പാതിരാനേരത്ത് ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തിയാൽ ആർക്കാണ് ദേഷ്യം വരാതിരിക്കുക? എങ്കിലും സംസാരിച്ചുതുടങ്ങിയതോടെ കോപം അതിന്റെ പാട്ടിന് പോയി. പാട്ടുകളോടുള്ള അകമഴിഞ്ഞ സ്‌നേഹം മാത്രമേയുണ്ടായിരുന്നുള്ളൂ ഫോൺ വിളിച്ചയാളുടെ വർത്തമാനത്തിൽ. നിഷ്‌കളങ്കമായ സ്‌നേഹം.

To advertise here,

തലേ ആഴ്ച സംഗീത സംവിധായകൻ ഖയ്യാമിനെ കുറിച്ചെഴുതിയ ലേഖനം ഇഷ്ടപ്പെട്ടുവെന്ന് പറയാനായിരുന്നു വിളി. കാവ്യഭംഗിയാർന്ന ഹിന്ദി സിനിമാപ്പാട്ടുകളുടെ ആരാധകനായതിനാൽ 'കഭീ കഭീ'യിലെ സാഹിറിന്റെ രചനകളോട് വിശേഷിച്ചൊരു സ്‌നേഹമുണ്ട്. പ്രത്യേകിച്ച് മേ പൽ ദോ പൽ കാ ശായർ ഹൂം എന്ന പാട്ടിനോട്. 'എന്റെ മനസ്സിലുള്ളതാണ് നിങ്ങൾ എഴുതിയത്. ഒരുപക്ഷേ നമ്മൾ തമ്മിൽ എന്തെങ്കിലും പൂർവജന്മ ബന്ധം ഉണ്ടായിരിക്കണം. അല്ലെങ്കിൽ എങ്ങനെ ഇത്ര കൃത്യമായി എന്നെ മനസ്സിലാക്കാൻ കഴിഞ്ഞു?', ഹൃദയത്തിൽ നിന്നൊരു ചോദ്യം.

വിധിനിയോഗം എന്നല്ലാതെ മറ്റെന്ത് മറുപടി പറയാൻ? ഒരുപക്ഷേ എഴുത്തുകാരന്റെയും വായനക്കാരന്റെയും സംഗീത സങ്കൽപ്പങ്ങളും അഭിരുചികളും എവിടെയൊക്കെയോ പരസ്പരം വിളങ്ങിച്ചേരുന്നതുകൊണ്ടാവാം. അപൂർവമായ ഏതോ രസതന്ത്രത്തിന്റെ മാജിക്.

ഒരു മണിക്കൂറോളം ഇടതടവില്ലാതെ അയാൾ സംസാരിച്ചു; സ്നേഹത്തിന്റെ ഭാഷയിൽ. ഇടയ്ക്ക് പ്രിയഗാനങ്ങൾ മൂളി. ലേഖനത്തിലെ ചില ഇഷ്ട വാചകങ്ങൾ ഓർമയിൽനിന്ന് വള്ളിപുള്ളി വ്യത്യാസമില്ലാതെ ഉദ്ധരിക്കുക വരെ ചെയ്തു. യാത്ര പറഞ്ഞു ഫോൺ വെക്കുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു. നമ്മൾ എഴുതുന്ന കാര്യങ്ങൾ അകലെയെങ്ങോ ആരുടെയോ ഹൃദയത്തെ ചെന്ന് തൊടുന്നു എന്ന അറിവ് ഏത് എഴുത്തുകാരനെയാണ് ആഹ്ലാദിപ്പിക്കാത്തത്? അസമയത്താണെങ്കിൽ പോലും.

