സ്വന്തം തലമുറയിലും പിന്തലമുറയിലും പെട്ട ഗായകര് പലരും കാലത്തിന്റെ കുത്തൊഴുക്കില് പിടിച്ചുനില്ക്കാനാകാതെ ഇടറിവീണപ്പോള് ആശയ്ക്ക് ആ ദുരനുഭവം നേരിടേണ്ടി വന്നില്ല.

കടലാസിലേക്കും കവിയുടെ മുഖത്തേക്കും മാറിമാറി നോക്കി രാഹുൽ ദേവ് ബർമ്മൻ. എന്നിട്ടൊരു ചോദ്യം: 'ഇങ്ങനെ പോയാൽ ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിലെ എഡിറ്റോറിയലെടുത്ത് ചിട്ടപ്പെടുത്തിത്തരാൻ പറയുമല്ലോ താങ്കൾ...'
എഴുതിക്കിട്ടിയ വരികൾ ഗദ്യമോ പദ്യമോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു സംഗീത സംവിധായകനെന്ന് പാട്ടെഴുതിയ ഗുൽസാർ. 'ഹൺഡ്രഡ് ലിറിക്‌സ്' എന്ന ഗാനസമാഹാരത്തിൽ അക്കഥ രസകരമായി വിവരിച്ചിട്ടുണ്ട് ജ്ഞാനപീഠ ജേതാവായ കവി: 'വരികൾ വായിച്ചുകേൾപ്പിച്ചപ്പോൾ അദ്ദേഹം കരുതി സിനിമയിലെ കഥാസന്ദർഭം വിവരിക്കുകയാണ് ഞാനെന്ന്. ഗദ്യകവിത കംപോസ് ചെയ്യാനുള്ള മൂഡിലായിരുന്നില്ല ആർ.ഡി. പാട്ടെഴുതിയ കടലാസ് ദൂരേക്ക് മാറ്റിവെച്ച് മറ്റു പ്രവൃത്തികളിൽ വ്യാപൃതനായി അദ്ദേഹം.'
മൗനം ഭഞ്ജിച്ചുകൊണ്ട്, മുറിയുടെ ഒരു കോണിൽ നിന്ന് ആശാ ഭോസ്ലെയുടെ ശബ്ദം മൂളിപ്പാട്ടായി ഒഴുകിയെത്തിയത് അപ്പോഴാണ്. ആ നിമിഷം മനസ്സിൽ തോന്നിയ ഈണത്തിൽ ഗാനത്തിന്റെ പല്ലവിയിലെ ലൗട്ടാ ദോ എന്ന രണ്ടേ രണ്ടു വാക്കുകൾ വെറുതെ ഒന്ന് മൂളിനോക്കിയതാണ് ആശാജി. 'കേൾക്കേണ്ട താമസം പാട്ടെഴുതിയ കടലാസെടുത്ത് ഹാർമോണിയത്തിനു മുകളിൽ വെച്ച് ആ വരി പാടി മുഴുമിപ്പിക്കുന്നു ആർ.ഡി. 'മേരാ വോ സാമാൻ മുജേ ലൗട്ടാ ദോ....' -- ഗുൽസാറിന്റെ ഓർമ്മ. തുടക്കം അതായിരുന്നു. പതിനഞ്ചു മിനിറ്റിനകം ആർ.ഡിയുടെ ഹാർമോണിയത്തിൽ പാട്ടിന്റെ ഈണം തയ്യാർ.
ആശ ഭോസ്ലെയ്ക്ക് മികച്ച ഗായികക്കും ഗുൽസാറിന് മികച്ച ഗാനരചയിതാവിനുമുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത 'ഇജാസ'ത്തിലെ (1987) ആ ക്ലാസിക് കാവ്യഗീതം ചരിത്രമാണിന്ന് : 'മേരാ കുച്ഛ് സാമാൻ തുംഹാരേ പാസ് പഢാ ഹേ സാവൻ കേ കുച്ഛ് ഭീഗേ ഭീഗേ ദിൻ രഖേ ഹേ, ഔർ മേരെ ഏക് ഖത് മേ ലിപ്ട്ടീ രാത് പഡീ ഹേ, വോ രാത് ബുജാ ദോ, മേരാ വോ സാമാൻ ലൗട്ടാ ദോ...'
തിരിച്ചുകിട്ടേണ്ടത് ഉരുപ്പടികളല്ല; മറ്റു പലതുമാണ്. മഴയിൽ കുതിർന്ന കുറെ വർഷകാല ദിനങ്ങൾ, ഏതോ പ്രണയലേഖനത്തിനകത്ത് ഭദ്രമായി പൊതിഞ്ഞുവെച്ച രാത്രി.... ഓർമ്മകൾ മുഴുവൻ ഊതിക്കെടുത്തി ആ രാത്രി തിരിച്ചുതരാനാവുമോ നിങ്ങൾക്ക് ? നഷ്ടപ്രണയത്തെ കുറിച്ച് ഇതിലും ഭാവതീവ്രമായി പാടാനും പറയാനുമാകുമോ ആർക്കെങ്കിലും? ഒരുമിച്ചു ചെലവഴിച്ച അനർഘ നിമിഷങ്ങൾ തിരിച്ചുകിട്ടാൻ വേദനയോടെ കൈനീട്ടുകയാണ് പ്രണയിനി; ഒരിക്കലൂം കിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ. ആ വരികൾ വെറുതെ വായിച്ചുനോക്കുമ്പോൾ പോലും കണ്ണു നനയാറുണ്ടെന്ന് അവ പാടി അനശ്വരമാക്കിയ ആശാ ഭോസ്ലെ പറയുമ്പോൾ അവിശ്വസിക്കേണ്ട കാര്യമില്ല നമുക്ക്. ജീവിത പങ്കാളിയായ ആർ.ഡി ബർമ്മന്റെ ഓർമ്മകൾ കൂടി പതിഞ്ഞുകിടക്കുന്നുണ്ടല്ലോ അവയിൽ.
അപൂർവമായേ ഇത്തരം ഉദാത്തമായ കാവ്യഗീതികൾ ആലപിക്കാൻ അവസരം ലഭിച്ചുള്ളൂ എന്നതായിരുന്നു ആശയുടെ ദുര്യോഗം. സംഗീത ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ പാടിയതേറെയും നൃത്ത ഗാനങ്ങളും സംഘഗാനങ്ങളും കുസൃതിപ്പാട്ടുകളും. ആ ഇമേജിൽ നിന്ന് പുറത്തുകടക്കാൻ സഹായിച്ചത് സംഗീത സംവിധായകൻ ഓംകാർ പ്രസാദ് നയ്യാരുടെ ശക്തമായ പിന്തുണയാണ്. ജ്യേഷ്ഠസഹോദരി ലതാ മങ്കേഷ്‌ക്കറെ സ്വന്തം സംഗീത ഭൂമികയിൽ നിന്ന് ബോധപൂർവം അകറ്റിനിർത്തിയ ഒ.പി നയ്യാർ അനിയത്തിക്ക് സമ്മാനിച്ചത് ഏറ്റവും ഹൃദയഹാരിയായ ഈണങ്ങൾ. 168 സോളോകൾ ഉൾപ്പെടെ 324 പാട്ടുകൾ നയ്യാർക്ക് വേണ്ടി പാടി ആശ. ഇവയിൽ ഹിറ്റുകളല്ലാത്തവ അപൂർവം.
