ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതി വെളിപ്പെടുത്തി സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. രാജേഷ് വീട്ടിൽ കിടപ്പിലാണെന്നും തെറാപ്പികൾ ഉൾപ്പെടെ തുടരുകയാണെന്നും പ്രതാപ് ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ വർഷം ഓണദിവസം വെന്റിലേറ്ററിൽ ആയിരുന്ന രാജേഷ് ഇത്തവണ വീട്ടിലെങ്കിലുമുണ്ടല്ലോ എന്നൊരു സമാധാനം മാത്രമാണ് സുഹൃത്തുക്കൾക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'രാജേഷ് കിടപ്പിലായിട്ട് ഒരു വർഷമായി അല്ലേ എന്ന് ചോദിച്ചത് വേഫയർ ഫിലിംസിലെ സംഗീത് ആണ്. 'ലോക' സിനിമയുടെ റിലീസിന് അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണു പോയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങൾ എങ്ങനെ മറക്കാനാണ്', പ്രതാപ് കുറിച്ചു.
'രാജേഷ് ഇപ്പോഴും കിടപ്പിലാണ്. പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട്. ആ മുഖത്ത് അത് വായിച്ചെടുക്കാൻ ഞങ്ങൾക്കും കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങൾ എല്ലാ വിശേഷങ്ങളും അവനോട് പറയും. കൂട്ടുകാരുടെ കാര്യങ്ങൾ, സിനിമാ വിശേഷങ്ങൾ, അവന്റെ കാര്യങ്ങൾ തിരക്കി വിളിക്കുന്നവരുടെ പേരുകൾ, മെസ്സേജുകൾ എല്ലാം. ചിലപ്പോൾ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേൾക്കും. ചിലപ്പോൾ പാതിമിഴിയിൽ എല്ലാം അവസാനിപ്പിക്കും. നല്ല മൂഡാണെങ്കിൽ കൈ പിടിക്കുമ്പോൾ നമ്മുടെ കൈ അവൻ മുറുകെ പിടിക്കും. ചെറുതായി ചിരിക്കാനും, ചുണ്ടനക്കാനും ശ്രമിക്കും', കുറിപ്പിൽ പറയുന്നു.
'ഇപ്പോഴും തെറാപ്പികൾ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഓണത്തിന് ലേക്ഷോർ ഹോസ്പിറ്റലിൽ രാജേഷിനു കൂട്ടായി ഇരിക്കുകയായിരുന്നു ഞങ്ങൾ പലരും. ഇത്തവണ, തിരുവോണ ദിവസം സിന്ധു ഒരു നീളൻ കുപ്പായം തയ്പ്പിച്ച് രാജേഷിനെ അണിയിച്ചു. നഴ്സിന്റെ സഹായത്തോടെ വീൽ ചെയറിൽ ഇരുത്തി. രൂപേഷ് അല്പം പായസം രാജേഷിന്റെ ചുണ്ടിൽ ചെറുതായി നനച്ചു കൊടുത്തു. കഴിഞ്ഞു വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ ആയിരുന്നവൻ ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി. രാജേഷിന് വേണ്ടിയുള്ള പ്രാർഥനകൾക്കും സ്നേഹത്തിനും പൂർണ ഫലമുണ്ടാകുന്ന ആ നല്ല ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അന്നാണ് ഞങ്ങളുടെ യഥാർഥ ഓണം', പ്രതാപ് കൂട്ടിച്ചേർത്തു.
Content Highlights: Friend Pratap Jayalakshmi shared an emotional health update regarding actor and TV host Rajesh Keshav, who suffered a cardiac arrest a year ago. Rajesh collapsed on August 24 last year during an event related to the movie release of Wayfarer Films. Although still bedridden, Rajesh is aware of his surroundings, listens to his friends, and responds with slight smiles and hand gestures. On Onam this year, Rajesh was dressed up, seated in a wheelchair with the help of a nurse, and fed a taste of Payasam at home. While he was in the ICU ventilator during the previous Onam, his friends and family find solace in having him home now as they pray for his complete recovery
Published: 30 Aug 2026, 02:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented