ജീവിതം നമുക്ക് വേണ്ടി കരുതിവെക്കുന്ന ചില വിസ്മയങ്ങളുണ്ട്; പിന്നീടോർക്കുമ്പോൾ സത്യമോ മിഥ്യയോ എന്ന് വേർതിരിച്ചറിയാൻ പ്രയാസം തോന്നിയേക്കാവുന്ന അപൂർവ അനുഭവങ്ങൾ.

To advertise here,

മലയാളസിനിമയുടെ തലക്കുറി തിരുത്തിയ സംവിധായകൻ അലോഷ്യസ് വിൻസന്റിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെ കിടപ്പുമുറിയിലിരുന്ന് ടെലിവിഷൻ സ്‌ക്രീനിൽ 'നദി'യിലെ ഗാനചിത്രീകരണം കണ്ടത് അത്തരമൊരു അപൂർവ അനുഭവമായിരുന്നു. ഇന്നോർക്കുമ്പോൾ അവിശ്വസനീയമായി തോന്നുന്ന ഒന്ന്. മറ്റൊന്ന്, സാക്ഷാൽ ദേവരാജൻ മാസ്റ്റർക്കൊപ്പം കൊല്ലത്തെ സർക്കാർ ഗസ്റ്റ് ഹൗസിലിരുന്ന് 'ഭാര്യ'യിലെ പെരിയാറേ പെരിയാറേ എന്ന ഗാനം ടെലിവിഷനിൽ കണ്ടതും. രണ്ടും സ്വപ്നതുല്യമായ അനുഭവങ്ങൾ.

ആയിരം പാദസരങ്ങൾ കിലുങ്ങി, ആലുവാപ്പുഴ പിന്നെയുമൊഴുകീ' എന്ന് പാടിക്കൊണ്ട് കരയിൽ നിന്ന് പ്രേംനസീർ പുഴയിലെ വെള്ളത്തിൽ ഇറങ്ങിനിന്നപ്പോൾ, സ്ക്രീനിലേക്ക് വിരൽ ചൂണ്ടി ചിരിയോടെ നദിയുടെ സംവിധായകൻ പറഞ്ഞു: "ഇക്കാണുന്നത്‌ ആലുവാപ്പുഴയല്ല കേട്ടോ; സ്റ്റുഡിയോയിൽ സെറ്റിട്ടു ഷൂട്ട്‌ ചെയ്തതാ. അന്ന് വേറെ മാർഗമില്ല. ഔട്ട്‌ഡോറിൽ ചിത്രീകരിച്ചാൽ വെളിച്ചത്തിന്റെ പ്രശ്നം വരും. എന്നാലും ഇപ്പൊ കാണുമ്പോൾ വലിയ കുഴപ്പമില്ല എന്ന് തോന്നുന്നു; അല്ലേ?''

നിമിഷനേരത്തെ മൗനത്തിനു ശേഷം മാസ്റ്ററുടെ ആത്മഗതം: "എത്ര മനോഹരമായ പാട്ട്. ഇത്തരം പാട്ടുകളൊക്കെ ഇനി ഉണ്ടാകുമോ?'' കണ്ണടച്ച്, ഗാനത്തിന്റെ വരികൾ ഏറ്റുപാടിക്കൊണ്ട് തലയിണയിൽ ചാരിക്കിടക്കുന്നു മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച സംവിധായകൻ.

ഓർമ്മകൾ പൂർണ്ണമായി ചൊൽപ്പടിക്ക് നിൽക്കാത്ത പ്രായമായിട്ടും നദിയിലെ ഗാനചിത്രീകരണത്തെ കുറിച്ച് ഇടതടവില്ലാതെ സംസാരിച്ചു മാസ്റ്റർ. അതിലെ ഷോട്ടുകൾ, ഫ്രെയിമുകൾ, ലൈറ്റിങ്, അഭിനയം, സംഗീതം.... എല്ലാം കടന്നുവന്നു ഓർമ്മകളുടെ ആ നിലക്കാത്ത പ്രവാഹത്തിൽ.

താൻ സംവിധാനം ചെയ്ത പടങ്ങളിലെ ഗാനരംഗങ്ങൾ വീഡിയോയിൽ കാണുകയായിരുന്നു ചെന്നൈയിലെ വീട്ടിലിരുന്ന് വിൻസന്റ് മാസ്റ്റർ. ഓരോ കാഴ്ച്ചക്കുമൊപ്പം ആ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങളിൽ നിന്ന് മലയാള സിനിമയുടെ ചരിത്രം കൂടി വായിച്ചെടുക്കാമായിരുന്നു ഞങ്ങൾക്ക്. ബ്ളാക് ആൻഡ് വൈറ്റിൽ നിന്ന് വർണ്ണപ്പകിട്ടിലേക്കുള്ള വളർച്ച; അതിനാടകീയതയിൽ നിന്ന് സ്വാഭാവികതയിലേക്കുള്ള വളർച്ച; സ്റ്റുഡിയോ സെറ്റുകളിൽ നിന്ന് വാതിൽപ്പുറങ്ങളിലേക്കുള്ള വളർച്ച... അങ്ങനെയങ്ങനെ.

ദേവരാജൻ മാസ്റ്റർക്കൊപ്പം ഗസ്റ്റ് ഹൗസിൽ സംസാരിച്ചിരിക്കുമ്പോൾ തികച്ചും യാദൃച്ഛികമായി മുറിയിലെ ടെലിവിഷൻ സ്‌ക്രീനിൽ തെളിഞ്ഞതാണ് "പെരിയാറേ." സംസാരം നിർത്തി കൗതുകത്തോടെ ഗാനരംഗം കണ്ടിരുന്നു മാസ്റ്റർ. വർഷങ്ങൾ ഏറെയായി കണ്ടിട്ട്-ആത്മഗതമെന്നോണം അദ്ദേഹം പറഞ്ഞു. "ഈ രംഗങ്ങളൊക്കെ കാണുമ്പോൾ അന്നത്തെ റെക്കോർഡിസ്റ്റുകളെ നന്ദിപൂർവം ഓർക്കാതിരിക്കാൻ പറ്റില്ല. എല്ലാ പരിമിതികളേയും മറികടന്നുകൊണ്ടാണ് ഈ പാട്ടുകളൊക്കെ അവർ റെക്കോർഡ് ചെയ്തത്. എങ്കിലെന്ത്? ഇന്നും, ഇത്ര വർഷങ്ങൾക്ക് ശേഷവും ഫ്രഷ് ആയി തോന്നും ആ പാട്ടുകൾ. അവരെ ഒക്കെ നമിച്ചേ പറ്റൂ."

ശരിയായിരുന്നു മാസ്റ്റർ പറഞ്ഞത്. പതിറ്റാണ്ടുകൾക്കുശേഷം കേൾക്കുമ്പോഴും പാട്ടിന്റെ സൗണ്ടിംഗ് തലേന്ന് റെക്കോർഡ് ചെയ്ത പോലെ.

മലയാളസിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളായ രണ്ടു പാട്ടുകൾ. രണ്ടും വയലാർ-ദേവരാജൻ ടീമിന്റെ സൃഷ്ടികൾ. ആദ്യത്തേതിൽ ആയിരം പാദസരങ്ങൾ കിലുക്കി ഒഴുകുന്നത് ആലുവാപ്പുഴയെങ്കിൽ രണ്ടാമത്തേതിൽ കുളിരും കൊണ്ട് കുണുങ്ങി നടക്കുന്നത് പെരിയാർ. വേർപെടുന്ന വേദനയെക്കുറിച്ചാണ് നദിയിലെ പാട്ടെങ്കിൽ ഭാര്യയിലെ യുഗ്മഗാനത്തിൽ പ്രകൃതിയും പ്രണയവും കൈകോർക്കുന്നു.

"നാടാകെ തെളിനീര് നൽകേണം
നാടോടിപ്പാട്ടുകൾ പാടേണം
കടലിൽ നീ ചെല്ലണം കാമുകനെ കാണണം
കല്യാണമറിയിക്കേണം നിന്റെ
കല്യാണമറിയിക്കേണം .."

നമ്മുടെ സിനിമാപ്പാട്ടുകളിൽ ഒഴുകിയെത്താത്ത നദികളും പുഴകളും കുറവ്. കേരളപ്പിറവിയുടെ എഴുപതാം വാർഷികത്തിൽ അത്തരം പാട്ടുകളിലൂടെ ഒന്ന് തോണി തുഴഞ്ഞു പോയാലോ?

  • ഭാരതപ്പുഴയിലെ ഓളങ്ങളേ പഴയൊരു പ്രേമകഥയോർമ്മയില്ലേ (വയലാർ- കളക്ടർ മാലതി)
  • പമ്പാനദിയിലെ പൊന്നിന് പോകും പവിഴവലക്കാരാ വലക്കാരാ, നിൻ തളിർവല താഴും താഴേക്കടവിൽ താലികെട്ടാത്ത മീനുണ്ടോ പൂ പൂ പൂ പോലൊരു മീനുണ്ടോ (വയലാർ-ചക്രവാകം)
  • ചാലക്കുടിപ്പുഴയിൽ വെയിലും ചന്ദനച്ചോലയെടി ചന്ദനച്ചോലയിങ്കൽ ഇന്നൊരു ചാഞ്ചക്കം വഞ്ചിയെത്തും (പി ഭാസ്കരൻ-റോസി)
  • അച്ചൻകോവിലാറ്റിലെ കൊച്ചോളങ്ങളെ അക്കരെ നിന്നു തൊടുക്കുന്ന പൂവുകൾ എത്തിപ്പിടിക്കാമോ (ശ്രീകുമാരൻ തമ്പി - അനാഥശില്പങ്ങൾ)
  • നീർവഞ്ഞികൾ പൂത്തു നീർമാതളം പൂത്തു ചന്ദ്രഗിരിപ്പുഴയിൽ നിന്നുടെ ചന്ദനത്തോണി വന്നണഞ്ഞു (പി ഭാസ്കരൻ-കണ്ണപ്പനുണ്ണി)
  • മണിമലയാറ്റിൻ തീരത്ത് മാൻതുള്ളും മലയോരത്ത് നാലുമണിപ്പൂ നുള്ളിനടക്കും നാടൻപെണ്ണേ നിന്നാട്ടെ (പി ഭാസ്കരൻ-സുബൈദ)
  • പല്ലനയാറ്റിൻ തീരത്തിൽ പദ്മപരാഗ കുടീരത്തിൽ വിളക്കുവെക്കും യുഗകന്യകയൊരു വിപ്ലവഗാനം കേട്ടു, മാറ്റുവിൻ ചട്ടങ്ങളെ (വയലാർ-നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി)
  • പേരാറും പെരിയാറും കളിയാടും നാടേതോ കടലലയും കായലുമേ കഥപറയും നാടേതോ പേരതിന്ന് മലയാളം പേരുകേട്ട മലയാളം (പി ഭാസ്കരൻ-ഭാഗ്യമുദ്ര)
  • പേരാറ്റിൻ കരയിൽ വെച്ച് പേരെന്തെന്ന് ചോദിച്ചപ്പോൾ പേരക്കാ എന്ന് പറഞ്ഞോളേ (പി ഭാസ്കരൻ-കുപ്പിവള)
  • പേരാറ്റിൻ കരയിലേക്കൊരു തീർത്ഥയാത്ര കേരളത്തിലെ മണ്ണിലേക്കൊരു തീർത്ഥയാത്ര (വയലാർ-ദർശനം)
  • പേരാറിൻ തീരത്തോ പെരിയാറിൻ തീരത്തോ ശാരദേന്ദു നട്ടുവളർത്തിയ പേരമരത്തോട്ടം (പി ഭാസ്കരൻ-അശ്വതി)
  • പുഴയോരഴകുള്ള പെണ്ണ് ആലുവാപ്പുഴയോരഴകുള്ള പെണ്ണ് (ഒഎൻവി-എന്റെ നന്ദിനിക്കുട്ടിക്ക്)
  • കണ്ണുനീരിൻ പെരിയാറ്റിൽ മലവെള്ളം പൊങ്ങി (പി ഭാസ്കരൻ-കാക്കത്തമ്പുരാട്ടി)
  • ആറാട്ടുകടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ പേരാറ്റിൽ പുലർമങ്ക നീരാട്ടിനിറങ്ങി (പി ഭാസ്കരൻ-വെങ്കലം)
  • നദി നദി നിളാനദി സരാഗ സാഗരോന്മുഖി (യൂസഫലി-ഷെവലിയർ മിഖായേൽ)
  • മയ്യഴിപ്പുഴയൊഴുകി തൃക്കാൽ ചിലമ്പ് കിലുങ്ങി പളുങ്കു കല്പടവിൽ പാടീ കൂവരം കിളി (കൈതപ്രം-ഉദ്യാനപാലകൻ)
  • ഇരുവഞ്ഞിപ്പുഴപ്പെണ്ണേ കിളിപ്പെണ്ണേ (റഫീക്ക് അഹമ്മദ്-എന്ന് നിന്റെ മൊയ്‌തീൻ)
  • കല്ലായിപ്പുഴയൊരു മണവാട്ടി കടലിന്റെ പുന്നാര മണവാട്ടി പതിനാറ് തികഞ്ഞിട്ടും കല്യാണം കഴിഞ്ഞിട്ടും പാവാട മാറ്റാത്ത പെൺകുട്ടി (യൂസഫലി കേച്ചേരി-മരം)
  • കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീലെ മണിമാരൻ വരുമെന്ന് ചൊല്ലീലേ (കൈതപ്രം-പെരുമഴക്കാലം)
  • കൈതപ്പുഴ കായലിലെ കാറ്റിന്റെ കൈകളിലെ (വയലാർ - ത്രിവേണി)
  • പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ നമുക്കൊരേ പ്രായം നമുക്കൊരേ മോഹം നമുക്കൊരേ ദാഹം (വയലാർ-ഒരു പെണ്ണിന്റെ കഥ)
  • പമ്പാഗണപതി പാരിന്റെ അധിപതി കൊമ്പാർന്നുണരണം അൻപിൽ (ഗിരീഷ് പുത്തഞ്ചേരി-പട്ടാളം)
  • ആലുവാപ്പുഴയുടെ തീരത്ത് ആരോരുമില്ലാനേരത്ത് (ശബരീഷ് വർമ്മ-പ്രേമം)
  • ആലുവാപ്പുഴക്കക്കരെ ഒരു പൊന്നമ്പലം (വയലാർ-ആദ്യത്തെ കഥ)
  • വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടി നോക്കും നേരത്ത് (കൈതപ്രം-കളിയാട്ടം)
  • കിള്ളിയാറ്റിൻ അക്കരെയുണ്ടൊരു വെള്ളിലഞ്ഞിക്കാട് (വയലാർ-ജയിൽ)

ഇനിയുമുണ്ടാകും ഓർത്തെടുക്കാൻ ഇത്തരം ഗാനങ്ങൾ...