ നോക്കി കൈകൂപ്പി ശങ്കരശാസ്ത്രികൾ പറയുന്ന വാക്കുകളാണ് ഓർമ വന്നത്: 'പാശ്ചാത്യ സംഗീതക്കൊടുങ്കാറ്റിൽ ആടിയുലയുന്ന കർണാടകസംഗീത ജ്യോതി കെടാതിരിക്കാൻ കൈപ്പത്തികൾ ചേർത്തു പിടിച്ച മഹാത്മാവ് ആരായാലും അദ്ദേഹത്തിന് ആയിരമായിരം പ്രണാമം. അനന്തമായി പ്രവഹിക്കട്ടെ ഈ അമൃതവാഹിനി'. തിരശീലക്കു പിന്നിൽ മറഞ്ഞുനിന്ന ആ മഹാത്മാവ് കെ. വിശ്വനാഥ് എന്ന സംഗീതപ്രേമിയല്ലാതെ മറ്റാര്?
Content Highlights: Legendary filmmaker K. Viswanath shared nostalgic memories regarding his timeless classic masterpiece 'Sankarabharanam'. The film had a dismal box office opening for the first four days before turning into a massive historical blockbuster. Viswanath recalled an encouraging taxi ride where the driver praised the film without recognizing him as its director. 'Sankarabharanam' won four National Film Awards, five Nandi Awards, and ran for over 216 days in Hyderabad's Royal Theatre. Actor J.V. Somayajulu was so revered as Sankara Sastry that public reactions were intense when he stepped out of character.
Published: 09 Nov 2026, 12:11 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented