പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ച. പത്നീസമേതനായി എത്തിയ ഗായകനെ ആരോ പേര് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ കൗതുകം കലർന്ന പുഞ്ചിരിയോടെ നരേന്ദ്ര മോദി ചോദിച്ചു: ‘താൻസെൻ ഫിലിം മേ ആപ്കേ ഗാനേ കാ ക്യാ ഹുവാ?’ (താൻസൻ സിനിമയിലെ താങ്കളുടെ പാട്ടിന് എന്ത് സംഭവിച്ചു?) അത്ഭുതവും ആഹ്ളാദവും ഒരുമിച്ചു വന്ന മുഹൂർത്തമായിരുന്നു അതെന്ന് യേശുദാസ്. പ്രധാനമന്ത്രിയാണ് ചോദിക്കുന്നത്; വെളിച്ചം കാണാതെ പോയ ഒരു സിനിമക്ക് വേണ്ടി താൻ വർഷങ്ങൾക്ക് മുൻപ് പാടി റെക്കോർഡ് ചെയ്ത പാട്ടിനെക്കുറിച്ച്. രവീന്ദ്ര ജെയ്ൻ എന്ന മഹാപ്രതിഭയെ മനസ്സുകൊണ്ട് നമിച്ചുപോയ നിമിഷമായിരുന്നു അത്. ആ ഗാനത്തിന്റെ സൃഷ്ടിക്കായി രവീന്ദ്ര ജെയ്ൻജി സഹിച്ച ത്യാഗങ്ങൾക്ക് സാക്ഷിയാണല്ലോ അദ്ദേഹത്തിന്റെ പ്രിയഗായകൻ കൂടിയായ യേശുദാസ്.

To advertise here,

അപൂർവസുന്ദരമായ ഈ അനുഭവം ഗാനഗന്ധർവൻ വിവരിച്ചുകേട്ടപ്പോൾ ഓർമവന്നത് ജെയ്‌ൻജിയുടെ തന്നെ വാക്കുകളാണ്: ‘ഹൃദയരക്തം നൽകി ഞാൻ സൃഷ്ടിച്ച ഗാനമാണ് ഷഡജനേ പായാ. എന്റെ സ്വപ്നഗാനം. മരിക്കും മുൻപ് അത് സിനിമയിൽ ചിത്രീകരിച്ചു കാണണം എന്നുണ്ട്. എല്ലാം ഒത്തുവന്നാൽ താമസിയാതെ ആ മോഹം സഫലമാകും. അഭിഷേക് ബച്ചൻ യേശുവിന്റെ സ്വരത്തിൽ പാടും; ഫത്തേപ്പൂർ സിക്രിയിൽ താൻസൻ പാടി മഴ പെയ്യിച്ച അതേ സംഗീത സോപാനത്തിൽ ഇരുന്നുകൊണ്ട്. അവിടെ വെച്ചുതന്നെ ആ ഗാനം ചിത്രീകരിക്കണമെന്നത് എന്റെ വാശിയാണെന്ന് കൂട്ടിക്കോളൂ..’ അവസാനത്തെ ഫോൺ സംഭാഷണത്തിനിടെ സംഗീതസംവിധായകൻ പങ്കുവെച്ച സ്വപ്നം. പക്ഷേ, അത് സഫലമാക്കാൻ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. സംഗീത പ്രേമികളുടെ ഭാഗ്യദോഷം.

