പുറത്ത് സൂര്യൻ കത്തിനിൽക്കുന്ന ഉച്ചനേരങ്ങളിലാണ്‌ കുട്ടികളും ചെറുപ്പക്കാരും മൺ‌വീടുകളുടെ അകത്തളങ്ങളിലിരുന്ന് മുൻ‌തലമുറക്കാരിൽ നിന്ന് ആ കഥകൾ കേട്ടിരുന്നത്. വിശ്വസനീയവും അവിശ്വസനീയവുമായ ഒട്ടേറെ കഥകൾ. പൊതുവേ കഥകൾ കേൾക്കാൻ ഏറെപ്പേർക്കും ഇഷ്ടമായിരുന്നു. ആ കഥകൾ ഓരോരുത്തരിലും ഓരോ കഥാപ്രപഞ്ചങ്ങളാണ്‌ ഉണ്ടാക്കിയിരുന്നത്. സശ്രദ്ധം കേട്ടിരുന്ന്, അവർ അവരവരുടേതായ ഭൂമികകളിൽ ആ കഥകൾ മനസ്സിൽ ചായങ്ങളിട്ട് സൂക്ഷിച്ചുവയ്ക്കും. പിന്നിലെ ചായമടർന്ന ഭിത്തികളിൽ കാണുന്ന രൂപങ്ങളിൽ, കഥ കേൾക്കുന്ന ചിലരൊക്കെ അവരുടെ കഥാപാത്രങ്ങളെ കണ്ടെത്തും. ആ ചുവർച്ചിത്രങ്ങളിലൂടെ വരിവരിയായി കറുത്ത ഉറുമ്പുകൾ നീങ്ങുന്നുണ്ടാവും.

To advertise here,

കഥപറയുന്ന മുത്തശ്ശി ഒരിക്കൽ ഒരു കഥക്കൂട്ടത്തോടു പറഞ്ഞു : നമ്മളുടെ കഥകളുടെ മാധുര്യം നുകരാനാണ്‌ ഈ ഉറുമ്പുകളിങ്ങനെ കൂട്ടത്തോടെ ഇറങ്ങുന്നത്!

വീട്ടിലെ തലമുതിർന്നവർ പറഞ്ഞുകേട്ടിട്ടുണ്ട്, ഈ ഉറുമ്പുകൾ നമ്മുടെ പൂർ‌വ്വികരാണെന്നും അവർക്കിടയിൽ സ്വപ്‌നങ്ങൾ കാണുമ്പോൾ മരിച്ചുപോയവരുണ്ടെന്നും. അവരൊക്കെ ഭൂമിയിൽ നിന്ന് നിന്ന് സ്വർഗത്തിലേയ്ക്കുള്ള യാത്രകളിലാണ്‌. ഒരുപക്ഷേ, അവർ അവർക്കിടയിൽ സംസാരിക്കുന്നുണ്ടാവും. എന്നാൽ നമുക്കവർ നിശ്ശബ്‌ദരും, കഠിനപ്രയത്നം ചെയ്യുന്നവരും, തങ്ങളുടെ ശരീരങ്ങൾക്ക് താങ്ങാനാവുന്നതിലധികം ഭാരം ചുമക്കുന്നവരുമാണ്‌. മനുഷ്യരും ഇങ്ങനെ സ്വപ്നങ്ങൾ കണ്ട്, എടുത്താൽ പൊങ്ങാത്ത ഭാരം ചുമന്ന് നടന്നുനീങ്ങുന്നവരല്ലേ?

കഥക്കൂട്ടത്തോട് ഏതോ ഒരു മുത്തശ്ശൻ ആ രഹസ്യം കൂടി പറഞ്ഞു: ദൈവം മനുഷ്യരെ മണ്ണുകൊണ്ട് രൂപപ്പെടുത്തുന്നതിനിടയ്ക്ക് എപ്പോഴോ മണ്ണ് തീർന്നു പോയി. അപ്പോൾ, ഉറുമ്പുകളാണ്‌ ദൈവത്തെ സമാധാനിപ്പിച്ചുകൊണ്ട് തങ്ങളുണ്ടാക്കിയിരുന്ന മൺപുറ്റുകൾ (Anthills) കാണിച്ചുകൊടുത്തത്. ദൈവത്തിനു സന്തോഷമായി. പക്ഷേ, ഉറുമ്പുകൾ ഒരുപാധി തിരികെ വച്ചു. മനുഷ്യർ മരിക്കുമ്പോൾ ആ ശരീരങ്ങൾ തങ്ങൾക്ക് തിരികെ കിട്ടണം. അങ്ങനെ ഒരു കടപ്പാട് കൂടി മനുഷ്യർക്ക് ഉറുമ്പുകളോടുണ്ട്.

