സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്ത ‘സീൻ’ റിലീസിനൊരുങ്ങുകയാണ്. ദീപാവലി റിലീസായി വെള്ളിയാഴ്ച തിയേറ്ററിലെത്തുന്ന ചിത്രത്തിൽ നസ്ലിൻ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിൽ നസ്ലിന്റേത് വില്ലൻ വേഷമാണെന്നാണ് പറയപ്പെടുന്നത്. ഇതുവരെ വന്ന ട്രെയ്ലറിലും ടീസറിലും നസ്ലിനെ അവതരിപ്പിച്ചിരിക്കുന്നതും ഈ രൂപത്തിലാണ്. എന്നാൽ, ചിത്രത്തിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്തെന്ന് അറിയാൻ റിലീസുവരെ കാത്തിരിക്കണം.

To advertise here,

മലയാളത്തിൽനിന്നെത്തിയ വില്ലന്മാർ മുമ്പ് പലകുറി തമിഴിനെ വിറപ്പിച്ചിട്ടുണ്ട്. തമിഴിലെ എക്കാലത്തെയും മികച്ച വില്ലൻ വേഷങ്ങൾ ചെയ്ത എം.എൻ. നമ്പ്യാർ മലയാളിയാണ്. (തമിഴിലെ എക്കാലത്തെയും സൂപ്പർസ്റ്റാർ എം.ജി.ആറിന്റെയും വേരുകൾ കേരളത്തിലാണ്!). തിലകനും ഹനീഫയും സുരേഷ് ഗോപിയും കലാഭവൻ മണിയും ഫഹദ് ഫാസിലും ഉൾപ്പെടെ മലയാളത്തിന്റെ പ്രിയതാരങ്ങൾ തമിഴിൽ വില്ലന്മാരായി കൈയടി നേടിയിട്ടുണ്ട്.

മണിരത്നത്തിന്റെ തിരക്കഥയിൽ വിജയ്കാന്ത് നായകനായ 'ചത്രിയൻ' എന്ന ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച 'അണ്ണാച്ചി' എന്ന കഥാപാത്രം തമിഴ് സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രതിനായക വേഷങ്ങളിലൊന്നാണ്. കേവലം കായികശക്തിയേക്കാൾ ബുദ്ധിയും തന്ത്രങ്ങളും ഉപയോഗിച്ച് നായകനെ തളർത്തുന്ന വില്ലനായി തിലകൻ തിളങ്ങി. കമൽ ഹാസൻ നായകനായ 'മഹാനദി' എന്ന ചിത്രത്തിലെ 'ധനുഷ്' എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരിൽ അറപ്പും ഭയവും ജനിപ്പിക്കാൻ കൊച്ചിൻ ഹനീഫയ്ക്ക് സാധിച്ചു.

സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'ബാഷ'യിൽ ബാഷയുടെ എതിരാളിയും അധോലോക മാഫിയയുടെ ഭാഗവുമായ 'കേശവൻ' എന്ന വില്ലൻ വേഷത്തിൽ ദേവനും ശ്രദ്ധേയമായ സാന്നിധ്യമായി. ലിംഗുസാമി സംവിധാനം ചെയ്ത 'സണ്ടക്കോഴി' (2005) എന്ന ചിത്രത്തിലെ 'കാശി' എന്ന വില്ലൻ കഥാപാത്രം ലാലിന്റെ അഭിനയ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു. 'ജെമിനി'യിലെ 'തേജ' എന്ന കഥാപാത്രത്തിലൂടെ തമിഴ് സിനിമാലോകത്തെ വില്ലൻ സങ്കൽപ്പങ്ങൾക്ക് പുതിയ രൂപം നൽകാൻ കലാഭവൻ മണിക്കും കഴിഞ്ഞു.

'കനാ കണ്ടേൻ' എന്ന ചിത്രത്തിലൂടെ 'മദൻ' എന്ന പ്രതിനായകനായി തമിഴിൽ അരങ്ങേറിയ പൃഥ്വിരാജ് സുകുമാരൻ സ്റ്റൈലിഷ് വില്ലത്തരം കാഴ്ചവെച്ചു. ഷങ്കർ സംവിധാനം ചെയ്ത 'ഐ' എന്ന ചിത്രത്തിൽ 'ഡോ. വാസുദേവൻ' എന്ന വില്ലനായി സുരേഷ് ഗോപി വേഷമിട്ടു.

'വേലക്കാരൻ' എന്ന ചിത്രത്തിലെ ആദിബൻ എന്ന കോർപ്പറേറ്റ് വില്ലനായി ഫഹദ് തിളങ്ങി.ശേഷം, മാരി സെൽവരാജ് സംവിധാനം ചെയ്ത 'മാമന്നൻ' എന്ന ചിത്രത്തിലെ 'രത്നവേലു' എന്ന ജാതിവെറിയനായ രാഷ്ട്രീയക്കാരന്റെ വേഷത്തിലൂടെ ഫഹദ് നിരൂപക പ്രശംസയും നേടി.

നെൽസൺ സംവിധാനം ചെയ്ത 'ജയിലറി’ലെ 'വർമൻ' എന്ന കഥാപാത്രം സമീപകാല തമിഴ് സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട വില്ലൻ വേഷമാണ്. രജനികാന്തിന്റെ സൂപ്പർസ്റ്റാർ ഇമേജിന് ഒപ്പം നിൽക്കുന്ന ക്രൂരതയും അല്പം ‍ഡാർക്ക് ഹ്യൂമറുമായി വിനായകന്റെ പ്രകടനം വൻ തരംഗമായി മാറി. രണ്ടാംഭാഗത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ ദിലീപ് എന്ന വില്ലൻ വേഷം ഇപ്പോൾ തമിഴകം കൊണ്ടാടുകയാണ്. ഇതുകൂടാതെ 'മാരി 2' ചിത്രത്തിൽ ധനുഷിനെതിരെ 'ബിജ' എന്ന സൈക്കോപാത്ത് വില്ലനായി ടൊവിനോ തോമസും, 'ബീസ്റ്റി’ൽ ഷൈൻ ടോം ചാക്കോയും, 'വെന്തു തണിന്തതു കാട്' ചിത്രത്തിൽ സിദ്ധിഖും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

തിയേറ്ററുകളിൽ നായകന്റെ മാസ് ഇമേജിനോട് മുട്ടിനിൽക്കുന്ന വില്ലന്മാരെ ആവശ്യമായി വരുമ്പോൾ തമിഴ് സംവിധായകരുടെയും നിർമാതാക്കളുടെയും സ്വാഭാവിക ചോയ്സായി മലയാളി താരങ്ങൾ മാറുന്നു. സിനിമകൾക്ക് പാൻ-ഇന്ത്യൻ സ്വഭാവം വന്നതോടെ കൂടുതൽ മലയാളി താരങ്ങളെത്തേടി അന്യഭാഷകളിൽനിന്ന് സിനിമക്കാർ എത്തുന്നു.