പള്ളീലച്ചനാക്കാന്‍ ഒരുങ്ങി വീട്ടുകാര്‍, പാട്ടിന്റെ തച്ചനായി പ്രകാശ്‌ അലക്‌സ്‌


സ്വീറ്റി കാവ്‌

മാര്‍ത്തോമാസഭയിലെ പുരോഹിതനായിരുന്നു പപ്പ, അമ്മ സ്‌കൂളധ്യാപികയും. ഒരു വൈദികന്റെ കുടുംബത്തില്‍ സാധാരണ സംഭവിക്കാറുള്ളതു പോലെ ഇളയ പുത്രനായ എന്നെ വൈദികനാക്കാനുള്ള പ്ലാന്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെസംഗീതം പഠിക്കണമെന്ന ആഗ്രഹമുണ്ടായിട്ടും വിടാന്‍ വീട്ടുകാര്‍ക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല. ചേച്ചിമാരും ചേട്ടനും സംഗീതം അഭ്യസിച്ചു

പ്രകാശ് അലക്‌സ്‌

15 കൊല്ലമായി പ്രകാശ് അലക്‌സ് എന്ന സംഗീതജ്ഞൻ ചലച്ചിത്ര സംഗീതരംഗത്ത് സജീവമായുണ്ട്. മലയാളം, തമിഴ്, കന്നട, തെലുഗ്, മറാത്തി, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷാ സിനിമാഗാനങ്ങളുടെ പിന്നണിയില്‍ പ്രകാശ് അലക്‌സ് എന്ന മ്യൂസിക് പ്രോഗ്രാമര്‍ സ്വന്തം കഴിവ് തെളിയിച്ചു കഴിഞ്ഞു. പക്ഷെ ഒരു ഗാനം മികച്ചതായാല്‍ പാട്ടെഴുത്തുകാരനും സംഗീതസംവിധായകനും ഗായകര്‍ക്കും ക്രെഡിറ്റ് നല്‍കുന്ന രീതിയാണ് നിലവില്‍. ഗാനത്തെ കൂടുതല്‍ മികവുറ്റതാക്കാന്‍ ഉപയോഗിക്കുന്ന ടെക്‌നിക്കാലിറ്റികളെ കുറിച്ചോ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദഗ്ധരെ കുറിച്ചോ ശ്രോതാക്കള്‍ ചിന്തിക്കുന്ന പതിവില്ല. മ്യൂസിക് പ്രോഗ്രാമറോ അറേഞ്ചറോ നിര്‍വഹിക്കുന്ന റോള്‍ നമ്മളൊരിക്കലും കണക്കാക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രമുഖരായ ഒട്ടനവധി സംഗീതസംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്താണ് പ്രകാശ് അലക്‌സ് എന്ന പ്രോഗ്രാമറെ സംഗീതസംവിധായകന്റെ ലേബലിലേക്കുയര്‍ത്തിയത്. പുരോഹിതനാക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിച്ച വീട്ടിലെ ഇളയപുത്രന്‍ സംഗീതത്തിന്റെ മാസ്മരികതയില്‍ മയങ്ങി വഴി മാറിപ്പോയ ചരിത്രമാണ് പ്രകാശിന്റേത്. നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി ബാക്ഗ്രൗണ്ട് സ്‌കോര്‍ ഒരുക്കുകയും ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്‌തെങ്കിലും തനിക്ക് കൂടുതല്‍ താത്പര്യം പ്രോഗാമിങ്ങിലാണെന്ന് പറയാതെ പറയുകയാണ് പ്രകാശ്. ഏറ്റവും പുതിയ ചിത്രമായ വരയനെ കുറിച്ചും തന്റെ മ്യൂസിക്കല്‍ ജേണിയെ കുറിച്ചും മറ്റ് അനുഭവങ്ങളെ കുറിച്ചും പ്രകാശ് അലക്‌സ് സംസാരിക്കുന്നു.

വരയനിലെ സംഗീതസംവിധാന അനുഭവങ്ങള്‍ പങ്കുവെയ്ക്കാമോ / സംഗീതസംവിധായകന്‍ ബിജിബാല്‍ ഉള്‍പ്പെടെ വരയനിലെ ഒരു പാട്ടിന് കോറസ് പാടിയിരിക്കുന്നു എന്നത് ഏറെ സന്തോഷം തരുന്ന കാര്യമല്ലേ?

വരയന്റെ കഥ കേള്‍ക്കുന്നത് 2017 ലാണ്. 2019 ലാണ് പ്രോജക്ട് ഓണ്‍ ആയത്. സത്യം ഓഡിയോസിന്റെ എംഡിയായ പ്രേം സാറാണ് (എ.ജി. പ്രേമചന്ദ്രന്‍) വരയന്റെ നിര്‍മ്മാതാവ് എന്നതാണ് വരയനെ സംബന്ധിച്ച് എനിക്ക് ഏറ്റവും ചലഞ്ചിങ് ആയ സംഗതി. കാരണം മ്യൂസിക് ഫീല്‍ഡില്‍ ഇത്രയധികം എക്‌സ്പീരിയന്‍സ്ഡ് ആയ ഒരാള്‍ക്ക് വേണ്ടി വര്‍ക്ക് ചെയ്യുമ്പോള്‍ എന്തായാലും ഉള്ളിലൊരു ചെറിയ പേടിയുണ്ടാവും. ഫാ. ഡാനി എന്ന കപ്പൂച്ചിന്‍ വൈദികനാണ് വരയന്റെ തിരക്കഥാകൃത്ത്. അദ്ദേഹം കഥയെഴുതിയപ്പോള്‍ തന്നെ പാട്ടുകള്‍ക്കായുള്ള വരികളും തയ്യാറാക്കിയിരുന്നു. ഈ ലിറിക്‌സ് വെച്ച് ഈണമുണ്ടാക്കുക എന്നതായിരുന്നു ആദ്യം ചെയ്തു നോക്കിയത്. പക്ഷെ ആ ശ്രമം തികച്ചും പരാജയമായിരുന്നു. പിന്നീട് സിനിമയുടെ സംഗീതസംവിധാനവുമായി ബന്ധപ്പെട്ട് ആരും കുറച്ചുനാള്‍ തിരക്കി വരാത്തതു കൊണ്ട് പാട്ടിന് വേണ്ടിയുള്ള ആദ്യത്തെ ഇരിപ്പ് പാളിപ്പോയതിനാല്‍ മറ്റൊരാളെ ആ ദൗത്യം ഏല്‍പ്പിച്ചതാവാമെന്ന് കരുതിയെങ്കിലും ചില ട്യൂണുകള്‍ സെറ്റ് ചെയ്യാന്‍ ശ്രമം നടത്തി.

ഒന്നൊന്നര മാസത്തിന് ശേഷം പ്രേം സാര്‍ വിളിച്ചു. പുതിയ നാല് ഈണങ്ങള്‍ കേട്ടു. അതിന് ശേഷം അദ്ദേഹമാണ് ഹരിനാരായണനെ കൊണ്ട് പാട്ടെഴുതിക്കാമെന്ന് പറയുന്നത്. ഹരിച്ചേട്ടന്റെ കാര്യത്തില്‍ ഞാനും വളരെ കംഫര്‍ട്ടായിരുന്നു. പറപറപറപാറുപ്പെണ്ണേ എന്ന പാട്ടിന്റെ ഡിസൈനില്‍ ഹരിച്ചേട്ടന്റെ ഇടപെടല്‍ കൂടിയുണ്ടായിരുന്നു. പാടിയ പാട്ടുകളിലൂടെ ഏറെ ശ്രദ്ധ നേടിയ മത്തായി സുനിലിനെ കൊണ്ട് ആ ഗാനം പാടിച്ചതും സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ക്ക് ഏറെ ഇഷ്ടമായി. അപ്രതീക്ഷിതമായാണ് അതിന്റെ കോറസ് പോര്‍ഷന്‍ ബിജിയേട്ടന്‍ ഉള്‍പ്പെടെയുള്ള കുറേ നല്ല കലാകാരന്‍മാര്‍ പാടിയത്. പിന്നണിയില്‍ ഒരുപാട് മറ്റു കലാകാരന്‍മാരും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാധാരണ ചെയ്യുന്ന വര്‍ക്കിനേക്കാള്‍ കൂടുതല്‍ സമയമെടുത്തും ചര്‍ച്ചകള്‍ നടത്തിയുമാണ് പറപറപറ പാറുപ്പെണ്ണേ ചെയ്തത്. നന്നായി എന്ന് കേള്‍ക്കുന്നവര്‍ അഭിപ്രായം പറയുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നുണ്ട്.