ഒരു മാസം കഴിഞ്ഞ് ഏതാണ്ട് അതേ സമയത്ത് വീണ്ടും അതേ നമ്പറിൽനിന്ന് വിളിവന്നപ്പോൾ ഫോണെടുക്കാൻ ഉത്സാഹം തോന്നിയത് സ്വാഭാവികം. ഉറക്കച്ചടവ് അതോടെ പമ്പകടന്നു. സംഗീതസുരഭിലമായ ഒരു പാതിരാ മെഹ്ഫിലിന് കളമൊരുങ്ങുകയായിരുന്നു മനസ്സിൽ. സ്നേഹസാന്ദ്രമായ വാക്കുകൾക്കുവേണ്ടി കാതോർക്കവേ അതാ ഒരു പരുക്കൻ ശബ്ദം: 'താൻ എന്താ ഉറങ്ങുകയാണോ? എന്നാൽ അങ്ങനെ ഉറങ്ങേണ്ട. തനിക്ക് ഞാൻ വെച്ചിട്ടുണ്ട്'.

അമ്പരന്നുപോയി. ആൾ അതുതന്നെ. എന്നാൽ തീർത്തും അപ്രതീക്ഷിതമായിരുന്നു ശബ്ദത്തിലെ ഭാവപ്പകർച്ച. ഏതോ ഒരു അപരിചിതൻ സംസാരിക്കുന്നത് പോലെ. സഭ്യേതരമായ ഭാഷ, ആഭാസകരമായ പരാമർശങ്ങൾ. 'നീയാരാ ഖയ്യാമിന്റെ പാട്ടിനെക്കുറിച്ച് എഴുതാൻ, ലത മങ്കേഷ്‌കറെ പറ്റി ഒരക്ഷരം എഴുതിപ്പോകരുത്, നിന്റെ അച്ഛനാണോ മുഹമ്മദ് റഫി', ചോദ്യങ്ങൾ നീളുന്നു; ശകാരങ്ങളും.

ഇടയ്ക്ക് വാക്കുകൾ മുറിയുന്നുണ്ട്. ശബ്ദം ഇഴയുന്നുമുണ്ട്. അങ്ങോട്ട് പറയുന്നതൊന്നും ഏശുന്നില്ല. ഉറക്കെയുറക്കെ സംസാരിച്ചുകൊണ്ടിരിക്കുന്നു അയാൾ. പഴയ വിനയാന്വിതൻ ഒരു 'വാചക ഗുണ്ട'യായി വേഷം മാറിയ പോലെ. ഉള്ളിലെ ലഹരിയാണ് സംസാരിക്കുന്നതെന്ന് വ്യക്തം. മദ്യമോ അതോ മയക്കുമരുന്നോ, ആരറിഞ്ഞു?

അസഭ്യവർഷം അനന്തമായി നീണ്ടപ്പോൾ സ്വയം പഴിച്ചുകൊണ്ട് ഫോൺ വെച്ചു. വേറെന്ത് വഴി? നല്ലൊരു രാത്രി പാഴാക്കിക്കളഞ്ഞതിൽ പശ്ചാത്താപം തോന്നി. വേണ്ടിയിരുന്നില്ല.

കഥ അവിടെ തീരുന്നില്ല. അടുത്തയാഴ്ച വീണ്ടും അതേ നമ്പറിൽ നിന്ന് ഫോൺ. എടുക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. നിമിഷങ്ങൾ നീണ്ട ആന്തരിക സംഘർഷത്തിനൊടുവിൽ തീരുമാനിച്ചു; ഇത് കൂടി എടുത്തേക്കാം. കഴിഞ്ഞ തവണ പറഞ്ഞതിന് എന്തെങ്കിലും ഒരു മറുപടി നൽകിയ ശേഷം എന്നന്നേക്കുമായി ഈ ഇടപാട് അവസാനിപ്പിച്ചേക്കാം.

ശകാരവർഷത്തിന് വേണ്ടി അക്ഷമനായി കാതോർത്ത് നിൽക്കേ, അതാ വരുന്നു മൃദുലവും വിനയാന്വിതവുമായ ഒരു ശബ്ദം: 'ക്ഷമിക്കണം ട്ടോ. കഴിഞ്ഞ തവണ വിളിച്ചപ്പോൾ എന്തൊക്കെയോ പറഞ്ഞു. ബോധമില്ലാതെ പറഞ്ഞതാണ്. അവിടെവന്ന് മാപ്പ് പറയണമെന്നുണ്ട്. എന്താ ചെയ്യുക? നേരിൽ കാണാൻ ഒരു ചമ്മൽ'. ഒറ്റ ശ്വാസത്തിൽ അയാൾ പറഞ്ഞു നിർത്തുന്നു. ഞാൻ ഫോൺ കട്ട് ചെയ്തുകളയുമോ എന്ന ഭയം കൊണ്ടാവണം.

തീർന്നില്ല. ആദ്യ സംഭാഷണത്തിലെ അതേ ഊഷ്മളതയോടെ, നിറഞ്ഞ ആത്മാർഥതയോടെ സംസാരിച്ചുകൊണ്ടേയിരുന്നു അയാൾ. ഇത്തവണ വാക്കുകൾ മുറിഞ്ഞില്ല; സംസാരം ഇഴഞ്ഞുമില്ല. 'മാപ്പു തന്നു എന്നൊന്ന് പറയൂ. ഇല്ലെങ്കിൽ എനിക്കുറക്കം വരില്ല', അയാൾ കേണപേക്ഷിക്കുന്നു; കരച്ചിലിന്റെ വക്കോളമെത്തിയ ശബ്ദത്തിൽ.

'ശരി', ഞാൻ പറഞ്ഞു. 'മറന്നേക്കാം. ഇനിയും ഇങ്ങനെ ഉണ്ടാവില്ല എന്നുറപ്പുണ്ടോ?', ഒരിക്കലുമുണ്ടാവില്ല എന്ന് അയാളുടെ മറുപടി. ഒപ്പം ഒരു പാട്ട് മൂളുക കൂടി ചെയ്തു അയാൾ: 'പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം...' തമാശ കലർത്തിയാണ് പാടിയതെങ്കിലും ആ ഏറ്റുപറച്ചിലിൽ അയാളുടെ പശ്ചാത്താപവിവശമായ മനസ്സ് മുഴുവനുമുണ്ടെന്ന് തോന്നി.

വീണ്ടും ഇഷ്ടഗാനങ്ങൾ മൂളി അയാൾ. ഇഷ്ടലേഖനങ്ങളിലെ വാചകങ്ങൾ എടുത്തു പറഞ്ഞു. എന്നിലെ എഴുത്തുകാരനെക്കുറിച്ച് മതിപ്പോടെ സംസാരിച്ചു. എങ്ങനെ ഇങ്ങനെ മനസ്സറിഞ്ഞു എഴുതാൻ പറ്റുന്നു എന്ന് വീണ്ടും വീണ്ടും ആരാഞ്ഞു. എല്ലാം പഴയ പടി. അന്തരീക്ഷത്തിൽ വീണ്ടും സൗഹൃദത്തിന്റെ സംഗീതം.

അടുത്ത കോൾ വന്നത് ഒരു മാസം കൂടി കഴിഞ്ഞാണ്. ഇത്തവണ ഫോണെടുക്കാൻ ഭയം തോന്നിയില്ല. എല്ലാ പ്രശ്നവും പരിഹരിക്കപ്പെട്ടിരുന്നല്ലോ.

ചുമയിൽനിന്നായിരുന്നു തുടക്കം. നിമിഷങ്ങളോളം നീണ്ടു നിന്ന ചുമ. ചുമയ്ക്ക് പിന്നാലെ ഒരു ഗർജ്ജനം: 'നീയാരെടാ തെണ്ടീ പാട്ടിന്റെ ഉസ്താദാ? നീ പാട്ട് പഠിച്ചിട്ടുണ്ടോടാ...'

ചെകിട്ടത്ത് ഒരടി കിട്ടിയ പോലെ. തത്ക്ഷണം ഫോൺ ഓഫാക്കി തലയിണക്കടിയിൽ തിരുകി. എന്നിട്ട് സ്വയം പറഞ്ഞു: 'നിനക്കിതുതന്നെ വേണം. സ്വയംകൃതാനർഥം.'

അന്ന് ബ്ലോക്ക് ചെയ്തതാണ് മൃദുഭാഷിയായ ആരാധകനെ. ഒരു കാര്യത്തിലേയുള്ളൂ സങ്കടം. ഓർമകളെ ഒരിക്കലും ബ്ലോക്ക് ചെയ്യാൻ പറ്റില്ലല്ലോ...