മുഗൾ ചക്രവർത്തിയായ അക്ബറിന്റെ നവരത്ന സദസ്സിലെ അംഗമായ താൻസനെ കേന്ദ്ര കഥാപാത്രമാക്കി 1970-കളുടെ അവസാനം കനക് മിശ്ര സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന് വേണ്ടിയാണ് ‘ഷഡ്ജനേ പായാ’ രവീന്ദ്ര ജെയ്ൻ സൃഷ്ടിച്ചത്. സഞ്ജീവ് കുമാർ താൻസനായി അഭിനയിക്കേണ്ടിയിരുന്ന ചിത്രം. പതിവുപോലെ രചയിതാവും സംഗീത സംവിധായകനും ജെയ്ൻജി തന്നെ. പാട്ടൊരുക്കുമ്പോൾ രാഗലക്ഷണങ്ങൾ ലളിതമായി അതിൽ കൊണ്ടുവരണമെന്ന് നിർബന്ധമുണ്ടായിരുന്നു രവീന്ദ്ര ജെയ്നിന്. സാധാരണക്കാർക്ക് കൂടി ഉൾക്കൊള്ളാൻ കഴിയുന്ന പാട്ടാവണം. പഞ്ചിംഗ് പോലുള്ള സാങ്കേതികമായ കുറുക്കുവഴികൾ നിലവിൽ വന്നിട്ടില്ലാത്ത കാലമായിരുന്നതിനാൽ അത്തരമൊരു പാട്ട് ഒറ്റയടിക്ക് പാടി ഫലിപ്പിക്കുക എളുപ്പമല്ല. അഗാധമായ ശാസ്ത്രീയ സംഗീതജ്ഞാനമുള്ളവർക്കേ അതിന് ധൈര്യം വരൂ. അപാരമായ ശബ്ദനിയന്ത്രണവും അനിവാര്യം. പല പ്രമുഖ ഗായകരേയും സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു അവരെല്ലാം എന്ന് ജെയ്ൻജി. രാഗവൈവിധ്യവും സ്ഥായീ ഭേദങ്ങളും ശ്രുതിഭേദങ്ങളും മുഖമുദ്രയായ ആ ഗാനത്തോട് നീതി പുലർത്താൻ കഴിയുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം. ഒടുവിൽ, വിധിനിയോഗമെന്നോണം ‘ഷഡ്ജനേ പായാ’ യേശുദാസിനെ തേടിയെത്തുന്നു. ‘ഇന്ന് ആ പാട്ട് കേൾക്കുമ്പോൾ തോന്നും യേശുദാസിനു വേണ്ടി മാത്രം ജനിച്ചതാണ് അതെന്ന്.’ - രവീന്ദ്ര ജെയ്ൻ.

യേശുദാസിന്റെ ശബ്ദത്തിന്റെ വലിയൊരു ആരാധകനായ സൗണ്ട് എഞ്ചിനീയർ റോബിൻ ചാറ്റർജി ആണ് മെഹബൂബ് സ്റ്റുഡിയോയിലെ സംഭവബഹുലമായ റെക്കോർഡിംഗിന് ചുക്കാൻ പിടിച്ചത്. സംഗീത പ്രതിഭകളുടെ ഒരു ‘ക്രോസ്സ് സെക്ഷൻ’ തന്നെ അണിനിരന്നു പാട്ടിന്റെ പിന്നണിയിൽ - പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ശിവകുമാർ ശർമ്മ, ജനാർദ്ദൻ അഭയങ്കർ, വീണാ പാർത്ഥസാരഥി തുടങ്ങി മഹാപ്രതിഭകളുടെ ഒരു നിര. രണ്ടു ദിവസത്തിലേറെ വേണ്ടിവന്നു പാട്ട് റെക്കോർഡ് ചെയ്യാൻ. ഒരു നിമിഷം പോലും പാഴാക്കാതെ, ജലപാനം പോലും ഉപേക്ഷിച്ചുകൊണ്ടുള്ള യജ്ഞം. ‘59 ടേക്കുകൾക്ക് ശേഷം മൂന്നാം ദിവസം പുലർച്ചയോടെ ഗാനം ഓക്കേ ആകുമ്പോഴേക്കും ഞാനും യേശുവും ആകെ തളർന്നിരുന്നു. കുറെ ദിവസത്തേക്ക് പിന്നീട് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലുമായില്ല. എങ്കിലും ആ ക്ഷീണത്തിന് പോലുമുണ്ടായിരുന്നു ഒരു പ്രത്യേക സുഖം.’ - രവീന്ദ്ര ജെയ്ൻ പറഞ്ഞു. ‘ആ ഗാനം റെക്കോർഡ് ചെയ്ത ശേഷമാണ് ഞാൻ യേശുവിനെ പണ്ഡിറ്റ് യേശുദാസ് എന്ന് വിളിച്ചു തുടങ്ങിയത്. വെറുമൊരു പിന്നണി ഗായകൻ മാത്രമല്ലല്ലോ അദ്ദേഹം.’

