രണ്ട് തുടർഹിറ്റുകൾ നൽകിയ സൂര്യ ഈ വർഷം മൂന്നാമതൊരു ചിത്രവുമായി എത്തുകയാണ്. സംവിധായകൻ മുതൽ അണിയറ പ്രവർത്തകരും നായികയും വില്ലനുംവരെ മലയാളികളായ 'സീൻ' ദീപാവലി റിലീസായി വെള്ളിയാഴ്ച തിയേറ്ററിലെത്തും. 'രോമാഞ്ചം', 'ആവേശം' എന്നീ സിനിമകളിലൂടെ ശ്രദ്ധനേടിയ ജിത്തു മാധവനാണ് 'സീൻ' സംവിധാനം ചെയ്തത്.

To advertise here,

ജിത്തു മാധവന് മുൻപും മലയാളത്തിന്റെ പ്രിയ സംവിധായകർ തമിഴിലെത്തി വാണിജ്യവിജയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കെ.എസ്. സേതുമാധവൻ മുതൽ ജിത്തുവിന്റെ സമകാലികനായ നിതീഷ് സഹദേവുവരെ ഈ പട്ടികയിൽപ്പെടും.

കെ.എസ്. സേതുമാധവൻ, ഐ.വി. ശശി എന്നിവരാണ് തമിഴ് സിനിമയിൽ ആദ്യകാലത്ത് ചുവടുറപ്പിച്ച പ്രമുഖ മലയാളി സംവിധായകർ. കെ.എസ്. സേതുമാധവന്റെ ആദ്യ തമിഴ് ചിത്രം 1968-ൽ പുറത്തിറങ്ങിയ 'പാൽ മനം' ആയിരുന്നു. ജയ്ശങ്കർ, കെ.ആർ. വിജയ, ശിവകുമാർ, ഷീല എന്നിവരായിരുന്നു ഇതിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇതേ വർഷം തന്നെ എ. വിൻസെന്റ് തന്റെ ദേശീയ അവാർഡ് നേടിയ മലയാള ചിത്രം 'തുലാഭാരം' തമിഴിൽ റീമേക്ക് ചെയ്തു. പിന്നീട് എം.ജി.ആറിനെ നായകനാക്കി സേതുമാധവൻ സംവിധാനം ചെയ്ത 'നാളൈ നമതേ' വൻ വിജയമായി മാറി. 'യാദോം കീ ബാരത്' എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. തുടർന്ന് ശിവകുമാറിന്റെ 'മറുപക്കം', കമൽഹാസന്റെ 'നമ്മവർ' തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം തമിഴിൽ ഒരുക്കി.

തമിഴിൽ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ഐ.വി. ശശി. രജനീകാന്തിനെയും കമൽഹാസനെയും ഒരുമിച്ച് അണിനിരത്തിയ 'അല്ലാവുദ്ദീനും അത്ഭുത വിളക്കും', രജനീകാന്തിന്റെ 'കാളി', കമൽഹാസന്റെ 'ഗുരു' എന്നിവ അതിൽ ശ്രദ്ധേയം.

തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'തേവർ മകൻ' ഒരുക്കിയത് ഭരതനാണ്. ശിവാജി ഗണേശൻ, കമൽഹാസൻ, നാസർ, രേവതി, ഗൗതമി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ.

മലയാളത്തിലെ പ്രമുഖ ആക്ഷൻ ചിത്രങ്ങളുടെ സംവിധായകരായ ജോഷിയും ഷാജി കൈലാസും തമിഴിലും തങ്ങളുടെ മുദ്ര പതിപ്പിച്ചു. സത്യരാജിനെ പൈലറ്റായി അവതരിപ്പിച്ച് ജോഷി സംവിധാനം ചെയ്ത 'എയർപോർട്ട്' ശ്രദ്ധിക്കപ്പെട്ടു. സോമൻ, നാസർ, ജയ്ശങ്കർ, സുമിത്ര, ഗൗതമി എന്നിവരും ഇതിൽ പ്രധാന വേഷങ്ങളിലെത്തി.

ഷാജി കൈലാസ് വിജയകാന്തിനെ നായകനാക്കി 'വാഞ്ചിനാഥൻ' എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറുന്നത്. അജിത്തിന്റെ 'ജനാ', തന്റെ തന്നെ മലയാള ചിത്രമായ 'ചിന്താമണി കൊലക്കേസി'ന്റെ റീമേക്കായ 'എല്ലാം അവൻ സെയ്യൽ' എന്നിവയും അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. 'എൻ വഴി തനി വഴി', 'വൈഗൈ എക്‌സ്പ്രസ്' എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് തമിഴ് ചിത്രങ്ങൾ.

മലയാളത്തിലെ തന്റെ ഹിറ്റ് ചിത്രങ്ങളുടെ റീമേക്കിലൂടെയാണ് സിദ്ധിഖ് തമിഴിലെത്തിയത്. 'ഫ്രണ്ട്‌സ്', ക്രോണിക് ബാച്ചിലറിന്റെ റീമേക്കായ 'ഏങ്കൾ അണ്ണാ' എന്നിവ അദ്ദേഹത്തിന്റെ ആദ്യകാല തമിഴ് ചിത്രങ്ങളാണ്. ദിലീപിന്റെ 'ബോഡിഗാർഡ്', വിജയ്‌യെ നായകനാക്കി തമിഴിൽ പുനർനിർമിച്ചു. ഇതേ ചിത്രം പിന്നീട് സൽമാൻ ഖാനെ നായകനാക്കി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. മമ്മൂട്ടി നായകനായ 'ഭാസ്‌കർ ഒരു രാസ്‌കലും' അദ്ദേഹം തമിഴിലെടുത്തു.

പ്രിയദർശൻ 'ചിന്ന മണി കുയിലേ', 'ഗോപുര വാസലിലേ', 'സ്‌നേഹിതിയേ', 'ലേസാ ലേസാ', 'കാഞ്ചീവരം', 'നിമിർ', 'സില സമയങ്ങളിൽ', 'അപ്പാത്ത' തുടങ്ങി ഏഴോളം തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിൽ ശ്രദ്ധനേടിയ ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ ചിത്രം 'മഹേഷിന്റെ പ്രതികാര'ത്തിന്റെ റീമേക്കായിരുന്നു 'നിമിർ'. 100 സിനിമകളിലെത്തിനിൽക്കുന്ന പ്രിയദർശന്റെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് പ്രകാശ് രാജ് നായകനായ 'കാഞ്ചീവരം'.

'പൂവേ പൂച്ചൂട വാ', 'എൻ ബൊമ്മുകുട്ടി അമ്മാവുക്ക്', 'വരുഷം പതിനാറ്', 'അരങ്ങേട്ര വേളയ്', 'കാതലുക്ക് മര്യാദൈ', 'കണ്ണുക്കുൾ നിലവ്', 'പൂവിഴി വാസലിലെ' തുടങ്ങി നിരവധി വിജയചിത്രങ്ങളാണ് ഫാസിൽ തമിഴിന് നൽകിയത്. 'കർപ്പൂര മുല്ലൈ', 'കിളിപേച്ചു കേൾക്കവാ', 'ഒരു നാൾ ഒരു കനവ്' എന്നിവ അദ്ദേഹത്തിന്റേതായി തമിഴിലിറങ്ങി.

നടനായും തിളങ്ങിയ പ്രതാപ് പോത്തൻ സംവിധായകനായി അടയാളപ്പെടുത്തിയത് തമിഴിലാണ്. 'മീണ്ടും ഒരു കാതൽ കഥൈ', 'വെട്രി വിഴ', 'ജീവാ', 'മൈ ഡിയർ മാർത്താണ്ഡൻ', 'സീവലപേരി പാണ്ഡി', 'മകുടം', 'ലക്കി മാൻ', 'ആത്മാ' തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ തമിഴിൽ ഒരുക്കി. മലയാളത്തിൽ അദ്ദേഹം ആകെ മൂന്ന് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്.

റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിന്റെ 'തെങ്കാശിപ്പട്ടണം', കമലിന്റെ പ്രശാന്ത് - ശാലിനി ചിത്രം 'പിരിയാത വരം വേണ്ടും' എന്നിവയും മലയാളി സംവിധായകരുടെ തമിഴ് ചിത്രങ്ങളാണ്. ലോഹിതദാസ് സ്വന്തം ചിത്രമായ 'കസ്തൂരിമാൻ' ഇതേ പേരിൽ തമിഴിലേക്ക് മൊഴിമാറ്റിയിരുന്നു.

മലയാളത്തിന് പുറമേ തമിഴിലും വാണിജ്യവിജയംകൊണ്ട് അടയാളപ്പെടുത്തിയ സംവിധായകനാണ് ജീത്തു ജോസഫ്. മോഹൻലാൽ നായകനായ 'ദൃശ്യം' കമൽഹാസനെ കേന്ദ്രകഥാപാത്രമാക്കി 'പാപനാശം' എന്ന പേരിൽ അദ്ദേഹം പുനർനിർമിച്ചു. പിന്നീട് കാർത്തിയും ജ്യോതികയും പ്രധാന വേഷത്തിലെത്തിയ 'തമ്പി' എന്നൊരു ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ മഞ്ജു വാര്യർക്ക് 'ഹൗ ഓൾഡ് ആർ യൂ' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് ഒരുക്കിയ റോഷൻ ആൻഡ്രൂസ്, തമിഴിൽ ജ്യോതികയ്ക്കും ഏറെക്കാലത്തിനുശേഷം ഇതേ സിനിമയുടെ റീമേക്കിലൂടെ ബിഗ് സ്‌ക്രീനിലേക്ക് തിരികെ വഴിയൊരുക്കി. ജീവയെ നായകനാക്കി 'തലൈവർ തമ്പി തലൈമയിൽ' (ടി.ടി.ടി) ഒരുക്കിയ നിതീഷ് സഹദേവാണ് ഏറ്റവും ഒടുവിൽ തമിഴിൽ ഹിറ്റൊരുക്കിയ മലയാളി സംവിധായകൻ. മലയാളത്തിൽ ആദ്യചിത്രത്തിന്റെ തിരക്കഥയിലൂടെ ദേശീയ അവാർഡുവരെ നേടിയ സജീവ് പാഴൂർ, 'എന്ന വിലൈ' എന്ന ചിത്രത്തിലൂടെ സംവിധായകനായി തമിഴിൽ അരങ്ങേറി.