എന്തുകൊണ്ട് ആശയെ അളവറ്റ് ആശ്രയിച്ചു എന്ന ചോദ്യത്തിന് ഒരിക്കൽ നയ്യാർ നൽകിയ മറുപടി ഇങ്ങനെ: 'പട്ടു പോലെ നേർത്ത ശബ്ദങ്ങളോട് പണ്ടേ ഭ്രമമില്ല എനിക്ക്. ഗാനത്തിന്റെ ഭാവം പൂർണ്ണമായി ഉൾക്കൊള്ളാൻ പ്രയാസമാണ് അത്തരം ശബ്ദങ്ങൾക്ക്. കുറച്ചു കൂടി കനം കൂടിയ ഭാവദീപ്തങ്ങളായ ശബ്ദങ്ങളാണ് ഗീത ദത്ത്, ഷംഷാദ് ബേഗം, ആശ എന്നിവരുടേത്. അവരിൽ തന്നെ ഏറ്റവും റൊമാന്റിക് ആയ ശബ്ദം ആശയുടേതും. ആശയുടെ ആലാപനത്തിൽ സ്വാഭാവികമായി കടന്നുവരുന്ന നിശ്വാസങ്ങൾ, നെടുവീർപ്പുകൾ, ചിരികൾ, ഗദ്ഗദങ്ങൾ... ഇവയൊക്കെ ഞാൻ പാട്ടുകളിൽ ഉപയോഗിച്ചിട്ടുണ്ട്..' (ഫിലിം ഫെയർ -- 2000).
സംശയമുണ്ടെങ്കിൽ ഒ.പിയ്ക്ക് വേണ്ടി ആശ പാടി അവിസ്മരണീയമാക്കിയ പാട്ടുകൾ കേട്ടുനോക്കുക: ആയിയേ മെഹർബാൻ (ഹൗറാ ബ്രിഡ്ജ്) , ജായിയേ ആപ് കഹാം ജായേംഗേ, യഹ് ഹേ രേഷ്മി സുൽഫോം കാ അന്ധേര (മേരെ സനം), സരാ ഹൗലേ ഹൗലേ ചലോ മേരെ സാജ്നാ (സാവൻ കി ഘടാ), ആവോ ഹുസൂർ തുംകോ (കിസ്മത്), വോ ഹസീൻ ദർദ് ദേ ദോ (ഹം സായ)... ഏറ്റവുമൊടുവിൽ ഇരുവരും ഒരുമിച്ച ഛയ്ൻ സെ ഹം കോ കഭി (പ്രാൺ ജായേ പാർ വചൻ നാ ജായേ) എന്ന പാട്ടിൽ പോലുമുണ്ടായിരുന്നു അപൂർവ്വസുന്ദരമായ ആ ഹൃദയബന്ധത്തിന്റെ തിളക്കം. തലമുറകൾ ഏറ്റുപാടിയ യുഗ്മഗാനങ്ങൾ വേറെ: ദീവാന ഹുവാ ബാദൽ, ആപ് യൂഹി അഗർ ഹം സെ മിൽത്തേ രഹേ, ബഹുത് ശുക്രിയാ, ഇഷാരോ ഇഷാരോ മേ, പിയാ പിയാ പിയാ മോരെ ജിയാ പുകാരെ, കജ്രാ മൊഹബ്ബത് വാലാ.....
ജീവിത പങ്കാളിയായി മാറിയ ആർ.ഡി ബർമ്മനാണ് ആശയുടെ ശബ്ദത്തിന്റെ അപാര സാദ്ധ്യതകൾ ഔചിത്യപൂർവം പ്രയോജനപ്പെടുത്തിയ മറ്റൊരു സംഗീത സംവിധായകൻ. ദം മാരോ ദം (ഹരേ രാമ ഹരേ കൃഷ്ണ), പിയാ തൂ (കാർവാൻ), ചുരാലിയ (യാദോം കി ബാരാത്ത്) തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ ആശയെ 1970 കളിലെ ഇന്ത്യൻ യുവതയുടെ ആവേശമാക്കി വളർത്തിയ അതേ ആർ ഡി തന്നെയാണ് 80 കളിൽ എക്കാലത്തെയും മികച്ച കാവ്യഗീതികളിലൊന്നായ 'മേരാ കുച്ഛ് സാമാൻ' അവർക്ക് സമ്മാനിച്ചതും. എല്ലാ ജനുസ്സിൽ പെട്ട പാട്ടുകളും വഴങ്ങി ആശയ്ക്ക്. കാലത്തെ അതിജീവിച്ച പ്രണയഗാനങ്ങൾ (അഭീ നാ ജാവോ) മുതൽ റോക്കൻ റോൾ ഗാനങ്ങളും (ഈനാ മീനാ ഡീക്കാ) മുജ്രകളും (ദിൽ ചീസ് ക്യാ ഹേ, ഇൻ ആംഖോം കി മസ്തി) ഖവാലികളും (നിഗാഹേ മിലാനേ കോ ജീ ചാഹതാ ഹേ) ഭജനുകളും (സുൻ ലേ പുകാർ) അർദ്ധശാസ്ത്രീയ ഗാനങ്ങളും (ഛോട്ടാ സാ ബാൽമ) വരെ.
സ്വന്തം തലമുറയിലും പിൻതലമുറയിലും പെട്ട ഗായകർ പലരും കാലത്തിന്റെ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാനാകാതെ ഇടറിവീണപ്പോൾ ആശയ്ക്ക് ആ ദുരനുഭവം നേരിടേണ്ടി വന്നില്ല. മാറുന്ന കാലത്തിനും സാങ്കേതിക വിദ്യക്കും ഇണങ്ങുംവിധം സ്വയം നവീകരിച്ചു കൊണ്ടിരുന്നു അവർ. എ ആർ റഹ്‌മാന് വേണ്ടി 'രംഗീല'യിലെ രംഗീലാരേയും തൻഹാ തൻഹായും ദൗഡിലെ ഓ ബാവരെയും (യേശുദാസിനൊപ്പം) ലഗാനിലെ രാധാ കൈസേ നാ ജലേയും പാടിയ ആശ പുതുകാലത്തിനും പ്രിയങ്കരിയായി. വിദ്യാസാഗറിന്റെ ഈണത്തിൽ നയൻതാരയ്ക്ക് വേണ്ടി 'ചന്ദ്രമുഖി' (2005) യിൽ മധു ബാലകൃഷ്ണനൊപ്പം 'കൊഞ്ച നേരം കൊഞ്ച നേരം' പാടുമ്പോൾ ആശയ്ക്ക് പ്രായം 72. മലയാളത്തിലും ഒരു ഗാനം പാടിയിട്ടുണ്ട് ആശ: 'സുജാത'യിലെ 'സ്വയംവര ശുഭദിന മംഗളങ്ങൾ.'
പ്രശസ്തയായ സഹോദരിയുമായി എന്നെങ്കിലും മത്സരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കൽ ആശ നൽകിയ മറുപടി ഇങ്ങനെ: 'എന്തിന്? ഞങ്ങൾ ഇരുവരും സ്വതഃസിദ്ധമായ ശൈലികൾ പിന്തുടരുന്നവർ. ഒരിക്കലും ആ ശൈലികൾ തമ്മിൽ കൂട്ടിമുട്ടേണ്ട കാര്യമുണ്ടായിരുന്നില്ല. ലതാ ദീദിയുടെ ശബ്ദത്തെ ഒരിക്കലും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല ഞാൻ. ശ്രമിച്ചിരുന്നെങ്കിൽ ജനം എന്നെ നിർദ്ദയം തിരസ്‌കരിച്ചേനെ.'
ആ തിരിച്ചറിവിൽ നിന്ന് തുടങ്ങുന്നു ഹിന്ദി സിനിമാ സംഗീതത്തിലെ ആശ ഭോസ്ലെ യുഗം. ഒ പി നയ്യാരും സച്ചിൻ ദേവ് ബർമ്മനും ജയദേവും കല്യാൺജി ആനന്ദ്ജിയുമെല്ലാം ആശയ്ക്ക് സമ്മാനിച്ചത് അവർക്ക് മാത്രം പാടി ഫലിപ്പിക്കാൻ കഴിയുന്ന പാട്ടുകളാണ്. ഓരോ പാട്ടിലുമുണ്ടായിരുന്നു ആശയുടെ സവിശേഷമായ ആലാപനമുദ്ര. ലതാജിയുമൊത്ത് ആശ പാടിയ യുഗ്മഗാനങ്ങൾ കേട്ടാലറിയാം ഈ വൈവിധ്യം. 'പാട്ടിൽ ദീദി കൊണ്ടുവരാൻ പോകുന്ന ട്വിസ്റ്റ് എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ചൊരു സങ്കല്പമുണ്ട് എനിക്ക്. അതുപോലൊരു ട്വിസ്റ്റ് സ്വന്തം ആലാപനത്തിൽ അവതരിപ്പിക്കാൻ ഞാനും ശ്രമിക്കും. ഒരിക്കലും അതൊരു മത്സരമായിരുന്നില്ല; ഒരു തരം കൊടുക്കൽ വാങ്ങലായിരുന്നു.'
എട്ടു പതിറ്റാണ്ട് പിന്നിട്ട പിന്നണി ഗാന ജീവിതത്തിൽ (1943 ലായിരുന്നു ആദ്യ ഗാനം) ആശയെ തേടിയെത്തിയ സൗഭാഗ്യങ്ങൾ പലതുണ്ട്. അവയിലൊന്ന് ഒരു അപൂർവ 'ഗാനശിൽപ്പ'മാണ്. വിനോദ സഞ്ചാരികളെ ആകർഷിക്കാനായി ഉത്തർ പ്രദേശിലെ ബറേലി ഡെവലപ്‌മെന്റ് അതോറിറ്റി മുൻകൈയെടുത്ത് നഗരഹൃദയത്തിൽ സ്ഥാപിച്ച മനോഹര ശിൽപ്പം. പിച്ചളയിൽ നിർമ്മിച്ച 200 കിലോഗ്രാം തൂക്കമുള്ള ഒരു കൂറ്റൻ ജുംക (ജിമിക്കിക്കമ്മൽ). രാജാ മെഹ്ദി അലി ഖാൻ എഴുതി മദൻമോഹൻ ചിട്ടപ്പെടുത്തി ആശ ഭോസ്ലെ പാടി അനശ്വരമാക്കിയ 'മേരാ സായ' (1966) യിലെ 'ജുംക ഗീരാരെ ബറേലി കെ ബാസാർ മേ...' എന്ന ഗാനത്തിന്റെ ലോഹരൂപമാണത്. ഒരു ചലച്ചിത്ര ഗാനത്തിനുള്ള ഒരു നാടിന്റെ ആദരം.
ആശക്ക് അഭിമാനിക്കാം. രണ്ടു ദേശീയ അവാർഡുകളും ഏഴ് ഫിലിംഫെയർ അവാർഡുകളും പത്മവിഭൂഷണും ഉൾപ്പെടെ സിനിമാ ജീവിതത്തിൽ നിന്ന് കൈവന്ന എല്ലാ മഹനീയ അംഗീകാരങ്ങൾക്കും ഒപ്പം നിൽക്കും ഈ അപൂർവ ഗാനശില്പവും.
Content Highlights: Asha Bhosle's ability to adapt to modern technology and changing musical trends over 8 decades., Her unique singing style that distinguished her from sister Lata Mangeshkar., The cultural impact of the 'Jhumka Gira Re' song leading to a monument in Bareilly., Insights into her collaborative spirit and professional journey in Hindi cinema.
Published: 14 Apr 2026, 09:33 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented