അവസരങ്ങൾ കുറഞ്ഞതോടെ ഇടക്കൊരിക്കൽ അഭിനയത്തിലും കൈ വച്ചെങ്കിലും (ദോ ജാസൂസ്, എഗ്രിമെന്റ്) അവിടെയും ശൈലേന്ദ്ര സിംഗിനെ ഭാഗ്യം തുണച്ചില്ല. സംഘ ഗാനങ്ങളും സ്റ്റേജ് പരിപാടികളുമായി കാലം കഴിക്കേണ്ടിവന്നു അദ്ദേഹത്തിന്.

നായകവേഷം മോഹിച്ചാണ് ചെന്നത്; കിട്ടിയതാകട്ടെ ഗായകവേഷവും. എങ്കിലെന്ത് ? അര നൂറ്റാണ്ടിനിപ്പുറവും ആസ്വാദകരുടെ ചുണ്ടിലും മനസ്സിലുമുണ്ട് അന്ന് പാടിയ പാട്ടുകളെല്ലാം: മേ ശായർ തോ നഹി, ഹം തും ഏക് കമരേ മേ ബന്ദ് ഹോ, ജൂട്ട് ബോലേ കൗവാ കാട്ടേ, മുജേ കുച്ഛ് കെഹനാ ഹേ, നാ ചാഹൂ സോനാ ചാന്ദി... ഇന്ത്യ മുഴുവൻ ഏറ്റുപാടിയ ‘ബോബി’യിലെ ഗാനങ്ങൾ.
ആർകെ സ്റ്റുഡിയോയിൽ നിന്ന് വിളി വന്നപ്പോൾ അഭിനയിക്കാൻ വേണ്ടിയെന്നാണ് ശൈലേന്ദ്ര സിംഗ് കരുതിയത്. പഠിച്ചത് അഭിനയമാണല്ലോ. എന്നാൽ സ്റ്റുഡിയോയിൽ ചെന്നപ്പോൾ ഓർക്കസ്ട്രയുമായി സംഗീത സംവിധായകരായ ലക്ഷ്മികാന്ത് പ്യാരേലാൽ കാത്തിരിക്കുന്നു. സംവിധായകൻ രാജ് കപൂറുമുണ്ട് കൺസോളിൽ.
പരിഭ്രമം തോന്നി. പുറത്തുകാണിച്ചില്ലെന്നു മാത്രം. തൊട്ടു മുൻപ് 'ബോബി'ക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഗസൽ മൂഡുള്ള പാട്ടാണ് സംഗീത സംവിധായകർ അവിടെ വെച്ച് ശൈലേന്ദ്രയെ പഠിപ്പിച്ചത്: മേ ശായർ തോ നഹി.. ഓർക്കസ്ട്രയുടെ അകമ്പടിയോടെ അന്നു തന്നെ പരീക്ഷണാർത്ഥം ഗാനം ടേപ്പിൽ പകർത്തുകയും ചെയ്തു. പുതുഗായകന്റെ ശബ്ദം റെക്കോർഡിംഗിന് അനുയോജ്യമാണോ എന്നറിയണമല്ലോ. പശ്ചാത്തലത്തിൽ കോംഗോ ഡ്രം വായിച്ച സുന്ദരനായ ചെറുപ്പക്കാരനെ ശൈലേന്ദ്ര സിംഗ് ഇന്നുമോർക്കുന്നു - പിൽക്കാലത്ത് തിരക്കേറിയ സംഗീത സംവിധായകനായി വളർന്ന രാജേഷ് റോഷൻ. പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെക്കുകയായിരുന്നു ശൈലേന്ദ്ര സിംഗ്; താൻ പോലുമറിയാതെ.