മ്യൂസിക് പ്രോഗ്രാമറില്‍ നിന്ന് മ്യൂസിക് ഡയറക്ടറിലേക്കുള്ള പ്രകാശിന്റെ യാത്ര- അതിനെ കുറിച്ച്?

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കീബോര്‍ഡ് വായിച്ചു തുടങ്ങിയിരുന്നു. കൂടാതെ പള്ളിയിലെ ക്വയര്‍ ടീമില്‍ അംഗമായിരുന്നു. റെക്കോഡിങ്ങുകള്‍ക്ക് കീബോര്‍ഡ് വായിക്കുക എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. അതുകൊണ്ട് തന്നെ ഏത് ഓഡിയോ കാസറ്റ് കയ്യില്‍ കിട്ടിയാലും ആദ്യം നോക്കുന്നത് അതിലെ ക്രെഡിറ്റ്സായിരുന്നു. ആരോക്കെയാണ് ഇന്‍സ്ട്രുമെന്റ്സ് പ്ലേ ചെയ്തിരിക്കുന്നത് എന്നറിയാനായിരുന്നു കൗതുകം. കുറേ വര്‍ഷം കഴിയുമ്പോള്‍ ഇതുപോലെ എന്റെയും പേര് കാസറ്റ് കവറില്‍ അച്ചടിച്ചുവരണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു. മ്യൂസിക് ഡയറക്ടറാവണം എന്ന ആഗ്രഹവുമായി ഈ രംഗത്തേക്ക് കടന്നുവന്ന ഒരാളല്ല ഞാന്‍. പക്ഷെ എങ്ങനെയൊക്കെയോ അതുസംഭവിച്ചുപോയതാണ്. രാജാമണി സര്‍ മുതല്‍ ഏറ്റവും പുതിയ സംഗീതസംവിധായകര്‍ക്കൊപ്പം പ്രോഗ്രാമറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വീട്ടില്‍ ഞാനൊഴികെ എല്ലാവരും സംഗീതമോ സംഗീതോപകരണങ്ങള്‍ വായിക്കാനോ പഠിച്ചിട്ടുണ്ട്.

ഒരു ട്രെയിന്‍ഡ് മ്യുസിഷനല്ലെങ്കിലും എക്സ്പീരിയന്‍സ്ഡായുള്ള ഒരുപാട് പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ഓരോ സംഗീതസംവിധായകര്‍ക്കും അവരുടേതായ രീതികളുണ്ട്. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാനും ചെയ്യുന്ന വര്‍ക്കുകളില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാറുണ്ട്. പക്ഷെ വര്‍ക്കുകളെ സംബന്ധിച്ചുള്ള ചിന്തകളില്‍ ഒപ്പം പ്രവര്‍ത്തിച്ച മ്യൂസിക് ഡയറക്ടേഴ്സിന്റെ രീതികളുടെ സ്വാധീനമുണ്ടോയെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. അത് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ഒരുപാട് സിനിമകളില്‍ ഒരുപാട് സംഗീതസംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ളതു കൊണ്ടാവണം സംഗീതസംവിധാനം ഒരു ചലഞ്ചായി തോന്നാത്തത്. എങ്കിലും വര്‍ക്കുകള്‍ക്ക് വേണ്ടി നന്നായി റിസര്‍ച്ച് ചെയ്യാറുണ്ട്. ഒരു സംവിധായകന്‍ പറഞ്ഞു തരുന്ന സന്ദര്‍ഭത്തിനനുസരിച്ചുള്ള സംഗീതമൊരുക്കണമെന്ന് തന്നെയാണ് എപ്പോഴും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നത്.

കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായത് പ്രകാശ് അലക്സിന്റെ സംഗീതപ്രവര്‍ത്തനത്തെ സ്വാധീനിച്ചിരുന്നോ? പ്രകാശിന്റെ സംഗീതപഠനത്തെ കുറിച്ച് / പ്രമുഖരായ ഒരുപാട് സംഗീതസംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാനായല്ലോ, ആ അനുഭവങ്ങള്‍?

മാര്‍ത്തോമാസഭയിലെ പുരോഹിതനായിരുന്നു പപ്പ, അമ്മ സ്‌കൂളധ്യാപികയും. ഒരു വൈദികന്റെ കുടുംബത്തില്‍ സാധാരണ സംഭവിക്കാറുള്ളതു പോലെ ഇളയ പുത്രനായ എന്നെ വൈദികനാക്കാനുള്ള പ്ലാന്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സംഗീതം പഠിക്കണമെന്ന ആഗ്രഹമുണ്ടായിട്ടും വിടാന്‍ വീട്ടുകാര്‍ക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല. ചേച്ചിമാരും ചേട്ടനും സംഗീതം അഭ്യസിച്ചു. ചേട്ടന്‍ (നടന്‍ പ്രശാന്ത് അലക്സാണ്ടര്‍) ഗിറ്റാര്‍, ഡ്രംസ്, കീബോര്‍ഡ് തുടങ്ങിയവയൊക്കെ പഠിച്ചു. പിയാനോ അഭ്യസിച്ചിരുന്ന ഇളയ ചേച്ചി പ്രീതിയാണ് പാട്ടുകള്‍ വായിക്കാന്‍ പഠിപ്പിച്ചത്. ആ പരിശീലനത്തിന്റെ പശ്ചാത്തലത്തിലാണ് അഞ്ചാം ക്ലാസ് മുതല്‍ കീബോര്‍ഡ് വായിക്കാന്‍ തുടങ്ങിയത്. അച്ചന്റെ മകനായതിനാല്‍ പള്ളിയില്‍ ചില പ്രിവിലേജസ് കിട്ടിയിരുന്നു. പപ്പ വര്‍ക്ക് ചെയ്ത പള്ളിയിലൊക്കെ കീബോര്‍ഡ് വായിക്കാനുള്ള അവസരം കിട്ടി. അങ്ങനെ പതിയെ പതിയെ ഞങ്ങളുടെ ഏരിയയിലെ തിരക്കുള്ള ഒരു കീബോര്‍ഡിസ്റ്റായി മാറി. കലോത്സവങ്ങളിലും പങ്കെടുത്തിരുന്നു. പ്ലസ് ടു കഴിഞ്ഞ് സൗണ്ട് എന്‍ജിനീയറിങ്ങിന് ചേരണമെന്നായിരുന്നു ആഗ്രഹം. വീട്ടിലോ നാട്ടിലോ പാട്ടുമായി നടന്ന ഒരാളും രക്ഷപ്പെട്ട് കണ്ടിട്ടില്ലാത്തതു കൊണ്ട് എന്റെ ആഗ്രഹം വീട്ടുകാര്‍ക്ക് ഒരു ഷോക്കായിരുന്നു. ആ സമയത്താണ് ചങ്ങനാശ്ശേരിയില്‍ മീഡിയ വില്ലേജ് എന്ന പുതിയ കോളേജ് ആരംഭിച്ചത്. അവിടെ മള്‍ട്ടി മീഡിയ കോഴ്സിന് ചേര്‍ന്നു. കോളേജ് പഠനകാലത്ത് ചെറിയ മ്യൂസിക് വീഡിയോസ് ചെയ്തു.

പ്രഗത്ഭ സംവിധായകന്‍ കലവൂര്‍ ശിവപ്രസാദ് (നടന്‍ സിദ്ധാര്‍ഥ് ശിവയുടെ അച്ഛന്‍) സര്‍ എന്റെ അധ്യാപകനായിരുന്നു. ആ സമയത്ത് സിദ്ധാര്‍ഥ് ശിവയുടെ ഒരു ഷോര്‍ട്ട് ഫിലിമിന് മ്യൂസിക് ചെയ്തത് ജിയോ ബേബിയായിരുന്നു(ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സംവിധായകന്‍). അതിന് വേണ്ടി പ്രോഗ്രാം ചെയ്യുകയും യുട്യൂബ് പോലുള്ള മീഡിയ അത്ര പ്രചാരത്തിലില്ലാത്ത ആ കാലത്ത് അത്യാവശ്യം ശ്രദ്ധിക്കപ്പെടുകയും അത്തരം കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തുകയും ചെയ്തു. അതിന് ശേഷം ചെന്നൈയില്‍ സൗണ്ട് എന്‍ജിനീയറിങ്ങിന് ചേര്‍ന്നു. ആ സമയത്താണ് മോഹനവീണ വാദകനായ പോളിച്ചേട്ടനെ (പോളി വര്‍ഗ്ഗീസ്) പരിചയപ്പെടുന്നത്. ഒഴിവുസമയത്ത് എന്തെങ്കിലും വര്‍ക്കുകള്‍ പരിശീലിക്കുകയോ ചെയ്യുകയോ ചെയ്യട്ടെ എന്നു പറഞ്ഞ് ചേട്ടനാണ് അദ്ദേഹത്തിന്റെ അരികിലെത്തിച്ചത്. മ്യൂസിക് പ്രോഗ്രാമുകളും ക്ലാസ്സുകളും റെക്കോഡിങ്ങുമൊക്കെ നടക്കുന്ന പോളിച്ചേട്ടന്റെ സ്റ്റുഡിയോയിലായി മുഴുവന്‍ സമയവും. ഒരു സ്റ്റുഡിയോയുടെ നിയന്ത്രണം കയ്യില്‍ കിട്ടിയതും പ്രോഗ്രാമറാണെന്ന് പരിചയപ്പെടുത്തുമ്പോള്‍ കിട്ടുന്ന റെസ്‌പെക്ടും നല്‍കിയ എക്‌സൈറ്റ്‌മെന്റും കോണ്‍ഫിഡന്‍സും വേറെ ലെവലാണ്. പോളിച്ചേട്ടനോടൊപ്പം പ്രവര്‍ത്തിക്കുന്ന സമയത്ത് മണികാന്ത് കദ്രി തുടങ്ങിയ തെലുങ്ക്, കന്നട മ്യൂസിക് ഡയറക്ടേഴ്‌സിനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു.

വെക്കേഷന് നാട്ടിലെത്തിയ സമയത്താണ് ജോസി ആലപ്പി എന്ന ഫ്‌ളൂട്ടിസ്റ്റാണ് സ്റ്റീഫന്‍ ദേവസിയുടെ അടുത്തേക്ക് പറഞ്ഞയച്ചത്. കുറേക്കാലം സ്റ്റീഫന്‍ ചേട്ടനും അദ്ദേഹത്തിന്റെ ബ്രദറും കൂടി നടത്തുന്ന മ്യൂസിക് ലോഞ്ച് എന്ന സ്റ്റുഡിയോയില്‍ കുറേക്കാലം അസിസ്റ്റ് ചെയ്തു. ആ സമയത്ത് അവിടെ 24 X 7 ഉണ്ടായിരുന്ന രണ്ടുപേരാണ് രാജാമണിസാറും എം.ജയചന്ദ്രന്‍ സാറും. പിന്നീട് വിദ്യാജി, മണിശര്‍മ, ശിവമണി, ഹരിഹരന്‍-ലെസ്ലി ലൂയിസ് തുടങ്ങി തനിക്ക് കണക്ഷന്‍ ഉണ്ടായിരുന്ന മിക്കവാറും മ്യൂസിഷന്‍സിന് സ്റ്റീഫന്‍ ചേട്ടന്‍ എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്തു, അവര്‍ക്കൊപ്പമൊക്കെ വര്‍ക്ക് ചെയ്തു. വളരെ അപ്‌ഡേറ്റഡായ, ഇന്റലെക്ച്വലായവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായത് എന്റെ പെര്‍സ്‌പെക്ടീവില്‍ മാറ്റമുണ്ടാക്കി, കരിയറിനെ പോസിറ്റീവായി സ്വാധീനിക്കുകയും ചെയ്തു. പപ്പയുടെ മരണത്തെ തുടര്‍ന്ന് നാട്ടിലെത്തി. ആറേഴ് മാസം അമ്മയ്‌ക്കൊപ്പം വീട്ടില്‍ തുടര്‍ന്നതിന് ശേഷം അല്‍ഫോണ്‍സ് ജോസഫ്, അലക്‌സ് പോള്‍, ബേണി-ഇഗ്നേഷ്യസ് തുടങ്ങിയവരുടെ സമീപത്ത് എത്തിപ്പെട്ടു. ഏഴെട്ട് കൊല്ലമായി ഗോപിച്ചേട്ടന്‍ (ഗോപിസുന്ദര്‍), ബിജിയേട്ടന്‍ (ബിജിബാല്‍), ദീപക് ദേവ് കൂടാതെ പുതിയ സംഗീതസംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നു.

ഒരു ഗാനത്തിന്റെ അണിയറയില്‍ ഒരു മ്യൂസിക് പ്രോഗ്രാമറുടെ /അറേഞ്ചറുടെ റോള്‍ എന്താണ്?

മ്യൂസിക് ഡയറക്ടേഴ്സില്‍ തന്നെ രണ്ട് വിഭാഗം ആള്‍ക്കാരുണ്ട്. ഈണമുണ്ടാക്കാന്‍ നല്ല കഴിവുണ്ടെങ്കിലും അതിന്റെ മറ്റ് ടെക്നിക്കാലിറ്റീസിനെ കുറിച്ചോ സോങ്ങിന്റെ ഫോര്‍മാറ്റിലേക്കെത്തിക്കുന്നതിനെ കുറിച്ചോ പരിമിതമായ അറിവുള്ളവരാണ് ഒരു വിഭാഗം. ടെക്നിക്കല്‍ ആസ്പെക്ട്സ് അറിയുന്ന സംഗീതസംവിധായകരാണ് രണ്ടാമത്തെ വിഭാഗം. ഈ രണ്ട് കാറ്റഗറിയിലുള്ളവര്‍ക്കും ആവശ്യമുള്ള സഹായം നല്‍കുന്നവരാണ് മ്യൂസിക് പ്രോഗ്രാമര്‍ അഥവാ മ്യൂസിക് അറേഞ്ചര്‍. സിംപിളായി പറഞ്ഞാല്‍ ഏറെ തിരക്കുള്ള ഒരു സംഗീതസംവിധായകന് ഒരു പാട്ടിന് വേണ്ടി ചെലവഴിക്കാന്‍ ഒരുപാട് സമയം കിട്ടിയെന്ന് വരില്ല. അദ്ദേഹത്തെ സഹായിക്കാനുള്ള റോള്‍ ഒരു പ്രോഗ്രാമറുടേതാണ്. പ്രോഗ്രാമറുടെ ഭാഗത്ത് നിന്ന് കൂടി ലഭിക്കുന്ന ഇന്‍പുട്ട്സ് ആ പാട്ടിനെ കൂടുതല്‍ പെര്‍ഫെക്ടാക്കുകയും ചെയ്യും. സാങ്കേതികതകളെ കുറിച്ച് പരിമിതമായ അറിവുള്ള സംഗീതസംവിധായകരെ ഏറ്റവുമധികം സഹായിക്കാനാവുന്നത് പ്രോഗ്രാമേഴ്സിനാണ്. പാട്ടിന് വേണ്ട ഇന്‍സ്ട്രുമെന്റ്സിനെ കുറിച്ചോ സൗണ്ടിങ്ങിനെ കുറിച്ചോ ബീറ്റ്സിനെ കുറിച്ചോ പ്ലാന്‍ ചെയ്യാന്‍ സംഗീതസംവിധായകന് വേണ്ട നിര്‍ദേശങ്ങള്‍ പ്രോഗ്രാമേഴ്സിന് നല്‍കാനാവും.

ഞാനീ രംഗത്തേക്ക് കടന്നു വരുമ്പോള്‍ പ്രൊഫഷണലായി പ്രോഗ്രാം ചെയ്യുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. ഇന്ന് ധാരാളം മികച്ച പ്രോഗ്രാമേഴ്സ് സിനിമാസംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യകാലത്ത് പരിചയസമ്പന്നരായ കുറേപേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. 2008 മുതല്‍ 2012 വരെ സ്റ്റീഫന്‍ ചേട്ടനെ (സ്റ്റീഫന്‍ ദേവസ്സി)അസിസ്റ്റ് ചെയ്ത സമയത്ത് കലവൂര്‍ ബാലന്‍ മാഷിന്റെ മകനായ കണ്ണന്‍ ചേട്ടന്‍, ബെന്നിച്ചേട്ടന്‍ (ബെന്നി ജോണ്‍സണ്‍) തുടങ്ങിയ ആദ്യകാല മികച്ച മ്യൂസിക് പ്രോഗ്രാമേഴ്സിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് കരിയറിന് ഏറെ ഗുണം ചെയ്തു. ഒരു പ്രോഗ്രാമര്‍ എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍ അവരില്‍ നിന്ന് കൃത്യമായി എനിക്ക് പഠിക്കാന്‍ സാധിച്ചു.

സാധാരണയായി സംഗീതസംവിധായകനെ സഹായിക്കുകയാണ് മ്യൂസിക് പ്രോഗ്രാമറും അറേഞ്ചറും ചെയ്യുന്നത്. സംഗീതസംവിധാനവും ഓര്‍ക്കസ്ട്രേഷനും പ്രോഗ്രാമും ഒരാള്‍ തന്നെ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?

ഒരാള്‍ തന്നെ കംപോസ് ചെയ്ത്, ഓര്‍ക്കസ്ട്രേഷനും പ്രോഗ്രാമിങ്ങും ചെയ്യുന്നത് വളരെ നല്ല സംഗതിയായാണ് എനിക്ക് തോന്നുന്നത്. ഇത്രയും കാലത്തെ എക്സ്പീരിയന്‍സില്‍ നിന്ന് ഓര്‍ക്കസ്ട്രേഷനിലെ ചില വശങ്ങള്‍ ചിലര്‍ ചെയ്താല്‍ നന്നാവും എന്ന് തോന്നാറുണ്ട്. അതൊക്കെ അറേഞ്ച്മെന്റില്‍ ഉപയോഗപ്പെടുത്താറുണ്ട്. കൊളാബുകള്‍ ചില കാര്യങ്ങളില്‍ വളരെയധികം ഗുണം ചെയ്യും. ചിലപ്പോള്‍ നമ്മളുദ്ദേശിക്കുന്ന ഡിസൈനില്‍ നിന്ന് തികച്ചും മാറിപ്പോകാനും സാധ്യതയുണ്ട്. താന്‍ ചിട്ടപ്പെടുത്തുന്ന പാട്ട് തന്റെ തന്നെ പ്രോഡക്ട് ആയിരിക്കണമെന്ന് പ്ലാന്‍ ചെയ്യുകയും തീരുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ആ സംഗീതസംവിധായകന്‍ തന്നെ അതിന്റെ പ്രോഗ്രാമിങ്ങും അറേഞ്ച്മെന്റും ചെയ്യുന്നത് തന്നെയാണ് നല്ലതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

പശ്ചാത്തലസംഗീതസംവിധാനവും ഗാനങ്ങളുടെ സംഗീതസംവിധാനവും-ഏതാണ് പ്രകാശിന് കൂടുതല്‍ കംഫര്‍ട്ട് / ചലഞ്ചിങ് ആയി തോന്നിയിട്ടുള്ളത്?

ബാക്ഗ്രൗണ്ട് സ്‌കോറിങ്ങാണ് എനിക്ക് ഏറ്റവും കംഫര്‍ട്ടബിളായിട്ടുള്ളത്. ഒരുപാട് സിനിമകളുടെ ബാക്ക്ഗ്രൗണ്ട് സ്‌കോറിങ്ങില്‍ വര്‍ക്ക് ചെയ്തിട്ടുള്ളതു കൊണ്ട് കിട്ടിയ കോണ്‍ഫിഡന്‍സാണത്. എന്നാല്‍ പാട്ടുണ്ടാക്കുന്ന കാര്യത്തില്‍ ആത്മവിശ്വാസം അല്‍പം കുറവാണ്. ചില സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് പാട്ടുകളുണ്ടായി വരാറുണ്ട്. എന്നാലും അതില്‍ കുറച്ച് സംശയവും പേടിയുമൊക്കെ ഉണ്ടാകാറുണ്ട്. കുറച്ച് സമയമെടുത്ത് ചെയ്യുന്ന പാട്ടുകളാണെങ്കില്‍ അതിന്റെ എല്ലാ വശങ്ങളെ കുറിച്ചും പഠിക്കാനും ചിന്തിക്കാനുമുള്ള അവസരം ലഭിക്കും. അങ്ങനെയാവുമ്പോള്‍ കുറച്ച് കോണ്‍ഫിഡന്‍സ് ഉണ്ടാകും. ചില സിനിമകള്‍ക്ക് വേണ്ടി പെട്ടെന്ന് പാട്ടുകള്‍ ചെയ്യേണ്ടി വരും. ആ സമയത്ത് ചിലപ്പോള്‍ ആകെ പെട്ടുപോകുന്നത് പോലെ തോന്നാറുണ്ട്. ഓരോ മ്യുസിഷനും അയാളുടേതായ ഒരു ഏരിയ ഉണ്ടാവും. ഒരു പാട്ടുണ്ടാക്കുമ്പോള്‍ അയാക്കിഷ്ടമുള്ള ഏരിയയിലെ, ഇഷ്ടമുള്ള പാട്ടുകളുടെ ചായ്വുണ്ടാകുന്നത് സ്വാഭാവികമാണ്. ആ ചായ് വില്‍ നിന്ന് പുതിയ പാട്ടിനെ കര കയറ്റുന്നത് സമയമെടുക്കുന്ന ഒരു പ്രോസസ്സാണ്. ആവശ്യത്തിന് സമയം കിട്ടിയാല്‍ പാട്ടിനെ കൂടുതല്‍ നന്നാക്കാന്‍ പറ്റും. സമയം കിട്ടുകയാണെങ്കില്‍ പാട്ടുണ്ടാക്കാന്‍ കോണ്‍ഫിഡന്‍സ് തോന്നാറുണ്ട്.

ഇതു വരെ ചെയ്ത മ്യൂസിക് വര്‍ക്കുകളെ കുറിച്ച് / അവയില്‍ പൂര്‍ണസംതൃപ്തനാണോ?

ഇതുവരെ ചെയ്ത വര്‍ക്കുകള്‍ അടിസ്ഥാനമാക്കി സംതൃപ്തനാണെന്ന് പറയുക സാധ്യമല്ല. അങ്ങനെ ആര്‍ക്കും പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഈയൊരു കാലഘട്ടം വളരെ ഇന്ററസ്റ്റിങ്ങാണ്. എന്റെ കരിയര്‍ ആരംഭിച്ച സമയത്ത് പാട്ടിന്റെ ട്യൂണിനൊക്കെയായിരുന്നു കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നത്. ടോട്ടല്‍ സൗണ്ടിങ്, എന്തെങ്കിലും ഡിഫറന്റായി ചെയ്യുക, പാടുന്ന ആളിന്റെ ശബ്ദം എത്തരത്തിലാവണം തുടങ്ങി കൂടുതല്‍ ഡീറ്റെയില്‍ഡായി ശ്രദ്ധ നല്‍കുക എന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഇപ്പോഴത്തെ ട്രെന്‍ഡില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ കൂടുതല്‍ റിസര്‍ച്ച് ചെയ്യേണ്ടി വരും, പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടി വരും. മെയ്‌ക്കേഴ്‌സിന്റെ പ്രതീക്ഷക്കൊത്ത് പ്രോഗ്രാമറുടെ ഭാഗത്ത് നിന്ന് ഇന്‍പുട്ട് കൊടുക്കേണ്ടി വരുന്നത് ശരിക്കും ചലഞ്ചിങ് ആണ്. പക്ഷെ ആ വെല്ലുവിളി ഏറ്റെടുക്കുന്നത് നന്നായി ആസ്വദിക്കുന്നതു കൊണ്ട് വളരെ ഹാപ്പിയായി മുന്നോട്ടുപോകുന്നു.

റവ. കെ.പി. അലക്‌സാണ്ടറും ലീലാമ്മയുമാണ് പ്രകാശിന്റെ മാതാപിതാക്കള്‍. മൂത്ത സഹോദരന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ അഭിനയരംഗത്ത് സജീവമാണ്. സഹോദരിമാര്‍ പ്രിയ, പ്രീതി. ഭാര്യ രേണുവുമൊത്ത് എറണാകുളത്താണ് പ്രകാശ് ഇപ്പോള്‍ താമസിക്കുന്നത്. രേണു അധ്യാപികയാണ് പ്രകാശിന്റേയും രേണുവിന്റേയും വിവാഹവീഡിയോയുടെ സംഗീതസംവിധാനവും പ്രകാശ് തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്ന കൗതുകവും പ്രകാശ് പങ്കുവെക്കുന്നു. അന്ന കത്രീനയും(അപ്പങ്ങളെമ്പാടും ഗായിക) ജോജുവും(ക്ലബ് എഫ്.എം.) ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അന്ന കത്രീന തന്നെയാണ് വരികള്‍ രചിച്ചത്.

Content Highlights: Interview with music director, programmer Prakash Alex

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented