രോ ലോകകപ്പ് മത്സരത്തിനും മുന്നോടിയായി ഫിഫ ഔദ്യോഗികമായി ഗാനങ്ങള്‍ പുറത്തിറക്കുന്നത് പതിവാണ്. മത്സരങ്ങളുടെ പ്രചരണാര്‍ഥം ഗാനങ്ങള്‍ റിലീസ് ചെയ്യുന്ന പതിവ് 1962-ലെ ചിലി ലോകകപ്പിലാണ് തുടക്കമിട്ടത്. ഒഫിഷ്യല്‍ ആന്തം, ഒഫിഷ്യല്‍ സോങ്, പ്രൊമോഷണല്‍ സോങ് ഇങ്ങനെ നീളുന്നു ഗാനങ്ങളുടെ പട്ടിക. ലോകകപ്പിന്റെ ആവേശം ചോരാതെ തയ്യാറാക്കുന്ന ഗാനങ്ങള്‍ സംഗീതപ്രേമികളും ഫുട്ബോള്‍ പ്രേമികളും അത്യാവേശത്തോടെ സ്വീകരിച്ച ചരിത്രമാണ് ലോകകപ്പ് ഗാനങ്ങള്‍ക്കുള്ളത്. ഇംഗ്ലീഷ്, സ്പാനിഷ്, ഇവ കൂടാതെ ഓരോ തവണയും ലോകകപ്പ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ഭാഷ തുടങ്ങി വിവിധ ഭാഷകളിലാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. കൂടാതെ ഗാനത്തിന്റെ വീഡിയോ ആവിഷ്‌കാരത്തില്‍ ആതിഥേയരാജ്യത്തിന്റെ സാംസ്‌കാരികപൈതൃകത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുത്തുന്നതും പതിവാണ്. 

To advertise here,

ഗ്യാലറിയിലിരുന്ന് കളികാണുന്ന കാണികളുടെ ആര്‍പ്പുവിളികളാണ് കളത്തിലെ കളിക്കാര്‍ക്ക് ആവേശം പകരുന്നത്. നാല് കൊല്ലത്തെ ഇടവേളയിലെത്തുന്ന ലോകകപ്പ് ഫുട്ബോളും ഒളിമ്പിക്സും സ്പോര്‍ട്സ് പ്രണയികള്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഏറ്റവുമധികം പേര്‍ ആസ്വദിക്കുന്ന ഇവന്റുകളായി ഇവ തുടരുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളില്‍ തങ്ങളുടെ രാജ്യം ഉള്‍പ്പെടുന്നില്ലെങ്കിലും ഏതെങ്കിലുമൊരു ടീമിനൊപ്പം തങ്ങളുടെ ആവേശം ഫുട്ബോള്‍ പ്രേമികള്‍ ചേര്‍ത്തുവെച്ചിരിക്കും. ഏറ്റവും വലിയ ഫുട്ബോള്‍ മാമാങ്കത്തിനായി സംഘാടകരും (ഫിഫ) മാക്സിമം തയ്യാറെടുക്കും. 2022 അവസാനത്തോടെ ഖത്തറില്‍ നടത്താന്‍ നിലവില്‍ നിശ്ചയിച്ചിരിക്കുന്ന 22-മത് ലോകകപ്പ് മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കാല്‍പ്പന്തുകളിയുടെ പ്രണയികള്‍.

'സാമിനാ മിനാ സാങ്കലേവ ദിസ് ടൈം ഫോര്‍ ആഫ്രിക്ക'

ദക്ഷിണാഫ്രിക്കയായിരുന്നു 2010 ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. നാല് ഗാനങ്ങളാണ് ലോകകപ്പിനോടനുബന്ധിച്ച് അക്കൊല്ലം റിലീസായത്- സൈന്‍ ഓഫ് വിക്ടറി എന്ന ഒഫിഷ്യല്‍ ആന്തം, വക്ക വക്ക എന്ന ഒഫിഷ്യല്‍ സോങ്, വേവിങ് ഫ്ളാഗ് എന്ന പ്രൊമോഷണല്‍ ആല്‍ബത്തിന്റെ രണ്ട് വേര്‍ഷനുകള്‍. ഇതില്‍ വക്ക വക്ക എന്ന ഗാനം യൂട്യൂബില്‍ ഇതിനോടകം മൂന്നൂറ് കോടിയിലേറെ വ്യൂസ് നേടിക്കഴിഞ്ഞു. ഇംഗ്ലീഷ്, സ്പാനിഷ്, ഫാങ് എന്നീ ഭാഷകള്‍ ഗാനത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. കൊളംബിയന്‍ ഗായിക ഷക്കീറയും അമേരിക്കന്‍ സംഗീതപ്രവര്‍ത്തകന്‍ ജോണ്‍ ഹില്ലും ചേര്‍ന്നാണ് ഗാനത്തിന്റെ രചനയും സംഗീതസംവിധാനവും നിര്‍വഹിച്ചത്. കളിക്കളത്തിലിറങ്ങുന്ന ഓരോ താരത്തേയും പടക്കളത്തില്‍ പോരാട്ടത്തിനിറങ്ങുന്ന പടയാളികള്‍ക്ക് ധൈര്യം പകരുന്ന ഉണര്‍ത്തുപാട്ടിന്റെ രീതിയിലായിരുന്നു ഗാനത്തിന്റെ വരികള്‍. ഗാനം ഏറെ പ്രശംസ നേടിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ കലാകാരനെ പരിഗണിക്കാതെ മറ്റൊരു രാജ്യക്കാരിയായ ഷക്കീറയെ ഗാനമേല്‍പ്പിച്ച ഫിഫക്കെതിരെ ദക്ഷിണാഫ്രിക്കക്കാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

2010 മേയ് ഏഴിനായിരുന്നു വക്ക വക്കയുടെ റിലീസ്. ദക്ഷിണാഫ്രിക്കന്‍ മ്യൂസിക് ബാന്‍ഡായ ഫ്രെഷ്ലിഗ്രൗണ്ട് (Freshlyground)ഷക്കീറയോടൊപ്പം ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. അമേരിക്കന്‍ സംവിധായകനായ മാര്‍ക്കസ് റബോയ് ആണ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിന് പിന്നില്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന ഗാനത്തിന്റെ വീഡിയോയും ഏറെ ശ്രദ്ധ നേടി. വീഡിയോയുടെ ദൃശ്യനിര്‍ണയത്തില്‍ ഷക്കീറക്കൊപ്പം അന്റോണിയോ നവാസും പ്രധാന പങ്കുവഹിച്ചു. ഒരു വേള്‍ഡ് ട്രിപ്പ് പോലെ, ആഫ്രിക്കയില്‍ സഞ്ചാരം അവസാനിപ്പിക്കുന്ന വിധത്തില്‍ വീഡിയോ ചിത്രീകരിക്കാമെന്ന നിര്‍ദേശം അന്റോണിയോയുടേതായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രശസ്ത ഹിപ്-ഹോപ് കൊറിയോഗ്രാഫര്‍ ഹിറ്റ്-ഹാറ്റാണ്( Hit-Hat) നൃത്തസംവിധാനം നിര്‍വഹിച്ചത്. മുന്‍കാല ലോകകപ്പ് മത്സരങ്ങളുടെ ശ്രദ്ധനേടിയ വീഡിയോ ഫുട്ടേജുകള്‍ ഗാനരംഗത്ത് ഉള്‍പ്പെടുത്തിയിരുന്നു. കുട്ടികളും ഫ്രെഷ്ലിഗ്രൗണ്ട് അംഗങ്ങളും ഷക്കീറക്കൊപ്പം ചുവടുവെച്ച ഗാനം ഹൈസ്പീഡിലാണ് ഹിറ്റ് ചാര്‍ട്ടുകളിലെ മുന്‍സ്ഥാനങ്ങളിലേക്ക് കുതിച്ചത്.

ലോകകപ്പിന്റെ ഓപ്പണിങ് സെര്‍മണിയിലും ക്ലോസിങ് സെര്‍മണിയിലും ഷക്കീറ ഗാനം അവതരിപ്പിച്ചു. ജൂണില്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് മുമ്പ് തന്നെ വിവിധ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഗാനം ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ മ്യൂസിക് ഹിറ്റ് ചാര്‍ട്ടുകളില്‍ ആദ്യസ്ഥാനങ്ങളില്‍ ഇടം പിടിച്ചു. വിവിധ റെക്കോഡ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിയ വക്ക വക്ക ദിസ് ടൈം ഫോര്‍ ആഫ്രിക്ക ഒന്നരക്കോടിയിലേറെ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സിംഗിളുകളില്‍ ഒന്നായിത്തീരുകയും ചെയ്തു. ഫ്രഞ്ച് സിംഗിള്‍സ് ചാര്‍ട്ടിലും ജര്‍മന്‍ സിംഗിള്‍സ് ചാര്‍ട്ടിലും ആറാഴ്ചക്കാലം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന വക്ക വക്ക ഇറ്റലിയിലെ എഫ്‌ഐഎംഐ ചാര്‍ട്ടില്‍ ആദ്യം രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും പിന്നീട് പതിനാറ് ആഴ്ചയോളം ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. സ്പാനിഷ് സിംഗിള്‍സ് ചാര്‍ട്ടിലും പതിനേഴ് ആഴ്ചയോളം വക്ക വക്കയായിരുന്നു ഒന്നാം സ്ഥാനത്ത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 38 രാജ്യങ്ങളിലെ മ്യൂസിക് ചാര്‍ട്ടുകളിലെ ആദ്യസ്ഥാനങ്ങളില്‍ ഇടം നേടാനായത് വക്ക വക്കയുടെ പിന്നണിപ്രവര്‍ത്തകര്‍ക്ക് ലഭിച്ച അംഗീകാരമായി. 

സിങ്ങറും ഡാന്‍സറും മാത്രമല്ല ഒരു ചാരിറ്റി പ്രവര്‍ത്തക കൂടിയായ ഷക്കീറ

ക്വീന്‍ ഓഫ് ലാറ്റിന്‍ മ്യൂസിക് എന്നറിയപ്പെടുന്ന ഷക്കീറ( Shakira Isabel Mebarak Ripoll എന്ന് പൂര്‍ണനാമം) പതിമൂന്നാമത്തെ വയസ്സിലാണ് തന്റെ ആദ്യഗാനം റെക്കോഡ് ചെയ്തത്. സോണി മ്യൂസിക്കിന് വേണ്ടിയായിരുന്നു ആ ഗാനം. ആദ്യരണ്ട് ആല്‍ബങ്ങള്‍ പരാജയപ്പെട്ടെങ്കിലും 1995 ലും 1998 ലും റിലീസായ രണ്ട് ആല്‍ബങ്ങള്‍ ഷക്കീറയ്ക്ക് മികച്ച മൈലേജ് നല്‍കി. ലോണ്‍ഡ്രി സര്‍വീസ് എന്ന ആല്‍ബത്തിലൂടെ ഇംഗ്ലീഷ് സംഗീതലോകത്തേക്കും ഷക്കീറ ചുവടുവെച്ചു. ആല്‍ബത്തിന്റെ ഒരു കോടിയിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞതോടെ ഷക്കീറയെന്ന ഗായിക ആഗോളപ്രശസ്തി നേടി. ലാറ്റിനമേരിക്കന്‍ ഗായകര്‍ക്ക് മറ്റ ദേശങ്ങളില്‍ അംഗീകാരത്തിനുള്ള വഴിയൊരുക്കിയത് ഷക്കീറയുടെ വിജയമായിരുന്നു. ഷക്കീറയുടെ ഒട്ടുമിക്ക ആല്‍ബങ്ങളും വിവിധ രാജ്യങ്ങളില്‍ ഗോള്‍ഡ്, പ്ലാറ്റിനം, മള്‍ട്ടി-പ്ലാറ്റിനം സര്‍ട്ടിഫിക്കറ്റുകള്‍ നേടുകയും മ്യൂസിക് ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിക്കുകയും ചെയ്തു. 

എക്കാലത്തേയും ഏറ്റവുമധികം മാര്‍ക്കറ്റ് മൂല്യമുള്ള മ്യൂസിക് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ഷക്കീറ. നാല് വയസ് പ്രായമുള്ളപ്പോഴാണ് ഷക്കീറ ആദ്യകവിത കുറിച്ചത്. കവിതയെഴുത്ത് തുടര്‍ന്ന ഷക്കീറ പിന്നീട് ഗാനരചനയിലേക്കെത്തുകയായിരുന്നു. അരോചകമായ ശബ്ദം മൂലം സ്‌കൂളിലെ ക്വയറുകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ഷക്കീറയാണ് പിന്നീട് ലോകപ്രശസ്തിയിലേക്കുയര്‍ന്നത്. സ്വന്തം സംഗീതആല്‍ബങ്ങള്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ലാറ്റിന്‍ കലാകാരി കൂടിയാണ് ഷക്കീറ. മൂന്ന് ഗ്രാമി അവാര്‍ഡ്, 12 ലാറ്റിന്‍ ഗ്രാമി അവാര്‍ഡ്, നാല് എംടിവി മ്യൂസിക് അവാര്‍ഡ്, ഏഴ് ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡ്, 39 ബില്‍ബോര്‍ഡ് ലാറ്റിന്‍ മ്യൂസിക് അവാര്‍ഡ്, ആറ് ഗിന്നസ് വേള്‍ഡ് റെക്കോഡ് തുടങ്ങി നിരവധി നേട്ടങ്ങളും അംഗീകാരങ്ങളും ഷക്കീറ സ്വന്തമാക്കി. കൂടാതെ ഷക്കീറ നടത്തിവരുന്ന മാനുഷിക-കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അസ്സലൊരു ബെല്ലി ഡാന്‍സര്‍ കൂടിയാണ് ഷക്കീറ. 

placeholder
ഷക്കീറ മക്കളായ മിലാന്‍,സാഷ(ഇടത്ത്), ഷക്കീറയും ജീവിതപങ്കാളിയും ഫുട്‌ബോള്‍ താരവുമായ ജെറാര്‍ഡ് പിക്വെയും
 

അഭിനയരംഗത്തും ബിസിനസ്സ് രംഗത്തും നേട്ടങ്ങളുണ്ടാക്കിയ ചരിത്രമാണ് ഷക്കീറയുടേത്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള കുട്ടികളുടെ വിദ്യാഭ്യാസമുള്‍പ്പെടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി 1997 ല്‍ ഷക്കീറ ഒരു സംഘടന ആരംഭിച്ചിരുന്നു. ഏകദേശം നാലായിരത്തിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസസൗകര്യവും ഭക്ഷണവും സംഘടന നല്‍കിവരുന്നു. യൂണിസെഫിന്റെ ഗുഡ് വില്‍ അംബാസഡര്‍ കൂടിയായ ഷക്കീറയെ യുഎന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആദരിച്ചിട്ടുണ്ട്.