"സങ്കടമുണ്ട്. പറഞ്ഞറിയിക്കാനാവാത്ത സങ്കടം. ബാല്യകൗമാരങ്ങളെ ഇത്രയേറെ സ്വാധീനിച്ച ഒരാൾ ജീവിതസായാഹ്നത്തിൽ ഇങ്ങനെയൊരവസ്ഥയിൽ ...." പറഞ്ഞുതീരും മുൻപ് മോഹൻ ശർമ ഇടപെട്ടു. "പാടില്ല. ഇതൊരു സ്വാഭാവിക പരിണാമം മാത്രമായേ ഞാൻ കാണുന്നുള്ളൂ. ആരുടെ ജീവിതത്തിലും സംഭവിക്കാവുന്ന ഒന്ന്. ഈ പുതിയ ജീവിതവും യാഥാർഥ്യ ബോധത്തോടെ ഉൾക്കൊള്ളുന്നു ഞാൻ. എനിക്ക് വേണ്ടി പ്രാർത്ഥിക്കുക..."

To advertise here,

തളർച്ചയുടെ നേർത്ത ലാഞ്ഛന പോലുമില്ലായിരുന്നു ആ ശബ്ദത്തിൽ. ഓർമവന്നത് കൗമാരത്തെ പ്രണയസുരഭിലവും സംഗീതസാന്ദ്രവുമാക്കിയ കുറെ സുന്ദര കാമുകരെയാണ്: ചട്ടക്കാരിയിലെ ശശി, നെല്ലിലെ മല്ലൻ, പ്രയാണത്തിലെ അരവിന്ദൻ, ജീവിക്കാൻ മറന്നുപോയ സ്ത്രീയിലെ ചന്ദ്രൻ, രാഗത്തിലെ മധുസൂദനൻ, ശ്രീമദ് ഭഗവദ് ഗീതയിലെ അർജ്ജുനൻ .... മറക്കാനാവാത്ത കഥാപാത്രങ്ങൾ. അഭിനയിച്ച് അനശ്വരമാക്കിയ പാട്ടുകൾ വേറെ: മന്ദസമീരനിൽ, ഓ മൈ ജൂലി (ചട്ടക്കാരി), ഇവിടെ കാറ്റിനു സുഗന്ധം (രാഗം) നീലപ്പൊന്മാനെ (നെല്ല്), കറുകറുത്തൊരു പെണ്ണാണ് (ഞാവൽപ്പഴങ്ങൾ)), മന്ദാകിനീ ഗാന മന്ദാകിനീ (സർവേക്കല്ല്), വീണപൂവേ കുമാരനാശാന്റെ വീണപൂവേ, അഷ്ടപദിയിലെ നായികേ. (ജീവിക്കാൻ മറന്നുപോയ സ്ത്രീ), ശരറാന്തൽ തിരി താണു, ചിത്തിരത്തോണിയിൽ അക്കരെ പോകാൻ (കായലും കയറും), മഴ തുള്ളി തുള്ളി, ഓർമ്മയുണ്ടോ (സരിത), മാണിക്യ ശ്രീകോവിൽ നീയെങ്കിൽ, ഓർമ്മകളെ കൈവള ചാർത്തി (പ്രതീക്ഷ), കാളിന്ദീ കാളിന്ദീ (ചുവന്ന സന്ധ്യകൾ ), വിലാസ ലോലുപയായി (ശ്രീമദ് ഭഗവദ് ഗീത), ഈ നിമിഷം പകരുന്നിതാ (കാന്തവലയം)....

അതൊരു കാലം. വർണ്ണസുരഭിലമായ ആ ഭൂതകാലത്തെ കുറിച്ച് അധികം ഓർക്കാറില്ല മോഹൻ ഇപ്പോൾ. ചെന്നൈ നഗരത്തിൽ നിന്ന് അൻപത് കിലോമീറ്ററോളം അകലെയുള്ള ശ്രീ രാമാവതാർ അഗർവാൾ സഭ വൃദ്ധ സേവാശ്രമത്തിലാണ് കഴിഞ്ഞ മൂന്ന് മാസമായി മോഹൻ. ജീവിതത്തിൽ ശരിക്കും ഒറ്റപ്പെട്ടുപോയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ വേറെ. മരുന്നിന് മാത്രം പ്രതിമാസം നാല്പത്തിനായിരത്തോളം രൂപ വേണ്ടിവരുമെന്നാണ് നില. വരുമാനവും നിലച്ചതോടെ ജീവിതം ശരിക്കും പ്രതിസന്ധിയിലായി. റോട്ടറി ക്ലബ്ബിലെ സുഹൃത്തുക്കൾ മുൻകൈയെടുത്താണ് വൃദ്ധാശ്രമത്തിൽ എത്തിച്ചത്. ക്ലബ്ബിന്റെ മുൻ പ്രസിഡന്റിന്റെ ദുരവസ്ഥ അവർക്ക് ഉൾക്കൊള്ളാനാവില്ലായിരുന്നു. "ഇവിടെ ജീവിതം വലിയ അല്ലലും അലട്ടുമില്ലാതെ പോകുന്നു. ഭക്ഷണം സൗജന്യമാണ്. മരുന്നിനുള്ള തുക നമ്മൾ മുടക്കിയാൽ മതി." -- മോഹൻ. "സമയം പോകാൻ ഇടക്ക് പഴയ സിനിമകളിലെ നർമ്മ രംഗങ്ങൾ യൂട്യൂബിൽ കാണും. ഭാവിയെക്കുറിച്ച് വലിയ പ്ലാനിംഗ് ഒന്നുമില്ല. അത്തരം കണക്കുകൂട്ടലുകളുടെ നിരർത്ഥകതയെ കുറിച്ച് കാലം തന്നെ നമ്മളെ ബോധ്യപ്പെടുത്തിയിട്ടുണ്ടല്ലോ...."

ആദ്യമായി മോഹനെ കണ്ട നിമിഷങ്ങൾ ഓർത്തെടുക്കുകയായിരുന്നു ഞാൻ. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഇരമ്പുന്ന ജനസാഗരത്തിന്‍റെ അങ്ങേയറ്റത്ത് കറുത്ത പൊട്ടു പോലെ ഒരു ആൾരൂപം. സദസ്സിൽ നിന്നുയർന്ന നിലയ്ക്കാത്ത ഹർഷാരവങ്ങൾക്ക് നന്ദി പറഞ്ഞ് ആ രൂപം പാടിത്തുടങ്ങുന്നു-- "മുരളീ ഗാനത്തിൻ കല്ലോലിനീ മധുര സ്വരരാഗ മന്ദാകിനീ.." മോഹനിലെ പ്രണയ നായകനെ മാത്രം സിനിമയിൽ കണ്ടു ശീലിച്ച സദസ്സ് ആ ഗാനത്തിന്റെ മാധുര്യത്തിൽ ലയിച്ചു തരിച്ചിരുന്നു. പാട്ടിനൊടുവിൽ ഉയർന്ന വൺസ് മോർ വിളികൾ ഇപ്പോഴും കാതിലുണ്ട്. 1970 കളുടെ മധ്യത്തിൽ നടന്ന ആ സംസ്ഥാന അവാർഡ് നിശയിൽ മികച്ച നടനുള്ള അവാർഡ് നേടിയ സോമനെക്കാൾ കയ്യടി നേടിയത് മോഹനായിരുന്നു-- ഒരൊറ്റ പാട്ട് കൊണ്ട്.

പേരിൽ ശർമ്മയില്ല അന്ന്; മോഹൻ മാത്രം. മലയാള സിനിമയിൽ മോഹൻ -- ലക്ഷ്മി കൂട്ടുകെട്ടിന്റെ വസന്ത കാലമായിരുന്നു അത് -- ചട്ടക്കാരി, രാഗം, പ്രയാണം, ചുവന്ന സന്ധ്യകൾ, സർവേക്കല്ല്, പ്രിയംവദ, ചലനം .... അങ്ങനെ ഒരു കൂട്ടം വൈവിധ്യമാർന്ന സിനിമകൾ.. അന്നൊക്കെ ആരാധനയായിരുന്നു മോഹനോട്. വെള്ളിത്തിരയിലെ സ്വപ്ന സുന്ദരിയായ ലക്ഷ്മിയെ കെട്ടിപ്പിടിക്കുകയും കവിളിൽ ഉമ്മ വെക്കുകയും കൈകളിൽ എടുത്തുയർത്തി അമ്മാനമാടുകയും ചെയ്യുന്ന കാമുകൻ.. യേശുദാസിന്റെയും ജയചന്ദ്രന്റെയും ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾക്കൊത്ത് ചുണ്ടനക്കാൻ ഭാഗ്യമുണ്ടായ നായകൻ.

മോഹൻ ചിരിക്കുന്നു. "സംഗീതത്തോട്‌ പണ്ടേയുണ്ട് ഭ്രമം. സത്യത്തിൽ പാട്ടുകാരനാകാനാണ് ആദ്യം മോഹിച്ചത്. സംഗീത ചക്രവർത്തി എം ഡി രാമനാഥന്റെ അനന്തിരവന് അങ്ങനെയല്ലേ മോഹിക്കാനാകൂ?'' അത്ഭുതം തോന്നി. അതൊരു പുതിയ അറിവായിരുന്നു എനിക്ക്. എം ഡി ആറിന്റെ ജന്മനാടായ മഞ്ഞപ്രയും മോഹൻ ജനിച്ച വളർന്ന തത്തമംഗലവും പാലക്കാട് ജില്ലയിലാണെങ്കിലും ഇരുവരും തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ടെന്നത് അറിഞ്ഞിട്ടില്ല അതുവരെ.

"എന്‍റെ ചിറ്റപ്പനാണ് എം ഡി ആർ.,'' -- മോഹൻ പറഞ്ഞു. ചിറ്റപ്പന് കീഴിൽ സംഗീതം അഭ്യസിക്കാൻ കഴിയാതെ പോയതിൽ ഇന്നുമുണ്ട് മോഹന് ദുഃഖം. "അതിന് അവസരം ലഭിച്ചില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്‍റെ തിരക്കും എന്‍റെ സിനിമാ ഭ്രാന്തും ഒത്തുപോകാത്തതാകാം കാരണം ''. എങ്കിലും പാലക്കാടൻ ബ്രാഹ്മണ ഗൃഹങ്ങളിലെ മറ്റു ഏതു കുട്ടിയേയും പോലെ അഞ്ചാം വയസ്സിൽ തന്നെ ഒരു ഭാഗവതരുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു തുടങ്ങി മോഹൻ . പിൽക്കാലത്ത് സിനിമയിൽ ഗാന രംഗങ്ങളിൽ പ്രത്യക്ഷപ്പെടേണ്ടി വന്നപ്പോൾ ഈ പരിശീലനം തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് പറയും മോഹൻ. താളബോധമാണല്ലോ നല്ലൊരു നടന് വേണ്ട ഏറ്റവും പ്രധാന ഗുണം. യേശുദാസിന്റെയും ജയചന്ദ്രന്റെയും ഗാനങ്ങൾക്കൊത്ത് ചുണ്ടനക്കുക മാത്രമല്ല മോഹൻ ചെയ്തത്. രണ്ടു ചിത്രങ്ങളിൽ പിന്നണി പാടുകയും ചെയ്തു. "ബന്ധ"ത്തിൽ ശ്യാമിന്റെ ഈണത്തിലും (ജനിച്ചപ്പോഴേ തനിച്ചായി ഞാൻ), "ഇവിടെ തുടങ്ങുന്നു"വിൽ ജോൺസന്റെ ഈണത്തിലും (ഏതോ സ്വപ്നം പോലെ, എന്നോമൽ സോദരിക്കു, നീയെന്റെ ജീവനാണോമലേ). രണ്ടും മോഹൻ തന്നെ നിർമിച്ച ചിത്രങ്ങൾ.

ഗ്രാമത്തിലെ സമപ്രായക്കാരായ കുട്ടികൾ ഡോക്ടർമാരും എൻജിനീയർമാരുമാകാൻ വേണ്ടി ഉറക്കമിളച്ചപ്പോൾ, മോഹൻ സിനിമാസംവിധായകനാകുന്നത് സ്വപ്നം കണ്ടു നടന്നു. ഗുരുദത്ത്, ബിമൽ റോയ്, ശാന്താറാം,ഹൃഷികേഷ് മുഖർജി - ഇവരൊക്കെയായിരുന്നു ആരാധനാ പുരുഷന്മാർ . തത്തമംഗലത്തെ ചെന്താമര ടോക്കീസിൽ അന്ന് തമിഴ് മലയാളം സിനിമകളാണ് വരിക. നല്ല ഹിന്ദി സിനിമകളും ഇംഗ്ലീഷ് സിനിമകളും കാണണമെങ്കിൽ പാലക്കാട്ട് പോകണം. പുണേ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിന്‍റെ പരസ്യം കണ്ണിൽ പെടുന്നത് അക്കാലത്താണ്. സിനിമാ പഠന കോഴ്സിന് ചേരണമെങ്കിൽ ടെസ്റ്റും അഭിമുഖവും ഒക്കെ കടന്നു പോകണം. പണവും അത്യാവശ്യം. വീട്ടിൽ ചോദിച്ചാൽ പണം തരില്ല എന്നുറപ്പായിരുന്നു. ഒടുവിൽ കോഴ്സിനുള്ള പണം സ്വരൂപിക്കാൻ മോഹൻ ഒരു വഴി കണ്ടെത്തുന്ന്നു. ചെന്നൈയിൽ മെഡിക്കൽ റെപ്പിന്റെ ജോലി ചെയ്യുക.

