സംഗീത സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ, നിർമാതാവ്. അതോ സംവിധായകൻ തന്നെയോ? സിനിമാപാട്ടുകളുടെ സമ്പൂർണ അവകാശം ആർക്കാണ്. കാലങ്ങളായി സിനിമാ ലോകത്ത് ഏറെ ചർച്ചകൾക്ക് വഴിവെച്ചൊരു ചോദ്യമാണിത്. പലകുറി കോടതി കയറി നിയമപ്രശ്‌നമായ ഈ ചോദ്യത്തിന്റെ അങ്ങേ അറ്റത്ത് അന്തരിച്ച സംഗീത സംവിധായകൻ ദേവയുടെ പേര് പരാമർശിക്കപ്പെട്ടു.

To advertise here,

തമിഴ് സിനിമാ ആഘോഷിച്ച ഒട്ടേറെ പാട്ടുകൾ സ്വന്തം പേരിലുള്ള സംഗീതസംവിധായകനാണ് ദേവ. എന്നാൽ, തന്റെ പാട്ടുകൾ പുനരുപയോഗിക്കുന്നതിൽ അദ്ദേഹത്തിന് ഒരിക്കലും എതിർപ്പുണ്ടായിരുന്നില്ല. എന്നുമാത്രമല്ല, പുതുതലമുറ ചിത്രങ്ങളിൽ ആ പാട്ടുകൾ വീണ്ടും ഇടം കണ്ടെത്തുന്നതിൽ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.

എന്തുകൊണ്ട് സ്വന്തം ഗാനങ്ങൾക്ക് പകർപ്പവകാശം ഉന്നയിക്കുന്നില്ല എന്ന ചോദ്യം ദേവയ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. അതിന് അദ്ദേഹം നൽകിയ മറുപടി, പകർപ്പവകാശ തർക്കങ്ങൾ കോടതി കയറിയപ്പോഴൊക്കെ വീണ്ടും വീണ്ടും ഉയർന്നുവരികയും ചെയ്തു. തന്റെ ഗാനങ്ങൾ തലമുറകൾ സഞ്ചരിക്കുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂ എന്നായിരുന്നു ദേവയുടെ മറുപടി. 2000-ൽ പുറത്തിറങ്ങിയ പ്രഭുദേവ ചിത്രം 'ഏഴയിൻ സിരിപ്പി'ലെ കറു കറു കറുപ്പായി എന്ന പാട്ട്, വിജയ്‌യുടെ 'ലിയോ'യിൽ പുനരുപയോഗിച്ചത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതുമായി ബന്ധപ്പെട്ട് ഒരു സംഭവവും ഓർത്തെടുത്തു.

ALSO READ | സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

'അടുത്തിടെ ഞാൻ ഒരു മാളിൽ ഷോപ്പിങ്ങിന് പോയപ്പോൾ ഒരു കുട്ടിയും അച്ഛനും എന്റെയുടത്ത് വന്നു. 'കറു കറു കറുപ്പായി' എന്ന പാട്ടിന് സംഗീതം നൽകിയത് ഇദ്ദേഹമാണെന്ന് അച്ഛൻ കുട്ടിയോട് പറഞ്ഞു. ഉടൻ തന്നെ ആ കുട്ടി എനിക്ക് കൈ തരികയും 'സൂപ്പർ അങ്കിൾ' എന്ന് പറയുകയും ചെയ്തു. 'അങ്കിൾ അല്ല മുത്തച്ഛൻ', എന്ന് ഞാൻ കുട്ടിയെ തമാശയായി തിരുത്തി. പക്ഷേ, ആ നിമിഷം എനിക്ക് നൽകിയ സന്തോഷം വളരെ വലുതാണ്. പണ്ടൊരിക്കൽ ഞാൻ ചെയ്ത പാട്ട്, ഇന്നത്തെ കുട്ടികളുടെ കാതിലും മനസിലുമുണ്ടെന്നതും അതിന്റെ സംഗീത സംവിധായകനായി എന്നെ തിരിച്ചറിയുന്നു എന്നതിലുമുള്ള തൃപ്തി മാത്രം മതി എനിക്ക്'.

തമിഴ് സിനിമയിലെ തിരക്കേറിയ സംഗീത സംവിധായകൻ അനിരുദ്ധ് ആയിരുന്നു 'ലിയോ'യ്ക്ക് ഗാനങ്ങൾ ഒരുക്കിയത്. രജനീകാന്ത് ചിത്രങ്ങളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ ദേവയുടേതാണെന്ന് അനിരുദ്ധ് പറഞ്ഞിരുന്നു. 'അണ്ണാമലൈ', 'ബാഷ', ',അരുണാചലം', എന്നിങ്ങനെ ശരാശരി രജനീ ആരാധകന്റെ പ്ലേലിസ്റ്റിലുള്ള അതേ ആൽബങ്ങളായിരുന്നു അനിരുദ്ധും അന്ന് ഉദാഹരണങ്ങളായി പറഞ്ഞത്.

രജനീ ചിത്രങ്ങൾക്ക് മുമ്പ് പ്രദർശിപ്പിക്കുന്ന വിഖ്യാതമായ 'സൂപ്പർസ്റ്റാർ രജനി' ടൈറ്റിൽ കാർഡിന് പശ്ചാത്തലസംഗീതമൊരുക്കിയത് ദേവയാണ്. 1992-ൽ പുറത്തിറങ്ങിയ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത 'അണ്ണാമലൈ'യിലാണ് ആദ്യമായി ഈ ടൈറ്റിൽ കാർഡും പശ്ചാത്തല സംഗീതവും ഉപയോഗിച്ചത്. പല രജനീ ചിത്രങ്ങളിലും ടൈറ്റിൽ കാർഡും ബി.ജി.എമ്മും മാറ്റി പരീക്ഷിച്ചെങ്കിലും, ഫാൻ ബോയ് കാർത്തിക് സുബ്ബരാജ് ചിത്രം മുതൽ വീണ്ടുമിത് പ്രത്യക്ഷപ്പെട്ടു തുടങ്ങി. അങ്ങനെയൊരു രജനീകാന്ത് ചിത്രം തിയേറ്ററിൽ നിറഞ്ഞോടുമ്പോഴാണ് ദേവയുടെ വിയോഗമെന്നത് യാദൃച്ഛികതയാവാം.

രജനിക്ക് പുറമേ, ഇന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സിനിമാ കരിയറിലും ദേവയ്ക്ക് നിർണായക സ്വാധീനമുണ്ട്. എ.ആർ. റഹ്‌മാൻ മുതൽ അനിരുദ്ധ് വരെയുള്ള സംഗീത സംവിധായകർക്ക് വേണ്ടി പാടിയിട്ടുള്ള വിജയ്‌യിലെ ഗായകനെ ആദ്യമായി അവതരിപ്പിക്കുന്നത് ദേവയാണ്. വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖരൻ സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ. രസികന് ശേഷം വിജയ് ഗായകനായ ചിത്രത്തിന്റെയും സംഗീതം ദേവയായിരുന്നു. ചിത്രത്തെ സംബന്ധിച്ച് മറ്റൊരു കൗതുകം കൂടിയുണ്ട്, ദേവ എന്ന് തന്നെയായിരുന്നു ചിത്രത്തിന്റെയും പേര്. വിജയ്‌യെ ഗായകൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ തവണ ഉപയോഗിച്ചതും ദേവ തന്നെ.