ആയുസ്സിലൊരിക്കൽ മാത്രം സംഭവിക്കുന്ന അത്തരമൊരു ക്ലാസിക്ക് ഗാനം ‘പാഴായിപ്പോയ’തിൽ മരണം വരെ ദുഖിച്ചിരുന്നു രവീന്ദ്ര ജെയ്ൻ. ഗാനങ്ങളുടെ റെക്കോർഡ് വിപണിയിലെത്തിയെങ്കിലും പടം പുറത്തുവന്നില്ല. ‘സിനിമ വരാത്തതിൽ യേശുവിനും ഉണ്ടായിരുന്നു ദുഃഖം. എന്തു ചെയ്യാം? ക്ലാസിക്കൽ സ്പർശമുള്ള ഇത്തരം ഗാനങ്ങൾ പുതിയ തലമുറ സ്വീകരിക്കുമോ എന്നായിരുന്നു അധികം പേർക്കും ആശങ്ക.’ എല്ലാ പ്രതീക്ഷയും അസ്തമിച്ചു തുടങ്ങിയ ഘട്ടത്തിൽ ദൈവദൂതനെ പോലെ സൂരജ് ബർജാത്യ അവതരിക്കുന്നു; പഴയ അതേ താൻസന്റെ കഥ അഭിഷേക് ബച്ചനേയും ഐശ്വര്യ റോയിയേയും വെച്ച് പുനർനിർമ്മിക്കാം എന്ന വാഗ്‌ദാനവുമായി. ‘ഷഡ്ജനേ പായാ’ ഉൾപ്പെടെ പഴയ സിനിമക്ക് വേണ്ടി റെക്കോർഡ് ചെയ്ത ആറു പാട്ടുകൾ പുതിയ സിനിമയിൽ ഉപയോഗിക്കാനും അദ്ദേഹം തയ്യാറായി എന്നതാണ് അത്ഭുതം. പക്ഷേ ഒരു പ്രശ്‌നം. താൻസന്റെ കഥ സിനിമയാക്കാൻ ധൈര്യമുള്ള സംവിധായകരെ കിട്ടാനില്ല. ആരുമില്ലെങ്കിൽ താൻ തന്നെ സംവിധായകന്റെ റോൾ ഏറ്റെടുക്കാം എന്നായിരുന്നു രവീന്ദ്ര ജെയ്‌നിന്റെ വാഗ്ദാനം. നായകനാകാൻ അഭിഷേക് ഉള്ളപ്പോൾ മറ്റ് ആശങ്കകൾ എന്തിന്? ‘നിങ്ങൾ വിശ്വസിക്കുമോ, ഈ രാഗമാലിക ചിട്ടപ്പെടുത്തുന്ന സമയത്ത് യേശുദാസ് തന്നെയായിരുന്നു എന്റെ മനസ്സിലെ താൻസൻ.’- ജെയ്ൻജി പറഞ്ഞു. ‘വെള്ളിത്തിരയിൽ ആ പാട്ട് പാടി അഭിനയിക്കാൻ ഏറ്റവും യോഗ്യത യേശുവിന് തന്നെ. പക്ഷേ ഇനി അത് നടക്കില്ല. ഈ പ്രായത്തിൽ യേശുവിനോട് അഭിനയിക്കാൻ പറയുന്നത് അധികപ്രസംഗമല്ലേ?.’

കൗതുകം തോന്നാം. മുൻപൊരു മലയാള സിനിമയിൽ താൻസനായി മുഖം കാണിച്ചിട്ടുണ്ട് യേശുദാസ്. ഉദയായുടെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘അനാർക്കലി’ (1966) യിൽ. പക്ഷേ ആ ചിത്രത്തിൽ താൻസനു വേണ്ടി പിന്നണി പാടിയത് യേശുദാസല്ല; ഡോ.ബാലമുരളീകൃഷ്ണയാണ്. ‘സപ്തസ്വരസുധാ സാഗരമേ’ എന്ന് തുടങ്ങുന്ന ആ ഗാന രംഗത്ത് യേശുദാസിന്റെ സഹഗായകനായി അഭിനയിച്ച എൽ. പി.ആർ. വർമ്മക്ക് വേണ്ടി പാടിയതാകട്ടെ പി.ബി.ശ്രീനിവാസും. ‘അനാർക്കലി’യിൽ പ്രത്യക്ഷപ്പെട്ട് ഇരുപത് വർഷം കഴിഞ്ഞ് ചിന്താമണി സൂർദാസ് (1988) എന്ന ഹിന്ദി ചിത്രത്തിൽ താൻസൻ കഥാപാത്രത്തിന് വേണ്ടി പിന്നണി പാടാനും ഭാഗ്യമുണ്ടായി യേശുദാസിന് -രവീന്ദ്ര ജെയ്ൻ സ്വരപ്പെടുത്തിയ ‘മേരാ മൻ അനത് കഹാ’ എന്ന ശാസ്ത്രീയ ഗാനം. പടത്തിൽ താൻസനായി അഭിനയിച്ചത് ചില്ലറക്കാരനല്ല എന്നു കൂടി അറിയുക- ഭജൻ ഗസൽ പ്രതിഭയായ അനൂപ് ജലോട്ട.

സംഗീത സംവിധായകനും ഗായകനും തമ്മിലുള്ള പ്രൊഫഷണൽ ബന്ധത്തിനപ്പുറത്ത് ഗാഢമായ ആത്മബന്ധം കാത്തുസൂക്ഷിച്ചവരാണ് രവീന്ദ്ര ജെയ്‌നും യേശുദാസും. ചിത്ചോർ എന്ന ചിത്രത്തിൽ തുടങ്ങുന്നു ആ സൗഹൃദം. നേരത്തെ ആനന്ദമഹൽ എന്ന സിനിമക്ക് വേണ്ടി സലിൽ ചൗധരിയുടെ ഈണത്തിൽ യേശുദാസ് പാടിയ ചില ശ്ലോകങ്ങൾ കേട്ടാണ് ജെയ്ൻജി അദ്ദേഹത്തെ ചിത്ചോറിൽ പാടാൻ ക്ഷണിക്കുന്നത്. ‘കാഴ്ച്ച ശക്തി ഇല്ലാത്തവർക്ക് ദൈവം ഒരു കഴിവ് തന്നിട്ടുണ്ട്. ഏതു ശബ്ദത്തിലേയും ന്യൂനതകൾ ഞങ്ങളുടെ കാതുകൾ എളുപ്പം പിടിച്ചെടുക്കും. യേശുവിന്റെ ശബ്ദം ആദ്യം കേട്ടപ്പോൾ കരടുകൾ ഒന്നുമില്ലാത്ത ശബ്ദം എന്നാണ് മനസ്സ് മന്ത്രിച്ചത്‌. എന്തോ ഒരു ദൈവികത്വം ഉണ്ടായിരുന്നു ആ ശബ്ദത്തിൽ.’

അതേ ദൈവികത്വത്തിൽ നിന്നാണ് രവീന്ദ്ര ജെയ്ൻ യേശുദാസിന് വേണ്ടി എണ്ണമറ്റ സൂപ്പർ ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചത് എന്നുകൂടി ഓർക്കുക: ഗോരി തേരാ ഗാവ് ബഡാ പ്യാരാ, ജബ് ദീപ് ജലേ ആനാ, തുജോ മേരെ സുർ മേ, ആജ് സെ പെഹ്‌ലെ (ചിത്ചോർ), സുനയനാ, ആംസൂ ഭി ഹേ (സുനയനാ), ഖുഷിയാം ഹി ഖുഷിയാം (ദുൽഹൻ വഹി ജോ പിയാ മൻ ഭായെ)..... ‘സുജാത’ എന്ന ചിത്രത്തിലെ താലിപ്പൂ പീലിപ്പൂ, കാളിദാസന്റെ കാവ്യഭാവനയെ തുടങ്ങിയ മലയാളം പാട്ടുകൾ വേറെ. എന്നെങ്കിലും ഈശ്വരൻ കാഴ്ച്ച കനിഞ്ഞുനൽകിയാൽ ആദ്യം കാണാൻ ആഗ്രഹിക്കുന്ന മുഖം യേശുദാസിന്റേതാണെന്ന് പറഞ്ഞിട്ടുണ്ട് രവീന്ദ്ര ജെയ്ൻ. ആ ഭാഗ്യമുണ്ടായില്ല ജെയ്‌ൻജിക്ക്. 2015 ഒക്ടോബർ 9-ന് അദ്ദേഹം യാത്രയായി; പ്രകാശമാനമായ മറ്റൊരു ലോകത്തേക്ക്.