"മുന്നൂറിലേറെ പേരാണ് ആണ് അന്ന് തെക്കേ ഇന്ത്യയിൽ നിന്ന് കോഴ്സിനു അപേക്ഷിച്ചത്. ഞാൻ ഉൾപ്പെടെ 20 പേരെ അവസാന ഘട്ട അഭിമുഖത്തിനു വിളിച്ചു. രാഗിണിയും ജമിനി ഗണേശനും ഒക്കെയുണ്ട് ഇന്റർവ്യൂ ബോർഡിൽ. ഒടുവിൽ റിസൾട്ട്‌ വന്നപ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി. തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റിൽ തെക്കേ ഇന്ത്യയിൽ നിന്ന് ഞാൻ മാത്രം. അന്ന് രാത്രി ഉറങ്ങിയില്ല. എന്നിലെ പ്രതിഭ അംഗീകരിക്കപ്പെട്ടത്തിന്റെ ആഹ്ളാദം ഒരു വശത്ത്‌.. വീട്ടുകാരിൽ നിന്ന് ഉണ്ടാകാനിടയുള്ള ശക്തമായ എതിർപ്പിനെക്കുരിച്ചുള്ള വേവലാതി മറു വശത്ത്‌. എന്തായാലും എതിർപ്പുകൾ അതിജീവിച്ച് ഒടുവിൽ ഞാൻ പുണേയിൽ എത്തിപ്പെടുക തന്നെ ചെയ്തു. ഇവനെ തടഞ്ഞിട്ടു കാര്യമില്ല എന്ന് വീട്ടുകാർക്ക് ബോധ്യപ്പെട്ടിരിക്കാം..''

പൂണെയിൽ തത്തമംഗലത്തുകാരനെ കാത്തിരുന്നത് പുതിയൊരു ലോകമായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ കലാകാരന്മാർ. -- മിഥുൻ ചക്രവർത്തി, ശബാന ആസ്മി, സറീന വഹാബ്, നസീറുദ്ദീൻ ഷാ, ഓംപുരി, ഗായകൻ ശൈലേന്ദ്ര സിംഗ്, കെ ജി ജോർജ്, മധു അമ്പാട്ട്, ബാലു മഹേന്ദ്ര തുടങ്ങി പിൽക്കാലത്ത് ഇന്ത്യൻ സിനിമയുടെ അഭിമാനഭാജനങ്ങളായി വളർന്ന പലരും അന്ന് അവിടെ വിദ്യാർഥികളായുണ്ട്. ചിലർ സഹപാഠികളായി. മറ്റുള്ളവർ സീനിയേഴ്സ് ആയി.

മോഹനിലെ അഭിനേതാവിനെ ആദ്യം തിരിച്ചറിഞ്ഞത് അടുത്ത സുഹൃത്തായ ബാലു മഹേന്ദ്ര തന്നെ. ബാലുവിനെ ക്യാമറമാൻ ആക്കി രാമു കാര്യാട്ട്‌ "നെല്ല്'' ഉൾപ്പെടെ മൂന്ന്‌ പടങ്ങൾ ഒരുമിച്ച്‌ അനൗൺസ് ചെയ്ത ഘട്ടം. നെല്ലിൽ അഭിനയിക്കാൻ പുതിയൊരു യുവനടനെ തേടുകയായിരുന്ന രാമുവിനോട് മോഹന്റെ പേര് നിർദേശിച്ചത് ബാലു ആണ്. രാമുവിന്റെ വിശ്വസ്ത അസിസ്റ്റന്റ്‌ കെ.ജി ജോർജിന്‍റെ പിന്തുണയും ഉണ്ടായിരുന്നു ആ ശുപാർശക്ക്. പുണേയിലെ കോഴ്സ് ഒരു വർഷം പിന്നിട്ടിരുന്നതേ ഉള്ളൂ എങ്കിലും ചെമ്മീന്റെ സംവിധായകന്റെ പടത്തിൽ അഭിനയിക്കാനുള്ള ക്ഷണം നിരസിക്കാൻ മനസ്സു വന്നില്ല മോഹന്.

"രാമു ആദ്യം ചെയ്തത് എന്‍റെ പേരിലെ ശർമ്മ എടുത്ത് കളയുകയാണ്. അതിനൊരു ഉത്തരേന്ത്യൻ ചുവ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.'' -- മോഹൻ ഓർക്കുന്നു. പക്ഷെ നെല്ല് പുറത്തിറങ്ങാൻ വൈകി. ഒരു ഫിലിം ഇൻസ്റ്റിട്ട്യൂട്ട് പ്രതിഭയെ രാമു സിനിമയിൽ അവതരിപ്പിക്കാൻ പോകുന്ന കാര്യം പത്രങ്ങളിൽ വായിച്ചറിഞ്ഞ പി എൻ മേനോൻ തന്റെ "പണിമുടക്കി'' ലേക്ക് മോഹനെ ക്ഷണിക്കുന്നത് ആ ഇടവേളയിലാണ്. ഓളവും തീരവും എന്ന സിനിമയുടെ വലിയൊരു ആരാധകൻ ആയിരുന്ന മോഹന് മേനോന്റെ ക്ഷണം കണ്ണുമടച്ച് സ്വീകരിക്കാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. പുതുക്കാട് വച്ച് വെറും 22 ദിവസം കൊണ്ടാണ് മധു നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗ് മേനോൻ തീർത്തത് എന്നോർക്കുന്നു മോഹൻ. മലയാളത്തിൽ ബാലു മഹേന്ദ്ര ക്യാമറ കൈകാര്യം ചെയ്ത ആദ്യ ചിത്രം. പടം ബോക്സോഫീസിൽ വിജയിച്ചില്ലെങ്കിലും പുതിയ നടനെ ജനം ശ്രദ്ധിച്ചു; ഒപ്പം സിനിമാലോകവും. കെ എസ് സേതുമാധവന്റെ `ജീവിക്കാൻ മറന്ന് പോയ സ്ത്രീ'യിൽ നായകനാകാൻ അവസരം ഒരുങ്ങിയത് അങ്ങനെയാണ്. തുടർന്ന് ചെറുതും വലുതുമായി നിരവധി പടങ്ങൾ.

ദേശീയ,സംസ്ഥാന ബഹുമതികൾ നേടിയ "ഗ്രാമം" എന്ന സിനിമയിലൂടെ മോഹൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത് പതിനാലു വർഷം മുൻപാണ്. സുകുമാരിക്ക് മികച്ച സഹനടിക്കും ഇന്ദ്രൻസ് ജയന് വസ്ത്രവിതാനത്തിനുമുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത പടം. എക്കാലത്തെയും പ്രിയപ്പെട്ട അഞ്ചു ചിത്രങ്ങളിൽ ഒന്നായി ജയലളിത തിരഞ്ഞെടുത്ത ചിത്രം കൂടിയാണത്. അക്കാദമിക് തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പടത്തിനു തിയറ്ററുകളിൽ കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നൊരു ദുഃഖം മാത്രം. സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം അവിടെനിന്നാണ്. "കലാമൂല്യമുള്ള സിനിമ എടുത്താൽ പോരാ, അത് കച്ചവടം ചെയ്യാൻ കൂടി അറിയണം എന്ന് അതോടെ മനസ്സിലായി'' -- മോഹൻ ചിരിക്കുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് താൻ അഭിനയിച്ച അശ്വതി എന്ന ചിത്രത്തിന് വേണ്ടി ജയചന്ദ്രൻ പാടിയ പഴയൊരു ഗാനത്തിന്റെ പല്ലവി വെറുതെ മൂളുന്നു അദ്ദേഹം: "കാവ്യപുസ്തകമല്ലോ ജീവിതം, ഒരു കാവ്യപുസ്തകമല്ലോ ജീവിതം, ഇതിൽ കണക്കെഴുതാൻ ഏടുകളെവിടെ...."