ലയാളിയെ മനസ്സറിഞ്ഞു ചിരിപ്പിച്ച നടന്‍ കുതിരവട്ടം പപ്പു മണ്‍മറഞ്ഞിട്ട് ഫെബ്രവരി 25ന് ഇരുപത് വര്‍ഷം. ഈ അവസരത്തില്‍ അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ മാതൃഭൂമി ഡോട് കോമുമായി പങ്കുവയ്ക്കുകയാണ് കുതിവട്ടം പപ്പുവിന്റെ മകനും നടനും സഹസംവിധായകനുമായ ബിനു പപ്പു.

സാധാരണക്കാരില്‍ സാധാരണക്കാരനായ അച്ഛന്‍

കുതിരവട്ടം പപ്പു എന്ന നടനെ ഏവര്‍ക്കും അറിയാം. കുതിരവട്ടം പപ്പു എന്ന അച്ഛന്‍ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരച്ഛനാണ്. തമാശകളില്‍ ചിരിക്കുന്ന, ദേഷ്യം വരുമ്പോള്‍ അത് പ്രകടിപ്പിക്കുന്ന സാധാരണക്കാരനായ ഒരച്ഛന്‍. ചില ആള്‍കാര്‍ പറയുന്നത് കേട്ടിട്ടുണ്ട് അവര്‍ സിനിമയില്‍ തമാശക്കാരാണെങ്കിലും ജീവിതത്തില്‍ വളരെ സീരിയസാണെന്ന്. പക്ഷെ എന്റെ അച്ഛന്‍ അങ്ങനെയല്ല. ജീവിതത്തിലും തമാശകള്‍ ഏറെ ആസ്വദിക്കുന്ന തമാശകള്‍ പറയുന്ന ഒരാള്‍ തന്നെ ആയിരുന്നു അദ്ദേഹം. ഞാന്‍ കാണിച്ചുകൂട്ടുന്ന കുരുത്തക്കേടുകള്‍ക്ക്  മാത്രമാണ് അച്ഛന് ദേഷ്യം പിടിക്കാറുള്ളത്. അതിലെനിക്ക് തല്ലും കിട്ടാറുണ്ട്. 

വീട്ടില്‍ അങ്ങനെ സിനിമാചര്‍ച്ചകളൊന്നും പതിവില്ല. വീട്ടിലെത്തിയാല്‍ അച്ഛന്‍ അച്ഛനാവാനാണ് ശ്രമിക്കാറുള്ളത്. ഒരുപാട് വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്. അവയെ നോക്കിയും പറമ്പില്‍ പണിക്കാരെ ശ്രദ്ധിച്ചും സുഹൃത്തുക്കളുമൊത്ത് ചീട്ട് കളിച്ചുമൊക്കെ ആണ് അച്ഛന്‍ ഒഴിവുസമയം ആസ്വദിക്കാറുള്ളത്.

പ്രിയ സിനിമകള്‍

അച്ഛന്റെ ഒരു സിനിമ മാത്രം എടുത്തു പറയാന്‍ സാധിക്കുന്ന കാര്യമല്ല. ഞാന്‍ സ്‌നേഹിക്കുന്ന അച്ഛന്റെ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ട്. അച്ഛന്‍ സിനിമയില്‍ പറഞ്ഞ പല സംഭാഷണങ്ങളും ഞാന്‍ എന്റെ ജീവിതത്തില്‍ ഇപ്പോള്‍ പോലും ഉപയോഗിക്കാറുണ്ട്. 

പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, പിന്നെ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു.. അതിലെ അച്ഛനും ജഗതി ചേട്ടനും തമ്മിലുള്ള കോംബോ തന്നെ എന്ത് രസമാണ്. വെള്ളാനകളുടെ നാട്ടിലെ ഇപ്പോ ശരിയാക്കിത്തരാം എന്ന അച്ഛന്റെ ഡയലോഗ് ട്രോളന്മാര്‍ ഓരോ ദിവസവും ആഘോഷമാക്കാറുണ്ട്. കിംഗ്, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയ ചിത്രങ്ങളില്‍ സീരിയസായ വേഷങ്ങളും അച്ഛന്‍ ചെയ്തിട്ടുണ്ട്.

കുതരവട്ടം പപ്പുവിന്റെ മകനെന്ന വാത്സല്യം

ഒരു സിനിമ നടന്റെ മകനാണ് എന്നൊരു തിരിച്ചറിവ് ചെറുപ്പത്തില്‍ എനിക്കുണ്ടായിരുന്നില്ല. എന്റെ അച്ഛന്‍ ഒരു നടനാണ് അദ്ദഹത്തിന്റെ ജോലി അഭിനയമാണ് എന്നോയുള്ളൂ. ഒരുപക്ഷെ ഇന്നത്തെ അത്രേം ഹൈപ്പ് ഇല്ലാത്തതുകൊണ്ടാകാം. മറ്റുള്ളവരോട് പറയുമ്പോഴാണ് നമുക്ക് ആ തിരിച്ചറിവ് വരുന്നത്. ഒരിക്കല്‍ ഞാന്‍ സ്‌കൂള്‍ മാറിയപ്പോള്‍ ഇന്ന ആളുടെ മകനാണെന്ന് പറഞ്ഞ സമയത്ത് സഹപാഠികളുടെ മുഖത്ത് വന്ന അത്ഭുതം ഞാന്‍ കണ്ടിട്ടുണ്ട്. ശരിക്കും അത് തിരിച്ചറിയുന്നത് ഇപ്പോഴാണ്.

അച്ഛന്‍ മരിച്ച്‌ 13 വര്‍ഷം കഴിഞ്ഞാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ആഷിക് അബുവിന്റെ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട്. പിന്നീട് റാണി പദ്മിനി അഭിനയിച്ചു. ആഷിഖിന്റെ ഒപ്പം തന്നെ മഹാനദിയില്‍ അസോസിയേറ്റ് ആയി ജോലി ചെയ്തു. അമ്പിളി, വൈറസ്, പുറത്തിറങ്ങാന്‍ പോകുന്ന വണ്‍ ഇതിലെല്ലാം അസോസിയേറ്റ് ആണ്. വണ്ണില്‍ അഭിനയിക്കുന്നുമുണ്ട്. ഇത്രേം ചിത്രങ്ങള്‍ ചെയ്‌തെങ്കിലും അച്ഛന്റെ പേര് ഉപയോഗിച്ച് നമ്മള്‍ എവിടെയും കയറിപ്പറ്റാന്‍ ശ്രമിച്ചിട്ടില്ല. 

പക്ഷെ അച്ഛന്റെ പേര് എനിക്ക് നൂറു ശതമാനവും ഗുണം ചെയ്തിട്ടേ ഉള്ളൂ. കാരണം പല താരങ്ങള്‍ക്കും സീന്‍ പറഞ്ഞു കൊടുക്കുമ്പോള്‍ അവരോടൊപ്പം കുറേ സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ആളുടെ മകനാണ് എന്ന വാത്സല്യം  ആണ് എന്നോട്.  രഞ്ജി പണിക്കര്‍ സാര്‍, സിദ്ധിക്ക് സാര്‍, മമ്മൂക്ക അവര്‍ക്കൊക്കെ 'ഇത് അന്ന് ചെറിയ കുട്ടിയല്ലായിരുന്നോ' എന്നാണ് പ്രതികരണം. താടി വളര്‍ന്നെങ്കിലും മുടി നരച്ചെങ്കിലും അവര്‍ക്ക് ഇന്നും നമ്മള്‍ കുട്ടികളാണ്. ആ വാത്സല്യം നമുക്ക് കിട്ടുന്നുണ്ട്. ഇപ്പോ ന്യൂ ജെനറേഷന്‍ നടന്മാരുടെ  കാര്യമാണെങ്കില്‍ പോലും ഇന്ന ആളുടെ മകനാണ് എന്ന് പറയുമ്പോള്‍ നമുക്ക് ഒരു സ്‌പേസ് കിട്ടുന്നുണ്ട്. കാരണം അവരൊക്കെ അച്ഛന്റെ സിനിമകള്‍ കണ്ടു  വളര്‍ന്നവരാണ്. 

ആ ഒരു സങ്കടം മാത്രമേ അച്ഛനുണ്ടായിരുന്നുള്ളൂ

അഭിനയ ജീവിക്കാത്തതില്‍ ഒരിക്കല്‍ പോലും അച്ഛന്‍ വിഷമിച്ചത് ഞാന്‍ കണ്ടിട്ടില്ല. നൂറു ശതമാനം ആസ്വദിച്ചാണ് അച്ഛന്‍ ഓരോ സിനിമയും ചെയ്തത്. മരിക്കുന്നത് വരെയും അതങ്ങനെ തന്നെയായിരുന്നു. എന്തെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ അത് അച്ഛന്റെ അവസാന കാലത്താണ്. അത് തനിക്ക് അഭിനയിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന സങ്കടമായിരുന്നു. അല്ലാതെ ഇന്ന വേഷം എനിക്ക് കിട്ടിയില്ലല്ലോ, ഇന്നത് വേഷം  തന്നെ ചെയ്ത് മടുത്തു എന്നൊരു വക്കുന്ന പോലും അച്ഛന്‍ മരിക്കുന്ന വരെ പറഞ്ഞിട്ടില്ല. 

സുന്ദര കില്ലാഡി ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് അച്ഛന് ന്യുമോണിയ വരുന്നത്. യാത്ര ചെയ്യരുതെന്ന് ഡോക്ടറുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. അത് കഴിഞ്ഞു അച്ഛന്‍ നേരെ പോയത് സമ്മര്‍ ഇന്‍ ബെത്‌ലഹേമിലേക്കാണ്. പക്ഷെ അവിടെ ഒരു പാട്ട് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ അച്ഛന് വയ്യാതാവുകയും ആ റോള്‍ മണിച്ചേട്ടന്‍  ചെയ്യുകയും ചെയ്തു. അതില്‍ അച്ഛനൊരു സങ്കടമുണ്ടായിരുന്നു. തനിക്ക് അഭിനയിക്കാനായില്ലല്ലോ എന്നുള്ള സങ്കടം. 

അച്ഛന്റെ ജീവിതലക്ഷ്യം തന്നെ അഭിനയിക്കുക എന്നുള്ളതായിരുന്നു. ചെറുപ്പത്തില്‍ നാടകം, അതില്‍ നിന്ന് സിനിമയിലെത്തി. മൂടുപടം ആണ് ആദ്യ ചിത്രം. അത് കഴിഞ്ഞു ഒരു വര്‍ഷത്തിന് ശേഷമാണ് അച്ഛന്  രണ്ടാമത്തെ ചിത്രം കിട്ടുന്നത്. അവിടുന്ന് ഒരു തിരിഞ്ഞുപോക്കുണ്ടായിട്ടില്ല. പിന്നീട് ആയിരത്തി ഇരുന്നൂറോളം സിനിമകള്‍ അച്ഛന്‍ ചെയ്തു. ഇന്നേ വരെ ഒരു സങ്കടവും അച്ഛന്‍ പറഞ്ഞിട്ടില്ല. അവസാന സമയങ്ങളില്‍ പോലും അഭിനയിക്കാനായില്ലല്ലോ എന്ന സങ്കടമേ ഉണ്ടായിരുന്നുള്ളൂ.  

"ഒരാള്‍ക്ക് പകരം വയ്ക്കാന്‍ മറ്റാര്‍ക്കുമാവില്ല, അച്ഛനെ ഓര്‍ക്കുക എളുപ്പമാണ്. അതെന്നും ഞാന്‍ ഓര്‍ക്കാറുണ്ട്. പക്ഷേ അച്ഛനെ മിസ് ചെയ്യുന്നത് ഒരിക്കലും വിട്ട് പോകാത്ത തലവേദനയാണ്.". 

Content Highlights : Binu Pappu Remembers Kuthiravattam Pappu on his Death Anniversary