ഉലകനായകൻ കമൽഹാസനെ നായകനാക്കി എസ്.യു. അരുൺകുമാർ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം 'സാണ്ടിയാർ' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെയും ടർമറിക് മീഡിയയുടെയും സഹകരണത്തിൽ ഒരുങ്ങുന്ന ചിത്രം കമൽഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് നിർമിക്കുന്നത്.

To advertise here,

കമൽഹാസന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇതിനോടകം സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്. എസ്. ഡിസ്‌നിയാണ് ചിത്രത്തിന്റെ സഹനിർമാതാവ്.

പതിവ് രൂപത്തിൽനിന്ന് വ്യത്യസ്തമായി പരുക്കൻ ലുക്കിലാണ് കമൽഹാസൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. നരച്ച താടിയും മുടിയും ഗൗരവമേറിയ നോട്ടവുമായി പഴയൊരു വാഹനത്തിന്റെ വാതിലിനരികിൽ ഇരിക്കുന്ന താരത്തെയാണ് പോസ്റ്ററിൽ കാണുന്നത്. കൈയിൽ തോക്കും, വാഹനത്തിന്റെ വാതിലിൽ രക്തക്കറകളും ഉൾപ്പെടുത്തിയിരിക്കുന്ന പോസ്റ്റർ ചിത്രത്തിന്റെ ആക്ഷൻ പശ്ചാത്തലത്തിലേക്കുള്ള സൂചനയാണ് നൽകുന്നത്. കമൽഹാസന്റെ കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും സിനിമയുടെ പ്രമേയത്തെക്കുറിച്ചും ആകാംക്ഷ ഉയർത്തുന്ന തരത്തിലാണ് ഫസ്റ്റ്‌ലുക്ക് ഒരുക്കിയിരിക്കുന്നത്.

'ചിത്ത', 'വീര ധീര സൂരൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് എസ്.യു. അരുൺകുമാർ. വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങളും ശക്തമായ കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുള്ള സംവിധായകൻ കമൽഹാസനുമായി ഒന്നിക്കുന്നുവെന്നതാണ് 'സാണ്ടിയാർ' എന്ന ചിത്രത്തിന്റെ പ്രധാന ആകർഷണം. കമൽഹാസന്റെ അഭിനയ മികവും അരുൺകുമാറിന്റെ കഥപറച്ചിൽ ശൈലിയും ഒന്നിക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. കമൽഹാസൻ ചിത്രത്തിന് അനിരുദ്ധ് വീണ്ടും സംഗീതമൊരുക്കുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയരായ സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്‌സാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

കമൽഹാസന്റെ ശക്തമായ സ്‌ക്രീൻ സാന്നിധ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും 'സാണ്ടിയാർ' എന്ന പ്രതീക്ഷയാണ് ഫസ്റ്റ് ലുക്ക് നൽകുന്നത്. ആക്ഷന് പ്രാധാന്യമുള്ള സിനിമയെന്ന സൂചന നൽകുന്ന പോസ്റ്ററിന് പിന്നാലെ ചിത്രത്തിന്റെ പ്രമേയം, മറ്റു താരങ്ങൾ, അണിയറ പ്രവർത്തകർ തുടങ്ങിയ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നാണ് സൂചന.

സംവിധാനം: എസ്.യു. അരുൺകുമാർ, നിർമാണം: കമൽഹാസൻ, ആർ. മഹേന്ദ്രൻ, ബാനറുകൾ: രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, ടർമറിക് മീഡിയ, സഹനിർമാതാവ്: എസ്. ഡിസ്‌നി, സംഗീതം: അനിരുദ്ധ് രവിചന്ദർ, ഛായാഗ്രഹണം: സുനിൽ കെ.എസ്, സംഘട്ടനം: അൻപറിവ്, പ്രൊഡക്ഷൻ ഡിസൈൻ: സി.എസ്. ബാലചന്ദർ, കോസ്റ്റ്യൂം ഡിസൈൻ: അമൃത റാം, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.