കഥകളവസാനിപ്പിക്കുന്ന ഏതോ ഒരു സായാഹ്നത്തിലാണ്‌ ഒരു പെൺകുട്ടി പുറത്തുനിന്ന് ഓടി അകത്തേയ്ക്കു വന്നു പറഞ്ഞത് : ഉറുമ്പുകളുടെ മൺ‌പുറ്റ് (Anthills) പൊട്ടിയിട്ടുണ്ട്. പെരുമഴയും വെള്ളപ്പൊക്കവുമുണ്ടാകും! അങ്ങനെയാണ്‌ 'കാലി കിഡിയോനാ ദുവാ ഛന്ദ്' (An Ode To The Black Ants) എന്ന ഗുജറാത്തി ചിത്രം തുടങ്ങുന്നത്.

സീതയും, പ്രമിതയും, കബീറും, ജോണും, അൻഷൂലും, കല്പേഷുമെല്ലാം ഭാവൈ (Bhavai Theatre Group) നാടകട്രൂപ്പിലെ അംഗങ്ങളാണ്‌. അവരെല്ലവരും കൂടി ഒരുമിച്ചുകൂടിയിട്ട് മാസങ്ങളായിരിക്കുന്നു. അവർ ട്രൂപ്പിലെ മുതിർന്ന അംഗങ്ങളായ ഇക്ബാൽ - മല്ലിക ദമ്പതികളെ കാണാൻ ദൂരെയുള്ള സിദ്ധ്‌പൂരിലേയ്ക്ക് പുറപ്പെടുകയാണ്‌. ഇക്ബാൽ ഒരു സെറിബ്രൽ ഹെമറേജിനു ശേഷം സംസാരശേഷി നഷ്ടപ്പെട്ട് കിടപ്പിലാണ്‌. എല്ലാം കേൾക്കാൻ അദ്ദേഹത്തിനു കഴിയുന്നുണ്ട്. തിരിച്ചു പ്രതികരിക്കാൻ കഴിയുന്നില്ലെന്നേയുള്ളു. ചിലപ്പോഴൊക്കെ ശരീരം മുഴുവൻ കറുത്ത ഉറുമ്പുകൾ അരിക്കുന്നതായൊക്കെ ഇക്ബാലിനു തോന്നാറുണ്ട്. ഭാര്യ മല്ലികയും സംസാരശേഷിയില്ലാത്ത മകൻ ഏകലവ്യനും കൂടെയുണ്ട്. മകനു സംസാരശേഷിയില്ലാത്തത്, ഇക്ബാൽ മല്ലികയെ മിശ്രവിവാഹം കഴിച്ചതുകൊണ്ടാണെന്ന് ഇക്ബാലിന്‍റെ വീട്ടുകാർ പരാതിപ്പെടുന്നുണ്ടെന്ന് അവർ അറിയുന്നു. എന്നാണ്‌ അവൻ സംസാരിക്കാൻ തുടങ്ങുന്നത് എന്നതിനെക്കുറിച്ച് മല്ലികയ്ക്ക് ഉത്ക്കണ്ഠകളുണ്ട്. ചില കുട്ടികൾ സംസാരിച്ചുതുടങ്ങാൻ താമസിക്കും എന്ന് ആരൊക്കെയോ മല്ലികയെ സമാധാനിപ്പിക്കുന്നുമുണ്ട്.

സീത ഒരു സ്വപ്നം ആവർത്തിച്ചുകാണാറുണ്ട്. അത് അവളെ അലോസരപ്പെടുത്താറുണ്ട്. അതുപോലെ തന്നെ കബീറും നിരന്തരം ഒരേ സ്വപ്നം തന്നെ കാണുന്നു. അതിനു പൂർ‌വ്വജന്മവുമായി ചില ബന്ധങ്ങളുണ്ടെന്ന് സംശയിക്കപ്പെടുന്നു. അവർ രണ്ടുപേരും കഴിഞ്ഞ ജന്മത്തിലും അഭിനേതാക്കളായിരുന്നു എന്നവർക്ക് തോന്നുന്നു. പക്ഷേ, കബീർ അന്നൊക്കെ സ്ത്രീവേഷങ്ങളാണ്‌ കെട്ടാറുണ്ടായിരുന്നത്. മകൻ രാജുവിന്‌ പിതാവ് സ്ത്രീവേഷം കെട്ടിയാടുന്നതിനോട് ആദ്യമൊക്കെ എതിർപ്പായിരുന്നു. അച്ഛൻ കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കുന്നതിലൂടെ അയാളും പിന്നീട് നാടകം കളിക്കാൻ തയ്യാറാവുന്നുണ്ട്. ക്രമേണ കബീറിനു കേൾവി നഷ്ടപ്പെടുകയും അയാളുടേതായ ഒരു ഭാവനാലോകത്തേയ്ക്ക് എത്തിപ്പെടുകയുമാണ്‌.

വിലക്കുകളില്ലാത്ത, അതിർത്തികളില്ലാത്ത സൗഹൃദങ്ങളുടെയും സ്വാതന്ത്ര്യപ്രഖ്യാപനങ്ങളുടെയും കഥപറയുന്നതിനൊപ്പം ആദിവാസിജനതയ്ക്കിടയിലുള്ള സ്വത്വാന്വേഷണങ്ങളുടെ ഒരു കാല്പനികകഥ കൂടി ഈ ചിത്രത്തിൽ കാണാം. അവിരാമം പണിയെടുക്കുന്ന നിശ്ശബ്ദജീവികളായ ഉറുമ്പുകളുടെ ജീവിതവും അവയെക്കുറിച്ചുള്ള ഗ്രാമീണമായ ഐതിഹ്യങ്ങളും ഒരു പ്രതീകമായി കഥയെ പൊതിഞ്ഞുനിൽക്കുന്നു. ചരിത്രപ്രാധാന്യമുള്ള സിദ്ധ്പൂർ, തേജ്ഘട്ട് തുടങ്ങിയ ഗ്രാമങ്ങളിലും അഹമ്മദാബാദ് നഗരവുമെല്ലാം ഈ കഥപറയലിന്‍റെ പിന്നണികളാവുന്നുണ്ട്.

ഇരട്ടവേഷങ്ങളിലെത്തുന്ന പൂജ പുരോഹിതും പ്രതീക് റാഥോഡും മികച്ച അഭിനയമാണ്‌ ഈ ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. കൂട്ടുകാരായി വരുന്നത് ഗരിമ ഭരദ്വാജ്,സൂരജ് നായക്, അൻഷുൽ കുമാർ, സൂരജ് കുറുപ്പ്, സവിത ശർമ്മ എന്നീ അഭിനേതാക്കളാണ്‌. തിരക്കഥയും ചിത്രസം‌യോജനവും നടത്തിയിരിക്കുന്നത് സം‌വിധായകനായ ബൈജു കുറുപ്പ് (Biju Kurup) ആണ്‌. Ujwala Shankar Mahale, Storytellers Combine എന്നിവർ ചേർന്നാണ്‌ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളികളുൾപ്പെടുന്ന കുറെ കലാപ്രവർത്തകർ സഹനിർമ്മാതാക്കളായി ഈ ചിത്രത്തിനു പിന്നിലുണ്ട്. ഛായാഗ്രഹണം രാഹുൽ ദീപ്. സം‌ഗീതം രാജേഷ് നാറോത്ത്.

ബറോഡ എം. എസ്. യൂണിവേഴ്സിറ്റിയുടെ പഠനത്തിനുശേഷം പുണെയിലെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്ന് ചിത്രസം‌യോജനത്തിൽ ഡിപ്ലോമ നേടിയ ബൈജു കുറുപ്പ് ഇതിനകം വിവിധഭാഷകളിലായി പന്ത്രണ്ടോളം ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിട്യൂട്ട് ഒഫ് ഡിസൈനിലെ സീനിയർ അസോസിയേറ്റ് ഫാക്കൽറ്റിയാണ്‌.

കാലി കിഡിയോനാ ദുവാ ഛന്ദ് (An Ode to Black Ants) ഈയിടെ ടൊറോൻറോയിൽ നടന്ന ദക്ഷിണേഷ്യൻ രാജ്യാന്തരചലച്ചിത്രമേള (International Film Festival of South asia - IFFSA) ) യിൽ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു.