എം.എസ്.വിയുടെ അടിയുറച്ച ആരാധകന് കൂടിയായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ചെന്നൈ സാന്തോമിലെ ഡിമോണ്ടെ റോഡിന്റെ പുനര്‍നാമകരണം നിര്‍വഹിച്ചത്

ഹൃദയഹാരിയായ എത്രയോ ഈണങ്ങൾ ഒഴുകിനടന്ന വീഥിയാണത്. ചെന്നൈ സാന്തോമിലെ ഡിമോണ്ടെ റോഡ്. ഈ വീഥിയിലൂടെയായിരുന്നു കാൽ നൂറ്റാണ്ടോളം മുൻപ് മെല്ലിശൈ മന്നന്റെ വസതിയായ 'വിശ്വകീർത്തി'യിലേക്കുള്ള ആദ്യയാത്ര. കൂട്ടിക്കൊണ്ടുപോയത് സാക്ഷാൽ ഭാവഗായകനും.
ഇനി മുതൽ അതേ വീഥി അറിയപ്പെടുക മെല്ലിശൈ മന്നൻ എം.എസ്. വിശ്വനാഥൻ ശാലൈ എന്നാണ്. പുനർനാമകരണം നിർവഹിച്ചത് എം.എസ്.വിയുടെ അടിയുറച്ച ആരാധകൻ കൂടിയായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. 'എം.എസ്.വിയും കവിഞ്ജർ കണ്ണദാസനുമൊക്കെ കാറിൽ കടന്നുപോകുന്നതു കാണാൻ ആരാധനയോടെ എത്രയോ വട്ടം കാത്തുനിന്നിട്ടുണ്ട്. എന്നെങ്കിലുമൊരിക്കൽ അവരുടെ പാട്ടുകൾ പാടാൻ ഭാഗ്യമുണ്ടാകുമെന്ന് സങ്കൽപിച്ചിട്ടില്ല അന്നൊന്നും...' -വിശ്വകീർത്തിയിലേക്കുള്ള യാത്രാമധ്യേ ഗൃഹാതുരത്വത്തോടെ ജയചന്ദ്രൻ പങ്കുവെച്ച ഓർമ്മ മനസ്സിലുണ്ടിപ്പോഴും.
മറക്കാനാവാത്ത ആ യാത്ര ചെന്നവസാനിച്ചത് മെല്ലിശൈമന്നന്റെ 'തിരുസന്നിധി'യിലാണ്. തെന്നിന്ത്യൻ സംഗീതലോകത്തെ രണ്ടു മഹാപുരുഷന്മാരുടെ, രണ്ടു യുഗങ്ങളുടെ സമാഗമം തൊട്ടടുത്തിരുന്ന് മതിമറന്നാസ്വദിക്കേ കാതിൽ മുഴങ്ങിയത് 'പണിതീരാത്ത വീടി'ലെ ആ ക്ലാസ്സിക് ഗാനത്തിന്റെ വരികൾ: 'നീലഗിരിയുടെ സഖികളേ, ജ്വാലാമുഖികളേ, ജ്യോതിർമയിയാം ഉഷസ്സിന് വെള്ളിച്ചാമരം വീശുന്ന മേഘങ്ങളേ, സുപ്രഭാതം, സുപ്രഭാതം, സുപ്രഭാതം....' ആദ്യ കേൾവിയിൽത്തന്നെ ചിന്തകളിൽ, ഭാവനയിൽ, സങ്കൽപ്പങ്ങളിൽ പ്രഭാതത്തിന്റെ വെണ്മയിൽപ്പീലി വിടർത്തിയ വരികൾ, ഈണം, ആലാപനം.
Also Read: 'ഉഷസേ നീയെന്നെ വിളിക്കുകില്ലെങ്കിൽ...'; സംഗീതത്തെ പ്രണയിച്ച 'വില്ലന്' സുവർണ ജൂബിലി
തടാകവും താഴ്‌വരകളും വെള്ളിച്ചാമരം വീശി നിൽക്കുന്ന മേഘങ്ങളും കടന്ന് എം.എസ്.വിയുടെ പ്രിയ ഫ്‌ളൂട്ടിസ്റ്റ് നഞ്ചപ്പയുടെ മുരളീനാദം ഊട്ടിയുടെ തണുപ്പിൽ അലിഞ്ഞുചേരുമ്പോൾ ജ്യോതിർമയിയായ ഉഷസ്സിനുള്ള ആശംസ പോലെ അന്തരീക്ഷത്തിൽ ജയചന്ദ്രന്റെ മന്ദ്രമധുരമായ 'സുപ്രഭാതം' വന്നു നിറയുന്നു. കോരിത്തരിപ്പിക്കുന്ന തുടക്കം. ഇന്നും ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും ജനിച്ച മണ്ണിലേക്ക്, അവിടെ ചെലവഴിച്ച ബാല്യകൗമാരങ്ങളിലേക്ക് ഞൊടിയിടയിൽ തിരിച്ചുകൊണ്ടുപോകാറുണ്ട് മാന്ത്രികമായ ആ ഇൻട്രോ. പാതിരാവിനെപ്പോലും പകലാക്കാൻ കഴിയുന്ന ജാലവിദ്യ.
സുപ്രഭാതം എന്ന വാക്കിൽ പാട്ടു തുടങ്ങാമെന്നത് സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥന്റെ ആശയമായിരുന്നു. 'ആദ്യ വരി ഹാർമോണിയം വായിച്ചു എം.എസ്.വി പാടിക്കേൾപ്പിച്ചപ്പോഴേ പ്രഭാതത്തിന്റെ വിശുദ്ധമായ അന്തരീക്ഷം നിറഞ്ഞു, ഞങ്ങളിരുന്ന മുറിയിൽ.' -പണി തീരാത്ത വീടിന്റെ സംവിധായകൻ കെ.എസ്. സേതുമാധവന്റെ ഓർമ്മ. 'പടത്തിന്റെ ലൊക്കേഷൻ ഊട്ടി ആയതിനാൽ നീലഗിരിയുടെ പരാമർശം പാട്ടിലുണ്ടാവുന്നത് നന്നായിരിക്കുമെന്നേ ഞാൻ അഭിപ്രായപ്പെട്ടുള്ളൂ. നിമിഷങ്ങൾക്കകം വയലാറിന്റെ തൂലികയിൽ നിന്ന് വരികൾ വാർന്നു വീഴുന്നു. അതും എത്ര ഉദാത്തമായ ഭാവന. നീലഗിരിയെ എത്ര ബുദ്ധിപൂർവമാണ് പ്രപഞ്ചവുമായി അദ്ദേഹം കൂട്ടിയിണക്കുന്നത്. ദാർശനിക മാനങ്ങളുള്ള പാട്ടുകളെഴുതാൻ വയലാർ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്ന് ഒരിക്കൽ കൂടി തെളിയിച്ച രചന...'
Don’t Miss: ഹൃദയം പൂമ്പൊയ്കയാക്കി ഗാനങ്ങൾക്ക് ആത്മാവേകിയ പ്രതിഭ; ബിച്ചു തിരുമലയുടെ ഓർമകൾക്ക് നാലാണ്ട്
എം.എസ്. വിശ്വനാഥനുമായി മലയാളത്തിൽ ആദ്യമൊന്നിക്കുകയായിരുന്നു പാറപ്പുറത്ത് കഥയും തിരക്കഥയുമെഴുതിയ 'പണിതീരാത്ത വീടി'ലൂടെ സേതുമാധവൻ. അതിനു മുൻപ് അദ്ദേഹം ഒരുക്കിയ ഭൂരിഭാഗം ചിത്രങ്ങളിലും പാട്ടൊരുക്കിയത് ദേവരാജൻ. അതുകൊണ്ടു തന്നെ പാട്ടുകൾ ഒന്നും മോശമാകരുതെന്ന വാശിയുണ്ടായിരുന്നു എം.എസ്.വിക്ക്. മാത്രമല്ല, സേതുമാധവൻ സിനിമകളിലെ നിറസാന്നിധ്യമായ ഗാനഗന്ധർവൻ യേശുദാസ് ഈ സിനിമയിൽ ഗായകനായി ഇല്ല താനും. പക്ഷേ സുപ്രഭാതം എല്ലാവരുടേയും പ്രതീക്ഷകൾക്കപ്പുറത്തേക്ക് പറന്നുയർന്നു. ജയചന്ദ്രന് ജീവിതത്തിലെ ആദ്യ സംസ്ഥാന അവാർഡ് നേടിക്കൊടുത്തു ആ പാട്ട്. പക്ഷേ അതിനേക്കാൾ ജയചന്ദ്രൻ വിലമതിക്കുന്ന ബഹുമതി, പാട്ട് കേട്ട് ദേവരാജൻ മാസ്റ്റർ പറഞ്ഞ വാക്കുകളാണ്: 'നീ പാടിയവയിൽ എനിക്കിഷ്ടപ്പെട്ട നല്ലൊരു പാട്ടാണ് സുപ്രഭാതം.'
ജയേട്ടനൊപ്പം എം.എസ്.വിയുടെ വീട്ടിൽ സന്ദർശകനായി ചെന്നപ്പോൾ 'സുപ്രഭാത'ത്തിന്റെ പിറവിയെ കുറിച്ചു ചോദിച്ചിട്ടുണ്ട് അദ്ദേഹത്തോട്. 'ഓരോ പാട്ടിനും ഒരു തലക്കുറിയുണ്ട്. പാട്ട് ചിട്ടപ്പെടുത്തി റെക്കോർഡ് ചെയ്തു കഴിഞ്ഞാൽ അതിനെ അതിന്റെ വിധിക്ക് വിടുകയാണ് എന്റെ ശൈലി. പിന്നെ അത് ജനങ്ങളുടെ സ്വത്താണ്. തള്ളാനും കൊള്ളാനുമുള്ള സ്വാതന്ത്ര്യമുണ്ട് അവർക്ക്.' ഒരു നിമിഷം നിർത്തി മെല്ലിശൈ മന്നൻ കൂട്ടിച്ചേർത്തു: 'ഭാഗ്യവശാൽ സുപ്രഭാതം ആളുകൾക്ക് ഇഷ്ടപ്പെട്ടു. വരികളും ഈണവും എത്ര ഗംഭീരമായിട്ടും കാര്യമില്ല. അത് പാടാൻ നല്ലൊരു തൊണ്ട കൂടി വേണം. ജയന്റെ ശബ്ദമാണ് ആ പാട്ടിന്റെ സൗഭാഗ്യം എന്ന് വിശ്വസിക്കുന്നു ഞാൻ..'
പ്രേംനസീറാണ് പടത്തിൽ ആ പാട്ടിനൊത്ത് ചുണ്ടനക്കിയത്. നസീർ സാറിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൂടി ചേർന്നാലേ സുപ്രഭാതത്തിന്റെ ക്ലാസ്സിക് പരിവേഷം പൂർണമാകൂ. യേശുദാസാണ് പ്രേംനസീറിന്റെ ബഹുഭൂരിഭാഗം ഗാനങ്ങൾക്കൊത്ത് വെള്ളിത്തിരയിൽ ചുണ്ടനക്കിയതെങ്കിലും ജയചന്ദ്രനുമായുള്ള കൂട്ടുകെട്ടിലും പിറന്നിട്ടുണ്ട് കാലാതിവർത്തിയായ പാട്ടുകൾ. സിനിമാ ജീവിതത്തിൽ വഴിത്തിരിവായി മാറിയ 'കളിത്തോഴ'നിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനത്തിൽ നിന്ന് തുടങ്ങുന്നു നസീർ-ജയചന്ദ്രൻ ടീമിന്റെ ജൈത്രയാത്ര. നിൻ മണിയറയിലെ (സിഐഡി നസീർ), നുണക്കുഴിക്കവിളിൽ (താര), സ്വപ്നലേഖേ (അങ്കത്തട്ട്), റംസാനിലെ ചന്ദ്രികയോ (ആലിബാബയും 41 കള്ളന്മാരും), തിരുവാഭരണം ചാർത്തി വിടർന്നു, പഞ്ചവടിയിലെ മായാസീതയോ (ലങ്കാദഹനം), അറബിക്കടലിളകി വരുന്നു, മലരമ്പനെഴുതിയ മലയാള കവിതേ (മന്ത്രകോടി), രാജീവനയനേ നീയുറങ്ങൂ (ചന്ദ്രകാന്തം), ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, അശ്വതി നക്ഷത്രമേ (ഡേയ്ഞ്ചർ ബിസ്ക്കറ്റ്), കാറ്റുമൊഴുക്കും കിഴക്കോട്ട് (പണി തീരാത്ത വീട്), ഹർഷബാഷ്പം തൂകി (മുത്തശ്ശി), സന്ധ്യക്കെന്തിനു സിന്ദൂരം (മായ), മരുഭൂമിയിൽ മലർ വിരിയുകയോ (ഭാര്യമാർ സൂക്ഷിക്കുക), യദുകുലരതിദേവനെവിടെ (റസ്റ്റ് ഹൗസ്), മലരമ്പനറിഞ്ഞില്ല (രക്തപുഷ്പം), കരിമുകിൽ കാട്ടിലെ (കള്ളിച്ചെല്ലമ്മ), മണിവർണ്ണനില്ലാത്ത വൃന്ദാവനം (മിസ് മേരി)... നസീർ പാട്ടിനൊത്ത് ചുണ്ടനക്കിയും അല്ലാതെയും പ്രത്യക്ഷപ്പെട്ട ഈ ഗാനരംഗങ്ങളിലെല്ലാമുണ്ട് ഭാവഗായകന്റെ ശബ്ദസാന്നിധ്യം.
Also Read: മകനോടുള്ള അനീതിക്ക് അച്ഛന്റെ പ്രായശ്ചിത്തം; 'ഇനിയീ വീട്ടിൽ ആ പാട്ടുകൾ മതി, എനിക്കതേ കേൾക്കേണ്ടൂ...'
ചലച്ചിത്ര ഗാനവുമായുള്ള മലയാളിയുടെ ഹൃദയബന്ധം ജയചന്ദ്രനെ പോലെ തൊട്ടറിഞ്ഞവർ അപൂർവം. തലമുറകളേ മാറുന്നുള്ളൂ. സദസ്സിന്റെ മനഃശാസ്ത്രം അന്നും ഇന്നും ഒരുപോലെ. ആലാപനത്തിലെ ചില്ലറ പിഴവുകൾ പോലും സഹിക്കില്ല മലയാളികൾ. 'ഒരു ഗാനമേളയ്ക്കിടെ സുപ്രഭാതത്തിന്റെ അവസാന ഭാഗത്ത് നിന്റെ നീല വാർമുടി ചുരുളിന്റെയറ്റത്ത് ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടേ എന്നതിന് പകരം ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ എന്ന് പാടിപ്പോയി. അറിയാതെ പറ്റിയ അബദ്ധം. പാടിക്കഴിഞ്ഞ് ബാക്ക് സ്റ്റേജിൽ വന്നപ്പോൾ ഒരു അപരിചിതൻ അവിടെ ക്ഷുഭിതനായി കാത്തുനിൽക്കുന്നു. 'തലയിലെങ്ങനാ സാറേ മുറി പണിയണത്, ആ വിദ്യയൊന്ന് കാണിച്ചുതരാമോ' എന്ന ചോദ്യത്തോടെ. തെറ്റിപ്പോയി, ക്ഷമിക്കണം എന്ന് പറഞ്ഞുനോക്കിയെങ്കിലും അയാൾ വിടാനുള്ള ഭാവമില്ല. ഒടുവിൽ ഭാരവാഹികൾ വന്ന് ബലം പ്രയോഗിച്ചു പുറത്തുകൊണ്ടുപോകേണ്ടി വന്നു അയാളെ. ക്ഷുഭിതനായ ആരാധകനെ കുറ്റപ്പെടുത്തുന്നില്ല ജയചന്ദ്രൻ. 'ഗാനത്തോടുള്ള അകമഴിഞ്ഞ സ്‌നേഹമാണല്ലോ അയാളെ കോപാകുലനാക്കിയത്. അത്തരക്കാരാണ് യഥാർഥ സംഗീതാസ്വാദകർ.'
കൂടിക്കാഴ്ച്ചക്ക് ശേഷം വിശ്വകീർത്തിയിൽ നിന്ന് തിരിച്ചുപോരുമ്പോൾ മാരുതി സെന്നിന്റെ സ്റ്റിയറിങ്ങിൽ താളമിട്ടുകൊണ്ട് പ്രിയപ്പെട്ട എം.എസ്.വി. ഗാനങ്ങൾ പാടിക്കൊണ്ടേയിരുന്നു ജയചന്ദ്രൻ: നിലവേ എന്നിടം നെരുങ്കാതെ, മൗനമേ പാർവയിൽ ഒരു പാട്ട് പാടവേണ്ടും, മലർന്തു മലരാത പാതി മലർ പോലെ, ആലയമണിയിൻ ഓസൈ നാൻ കേട്ടേൻ.... ഉച്ചവെയിലിനെ പാൽനിലാവാക്കിയ പാട്ടുകൾ.
'മെല്ലിശൈ മന്നൻ റോഡി'ലേക്ക് തിരിച്ചുചെന്ന് മനസ്സ് ആ കാലം വീണ്ടെടുക്കെ, അതേ പാട്ടുകൾ വീണ്ടും കാതിൽ മുഴങ്ങുന്നു; സംഗീതസംവിധായകനും ഗായകനും ഓർമ്മയായിക്കഴിഞ്ഞിട്ടും....
Content Highlights: Tamil Nadu CM M.K. Stalin has renamed Chennai’s De Monte Road to honor the 'Mellisai Mannan' M.S. Viswanathan. In this evocative tribute, Ravi Menon revisits a nostalgic journey to the legend's home alongside singer P. Jayachandran, recalling the birth of the classic "Suprabhatham" from Pani Theeratha Veedu and the golden era of South Indian film music.
Published: 18 Feb 2026, 02:58 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented