ബ്രൗൺ എന്ന വെബ് സീരീസിലെ ബെർത്ത ആന്റിയെ സ്‌ക്രീനിൽ കണ്ടപ്പോൾ ഒരു സംശയം: "എവിടെയോ മുൻപ് കണ്ടിട്ടുണ്ടല്ലോ ഈ അമ്മൂമ്മയെ. എവിടെയായിരിക്കണം?" അധികം തല പുകക്കേണ്ടിവന്നില്ല. ഗബ്ബർ സിംഗിന്റെ കൊള്ളസങ്കേതത്തിലേക്ക് തിരികെ പോകുന്നു മനസ്സ്. അര നൂറ്റാണ്ടിനപ്പുറത്തുനിന്ന് ഒരു നൃത്തഗാനത്തിന്റെ ശീലുകൾ കാതുകളിൽ വീണ്ടും വന്നു നിറയുന്നു: "മെഹബൂബാ മെഹബൂബാ..." രാഹുൽ ദേവ് ബർമ്മൻ ഈണമിട്ടു പാടിയ ആ പാട്ടിന്റെ താളത്തിനൊത്ത് ചുവടുവെച്ച്‌ ഒരു തലമുറയെ മുഴുവൻ ഹരം കൊള്ളിച്ച നർത്തകിയിതാ ബെർത്ത ആന്റി എന്ന കുസൃതിക്കാരിയായ വയോധികയായി അഭിനയ് ദേവ് സംവിധാനം ചെയ്ത ത്രില്ലർ സീരീസിൽ നമ്മെ ചിരിപ്പിക്കുന്നു. വർഷങ്ങൾക്ക് ശേഷം കാണുകയായിരുന്നു ഹെലനെ ഒരു അഭിനേത്രിയായി.

To advertise here,

ബോളിവുഡിലെ മറക്കാനാവാത്ത ഒരു കാലഘട്ടത്തിന്റെ പേരാണ് ഹെലൻ ആൻ റിച്ചാർഡ്സൺ. നായകൻ രാജ് കപൂറോ ദേവാനന്ദോ രാജേന്ദ്ര കുമാറോ ധർമ്മേന്ദ്രയോ അമിതാഭ് ബച്ചനോ ജിതേന്ദ്രയോ ആരുമാകട്ടെ. നൃത്തച്ചുവടുകൾ ഹെലന്റേത് തന്നെ. "ആൻഡ് ഹെലൻ" എന്ന രണ്ടു വാക്കുകൾ സിനിമാ പോസ്റ്ററുകളിൽ അനിവാര്യതയായിരുന്ന കാലം. ഒരു പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ഹെലനെ സ്‌ക്രീനിൽ കണ്ടപ്പോൾ പാട്ടുകളുടെ ഘോഷയാത്ര തന്നെ കാതിലും മനസ്സിലും ഒഴുകിയെത്തി. അധികവും ആശാ ഭോസ്ലെയുടെ ഗാനങ്ങൾ.

ഷമ്മി കപൂറിന് മുഹമ്മദ് റഫി എന്ന പോലെ, രാജ് കപൂറിന് മുകേഷും രാജേഷ് ഖന്നയ്ക്ക് കിഷോർ കുമാറും എന്ന പോലെ അപൂർവമായ ആത്മൈക്യത്തിന്റെ പ്രതീകമായിരുന്നു ഹെലൻ - ആശ കൂട്ടുകെട്ട്. ഗായികയും നർത്തകിയും തമ്മിലുള്ള ആ ഹൃദയബന്ധത്തിൽ പിറന്ന ജനപ്രിയ ഗാനങ്ങൾ എത്രയെത്ര: പിയാ തൂ അബ് തോ ആജാ (കാർവാൻ), യേ മേരാ ദിൽ പ്യാർ കാ ദീവാനാ (ഡോൺ), ഓ ഹസീനാ ജുൽഫോംവാലി (തീസ്‌രി മൻസിൽ), ആവോ നാ ഗലേ ലഗ് ജാവോ നാ (മേരേ ജീവൻ സാഥി), , ഹുസൂർ ഏ വാലാ (യേ രാത് ഫിർ ന ആയേഗി), യമ്മാ യമ്മാ യമ്മാ (ചൈനാ ടൗൺ), മേരി ജവാനി തേരി ദീവാനി (ഹംഗാമ), ആജ് കി രാത് കോയി ആനേ (അനാമിക), തും അഭി കാസ്മിൻ ഹോ (മൻ മന്ദിർ), മെഹറുബാ മെഹബൂബ് (ആംസൂ ബൻ ഗയേ ഫൂൽ), മേരി ജവാനി പ്യാർ കോ (ഉപാസന), യാർ ബാദ്ഷാ യാർ (സി ഐ ഡി 909), തോരാ മൻ ബഡാ (ഗംഗാ ജമ്‌നാ), കാം നഹി ശരാബ് (ആഗ് ഔർ ദാഗ്)... ഈ നിര ഇവിടെയെങ്ങും നിൽക്കില്ല. ഏഴു ഫിലിംഫെയർ അവാർഡുകൾ നേടിയിട്ടുണ്ട് ആശ. അതിൽ രണ്ടെണ്ണവും ഹെലൻ പാടി അഭിനയിച്ച പാട്ടുകളുടെ പേരിലായിരുന്നു: പിയാ തൂ അബ് തോ ആജാ (1972), യേ മേരാ ദിൽ (1979).

ഒരു ബോളിവുഡ് സിനിമയുടെ മെലോഡ്രാമയും സസ്‌പെൻസും മുഴുവനുണ്ട് ഹെലന്റെ ജീവിതകഥയിൽ. ജനിച്ചത് മ്യാൻമറിലെ (അന്ന് ബർമ്മ) റംഗൂണിൽ. അച്ഛൻ ആംഗ്ലോ ഇന്ത്യനും അമ്മ ബർമ്മക്കാരിയും. അച്ഛന്റെ അപ്പൂപ്പൻ സ്പാനിഷ് വംശജൻ. അമ്മയുടെ അമ്മൂമ്മ പാതി ഫ്രഞ്ചുകാരി. ആദ്യഭർത്താവിന്റെ മരണശേഷം ഹെലന്റെ അമ്മ വിവാഹം ചെയ്തത് ഒരു ബ്രിട്ടീഷ് സൈനികനെയാണ് -- റോബർട്ട് റിച്ചാർഡ്സൺ. ഹെലനെയും സഹോദരങ്ങളെയും വളർത്തിയതും റിച്ചാർഡ്സൺ തന്നെ. രണ്ടാം ലോക മഹായുദ്ധത്തിൽ റിച്ചാർഡ്സൺ കൊല്ലപ്പെട്ടതോടെ അമ്മയും മൂന്ന് മക്കളുമടങ്ങിയ കുടുംബം അക്ഷരാർത്ഥത്തിൽ അനാഥമാകുന്നു. ബർമ്മയിൽ ജാപ്പനീസ് അധിനിവേശം നടക്കുന്ന കാലമാണ്. ജീവിത ക്ലേശങ്ങളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷ നേടാനായി മറ്റു പല ബർമീസ് കുടുംബങ്ങളെയും പോലെ ഹെലന്റെ കുടുംബവും അതിർത്തിക്കപ്പുറത്തേക്കു പലായനം ചെയ്യുന്നു.

പാത്തും പതുങ്ങിയുമുള്ള ആ കാൽനടയാത്രയായിരുന്നു ജീവിതത്തിലെ ആദ്യത്തെ അഗ്നിപരീക്ഷ എന്ന് പറയും ഹെലൻ. അപൂർവമായ ഒരഭിമുഖത്തിൽ (ഫിലിംഫെയർ) പിൽക്കാലത്ത് ആ അനുഭവം വികാരവായ്‌പോടെ വിവരിച്ചിട്ടുണ്ട് ഹെലൻ: "കയ്യിൽ കിട്ടിയ സാധനങ്ങൾ ഒരു ഭാണ്ഡക്കെട്ടായി ചുമന്നുകൊണ്ടായിരുന്നു രാവും പകലുമില്ലാതെ ഞങ്ങളുടെ യാത്ര. ഒരമ്മയും പറക്കമുറ്റാത്ത മൂന്നു കുട്ടികളും. പുഴകളും കുന്നുകളും ചുട്ടുപൊള്ളുന്ന മണൽപ്പരപ്പുകളും ഇരുൾ നിറഞ്ഞ കാടുകളും വിജനമായ ഗ്രാമങ്ങളും താണ്ടി ഞങ്ങൾ നടന്നുകൊണ്ടേയിരുന്നു. കഷ്ടസ്ഥിതി കണ്ടു മനമലിഞ്ഞ ചിലരൊക്കെ ഭക്ഷണം തന്നു സഹായിച്ചു. മറ്റു ചിലർ അപഹസിച്ചു. ഉപദ്രവിക്കാൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന അഭയാർത്ഥികളിൽ പലരും പട്ടിണി മൂലം വഴിയിൽ പിടഞ്ഞുവീണു മരിക്കുന്നതു നേരിട്ട് കണ്ടിട്ടുണ്ട്. പകർച്ചവ്യാധികളുടെ കാലമായിരുന്നു. അമ്മയുൾപ്പെടെ പലരും രോഗികളായി. യാത്രാ മദ്ധ്യേ ക്യാംപുകളിൽ കണ്ടുമുട്ടിയ ബ്രിട്ടീഷ് പട്ടാളക്കാരില്ലായിരുന്നെങ്കിൽ ഞങ്ങളും വഴിയിൽ കിടന്നു മരിച്ചേനെ. ദിബ്രുഗഡിലെ ഒരാശുപത്രിയിൽ എന്നെയും അമ്മയെയും അഡ്മിറ്റ് ചെയ്തു അവർ. അസുഖം ഭേദമായി അത്യാവശ്യം ആരോഗ്യം വീണ്ടെടുത്തപ്പോൾ കൊൽക്കത്തയിലേക്ക് വണ്ടി കയറ്റി വിട്ടതും ബ്രിട്ടീഷുകാർ തന്നെ.'' കൊൽക്കത്തയിൽ നിന്ന് അമ്മയോടും സഹോദരങ്ങളായ ജെന്നിഫറിനോടും റോജറിനോടും ഒപ്പം ഹെലൻ സിനിമയുടെ സ്വപ്നനഗരിയായ മുംബൈയിൽ എത്തിയത് 1943 ൽ. ജീവിതത്തിലെ സംഭവ ബഹുലമായ ഒരു അധ്യായത്തിന്റെ തുടക്കം.

പട്ടിണി കൂടാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുക എന്നതിനപ്പുറത്ത് ഭാവിയെ കുറിച്ച് അധികം മോഹങ്ങൾ ഉണ്ടായിരുന്നില്ല അന്ന്. നിരന്തരമായ അലച്ചിലിനൊടുവിൽ ഹെലന്റെ അമ്മക്ക് ചെറിയ വരുമാനമുള്ള ഒരു നഴ്‌സിന്റെ ജോലി ലഭിക്കുന്നു. പ്രതീക്ഷകൾ പതുക്കെ തളിരിട്ടുതുടങ്ങിയ ഘട്ടം. ശമ്പളം തുച്ഛമായിരുന്നെങ്കിലും മക്കളെ അല്ലലും അലട്ടുമില്ലാതെ വളർത്തി ആ അമ്മ. ജീൻ കെല്ലിയും ആൻ മാർഗ്രറ്റുമാണ് അക്കാലത്ത് ഹെലന്റെ ആരാധനാപാത്രങ്ങൾ. സിനിമയിലെ ഹിറ്റ് ഗാനങ്ങൾക്കൊത്ത് തന്നിഷ്ടപ്രകാരം വീട്ടിനകത്ത് ചുവടുവെക്കുമെങ്കിലും അന്നൊന്നും അഭ്രലോകം ഒരു പ്രലോഭനമല്ല ഹെലന്. ഇന്ത്യൻ സിനിമ തന്നെ പിച്ചവെച്ചു തുടങ്ങിയിരുന്നതേയുള്ളൂ എന്നോർക്കുക. മാത്രമല്ല, സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെ സമൂഹം മതിപ്പോടെ കണ്ടിരുന്ന കാലവുമല്ല.

പക്ഷേ മുംബൈയിൽ വെച്ച് പരിചയപ്പെട്ട കുക്കൂ മോറെ എന്ന ആംഗ്ലോ ഇന്ത്യൻ സുന്ദരി ഹെലന്റെ തലക്കുറി തിരുത്തി. കുക്കുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് പന്തണ്ടുകാരിയായ മകളെ നൃത്തപഠനത്തിന് വിടാൻ ഹെലന്റെ അമ്മ സമ്മതിച്ചത്. ഹെലന്റെ ഒതുങ്ങിയ ശരീരഘടനയിലും ആകർഷകമായ ശരീര ചലനങ്ങളിലും കഴിവുറ്റ ഒരു നർത്തകിയെ അന്നേ കണ്ടിരിക്കണം കുക്കു. സിനിമയുടെ വിസ്മയലോകത്തേക്ക് ഹെലനെ ആനയിച്ചതും കുക്കു തന്നെ. 1951 ൽ ആദ്യമായി സിനിമയിൽ നൃത്തം ചെയ്യുമ്പോൾ ഹെലന് പ്രായം കഷ്ടിച്ച് പതിമൂന്ന് . ശ്യാമും നസീം ബാനുവും അഭിനയിച്ച "ശബിസ്താ''നിൽ മദൻ മോഹൻ ഈണമിട്ട ദേഖോ പ്യാലാ മേരാ ചൽക്കേ (ഷംഷാദ് ബീഗം) എന്ന പാട്ടിനൊത്ത് കുക്കുവിന്റെ നേതൃത്വത്തിൽ ചുവടുവച്ച ഒരു സംഘം നർത്തകിമാരിൽ കൊച്ചു സുന്ദരി ഹെലനും ഉണ്ടായിരുന്നു. ആവാര ഉൾപ്പെടെ കുറച്ചു പടങ്ങളിൽ കൂടി ആൾക്കൂട്ടത്തിൽ ഒരാളായി മിന്നിമറഞ്ഞ ശേഷം, അലിഫ് ലൈല (1953) യിൽ ഹെലൻ ആദ്യമായി സോളോ നർത്തകിയാകുന്നു. ആശാ ഭോസ്ലെയും സംഘവും പാടിയ രാതേം പ്യാർ കി (സംഗീതം: ശ്യാംസുന്ദർ) ആണ് ആദ്യം പാടി ചുവടുവെച്ച ഗാനം.

ഫോക്-ശാസ്ത്രീയ നൃത്തശൈലികളോട് പൂർണ്ണമായിത്തന്നെ വിടപറഞ്ഞു പാശ്ചാത്യ ശൈലിയുടെ ഉപാസകയായി മാറുന്ന ഹെലനെയാണ് "ബാരിഷ്'' (1957) എന്ന ദേവാനന്ദ് ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്. സി രാമചന്ദ്രയുടെ ഈണത്തിൽ ആശ പാടിയ മിസ്റ്റർ ജോൺ യാ ബാബാ ഖാൻ എന്ന റോക്കൻറോൾ ഗാനമായിരിക്കണം ഹെലന്റെ ആദ്യത്തെ `മദാലസ' നൃത്തരംഗം. രജീന്ദർ കിഷൻ എഴുതിയ പാട്ടിന്റെ വരികളിൽ തന്നെയുണ്ടായിരുന്നു പുതിയൊരു യുഗപ്പിറവിയുടെ വിളംബരം: "ജോ കോയീ ദേഖേ മേരാ ജൽവാ/ ഹോ ജായേ ഖുർബാൻ'' (എന്റെ നേർക്ക് ഒരൊറ്റ നോട്ടം മതി ഏതു പുരുഷനും വീണുപോകാൻ..). പ്രലോഭനം കലർന്ന ആ വാക്കുകൾ തന്നെയായിരുന്നു പിന്നീടങ്ങോട്ട് കാൽ നൂറ്റാണ്ടോളം ഹിന്ദി സിനിമയിൽ ഹെലന്റെ "വിസിറ്റിങ് കാർഡ്.'' ആ ഗാനത്തിന്റെ തുടർച്ചയെന്നോണം പുറത്തുവന്ന ഹൗറാ ബ്രിഡ്ജിലെ "മേരാ നാം ചിൻ ചിൻ ചൂ''വോടെ ഹിന്ദി സിനിമയിൽ ഹെലൻ യുഗത്തിന് തുടക്കമാകുന്നു.
 

നവതിയോടടക്കുമ്പോഴും (ജനനം 1938 ൽ) സംഗീതവും നൃത്തവും തന്നെ വല്ലാതെ മോഹിപ്പിക്കുന്നു എന്ന് പറയാൻ മടിക്കുന്നില്ല ഹെലൻ. കുറച്ചു കാലം മുൻപൊരു അവാർഡ് നിശയിൽ കരീനാ കപൂറിനൊപ്പം "യേ മേരാ ദിൽ'' എന്ന ഗാനത്തിനൊത്തു വേദിയിൽ ചുവടു വെച്ചു കണ്ടിട്ടുണ്ട് അവർ. നിറഞ്ഞ സദസ്സിന്റെ ഹർഷാരവം ഏറ്റുവാങ്ങവേ അറിയാതെ തുളുമ്പിപ്പോയ കണ്ണുകൾ തുടച്ചുകൊണ്ട് താൻ തന്നെ പാടി അഭിനയിച്ച "ആ ജാനേജാ'' എന്ന പഴയ സൂപ്പർ ഹിറ്റ് ഗാനത്തിൽ നിന്നൊരു വരി മൂളി അവർ: "ദൂർ സേ കിത്നി ആയീ ഹൂ, തൂ ജാനേ നാ''...( ഇവിടെ എത്താൻ ഞാൻ എത്ര ദൂരം സഞ്ചരിച്ചുവെന്ന് നിങ്ങൾക്കറിയില്ല...)

ഭൂതകാലത്തിന്റെ ഓർമ്മകൾ ഒരു നിമിഷം ഹെലന്റെ മനസ്സിനെ വന്നു മൂടിയിരിക്കാം; പട്ടിണിയും ദുരിതങ്ങളും സമ്പദ്സമൃദ്ധിയും പ്രണയവും പ്രണയഭംഗവും സ്നേഹവും സ്നേഹനിരാസവും എല്ലാം നിറഞ്ഞൊരു ജീവിതത്തിന്റെ കയ്പ്പും മധുരവും ഇടകലർന്ന ഓർമ്മകൾ.