കൊച്ചി: സെൻസർ ബോർഡിന്റെ പുതുക്കിയ മാർഗനിർദേശങ്ങളിലെ വ്യവസ്ഥയെക്കെതിരെ കേരള ഫിലിം ചേംബർ. സെൻസർ ബോർഡ് അനുമതി നൽകുന്നതുവരെ ചിത്രത്തിന്റെ ടൈറ്റിൽ അന്തിമമായി കണക്കാക്കില്ലെന്ന ബോർഡിന്റെ വ്യവസ്ഥയ്ക്കെതിരെയാണ് ഫിലിം ചേംബറിന്റെ പ്രതിഷേധം. ഇക്കാര്യത്തിൽ തങ്ങളുടെ ആശങ്ക വ്യക്തമാക്കി ഫിലിം ചേംബർ ജനറൽ സെക്രട്ടറി സോണി തോമസ് ജോൺ സെൻസർ ബോർഡ് സി.ഇ.ഒ. രാജേന്ദ്ര സിങ്ങിന്‌ കത്തു നൽകി.

To advertise here,

സിനിമാ നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ് സെൻസർ ബോർഡ് അനുമതിക്കായി സമർപ്പിക്കുന്നത്. ഈ ഘട്ടത്തിൽ ബോർഡ് പേരുമാറ്റം നിർദേശിച്ചാൽ അത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

സെൻസർ ബോർഡിനെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് ചേംബർ ഭാരവാഹികൾ അറിയിച്ചു. ഒരു ചിത്രത്തിന് ടൈറ്റിൽ പോലും ഇടാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുന്നത് അംഗീകരിക്കാൻ പറ്റില്ലെന്നാണ് ചേംബറിന്റെ നിലപാട്.

അതേസമയം, ബോർഡിന്റെ മറ്റ് നാല് നിർദേശങ്ങൾ അനുസരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് ചേംബർ വ്യക്തമാക്കി. മലയാളം സിനികളുടെ ടൈറ്റിൽ രജിസ്‌ട്രേഷൻ ഫിലിം ചേംബറാണ് കൈകാര്യം ചെയ്യുന്നത്.

ഒക്ടോബർ 26-നാണ് സെൻസർ ബോർഡ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. 18 അംഗങ്ങളെ ഉൾപ്പെടുത്തി സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചതിന് പിന്നാലെയായിരുന്നു നടപടി. അപൂർണ്ണമായ സിനിമകൾ സർട്ടിഫിക്കേഷനായി സമർപ്പിക്കാൻ പാടില്ല, നേരത്തെ പ്രഖ്യാപിച്ച പേര് അന്തിമമായിരിക്കില്ല, മുൻകൂട്ടി പ്രഖ്യാപിച്ച റിലീസ് തീയതി സർട്ടിഫിക്കേഷൻ നടപടികളിൽ പരിഗണിക്കില്ല തുടങ്ങിയ വ്യവസ്ഥകളായിരുന്നു മാർഗനിർദേശങ്ങളിൽ ഉണ്ടായിരുന്നത്. 1952-ലെ സിനിമറ്റോഗ്രാഫ് ആക്ടിലെ സെക്ഷൻ 5B(1), 2024-ലെ സിനിമറ്റോഗ്രാഫ് (സർട്ടിഫിക്കേഷൻ) റൂൾസിലെ റൂൾ 25 എന്നിവ അനുസരിച്ച് ചിത്രത്തിന്റെ തലക്കെട്ട് പരിശോധിക്കാനും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താനും എക്‌സാമിനിങ് അല്ലെങ്കിൽ റിവിസിങ് കമ്മിറ്റിക്ക് പൂർണ്ണ അധികാരമുണ്ടെന്നായിരുന്നു മാർഗനിർദേശങ്ങളിൽ ബോർഡ് ചൂണ്ടിക്കാട്ടിയത്.

സിനിമാ നിർമാതാക്കളും സെൻസർ ബോർഡും തമ്മിൽ മുൻകാലങ്ങളിലുണ്ടായ തർക്കങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പുതിയ മാർഗനിർദേശങ്ങൾ. തമിഴ്‌നാട് മുഖ്യമന്ത്രി നായകനായ 'ജനനായകന്' സെൻസർ ബോർഡ് അനുമതി വൈകിയതും ദിൽജിത് ദൊസാഞ്ജിന്റെ 'സത്‌ലജ്' സിനിമയ്ക്ക് അനുമതി നിഷേധിച്ചതും വിവാദമായിരുന്നു. സുരേഷ് ഗോപി നായകനായ 'ജാനകി വി v/s സ്‌റ്റേറ്റ് ഓഫ് കേരള' ടൈറ്റിൽ മാറ്റിയ ശേഷമാണ് സെൻസർ ബോർഡ് അനുമതി നൽകിയത്.