സിനിമാക്കമ്പം തലയ്ക്കു പിടിച്ച ബാല്യമായിരുന്നു മുംബൈയിലെ പഞ്ചാബി കുടുംബത്തിൽ ജനിച്ച ശൈലേന്ദ്ര സിംഗിന്റേത്. ചെറുപ്പം മുതലേ പാടുമെങ്കിലും നടനാകാനായിരുന്നു മോഹം. അതിനുള്ള രൂപസൗഭഗവുമുണ്ട്. സ്വപ്നം സഫലമാക്കാനായി പൂനാ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ അഭിനയം പഠിക്കാൻ ചേരുന്നു ശൈലേന്ദ്ര. ശബാന ആസ്മി, സറീന വഹാബ്, റീത്താ ഭാദുരി, മലയാളിയായ മോഹൻ ശർമ്മ ഒക്കെ അന്നവിടെ സഹപാഠികൾ. പക്ഷെ കോഴ്സ് പൂർത്തിയാക്കും മുൻപ് പിതാവിന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ വി പി സാഥെ വഴി 'ബോബി'യിലേക്കുള്ള ക്ഷണം വരുന്നു. പിന്നീടുള്ളത് ചരിത്രം.
രണ്ടാഴ്ച്ചത്തെ റിഹേഴ്‌സലിന് ശേഷം നവരംഗ് സ്റ്റുഡിയോയിൽ വെച്ചായിരുന്നു റെക്കോർഡിംഗ്. നാളികേരമുടച്ച് ഗാനലേഖനത്തിന് തുടക്കം കുറിച്ചത് സാക്ഷാൽ ലതാ മങ്കേഷ്‌കർ. രാജ് കപൂർ ചിത്രങ്ങളുടെ 'ഭാഗ്യദേവത'യായിരുന്നു എന്നും ലതാജി. നൂറോളം വാദ്യോപകരണ വിദഗ്ദർ അണിനിരന്ന ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള റെക്കോർഡിംഗ് ഒരു ആഘോഷം തന്നെയായിരുന്നു എന്നോർക്കുന്നു ശൈലേന്ദ്ര. ഹം തും ഏക് കമരേ മേ ബന്ദ് ഹോ എന്ന ഗാനമാണ് ആദ്യം റെക്കോർഡ് ചെയ്തത്.
"ലതാജിയോടൊത്താണ് പാടേണ്ടത് എന്നറിഞ്ഞപ്പോഴേ എന്റെ നെഞ്ചിടിപ്പ് കൂടി. കുട്ടിക്കാലം മുതലേ നമ്മൾ ദൈവത്തെ പോലെ ആരാധിക്കുന്ന പാട്ടുകാരിയല്ലേ? കുഛ് ദിൽ നേ കഹാ, ജാരെ ഉഡ് ജാരെ പഞ്ചി തുടങ്ങിയ പാട്ടുകളൊക്കെ സ്വയം മറന്നു കേട്ട് നിന്നിട്ടുണ്ട് ഒരിക്കൽ. പക്ഷെ ഒരിക്കലും എന്നെ ഒരു തുടക്കക്കാരനായി കണ്ട് അവഗണിച്ചില്ല അവർ. പകരം വാത്സല്യപൂർവ്വം പെരുമാറി. തൊട്ടടുത്ത് നിന്ന് പാടിയിട്ടു പോലും ലതാജിയുടെ ശബ്ദം കേൾക്കാൻ പ്രയാസമായിരുന്നു. അവർ ചുണ്ടനക്കുന്നതേ നമ്മൾ കാണൂ. ശബ്ദം അതീവ ലോലമെങ്കിലും സ്പീക്കറിലൂടെ പുറത്തുവരുമ്പോൾ അത് വേറൊരു തലത്തിൽ എത്തിക്കഴിഞ്ഞിട്ടുണ്ടാകും. ഒരു തരം മാജിക്.'' -- ശൈലേന്ദ്ര സിംഗ്.
'മേ ശായർ തോ നഹി'യുടെ പിറവിയും മറക്കാനാവില്ല. ഗാനം സൂപ്പർ ഹിറ്റാകുമെന്ന് ആദ്യം പ്രവചിച്ചവരിൽ ഒരാൾ പിന്നണിയിൽ അതീവ ഹൃദ്യമായി ഗിറ്റാർ വായിച്ച ഗോരഖ് ശർമ്മയാണ്. പ്യാരേലാലിന്റെ അനിയൻ കൂടിയായ ഗോരഖിന്റെ ഗിറ്റാർ വാദനം ഒഴിച്ചുനിർത്തി ഈ ഗാനത്തെ കുറിച്ച് സങ്കൽപ്പിക്കുകപോലും അസാധ്യം.
ഗാനം റെക്കോർഡ് ചെയ്ത അതേ ദിവസം വൈകീട്ടായിരുന്നു ബോബിയുടെ റിലീസിന് മുന്നോടിയായി സിനിമാരംഗത്തെ പ്രമുഖർക്ക് വേണ്ടി നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ രാജ് കപൂർ ഒരുക്കിയ ആർഭാടപൂർണ്ണമായ വിരുന്ന്. "പ്രശസ്തരുടെ ഒരു നിര തന്നെയുണ്ടായിരുന്നു അതിഥികളായി. താരങ്ങൾ, സംഗീത സംവിധായകർ, രാഷ്ട്രീയനേതാക്കൾ..അങ്ങനെ പലരും''-- ശൈലേന്ദ്ര സിംഗ് ഓർക്കുന്നു. "വിരുന്നിനിടെ രാജ് സാബ് ഋഷിയെയും ഡിംപിളിനെയും എന്നെയും അലങ്കരിച്ച ഒരു സോഫയ്ക്ക് മുകളിൽ കയറ്റി നിർത്തി. ഓരോരുത്തരെയായി സദസ്സിന് പരിചയപ്പെടുത്തി. ഇതാ ഇയാളാണ് ഇന്നത്തെ താരം എന്നു പറഞ്ഞു എന്നെ പരിചയപ്പെടുത്തുമ്പോൾ മേ ശായർ തോ നഹി എന്ന ഗാനം പശ്ചാത്തലത്തിൽ ഒഴുകിവരുന്നുണ്ടായിരുന്നു. നിറഞ്ഞ സദസ്സിന്റെ കയ്യടി ഇപ്പോഴും എന്റെ കാതിലുണ്ട്. പരിപാടി കഴിഞ്ഞ ശേഷം ഹാളിന്റെ ഒരു ഒഴിഞ്ഞ കോണിലേക്ക് എന്നെ മാറ്റിനിർത്തി രാജ് കപൂർ പറഞ്ഞ വാക്കുകളും ഓർക്കുന്നു: ബേട്ടാ, ഈ പാട്ട് നിന്നെ ഒരു താരമാക്കി മാറ്റും. എന്നെ വിശ്വസിക്കാം. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക. പ്രശസ്തിയുടെ പടവുകൾ കയറിപ്പോകുമ്പോൾ, ചിലരൊക്കെ അതേ പടികളിലൂടെ താഴേക്ക് ഇറങ്ങിവരുന്നത് കാണാം. അവരെ വണങ്ങാൻ മറക്കരുത്.''
അന്നത്തെ വിരുന്നിൽ നിന്ന് ശൈലേന്ദ്ര സിംഗിന്റെ ഓർമ്മയിൽ അവശേഷിക്കുന്ന മറ്റൊരു മുഖം ഗായകൻ മുകേഷിന്റേതാണ്. സദസ്സിന്റെ അഭ്യർത്ഥന മാനിച്ച് പുതുമുഖ ഗായകൻ മേ ശായർ തോ നഹി എന്ന ഗാനം ലൈവ് ആയി പാടുമ്പോൾ പശ്ചാത്തലത്തിൽ ഹാർമോണിയം വായിച്ചത് മുകേഷായിരുന്നു. "ആ വലിയ മനസ്സിന് മുൻപിൽ നമസ്കരിച്ചു പോയ നിമിഷങ്ങൾ. എന്നെ പോലൊരു നവാഗത ഗായകന് വേണ്ടി ഹാർമോണിയം വായിക്കാൻ മറ്റേതെങ്കിലും പ്രശസ്ത ഗായകൻ തയ്യാറാകുമോ?''
ശങ്കർ ജയ്കിഷൻ കൂട്ടുകെട്ടിൽ നിന്ന് ലക്ഷ്മികാന്ത് പ്യാരേലാലിലേക്കുള്ള മാറ്റം രാജ് ചിത്രങ്ങളുടെ ആരാധകർ എങ്ങനെ സ്വീകരിക്കും എന്നായിരുന്നു എല്ലാവരുടെയും ആകാംക്ഷ. പക്ഷേ ആശങ്കകളെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ബോബിയിലെ പാട്ടുകൾ സൂപ്പർ ഹിറ്റായി. 1973 സെപ്തംബർ 27 ന് സിനിമ തിയേറ്ററുകളിൽ എത്തുമ്പോഴേക്കും ഇന്ത്യ മുഴുവൻ ഏറ്റുപാടിതുടങ്ങിയിരുന്നു ആ ഗാനങ്ങൾ. ആരാണീ പുതിയ ഗായകൻ എന്ന് ജനം കൗതുകത്തോടെ പരസ്പരം ചോദിച്ചുകൊണ്ടിരുന്ന കാലം.
ഒരൊറ്റ രാത്രി കൊണ്ട് ശൈലേന്ദ്ര സിംഗ് യുവാക്കളുടെ ഹരമായി മാറുന്നു. "ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എല്ലാം കിനാവ് പോലെ.''-- ശൈലേന്ദ്ര. "ഞാൻ സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത പ്രശസ്തിയും ആരാധനയുമാണ് ആ ഗാനങ്ങൾ നേടിത്തന്നത്. മാധ്യമങ്ങൾക്ക് ഇന്റർവ്യൂ നൽകലായിരുന്നു മാസങ്ങളോളം എന്റെ പ്രധാന ജോലി. ആരാധികമാരുടെ വേട്ടയാടൽ അതിനു പുറമെ. സ്വന്തം ചോരയിൽ പേന മുക്കി എനിക്ക് പ്രണയലേഖനങ്ങൾ എഴുതിയ സുന്ദരിമാർ വരെയുണ്ട്. ശരിക്കും ആസ്വദിച്ചുപോയി ആ അനുഭവങ്ങൾ എല്ലാം. ചെറുപ്പമല്ലേ..''
പതിനൊന്ന് കോടി രൂപയുടെ കളക്ഷനുമായി 1970 കളിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിൽ ഒന്നായി മാറി ബോബി. രണ്ടു വർഷം കഴിഞ്ഞു വെളിച്ചം കണ്ട ഷോലെ മാത്രമേ വരുമാനത്തിൽ ബോബിയെ കടത്തിവെട്ടിയുള്ളു. ഋഷി കപൂർ -- ഡിംപിൾ ജോഡി മാത്രമല്ല, ബോബിയിൽ ചെറുകിട റോളുകളിൽ അഭിനയിച്ചവർ പോലും തിരക്കേറിയ താരങ്ങളായി. "പ്രേം നാം ഹേ മേരാ, പ്രേം ചോപ്ര'' എന്ന വിഖ്യാതമായ ഡയലോഗുമായി വെള്ളിത്തിരയിൽ വന്നുപോയ വില്ലൻ പ്രേം ചോപ്രക്കു പോലുമുണ്ടായി ഫാൻസ് ക്ലബ്ബുകൾ. ഗാനരചയിതാവ് ആനന്ദ് ബക്ഷിയും സംഗീത സംവിധായക സഖ്യമായ ലക്ഷ്മികാന്ത് പ്യാരേലാലിനും തിരക്കേറുന്നതും ബോബിയുടെ വിജയത്തോടെ തന്നെ. പക്ഷേ പടത്തിന്റെ മുഖ്യ വിജയഘടകമായിരുന്ന ശൈലേന്ദ്ര സിംഗിന് മാത്രം ആ ഭാഗ്യമുണ്ടായില്ല. ബോബിയിൽ തുടങ്ങി ബോബിയിൽ ഒടുങ്ങി ശൈലേന്ദ്രയുടെ ശുക്രദശ; പിന്നെയും കുറച്ചു പടങ്ങളിൽ കൂടി പാടിയെങ്കിലും.
"ബോബിക്ക് ശേഷം വന്ന സിനിമകളിലും ഋഷി ഗായകനായി എന്റെ പേർ ശുപാർശ ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. നിർഭാഗ്യവശാൽ അതുണ്ടായില്ല.'' -- ശൈലേന്ദ്ര സിംഗ് ഓർക്കുന്നു. തൊട്ടു പിന്നാലെ വന്ന "ഖേൽ ഖേൽ മേ"യിൽ ഋഷിക്ക് വേണ്ടി പ്രധാന ഗാനങ്ങൾ എല്ലാം പാടിയത് കിഷോർ കുമാർ. പിന്നീടങ്ങോട്ടുള്ള സിനിമകളിലും കഥ ആവർത്തിച്ചു. ശൈലേന്ദ്രയുടെ ശബ്ദത്തിന്റെ പിന്തുണയോടെ ബോളിവുഡിൽ പ്രശസ്തിയുടെ പടവുകൾ കയറിപ്പോയ ഋഷി കപൂറും ലക്ഷ്മികാന്ത് പ്യാരേലാലുമെല്ലാം പതുക്കെ പഴയ ഗായകനെ മറന്നു; അഥവാ മറന്നുവെന്നു നടിച്ചു. അവസരങ്ങൾ കുറഞ്ഞതോടെ ഇടക്കൊരിക്കൽ അഭിനയത്തിലും കൈ വച്ചെങ്കിലും (ദോ ജാസൂസ്, എഗ്രിമെന്റ്) അവിടെയും ശൈലേന്ദ്ര സിംഗിനെ ഭാഗ്യം തുണച്ചില്ല. സംഘ ഗാനങ്ങളും സ്റ്റേജ് പരിപാടികളുമായി കാലം കഴിക്കേണ്ടിവന്നു അദ്ദേഹത്തിന്.
"ഇന്നോർക്കുമ്പോൾ സിനിമയെ അമിതമായി ആശ്രയിച്ചതാണ് എനിക്ക് പിണഞ്ഞ അബദ്ധം എന്ന് തോന്നുന്നു. വളർന്നുവരുന്ന ഗായകർക്ക് മാർഗതടസ്സം സൃഷ്ടിക്കാൻ ശ്രമിച്ച ഒരു ലോബി അന്ന് ഹിന്ദി സിനിമാ രംഗത്തുണ്ടായിരുന്നു. സിനിമയുടെ മുഖ്യധാരയിൽ നമ്മെ ഒറ്റപ്പെടുത്താൻ വേണ്ടി ഏതറ്റം വരെയും പോകും അക്കൂട്ടർ. ഒരിക്കൽ പ്രമേഹം കൂടി ആശുപത്രിയിൽ ഒരാഴ്ചയോളം ചെലവഴിക്കേണ്ടി വന്നപ്പോൾ എന്റെ ശബ്ദം എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് പ്രചരിപ്പിച്ചവരുണ്ട് എന്നുപറഞ്ഞാൽ വിശ്വസിക്കുമോ? ബൈപാസ് സർജറിക്ക് വേണ്ടിയാണത്രെ ഞാൻ ആശുപത്രിയിൽ അഡ്മിറ്റായത്.'' അനുശോചനം അറിയിക്കാൻ ആ നാളുകളിൽ ശൈലേന്ദ്രയെ ഫോണിൽ വിളിച്ചവർ നിരവധി. ഫോണിന്റെ മറുതലക്കൽ നിന്ന് ഹലോ എന്ന പ്രതികരണം കേട്ട് ചിലർക്കെങ്കിലും നിരാശ വന്നിരിക്കണം. എന്നെന്നേക്കുമായി നിശബ്ദനായ ശൈലേന്ദ്ര സിംഗിനെയാകുമല്ലോ അവർ പ്രതീക്ഷിച്ചിരിക്കുക.
സിനിമ ഇങ്ങനെയൊക്കെയാണ് എന്ന് സ്വയം സമാധാനിക്കുന്നു ശൈലേന്ദ്ര സിംഗ്. "ആരോടുമില്ല പരിഭവം. ലഭിച്ച അവസരങ്ങളിൽ തൃപ്തനാണ് ഞാൻ. സിനിമാസംഗീതത്തിൽ അതിപ്രഗത്ഭർ മാത്രം നിറഞ്ഞു നിന്ന കാലത്ത് ഇത്രയെങ്കിലുമൊക്കെ പാടാൻ കഴിഞ്ഞല്ലോ. അതുതന്നെ മഹാഭാഗ്യം."
Content Highlights: The inspiring and poignant journey of veteran playback singer Shailendra Singh, who initially arrived in Mumbai aspiring to be an actor but inadvertently catapulted to overnight stardom with iconic chartbusters in Raj Kapoor's classic film Bobby.
Published: 10 Oct 2026, 09:54 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented