
കുതിരവട്ടം പപ്പു സിനിമയില്‍ തിളങ്ങിനിന്നിരുന്ന കാലം. ഒരിക്കല്‍ ഏതോ പടത്തിന്റെ ഷൂട്ടിങ്ങിന് അദ്ദേഹം ഊട്ടിയിലേക്ക് പോവുകയായിരുന്നു. തമിഴ്നാടിനോട് ചേര്‍ന്നുള്ള ഒരു അതിര്‍ത്തിഗ്രാമത്തിലെ ചെറിയ അങ്ങാടിയിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ പപ്പു പറഞ്ഞു. നല്ല വിശപ്പ്. കാര്യമായെന്തെങ്കിലും കഴിക്കണം. ചെറുതെങ്കിലും വൃത്തിയുള്ള ഒരു ഹോട്ടല്‍ കണ്ടപ്പോഴാണ് കാര്‍ നിര്‍ത്താന്‍ പറഞ്ഞത്.
നിത്യജീവിതത്തില്‍ താരജാഡകളൊന്നും കാണിക്കാത്തയാളാണ് പപ്പു. കൈലിയും ബനിയനും, ചിലപ്പോഴൊരു തലയില്‍ക്കെട്ടുമൊക്കെയായിരിക്കും വേഷം. അതുെകാണ്ട് പപ്പുവിനെ ആരും തിരിച്ചറിഞ്ഞില്ല.
മധ്യവയസ്‌കനായ ഒരു ഹാജിയാരാണ് കടയുടമ. അന്തസ്സുള്ള പെരുമാറ്റം. അതീവ രുചികരമായ ഭക്ഷണം. വയറുനിറയെ പൊറോട്ടയും മട്ടണ്‍കറിയും കഴിച്ച് സംതൃപ്തിയോടെ ബില്ല് കൊടുക്കുമ്പോള്‍ ഹോട്ടലുടമ വിനയത്തോടെ പപ്പുവിനോട് ചോദിച്ചു: 'ങ്ങള് കുതിരവട്ടം പപ്പുവല്ലേ?' പപ്പു അതേയെന്ന് തലയാട്ടി. 'ഭക്ഷണം മോശമായിട്ടൊന്നൂല്ലല്ലോ?'ഭക്ഷണം അടിപൊളിയാണെന്നും ഇനിയും ഇതുവഴി വരുമ്പോള്‍ കയറാമെന്നുമൊക്കെപ്പറഞ്ഞ് പപ്പു യാത്രയായി.
ലൊക്കേഷനിലെത്തിയിട്ടും ആ മട്ടണ്‍കറിയുടെ രുചി പപ്പുവിന്റെ നാവില്‍നിന്നു പോയിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ മറ്റുള്ളവരും അത് ആസ്വദിച്ചുകൊണ്ടിരുന്നു.
ഏതാണ്ട് രണ്ടു വര്‍ഷത്തിനുശേഷമാണ് പപ്പു അതുവഴി വീണ്ടും വന്നത്. പഴയ ഹോട്ടലില്‍ കയറാനുള്ള ആവേശത്തോടെയാണ് വരവ്. ഹോട്ടലിന്റെ കൗണ്ടറില്‍ ഹാജിയാരുണ്ട്. പരിചയഭാവത്തോടെ ഹാജിയാരോട് ചിരിച്ച് പപ്പു ഹോട്ടലിലേക്കു കയറി. അല്ല, ഇതെന്തുപറ്റി? ഹാജിയാര്‍ക്ക് പണ്ടത്തെ സ്നേഹമൊന്നുമില്ല. പപ്പുവിനെ സൂക്ഷിച്ചൊന്ന് നോക്കിയശേഷം 'ങാഹാ, കാണിച്ചുതരാം' എന്നു പിറുപിറുത്തുകൊണ്ട് ഹാജിയാര്‍ കടയുടെ വെളിയിലേക്കോടി.
Read More : 'സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ആ വേഷം നഷ്ടമായതിലുള്ള സങ്കടം അച്ഛനുണ്ടായിരുന്നു'
'എടാ ബീരാനേ, ഉസ്മാനേ, പോക്കറേ, ഓടി ബരിനെടാ, ഇതാടാ കുതിരവട്ടം പപ്പു ബന്നിരിക്ക്ണ്'. ഹാജിയാര്‍ അലറിവിളിക്കുകയാണ്. പപ്പുവിന്റെ ഉള്ളൊന്ന് കാളി. എന്തിനാണിയാള്‍ ആളുകളെ വിളിച്ചുകൂട്ടുന്നത്? എങ്ങനെയെങ്കിലും തടിയെടുക്കണം എന്നാലോചിക്കുമ്പോഴേക്കും അങ്ങാടിയിലെ ആളുകളെല്ലാം ഹോട്ടലിനു ചുറ്റും തടിച്ചുകൂടിയിരുന്നു. വീരപ്പനെ പിടിച്ച എസ്.പി. വിജയകുമാറിന്റെ ഭാവത്തില്‍, ഹാജിയാര്‍ നെഞ്ചുവിരിച്ചുനിന്ന് പൊതുജനത്തോടായി പ്രഖ്യാപിച്ചു:
'എടാ, നായിന്റെ മക്കളെ, കണ്ടോളിന്‍, കുതിരവട്ടം പപ്പു ഇതാ നിക്കണ്. നാളെ ഞമ്മള് നൊണ പറഞ്ഞൂന്ന് പറയരുത്.'
ആവേശംകൊണ്ട് ഹാജിയാര്‍ കിതയ്ക്കുകയാണ്. ഇതെന്ത് നാടകമെന്ന് പപ്പു അമ്പരന്നുനില്‍ക്കെ ഹാജിയാര്‍ പ്രഖ്യാപിച്ചു: 'ഇനി എല്ലാരും പൊയ്ക്കോളീ. ഞമ്മള് മൂപ്പര്ക്ക് ഭക്ഷണം കൊടുക്കട്ടെ.'
പപ്പുവിനെ വിളിച്ചിരുത്തി സ്നേഹപൂര്‍വം പൊറോട്ടയും മട്ടണും വിളമ്പിക്കൊടുത്തുകൊണ്ട് ഹാജിയാര്‍ കഥ വിവരിച്ചു. കഴിഞ്ഞ തവണ പപ്പു വന്ന കാര്യം നാട്ടുകാരോട് പറഞ്ഞപ്പോള്‍ ആരുമത് വിശ്വസിച്ചില്ല. 'പിന്നേ, സിനിമാനടന്മാര് വന്ന് ഭക്ഷണം കഴിക്കുന്ന ഹോട്ടലേയ്' എന്ന മട്ടില്‍ അവരത് പുച്ഛിച്ചു തള്ളി. മാത്രമല്ല ഹാജിയാരുടെ 'പെരുംനൊണ' അങ്ങാടിയിലാകെ ചര്‍ച്ചയാവുകയും ചെയ്തു. പറഞ്ഞുപറഞ്ഞ് അയാള്‍ക്കൊരു വിളിപ്പേരും വീണു. 'കുതിരവട്ടം ഹാജിയാര്‍!'
നാട്ടുകാരുടെ കാര്യം പോകട്ടെ. ഭാര്യയും കുട്ടികളുംപോലും വിശ്വസിച്ചില്ല. സ്‌കൂളില്‍ പഠിക്കുന്ന മകള്‍ ബാപ്പയോട് പിണങ്ങി. അവള്‍ കൂട്ടുകാരികളോടെന്തെങ്കിലും പറഞ്ഞാല്‍, 'പോടീ നുണച്ചീ. നീ കുതിരവട്ടം ഹാജിയാരുടെ മോളല്ലേ?' എന്ന് അവര്‍ കളിയാക്കും. കാരണം, ഷൂട്ടിങ്ങുകളെല്ലാം മദ്രാസില്‍ മാത്രം നടക്കുന്ന അക്കാലത്ത് സിനിമാതാരങ്ങളെ കാണുക എന്നത് അത്രയും അപൂര്‍വസംഭവമായിരുന്നു. ഇങ്ങനെ പരിഹാസം കേട്ടുകേട്ട് ഹാജിയാരുടെ മനസ്സിന്റെ സമനില തെറ്റിയിരിക്കുമ്പോഴാണ് പപ്പുവിന്റെ വരവ്.
എത്ര നിര്‍ബന്ധിച്ചിട്ടും ഹാജിയാര്‍ ബില്ല് വാങ്ങിയില്ല. പപ്പുവിനെ കാറില്‍ കയറ്റി യാത്രയാക്കിയിട്ടേ ഹാജിയാര്‍ മടങ്ങിയുള്ളൂ. ഏതായാലും പപ്പുവിന്റെ വയറ് നിറഞ്ഞു; ഹാജിയാരുടെ മനസ്സും.
(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സിനിമാഫലിതങ്ങളുടെ സമാഹാരമായ ജോക്സ് ഓണ്‍ കണ്‍ട്രി എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗം.)
മധു മോഹൻ എഴുതിയ ഫണ്‍ മസാല വാങ്ങാം
Content Highlights : Kuthiravattam Pappu Death anniversary MadhuMohan About Kuthiravattam Pappu
Published: 25 Feb 2020, 07:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented