പുലരിത്തുടുപ്പാര്‍ന്ന പാട്ടുകള്‍ പലതുണ്ട്. ഓര്‍മ്മകളില്‍ ഉഷസ്സിന്റെ സഹസ്രദളങ്ങള്‍ വിരിയിക്കുന്ന പാട്ടുകള്‍. വെണ്‍കൊറ്റക്കുട ചൂടും മലയുടെ മടിയില്‍ വെളിച്ചം ചിറകടിച്ചുണര്‍ന്നതും ജ്യോതിര്‍മയിയാം ഉഷസ്സിന് മേഘങ്ങള്‍ വെള്ളിച്ചാമരം വീശിയതും വയലാറിന്റെ വരികളിലാണ്.

To advertise here,

പകലിന്‍ മാറില്‍ ദിനകരകരങ്ങള്‍ പവിഴമാലികകള്‍ അണിഞ്ഞത് ഭാസ്‌കരകവിതയില്‍. അരുണകിരണമണി ഗോപുരവാതിലില്‍ ആയിരം ദീപങ്ങള്‍ തെളിയിച്ചതും അതേ തൂലിക തന്നെ. ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കില്‍ ഒരിക്കലും ഞാന്‍ ഉണരുകില്ലെന്ന് എ പി ഗോപാലന്‍. സൂര്യാംശു ഓരോ വയല്‍പ്പൂവിലും വൈരം പതിക്കുന്നുവോ എന്ന് വിസ്മയം പൂണ്ടത് കെ ജയകുമാര്‍... എല്ലാം ഒന്നിനൊന്ന് മികച്ച പ്രഭാതഗീതങ്ങള്‍. ക്ലാസിക്കുകള്‍.

ഇവരില്‍ നിന്നൊക്കെ വ്യത്യസ്തമായി, ഒരൊറ്റ വരിയില്‍ ലളിതമായും ഹൃദ്യമായും പ്രഭാതത്തെ വരച്ചിടുന്നു ബിച്ചു തിരുമല:

'പ്രഭാതം പൂമരക്കൊമ്പില്‍ തൂവല്‍ കുടഞ്ഞൂ, ഉണര്‍ന്നൂ നീലവാനം...'' എ.ടി. ഉമ്മറിന്റെ ഈണത്തില്‍ എസ് ജാനകി അതീവഹൃദ്യമായി പാടിയ പാട്ട്. ചിത്രം മനസാ വാചാ കര്‍മ്മണാ.

മനോഹരമായ ഒരു വിഷ്വല്‍ എഫക്റ്റ് ആ വരിയ്ക്കുണ്ടെന്ന് പാട്ട് ആദ്യം കേട്ടപ്പോള്‍ തന്നെ തോന്നിയിരുന്നു. മഞ്ഞില്‍ കുതിര്‍ന്ന വയനാടന്‍ പുലരികളില്‍ ആ 'തൂവല്‍ കുടയല്‍'' നേരിട്ടനുഭവിച്ചതു കൊണ്ടാവാം. ബിച്ചുവിന്റെ തന്നെ മറ്റു ചില പ്രഭാതഗീതങ്ങള്‍ക്കുമുണ്ട് അതേ ദൃശ്യചാരുത: 'യാമശംഖൊലി വാനിലുയര്‍ന്നു സോമശേഖര ബിംബമുണര്‍ന്നു നെറുകയില്‍ തൊഴുകൈ താഴികക്കുടമേന്തി ദേവാലയം പോലും ധ്യാനിച്ചുനിന്നു..'' (ഈ മനോഹരതീരം). പവനരച്ചെഴുതുന്നു കോലങ്ങളെന്നും കിഴക്കിനിക്കോലായില്‍ അരുണോദയം (വിയറ്റ്‌നാം കോളനി).

കവിതയുടെ നേര്‍ത്ത കാല്‍ച്ചിലമ്പൊലി കേള്‍ക്കുന്നില്ലേ ആ രചനകളിലെല്ലാം? 'പുഴയൊരു പൂണൂലായ് മലകളെ പുണരുമ്പോള്‍'' പ്രത്യേകിച്ചും.

ബിച്ചു തിരുമല. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങളെഴുതിയവരിലൊരാള്‍. പക്ഷേ കാവ്യഭംഗിയാര്‍ന്ന രചനകളുടെ കണക്കെടുക്കുമ്പോള്‍ ബിച്ചു പകലപ്പോഴും പുറമ്പോക്കിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്നു. ഈണത്തിനനുസരിച്ചു ഞൊടിയിടയില്‍ പാട്ടെഴുതാന്‍ നിര്‍ബന്ധിതരായ തലമുറയുടെ പ്രതിനിധിയെന്ന നിലയില്‍ ഉള്ളിലെ കവിയുടെ ഭാവനയ്ക്ക് ചിറകടിച്ചു പറക്കാന്‍ പരിമിതികള്‍ ഉണ്ടായിരുന്നിരിക്കാം. എങ്കിലും ആ പരിമിതികള്‍ ഉല്ലംഘിച്ചുകൊണ്ട് അനേകം നല്ല പാട്ടുകള്‍ എഴുതിയ കവിയാണ് ബിച്ചു. ഒരു തലമുറ മുഴുവന്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ പാട്ടുകള്‍.

Also Read: 'ഉഷസേ നീയെന്നെ വിളിക്കുകില്ലെങ്കില്‍...'; സംഗീതത്തെ പ്രണയിച്ച 'വില്ലന്' സുവര്‍ണ ജൂബിലി

ആ പാട്ടുകളില്‍ നിന്ന് ഏറെ പ്രിയപ്പെട്ട കുറെ വരികളിതാ....അതിഗഹനമായ ദാര്‍ശനികതലത്തിലേക്കോ ദുര്‍ഗ്രഹതയിലേക്കോ വഴുതിവീഴാത്ത, സാധാരണക്കാരന്റെ സങ്കല്‍പ്പങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന വരികള്‍.....പലതും ആദ്യം ഈണമിട്ട് എഴുതിയതാണെന്നോര്‍ക്കുമ്പോള്‍ ആദരം ഇരട്ടിയാകുന്നു..

ഹൃദയം പൂമ്പൊയ്കയായി ഹംസങ്ങള്‍ സ്വപ്നങ്ങളായി ആയിരമായിരം അഭിലാഷങ്ങള്‍ തെളിനീര്‍ക്കുമിളകളായി, അവയുടെ ലാളനമേറ്റു മയങ്ങും നീയൊരു താമരയായി, നീലത്താമരയായി....(അംഗീകാരം)

തരളഹൃദയ വികാരലോലന്‍ തെന്നലവളുടെ ചൊടി മുകര്‍ന്നു തണുവണിത്തളിര്‍ ശയ്യയില്‍ തനു തളര്‍ന്നുവീണു തമ്മില്‍ പുണര്‍ന്നുവീണു, പുലരി വന്നു വിളിച്ച നേരം അവനുണര്‍ന്നൊന്നവളെ നോക്കി അവളടുത്തില്ലകലെയെങ്ങോ മറഞ്ഞുപോയി, തെന്നല്‍ പറന്നുപോയി (അനുഭവം)

ഇന്നലെ രാത്രിയില്‍ ഈ വനവീഥിയില്‍ വിരിഞ്ഞുനിന്നൊരു മലരേ, മണിമാരനു നീ നല്കിയതെന്തേ മണമോ മനമോ പൂന്തേനോ....(ആലിംഗനം)

ജീവിതമെന്നൊരു തൂക്കുപാലം ജീവികള്‍ നാമെല്ലാം സഞ്ചാരികള്‍, അക്കരക്കെത്താന്‍ ഞാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഇക്കരെ നീയും വന്നതെന്തിനാരോമല്‍ കുഞ്ഞേ.. (നിറകുടം)

അന്തിച്ചെമ്മാനത്തു തീയാട്ടം തിങ്കള്‍ക്കുഞ്ഞിന്റെ തേരോട്ടം (ആരാധന)

സ്വര്‍ണത്തിനെന്തിനു ചാരുഗന്ധം രാജഹംസങ്ങള്‍ക്കെന്തിന് പഞ്ചവര്‍ണ്ണം (നിറകുടം)

അവളൊരു മോഹിനിയായിരുന്നു അഴകിന്റെ ദേവതയായിരുന്നു, അധരങ്ങളില്‍ നയനങ്ങളില്‍ അശ്വതിപ്പൂവുകള്‍ പൂത്തിരുന്നു, മോഹമായി ആത്മദാഹമായി ഓര്‍മ്മയില്‍ അവളിന്നും ജീവിക്കുന്നു.. (ഇന്നലെ ഇന്ന്)

ചെമ്പകം പൂത്തുലഞ്ഞ നീലരാവില്‍ ചന്ദനം പൂശിവന്ന വെണ്ണിലാവേ നിന്നെപ്പോലെ മനം കവരും സുന്ദരിയെ കണ്ടോ (ഇന്നലെ ഇന്ന്)

ഉന്നം മറന്ന് തെന്നിപ്പറന്ന പൊന്നിന്‍കിനാക്കളെല്ലാം ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ.. (ഇന്‍ ഹരിഹര്‍ നഗര്‍)

ശ്രീരാമചന്ദ്രന്റെ അരികില്‍ സുമന്ത്രര്‍ തെളിക്കുന്ന തേരില്‍ സുസ്‌മേരമുഖിയായി സ്വയംവരവധുവായി സീതാദേവിയിരുന്നു, അവര്‍ മിഥിലയില്‍ നിന്നുമകന്നു.. (ഊഞ്ഞാല്‍)

സൂര്യകിരണങ്ങള്‍ ഒലിച്ചിറങ്ങിയ പുരമുറിയ്ക്കുള്ളില്‍ ഞാനുറങ്ങിയുണര്‍ന്നു കിടന്ന നേരം, പതിവുപോലെ അളകരാജികള്‍ വകഞ്ഞുമാറ്റി, ശിശിര ചുംബനമേകുവാനവന്‍ അരികില്‍ വന്നെത്തി... (ഊഞ്ഞാല്‍)

Don’t Miss: മകനോടുള്ള അനീതിക്ക് അച്ഛന്റെ പ്രായശ്ചിത്തം; 'ഇനിയീ വീട്ടിൽ ആ പാട്ടുകൾ മതി, എനിക്കതേ കേൾക്കേണ്ടൂ...’

പൂവുകളുടെ ഭരതനാട്യം എങ്ങുമെങ്ങും തുമ്പികളുടെ പമ്പമേളം, നമുക്കിവിടത്തെ പൂവുകളുടെ കേസരമാകാം ചിറകടിക്കുന്ന തുമ്പികളുടെ തംബുരു മീട്ടാം.. (ഈ മനോഹരതീരം)

സ്ത്രീ... അവളുടെ ഭാവം അതിന്റെ ഉന്മാദലഹരി, പുരുഷന്റെ ധമനിയില്‍ ഉരുകിയിറങ്ങും മഞ്ഞിന്‍ കണികകള്‍, അവന്റെ മുന്‍പില്‍ അവളുടെ ചലനം ആവേശപൂരിതം.. (അവളുടെ രാവുകള്‍)

അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാല്‍, പരസ്പരം കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പം ഗുലുമാല്‍ (റാംജിറാവു സ്പീക്കിംഗ്)

അമ്പരപ്പിക്കുന്ന ശൂന്യാലയത്തില്‍ വന്നങ്ങനെ മര്‍ത്ത്യന്‍ ജനിച്ചു പിന്നീടവന്റെ ഏകാന്തദുഃഖങ്ങളില്‍ നിന്നുമൊരപ്‌സരസ്സുത്ഭവിച്ചു, കണ്ണുനീര്‍ത്തുള്ളിയാണല്ലോ സ്ത്രീയൊരു കണ്ണുനീര്‍ത്തുള്ളിയാണല്ലോ.. (രണ്ടു പെണ്‍കുട്ടികള്‍)

ആരോ പാടി അനുരാഗമാസ്മര ഗാനം, ശ്രുതിയും ലയവും താളവുമിണങ്ങിയ സുമധുര ലളിതഗാനം (നാലുമണിപ്പൂക്കള്‍)

ലളിതാസഹസ്ര നാമജപങ്ങള്‍ പ്രദക്ഷിണം വെക്കും നിന്റെ സന്നിധിയില്‍, ഹൃദയത്തില്‍ മുള്ളാണി മുറിവേറ്റു നില്‍ക്കുന്നു തിരുനാമപ്പാലയും ഞാനുമമ്മേ... (അഹല്യ)

Also Read: 'എടോ, നിയ്യ് വല്യ ആളായിട്ടോ...'; ആദ്യ പുസ്തകം എം.ടി പ്രകാശനം ചെയ്തപ്പോള്‍ അമ്മ പറഞ്ഞു

എന്നിനിയെന്നാണോ എന്നിനിയെന്നാണോ എന്നുള്ളില്‍ പൂക്കാലം പൊന്നണിപ്പൂക്കാലം (ഉത്രാടരാത്രി)

ഭ്രമണപഥം വഴി ദ്രുതചലനങ്ങളായ് സൂര്യനെ ചുറ്റുമ്പോള്‍ ഭൂഹൃദയത്തിന്‍ സ്പന്ദനതാളം പ്രാര്‍ത്ഥന ചൊല്ലുന്നു (ഉത്രാടരാത്രി)

ഏകാന്തതയിലൊരാത്മാവ് മാത്രം ഏകാദശി നോറ്റിരുന്നു, ഏതോ ദിവാസ്വപ്നവേദിയിലിന്നവള്‍ ഏതോ വിചാരിച്ചു നിന്നൂ (സൂത്രക്കാരി)

മരംചാടി നടന്നൊരു കുരങ്ങന്‍ മനുഷ്യന്റെ കുപ്പായമണിഞ്ഞു മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു മരത്തില്‍ നിന്നവന്‍ മെല്ലെ മണ്ണില്‍ കുതിച്ചു.. (അങ്കക്കുറി)

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി, മണിച്ചിത്രത്താഴിനുള്ളില്‍ വെറുതെ നിലവറമൈന മയങ്ങി (മണിച്ചിത്രത്താഴ്)

ഇനിയൊരു ശിശിരം തളിരിടുമോ അതിലൊരു ഹൃദയം കതിരിടുമോ കരളുകളുരുകും സംഗീതമേ വരൂ വീണയില്‍ നീ അനുപല്ലവി.. (അനുപല്ലവി)

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ, നീയറിഞ്ഞോ നിന്നിലൂറും മോഹഗംഗാജലം, മധുര ദേവാമൃതം (അങ്ങാടി)

നിന്‍ പ്രേമകാളിന്ദീ പുളിനങ്ങളില്‍ എന്നും ഒരു നീലക്കടമ്പയ് ഞാന്‍ പൂ ചൊരിയും, നിന്‍ തിരുമാറിലെ ശ്രീവത്സമാകുവാന്‍ നിന്നിലലിഞ്ഞു ചേരാന്‍ എന്തു മോഹം (അണിയാത്ത വളകള്‍)

എവിടെയോ കളഞ്ഞുപോയ കൗമാരം ഇന്നെന്റെ ഓര്‍മ്മയില്‍ തിരയുന്നു (ശക്തി)

ആനകളില്ലാത്ത അമ്പരിയില്ലാതെ ആറാട്ട് നടക്കാറുണ്ടിവിടെ സ്വപ്നങ്ങള്‍ ആഘോഷം നടത്താറുണ്ടിവിടെ, മോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന് കഥകളിയാടാറുണ്ടിവിടെ, ചിന്തകള്‍ സപ്താഹം ചൊല്ലാറുണ്ടിവിടെ...മുറജപമില്ലാത്ത കൊടിമരമില്ലാത്ത പുണ്യമഹാക്ഷേത്രം, മാനവഹൃദയം ദേവാലയം. (തെരുവുഗീതം)

ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ ഒരായിരം കളിത്തുമ്പികള്‍ (ചമ്പക്കുളം തച്ചന്‍)

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ, കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ..(പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്)

ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ (ചിരിയോ ചിരി)..............

തീര്‍ന്നില്ല. ഇനിയുമുണ്ട് ഇത്തരം വരികള്‍. ബിച്ചു തിരുമല എന്ന ഗാനരചയിതാവിനെ വരുംകാലം അടയാളപ്പെടുത്തുക ആര്‍ഭാടരഹിതവും ലളിതസുന്ദരവുമായ ഈ കല്‍പ്പനകളിലൂടെയാവും.