തലൈവർ തരംഗം അവസാനിക്കുന്നില്ല. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി 'ജയിലർ 2' മാറി. പ്രദർശനത്തിനെത്തി മൂന്നാഴ്ച കഴിയുമ്പോൾ 800 കോടിക്കുമുകളിലെത്തിയ 'ജയിലർ 2', തമിഴകത്തെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രം എന്ന ഖ്യാതിയും സ്വന്തമാക്കി. തമിഴകത്ത് രജനിസിനിമ സൃഷ്ടിച്ച റെക്കോഡ്, വർഷങ്ങൾക്കിപ്പുറം അദ്ദേഹംതന്നെ തിരുത്തിയെഴുതി. 'യന്തിരന്റെ' രണ്ടാം ഭാഗമായി, 2018-ൽ പുറത്തിറങ്ങിയ '2.0'-യായിരുന്നു ഇതുവരെ ഏറ്റവും വലിയ ആഗോള കളക്ഷൻ നേടിയ തമിഴ് സിനിമ.

To advertise here,

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന അന്യഭാഷാ ചിത്രമായും 'ജയിലർ 2' മാറി. ഒൻപതു വർഷംമുൻപ് രാജമൗലിയുടെ 'ബാഹുബലി 2' തീർത്ത റെക്കോഡാണ് സ്‌റ്റൈൽമന്നൻ തകർത്തെറിഞ്ഞത്. 'ജയിലർ 2'-ന്റെ ക്ലൈമാക്‌സിൽ രജനിയുടെയൊരു പഞ്ച് ഡയലോഗുണ്ട്. വീഴാതെ, പതറാതെ അൻപതു വർഷമായുള്ള ആ നിൽപ്പിനെപ്പറ്റിയുള്ളതാണത്. അഭിനയജീവിതം അരനൂറ്റാണ്ട് പിന്നിടുമ്പോൾ, 'പടയപ്പ'യിലെ പ്രതിനായിക പറഞ്ഞതുപോലെ വയസ്സാനാലും സ്റ്റൈയിലും അഴകും വിട്ടുപോകാത് എന്നദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുന്നു.

പ്രദർശനത്തിനെത്തി രണ്ടാഴ്ചയ്ക്കുള്ളിലാണ് 'ബാഹുബലി 2'-വിന്റെ കേരളത്തിലെ കളക്ഷൻ 'ജയിലർ 2' മറികടന്നത്. 'ബാഹുബലി'യുടെ രണ്ടാംഭാഗം നേടിയത് 72.25 കോടിയായിരുന്നു. പ്രദർശനത്തിനെത്തി പതിമൂന്നാം നാൾ 'ജയിലർ 2' കേരളത്തിൽനിന്ന് 72.85 കോടിയെന്ന നേട്ടം സ്വന്തമാക്കി. ഷങ്കറിന്റെ വിക്രം ചിത്രം 'ഐ' സൃഷ്ടിച്ച റെക്കോഡ് പിന്തള്ളിയായിരുന്നു 2017-ൽ 'ബാഹുബലി 2' ഒന്നാമതെത്തിയത്. ഇതരഭാഷാ ചിത്രങ്ങളെ എന്നും നെഞ്ചോട് ചേർത്തുപിടിച്ചവരാണ് മലയാളികൾ, അന്യഭാഷാ അഭിനേതാക്കൾക്ക് ഇവിടെ ആരാധകരേറെയാണ്. പുലർച്ചെ പ്രദർശനത്തിനെത്തുന്ന ഇതരഭാഷചിത്രങ്ങളെല്ലാം നിറഞ്ഞസദസ്സിൽ പ്രദർശിപ്പിക്കുന്നതാണ് പതിവ്. 'കെ.ജി.എഫ് 2'-വും 'ലിയോ'യും 'കാന്താര'യും 'കൂലി'യും 'ആർ.ആർ.ആറും' 'വിക്ര'വുമെല്ലാം കേരളത്തിൽനിന്ന് കോടികൾ കൊണ്ടുപോയ ചിത്രങ്ങളിൽ ചിലതുമാത്രം. സിനിമ മാറുമ്പോഴും, പുതുതാരോദയങ്ങൾ സംഭവിക്കുമ്പോഴും തലൈവർ സൃഷ്ടിക്കുന്ന ആവേശം മാറ്റമില്ലാതെ തുടരുകയാണ്.

അദ്ഭുതവും ആവേശവും നിറയ്ക്കുന്ന സീനുകൾകൊണ്ട് സമ്പന്നമാണ് രജനിയുടെ ജീവിതം. കർണാടക- തമിഴ്‌നാട് അതിർത്തിയിലെ നാച്ചിക്കുപ്പത്തേക്ക് കുടിയേറിപ്പാർത്ത മറാഠ കുടുംബത്തിലാണ് സ്‌റ്റൈൽമന്നന്റെ ജനനം. പോലീസുകാരനായ റാണോജി റാവു ഗെയ്ക്വാദിന്റെയും രാഭായിയുടെയും നാലാമത്തെ കുഞ്ഞിന് അവർ ശിവാജി റാവു ഗെയ്ക്വാദ് (രജനീകാന്ത്) എന്നാണ് പേരുവെച്ചത്. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ശിവാജിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതായി. മൂത്തജ്യേഷ്ഠൻ സത്യനാരായണറാവു ഗെയ്ക്വാദായിരുന്നു കുട്ടിയായ ശിവാജിയുടെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത്. ബാംഗ്ലൂരിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശിവാജി കൗമാരകാലത്തിലേക്ക് കടക്കുമ്പോഴേക്കും മോശം കൂട്ടുകെട്ടുകളിലേക്ക് ചെന്നുവീണു. ഹൈസ്‌കൂൾ കാലം കഴിഞ്ഞതോടെ പഠനം ഉപേക്ഷിച്ചു. മദ്യവും സിനിമയും സിരകളെ ചൂടുപിടിപ്പിച്ച ആ കാലം ശിവാജിപോലും പിന്നീടൊരിക്കലും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. താളംതെറ്റിപ്പോകുന്ന അനുജനെ ജ്യേഷ്ഠൻ പലതവണ തോൾചേർത്തുപിടിച്ച് കൂടെനിർത്തി, സത്യനാരായണറാവുതന്നെ മുൻകൈയെടുത്ത് കർണാടക ട്രാൻസ്‌പോർട്ടിൽ ബസ് കണ്ടക്ടറുടെ ജോലിശരിയാക്കി.

ജീവിതത്തിലെ എക്കാലത്തെയും വലിയ സുഹൃത്തായ രാജ് ബഹദൂറുമായി ശിവാജി അടുക്കുന്നത് ഈ കാലത്താണ്. നാടകവും സിനിമയും ഇരുവരുടെയും ചങ്ങാത്തത്തിന് കരുത്തുപകർന്നു. എം.ജി.ആർ, ശിവാജി ഗണേശൻ സിനിമകൾക്കെല്ലാം ആദ്യദിനംതന്നെ ഇരുവരും ടിക്കറ്റെടുത്തു. വെള്ളിത്തിരയിലെ പ്രിയതാരങ്ങളുടെ ചലനങ്ങളും സംഭാഷണങ്ങളുമെല്ലാം പരസ്പരം അനുകരിച്ചു.

ദുര്യോധനന്റെ വേഷമാണ് രജനി ആദ്യം കെട്ടിയാടിയത്. ആ കഥാപാത്രം ലഭിച്ചതിനെക്കുറിച്ച് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്. കുരുക്ഷേത്ര നാടകത്തിൽ ഭീഷ്മപിതാമഹന്റെ വേഷമായിരുന്നു രാജ്ബഹദൂറിന്, നാടകറിഹേഴ്‌സൽ കാണാൻ സ്ഥിരമായി രജനിയും പോകുമായിരുന്നു, സ്ഥിരം കാഴ്ചക്കാരനെ പിന്നീട് നാടകത്തിലെ ആളൊഴിവുള്ള ചെറിയ വേഷങ്ങളിലേക്ക് പരിഗണിച്ചു. ദിവസവും റിഹേഴ്‌സൽ കാണാനെത്തിയതിനാൽ മിക്കകഥാപാത്രങ്ങളുടെയും സംഭാഷണങ്ങളെല്ലാം രജനിക്ക് മനഃപാഠമായിരുന്നു. രാക്ഷസനായ ജരാസന്ധന്റെ വേഷത്തിലേക്കാണ് ആദ്യം വിളിച്ചത്. നാടകം സ്റ്റേജിൽ അവതരിപ്പിക്കാനുള്ള ദിവസമായപ്പോൾ ദുര്യോധനവേഷം അഭിനയിക്കേണ്ടവന് പനി, എഴുന്നേറ്റു നിൽക്കാൻപറ്റാത്ത അവസ്ഥ. വേഷം ചെയ്യാമോയെന്ന ചോദ്യം രജനിക്കുനേരേയായി. സംഭാഷണങ്ങൾ മനഃപാഠമായതിനാൽ സമ്മതംമൂളി. കിരീടം തലയിലേറി.

ദുര്യോധനന്റെ ഇടപെടലുകളിലും രംഗപ്രവേശത്തിലും സ്വയം ചില കൂട്ടിച്ചേർക്കലുകൾ കൊണ്ടുവന്നു. ദുര്യോധനനായി രജനി സ്റ്റേജിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് പിൻതിരിഞ്ഞുനിന്നാണ്, കാഴ്ചക്കാരനുനേരേ തിരിയുമ്പോൾ വെളിച്ചം മുഖത്തുപതിക്കുന്ന രീതിയിൽ കാര്യങ്ങൾ ഒരുക്കി. അതേസമയം ഒരു കൈയിൽനിന്നും ഗദ മറുകൈയിലേക്ക് എറിഞ്ഞുപിടിക്കും, മുഖത്തിനുമുകളിലൂടെ കൈയുഴിഞ്ഞുകൊണ്ടുള്ള അട്ടഹാസവും ഹ... ഹ... ഹ... ഹാ... അതിനുശേഷമാണ് പേരുപറയുന്നതും, ആദ്യഡയലോഗ് അവതരിപ്പിക്കുന്നതും. നിലയ്ക്കാത്ത കൈയടികളോടെ ദുര്യോധനന്റെ വരവ് ആഘോഷിക്കപ്പെട്ടു. നാടകം കഴിഞ്ഞപ്പോൾ ദുര്യോധനവേഷം ചെയ്തതാരെന്നറിയാൻ ഗ്രീൻ റൂമിനുമുന്നിൽ ആൾക്കൂട്ടം തടിച്ചുകൂടിയതായി അദ്ദേഹംതന്നെ വിശദീകരിച്ചിട്ടുണ്ട്.

നാടകവും സിനിമകാണലും ജീവിതത്തിന്റെ ഭാഗമായതോടെ അഭിനയമോഹം ഉദിച്ചു. ഫിലിംചേംബർ ഇൻസ്റ്റിറ്റ്യൂട്ടിലെ ആക്ടിങ് കോഴ്‌സിൽ ചേർന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസെടുക്കാനെത്തിയ സംവിധായകൻ കെ. ബാലചന്ദർ വിദ്യാർഥിയുടെ കണ്ണിലെ തിളക്കം തിരിച്ചറിഞ്ഞു. 'അപൂർവ്വരാഗങ്ങളി'ലൂടെ ഗേറ്റ് തള്ളിത്തുറന്ന് രജനി സിനിമയിലേക്ക് പ്രവേശിച്ചു. എസ്.പി. മുത്തുരാമന്റെ 'ഭുവന ഒരു കേൾവിക്കുറി'യിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. 'മുള്ളു മലരും' തമിഴ് സിനിമയിലൂടെ സ്ഥാനം ഉറപ്പിച്ചു. ഇതെപ്പിടി ഇറിക്ക് എന്ന ഡയലോഗുമായി 'പതിനാറ് വയതിനിലെ' വില്ലൻ വേഷം, 1978-ൽ ഇരുപത്തിയൊന്ന് സിനിമകൾ. 'ഭൈരവി'യിൽ ആദ്യമായി പേരിനുമുന്നിൽ സൂപ്പർസ്റ്റാർ എന്നെഴുതിക്കാണിച്ചു. സാധാരണക്കാരന്റെ പ്രതിനിധിയായി നീതിക്കും ന്യായത്തിനുംവേണ്ടി പോരാടുന്ന വേഷങ്ങൾ. എല്ലാം കൈയടിയോടെ സ്വീകരിക്കപ്പെട്ടു. 'ബില്ല'യും 'ദളപതി'യും 'അണ്ണാമലൈ'യും തിയേറ്ററുകളെ ഇളക്കിമറിച്ചു. 'ബാഷ' അതിനെല്ലാം മുകളിലായി. 'പടയപ്പ'യിലൂടെ ഏൻ വഴി തനീവഴിയെന്ന പ്രഖ്യാപനം പ്രേക്ഷകർ കേട്ടു. 'മുത്തു'വിലൂടെ രജനി ആരവം ജപ്പാനിലും മുഴങ്ങി. 'ചന്ദ്രമുഖി', 'ശിവാജി', 'യന്തിരൻ', 'പേട്ട'- തലൈവർ തലമുറകളുടെ താരമായി നിലനിൽക്കുന്നു.

അഭിനയയാത്രയിൽ ഒന്നോ രണ്ടോ സിനിമകൾ തുടർച്ചയായി ബോക്‌സ് ഓഫീസിൽ ചലനമുണ്ടാക്കാതെവരുമ്പോൾ ഏതുവലിയ താരവും നേരിടുന്ന പ്രതിസന്ധികൾ രജനിയും നേരിട്ടു. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും മീതെ ജ്വലിച്ചുനിൽക്കാൻ കഴിയാതെവരുമ്പോഴെല്ലാം എഴുതിത്തള്ളലുകൾക്കിരയായി. പലതരം വെല്ലുവിളികളും തരംതാഴ്ത്തലുകളും അതിജീവിച്ചാണ് രജനീകാന്ത് ഇന്ത്യൻ സിനിമയുടെ നെറുകയിൽ സ്വന്തം സിംഹാസനം ഉറപ്പിച്ചത്. രജനിയുഗം അവസാനിച്ചു എന്ന് വിധിയെഴുതിയവർക്കുമുന്നിലേക്ക് അയാൾ പലതവണ തിരിച്ചെത്തി. സ്വതസ്സിദ്ധമായ ചിരിയുടെ അകമ്പടിയിൽ ചോദിച്ചുകൊണ്ടേയിരുന്നു... 'നാൻ വീഴ്വേന്ന് നിനത്തായോ...?'.