മലയാള സിനിമയുടെ സുന്ദരനായ വില്ലൻ, അങ്ങനെയാണ് സിനിമാസ്വാദകർ കെ.പി. ഉമ്മറിന് സ്നേഹത്തോടെ ചാർത്തിക്കൊടുത്ത വിശേഷണം. കരിയറിൽ ഏറെയും അവതരിപ്പിച്ചത് നെഗറ്റീവ് വേഷങ്ങളായതുകൊണ്ടാവാം ഇങ്ങനെയൊരു വിശേഷണം പ്രേക്ഷകർ ഉമ്മറിന് ചാർത്തിക്കൊടുക്കാൻ കാരണം. കെ.പി. ഉമ്മർ ഓർമയായിട്ട് 25 വർഷമാകുന്നു. അറുപതുകളുടെ തുടക്കം മുതൽ തൊണ്ണൂറുകളുടെ അവസാനം വരെ സിനിമയിൽ സജീവമായിരുന്നു കെ.പി.ഉമ്മർ.

To advertise here,

1930 ഒക്ടോബർ 11-ന് അന്നത്തെ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ ജില്ലയിലെ കോഴിക്കോടുള്ള തെക്കേപ്പുറത്താണ് കാച്ചിനംതൊടുക പുതിയപുരയിൽ ഉമ്മർ എന്ന കെ. പി. ഉമ്മർ ജനിച്ചത്. ടി. മുഹമ്മദ് കോയയുടെയും ബീവിയുടെയും മകനായി ജനിച്ച അദ്ദേഹം പിന്നീട് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ വില്ലൻ-സ്വഭാവ നടന്മാരിൽ ഒരാളായി മാറി.

ചലച്ചിത്രരംഗത്തേക്ക് എത്തുന്നതിന് മുൻപ് കെ.പി.എ.സി. (K.P.A.C.) ഉൾപ്പെടെയുള്ള പ്രശസ്ത നാടക സമിതികളിൽ പ്രൊഫഷണൽ നാടക നടനായി കെ. പി. ഉമ്മർ പ്രവർത്തിച്ചിരുന്നു. കെ.ടി. മുഹമ്മദിന്റെ ഇത് ഭൂമിയാണ് എന്ന നാടകമാണ് അദ്ദേഹത്തെ സിനിമയുടെ ലോകത്തെത്തിച്ചത്. അതിലെ 85 കാരനായ ഹാജിയാരുടെ വേഷം ഉമ്മറിന്റെ കലാ ജീവിതത്തിലെ നാഴികക്കല്ലാണ്.

വർഷങ്ങൾക്ക് മുൻപ് കെപിഎസി അശ്വമേധം അവതരിപ്പിച്ചപ്പോൾ ഡോ. തോമസായി വേഷമിട്ടത് കെ.പി. ഉമ്മറായിരുന്നു. സിനിമയുടെ തിരക്കിനിടയിലും നാടകങ്ങൾ കാണാനും നാടകപ്രവർത്തകരുമായി സൗഹൃദങ്ങൾ പങ്കുവെക്കാനും വല്ലപ്പോഴും ഒരു നാടകത്തിൽ അഭിനയിക്കാനും ഉമ്മർ സമയം കണ്ടെത്തിയിരുന്നു. പതിമൂന്നാം വയസ്സിൽ തുടങ്ങിയ ആ നാടകതാല്പര്യം തന്റെ ജീവിതാവസാനം വരെ ഉമ്മർ കാത്തുസൂക്ഷിച്ചു. മികച്ച ഒരു ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്നു അദ്ദേഹം.

1956-ൽ പുറത്തിറങ്ങിയ 'രാരിച്ചൻ എന്ന പൗരൻ' എന്ന ചിത്രത്തിലെ സെയ്ദാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വെള്ളിത്തിരയിൽ അരങ്ങേറിയത്. അന്ന് സ്നേഹജൻ എന്ന പേരിലായിരുന്നു ഉമ്മർ അഭിനയിച്ചത്. 1960-കളുടെ തുടക്കം മുതൽ 1990-കളുടെ അവസാനം വരെ മലയാള സിനിമയിൽ സജീവമായിരുന്ന കെ. പി. ഉമ്മർ പ്രധാനമായും വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയുമാണ് പ്രേക്ഷകശ്രദ്ധ നേടിയത്. നിത്യഹരിത നായകൻ പ്രേം നസീർ നായകനാകുന്ന ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് എതിരായുള്ള ഉമ്മറിന്റെ വില്ലൻ വേഷങ്ങൾ നിരവധിയാണ്. ഇരുവരുടെയും നായകൻ-വില്ലൻ കൂട്ടുകെട്ട് ഏറെ ജനപ്രീതി നേടി.

Also Read: ‘വിജയിക്കുന്നതിനനുസരിച്ച് പണം കൂട്ടിവാങ്ങിയാൽ ഉമ്മർ ഉമ്മറല്ലാതായിപ്പോകും'; അദ്ദേഹം പറഞ്ഞു

1967-ൽ പി. വേണു സംവിധാനം ചെയ്ത ഉദ്യോഗസ്ഥ എന്ന ചിത്രത്തിലൂടെ സ്വഭാവ നടനായുള്ള വേഷങ്ങൾ ചെയ്തുതുടങ്ങി. ഉമ്മ, നഗരമേ നന്ദി, കടൽപ്പാലം, അരനാഴികനേരം, പഞ്ചവടിപ്പാലം, മുറപ്പെണ്ണ്, ഖദീജ, ഭാര്യമാർ സൂക്ഷിക്കുക, തോക്കുകൾ കഥ പറയുന്നു, കടൽപ്പാലം, റെസ്റ്റ് ഹൗസ്, മൂലധനം, ചട്ടമ്പിക്കവല, കണ്ണൂർ ഡീലക്സ്, കാട്ടുകുരങ്ങ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അനശ്വരമായ കഥാപാത്രങ്ങൾ ഉമ്മറിലൂടെ പിറന്നു. കല്ലുകൊണ്ടൊരു പെണ്ണ് ആണ് അദ്ദേഹം അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡ് വേണ്ടെന്നുവെച്ച കേരളത്തിലെ ആദ്യത്തെ നടൻ കൂടിയാണ് കെ. പി. ഉമ്മർ. സംഗീത നാടക അക്കാദമി അവാർഡ്, തിക്കോടിയൻ അവാർഡ് എന്നീ ബഹുമതികളും ഉമ്മറിനെ തേടി വന്നു.